Thursday, December 11, 2025
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #20) ✍ ഡോളി തോമസ് ചെമ്പേരി

ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദം കേട്ട് ഏട്ടനാകുമെന്നു കരുതി വേഗം സിറ്റൗട്ടിലേയ്ക്ക് ചെന്നു. അതാ ആകെ പേടിച്ചരണ്ടു പരവശനായി മാവേലി നിൽക്കുന്നു. മെതിയടിയിലും മഞ്ഞപ്പട്ടാടയിലും നിറയെ ചെളി പുരണ്ടിരിക്കുന്നു. ഇറങ്ങിച്ചെന്ന് ഓലക്കുട വാങ്ങി സിറ്റൗട്ടിൽ വെച്ചിട്ട് കാൽ കഴുകാൻ പറഞ്ഞു.

പട്ടി ഓടിച്ചതാണോ കുഴിയിൽ വീണതാണോ? ചോദിക്കുന്നതെങ്ങനെ? ഏതുചോദിച്ചാലും കളിയാക്കലാകും.

“കയറിയിരിക്കൂ.”

കനത്തിലൊന്നു മൂളി അദ്ദേഹം അകത്തേയ്ക്ക് കയറി.

ഓണം ഓഫറിൽ വാങ്ങിയ പുതിയ സോഫ ചൂണ്ടിക്കാട്ടിയപ്പോൾ മടിച്ചുമടിച്ചാണിരുന്നത്. ചുറ്റും നോക്കുന്നത് കണ്ടപ്പോൾ കുട്ടികളെയാകുമെന്നു കരുതി.

“അത് പിന്നെ കുട്ടികൾ രണ്ടാളും വിദേശത്ത് പഠിക്കാൻ പോയിരിക്കുകയാ. ഇവിടുത്തെ കലാലയങ്ങളിൽ രാഷ്ട്രീയവും ഗുണ്ടായിസവുമല്ലേ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് സുരക്ഷിതമായ ഭാവി വിദേശമാണെന്ന് തോന്നി. ഇവിടെ പഠിച്ചിറങ്ങിയാൽത്തന്നെ ജോലിയുമില്ല കൂലിയുമില്ല. പി എസ് സി യുടെ റാങ്ക് ലിസ്റ്റും മറ്റും രാഷ്ട്രീയക്കാരുടെ ശിങ്കിടികൾക്കാണ്. പിന്നെ വല്ല പ്രൈവറ്റ് സ്ഥാപനത്തിലോ ഐടി യിലോ ആതുരാലയത്തിലോ ജോലിക്ക് കയറിയാലും കൊടുക്കുന്ന ശമ്പളത്തേക്കാൾ ഇരട്ടി ജോലി ചെയ്തു അവരുടെ ആരോഗ്യം വരെ അവതാളത്തിലാകും.”

സംസാരത്തിനിടെ നന്നാറിജ്യൂസ് എടുത്തു കൊണ്ടുവന്നു.
ഒന്നു രുചിച്ചിട്ട് അദ്ദേഹം ഗ്ലാസ്സ് ടീപ്പോയിൽ വെച്ചു. പാക്കറ്റിൽ വന്ന പാനീയത്തിന്റെ രുചി പിടിച്ചിട്ടുണ്ടാകില്ല.

