Thursday, October 1, 2026
Homeഅമേരിക്ക'തിളക്കം കുറയാത്ത താരങ്ങൾ' (39) ഐ. വി. ശശി: മലയാള സിനിമയിലെ എക്കാലത്തെയും മെഗാ സംവിധായകൻ...

‘തിളക്കം കുറയാത്ത താരങ്ങൾ’ (39) ഐ. വി. ശശി: മലയാള സിനിമയിലെ എക്കാലത്തെയും മെഗാ സംവിധായകൻ ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

ഐ.വി.ശശി മലയാള സിനിമയിലെ
എക്കാലത്തേയും മെഗാ സംവിധായകൻ.
—————————————-

മലയാള സിനിമയിൽ ഏത് സൂപ്പർ താരങ്ങൾ അഭിനയിച്ചാലും ആ താരപ്രഭയോടൊപ്പമോ അതിലും അല്പം മുമ്പിലായോ ഒരു സംവിധായകനു തിളക്കമുണ്ടായിരുന്ന കാലം.ആ തിളക്കത്തിൻ്റെ പേരിൽ കൂടി സിനിമ അറിയപ്പെടുകയും തിയേറ്ററുകളിൽ നിറഞ്ഞാടുകയും ചെയ്ത കാലം. തിയേറ്ററിലേക്ക് സംവിധായകൻ്റെ പേരിനും കാണികളെ ആകർഷിക്കാൻ കഴിയും എന്ന് മലയാള സിനിമ വ്യക്തമായി തിരിച്ചറിഞ്ഞത് ആ മികവ് സ്ഥിരമായി കണ്ടത് ഐ. വി .ശശി എന്ന മികച്ച സംവിധായകനിലൂടെയായിരുന്നു .
“ഇരിപ്പു വീട്ടിൽ ശശിധരൻ ” എന്ന ഐ.വി.ശശി.
അതെ മലയാളത്തിൻ്റെ എക്കാലത്തേയും മെഗാ സംവിധായകൻ.

ആൾക്കൂട്ടങ്ങളെ ത്രസിപ്പിച്ച ,തൻ്റെ വ്യത്യസ്തമായ സിനിമകളിലൂടെ ഏതു തരം പ്രേക്ഷകരേയും പൂർണമായും തൃപ്തിപ്പെടുത്തിയ ജന പ്രിയ സംവിധായകൻ. വെള്ളിത്തിരയിൽ അത്ഭുതങ്ങൾ തീർത്ത, മലയാള സിനിമാ ചരിത്രത്തിൽ ആത്മാർത്ഥതയും ആത്മവിശ്വാസവും കൊണ്ട് തൻ്റെ പേര് ഒരു കാലത്തും മായാത്ത വിധം ശക്തമായി എഴുതി ചേർത്ത പ്രതിഭാശാലി.

അതെ ആ പേരും പ്രശസ്തിയും പ്രാഗല്ഭ്യവും കണ്ടു വളർന്ന ഒരു തലമുറയിലെ സിനിമാ ആസ്വാദകനാണ് ഞാൻ .ഐ.വി .ശശി ചിത്രങ്ങൾ റിലീസിനു മുമ്പേ ചർച്ചയാകും. റിലീസ് ആഘോഷമാകും.പിന്നെ എത്രയോ വാരങ്ങൾ തിയേറ്റർ മുറ്റങ്ങൾ ഉത്സവ വേദികളാകും. ശേഷം നഗരങ്ങളിൽ നിന്ന് ആഘോഷം ഗ്രാമങ്ങളിലേക്ക് നിങ്ങും. ബി ക്ലാസ്സ് തിയേറ്ററുകളിൽ നിന്ന് ഗ്രാമങ്ങളിലെ ഓല മേഞ്ഞ സി .ക്ലാസ് ടാക്കീസുകളിലേക്ക് എത്തുമ്പോഴും സ്ഥിതി അതുതന്നെ . മലയാള സിനിമയിലെ ഒരു കാലം അദ്ദേഹത്തിൻ്റേതായിരുന്നു. ആ കാലമാകട്ടെ ദീർഘകാലം നിലനിൽക്കുകയും ചെയ്തു. ഒട്ടും അതിശയോക്തി കലരാതെ ഉറപ്പിച്ചു പറയാം സിനിമയെ വർഷങ്ങളോളം തന്റെ സിദ്ധികളാൽ അടക്കി ഭരിച്ച കിരീടം വെക്കാത്ത രാജാവു തന്നെയായിരുന്നു ഈ സംവിധായകൻ .

അതു വരെ നിലനിന്ന ചട്ടങ്ങൾക്കും കണ്ടു ശീലിച്ച രീതികൾക്കും പുറകെ സഞ്ചരിച്ച സംവിധായകനായിരുന്നില്ല ഇദ്ദേഹം.മറിച്ച് സ്വന്തമായി ചട്ടങ്ങളും രീതികളും രൂപീകരിച്ച വ്യക്തി. തന്റെ രീതിയിലേക്ക് മലയാള സിനിമയെ കൊണ്ടുവരാൻ കഴിഞ്ഞ വ്യക്തി.ഈ സംവിധായകൻ്റെ ആദ്യ സിനിമയായ ഉത്സവത്തിലെ നായകൻ അക്കാലത്തെ പ്രധാന വില്ലൻ നടനായിരുന്ന കെ .പി. ഉമ്മറായിരുന്നു.
അന്നത്തെ ആ കൊടിയവില്ലനെ നായകനാക്കി സിനിമ ചെയ്യാൻ ധൈര്യം കാണിച്ചു എന്ന് മാത്രമല്ല പിന്നീട് പലപ്പോഴും അത്തരം ധാരാളം പരീക്ഷണങ്ങൾ
ഐ – വി.ശശി ആവർത്തിച്ചു കൊണ്ടേയിരുന്നു. സോമനെ മലയാള സിനിമയിലെ വില്ലൻ സ്ഥാനത്ത് നിന്ന് നായകപദവിലേക്ക് കൊണ്ടുവന്ന് ആ സ്ഥാനം ഉറപ്പിച്ചു നൽകിയത് ഐ.വി. ശശിയായിരുന്നു. പിന്നീട് സോമനുമായുള്ള ചെറിയ സൗന്ദര്യ പിണക്കം മറ്റൊരു വലിയ സിനിമയിൽ നിന്നും സോമനെ മാറ്റാൻ കാരണമായപ്പോൾ ധൈര്യപൂർവ്വം ജയനെ നായകനാക്കി.

” ജയൻ ഒരു വില്ലൻ നടനല്ലേ ” എന്ന് ചോദിച്ചവരോട് എം.ജി സോമനും വില്ലനായിരുന്നു എന്ന് പറയാൻ ധൈര്യം കാണിച്ചുവത്രേ ഈ സംവിധായകൻ .താൻ ആരെ നായകനാകുന്നു അയാൾ തന്നെയാണ് പിന്നെ മലയാള സിനിമയിലെ നായകൻ എന്ന് നല്ല തിരിച്ചറിവുണ്ടായിരുന്നു ഇദ്ദേഹത്തിന്. “അങ്ങാടി “എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളിൽ കളക്ഷൻ റെക്കാർഡുകൾ തകർത്ത് മുന്നേറിയപ്പോൾ ജയൻ സൂപ്പർ താരമായി. എൻ്റെ സിനിമയിൽ ആര് എങ്ങനെ അഭിനയിക്കുമെന്ന് ഞാൻ തീരുമാനിക്കും എന്ന ചങ്കൂറ്റവും സിനിമ സംവിധായകൻ്റെ കലയാണ് എന്ന പൂർണ ബോധ്യവുമുള്ള അതെവിടേയും പറയാൻ ധൈര്യവുമുണ്ടായിരുന്ന സംവിധായകരിൽ എറ്റവും മുൻനിരയിൽ സ്ഥാനമുണ്ടായിരുന്നു ഐ.വി. ശശിക്ക്.