അത് ശ്രദ്ധിക്കാതെ തുടർന്നു. “മാവേലിത്തമ്പുരാനേ, ഇപ്പോൾ മദ്യവും കഞ്ചാവും എന്നുവേണ്ട സകല ലഹരിവസ്തുക്കളും ഉപയോഗിച്ചു ഞങ്ങളുടെ കുട്ടികളും യുവാക്കളും നശിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്കെന്നല്ല വൃദ്ധകൾക്കും കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതത്വം ഇല്ല. എങ്ങോട്ട് തിരിഞ്ഞാലും പീഡനം. ഇവിടെയിപ്പോൾ മൃഗങ്ങൾക്കാണ് പ്രാമുഖ്യം. കർഷകരെന്ന ഒരു വിഭാഗം തന്നെ ഇല്ലാതാകുന്നു. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരുടെ സ്വൈര്യവും ജീവിതവും ജീവനും കൃഷികളും നശിപ്പിച്ചുകൊണ്ടിരിക്കുകയാ. അങ്ങിവിടം ഭരിച്ചുകൊണ്ടിരുന്നപ്പോൾ മനുഷ്യരെല്ലാരും ഒന്നുപോലെയായിരുന്നില്ലേ. എല്ലാവരും എന്തൊരുമയോടെയാണ് ജീവിച്ചിരുന്നതെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ മനുഷ്യർക്ക് മാത്രം ഒരു വിലയുമില്ല. പൈസയുള്ളവൻ ജീവിച്ചാൽ മതിയെന്ന നിലപാടിലാണ് ഭരണകൂടവും നീതിയും നിയമവുമൊക്കെ. കള്ളവും ചതിയും വഞ്ചനയും മാത്രമേ കേൾക്കാനുള്ളൂ. നല്ല മനുഷ്യരെ അങ്ങയെപ്പോലെ പാതാളത്തിലേക്ക് അയയ്ക്കുകയാ. അങ്ങു കണ്ടില്ലേ പലവീടുകളും ആളില്ലാതെ കിടക്കുന്നത്. എല്ലാവരും നാടുവിടുകയാ. ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട സമ്പത്ത് ഭരിക്കുന്നവർ കൊള്ളയടിക്കുകയാണ്. നോക്കൂ കാലാവസ്ഥയ്ക്ക് പോലും സ്ഥിരതയില്ലാതായിരിക്കുന്നു.”
മാവേലി അസ്വസ്ഥനാകുന്നത് കണ്ടു നിർത്തി.

ചില്ലുഗ്ലാസ്സിട്ട ഡൈനിങ്ങ് ടേബിളിൽ മാർക്കറ്റിൽ നിന്നും വാങ്ങിയ തൂശനിലയിൽ പതിനാലു കൂട്ടം വിഭവങ്ങൾ വിളമ്പി ഉണ്ണാൻ ക്ഷണിച്ചു. അവിയലിൽ തൊട്ടുരുചിച്ചു നോക്കിയതും ആ മുഖം ചുളിയുന്നത് കണ്ടു. വിപണിയിൽ നിന്നും പൊന്നുംവില കൊടുത്തുവാങ്ങിയ പച്ചക്കറികളാണ്. രുചി അത്രയ്ക്കങ്ങു പിടിച്ചില്ലെന്നു തോന്നുന്നു. വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും എന്നുവേണ്ട എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വിലയും കൂടി ഉള്ളതിലൊക്കെ മായവും.
അരുചിയാണെങ്കിലും ഒരുവറ്റുപോലും കളയാതെ കഴിച്ചെണീറ്റു കൈകഴുകി വന്നു ഉമ്മറത്തെ പൂക്കളം അത്ര താൽപര്യമില്ലാത്ത മട്ടിൽ നോക്കിയിരിക്കുന്ന മാവേലിയോട് ക്ഷമാപണം നടത്തി.

“അത് പിന്നെ..തുമ്പപ്പൂവും മുക്കുറ്റിയുമൊന്നും കിട്ടാനില്ല ഈ പൂക്കൾ തമിഴ്നാട്ടിലെയാ.” തൊഴുതുകൊണ്ടാണ് പറഞ്ഞത്.

ടൈൽ പാകി മിനുക്കിയ മുറ്റത്തേക്ക് കണ്ണോടിച്ചു ക്രൂദ്ധിച്ചൊന്നു നോക്കിയിട്ട് അദ്ദേഹം കുടയുമെടുത്തു ഗേറ്റ് കടന്നതും നായ്ക്കളുടെ കുരയും ഉയർന്നു. പാവം മാവേലി!

കൂട്ടുകാരുമൊത്തു ആഘോഷിക്കാൻ പോയ ഏട്ടൻ നാലുകാലിൽ വരുന്നത് കാണാൻ നിന്നില്ലല്ലോ എന്നാശ്വസിച്ചു കുടുംബശ്രീയുടെ വടംവലി മത്സരസ്ഥലത്തേക്ക് നടന്നു.

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

1 COMMENT

  1. ഡോളീ, ഇന്നിന്റെ ഓണം നന്നായി വിവരിച്ചു. വന്നുവന്ന് തമ്പുരാൻ ഈ ഓണവിസിറ്റ് അങ്ങ് ഒഴിവാക്കുമോ എന്നാണ് എന്റെ ഒരിദ് 😄

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com