1948 മാർച്ച് 28നാണ് ഐ.വി.ചന്ദ്രൻ ,കൗസല്യ ദമ്പതികളുടെ മകനായി കോഴിക്കോട് വെസ്റ്റ്ഹില്ലിൽ ഐ .വി. ശശിയുടെ ജനനം.2017 ഒക്ടോബർ 24 ന് തൻ്റെ അറുപത്തി ഒമ്പതാം വയസ്സിൽ ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം.മലയാളത്തിലെ ശ്രദ്ധേയയായ നടി സീമയാണ് ഭാര്യ. മക്കൾ അനു, അനി. ഡാൻസർ ആയിരുന്ന ശാന്തിയെ സീമ എന്ന പേര് നൽകി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഐ.വി.ശശിയായിരുന്നു. സീമ നായികയായി 1978ൽ പ്രദർശനത്തിനെത്തിയ “അവളുടെ രാവുകൾ ” എന്ന ആ ചിത്രം മലയാളത്തിൽ ചരിത്ര വിജയം നേടി.ശശിയുടെ സിനിമാജീവിതത്തിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല . സീമയും മുൻനിര നായികയായി വളർന്നു.. ഒരു വേശ്യയുടെ ജീവിത കഥ മനോഹരമായ കവിത പോലെ പകർത്തിയ ചിത്രം തിയേറ്ററുകളിൽ പുതിയ അനുഭവമായിരുന്നു സമ്മാനിച്ചത്. “രാഗേന്ദുകിരണങ്ങളൊളി വീശിയില്ല”എന്നു തുടങ്ങുന്ന പാട്ട് അന്നുണ്ടാക്കിയ തരംഗം എഴുതി ഫലിപ്പിക്കാനാവില്ല. തൻ്റെ പ്രിയ സിനിമയിലെ നായികയെ 1980 ആഗസ്റ്റ് 28ന് ഐ.വി.ശശി തൻ്റെ ജീവിത നായികയുമാക്കി.

മലയാളത്തിൽ നൂറിലധികം സിനിമകളിലായി തൻ്റെ കഴിവുകൾ കൃത്യമായി രേഖപ്പെടുത്തിയ ഈ സംവിധായകൻ എട്ട് തമിഴ് ചിത്രങ്ങളും നാല് ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തു. 1968 ൽഎ.ബി.രാജിൻ്റെ “കളിയല്ല കല്യാണം” എന്ന സിനിമയിൽ കലാസംവിധായകനായാണ് ഈ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് ഒട്ടേറെ സിനിമകളിൽ ഛായാഗ്രാഹകനായി, സംവിധാന സഹായിയായി. ആദ്യചിത്രം 1975 ൽ കെ. പി .ഉമ്മറിനെ നായകനാക്കി കൊണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. ഉത്സവം എന്ന ഈ ചിത്രത്തിനു ശേഷം പിന്നീട് തുടർച്ചയായി സിനിമകൾ പുറത്തുവന്നു അനുഭവം, അയൽക്കാരി, ആലിംഗനം ,അഭിനന്ദനം ,ആശീർവാദം അകലെ ആകാശം, അഞ്ജലി ,അംഗീകാരം അഭിനിവേശം ആ നിമിഷം ,ആനന്ദം പരമാനന്ദം തുടങ്ങിയ സിനിമകൾ 1976, 1977 വർഷങ്ങളിലായി ഇദ്ദേഹം സംവിധാനം ചെയ്ത കലാ സൃഷ്ടികളിൽ പെടുന്നു. “അ.” യിൽ പേരുകൾ ആരംഭിക്കുന്ന സിനിമകൾ എന്ന പ്രത്യേകതയും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഐ വി ശശിയുടെ കാലം തന്നെയായിരുന്നു. അഞ്ചു ആറും കഥാപാത്രങ്ങളെ വെച്ച് സിനിമ കറങ്ങിയിരുന്ന ഇടത്തേക്ക് നൂറിലധികം കഥാപാത്രങ്ങളെ ഓരോ സിനിമയിലും അവതരിപ്പിച്ചുകൊണ്ട് ഐ.വിശശി പുതിയ ചരിത്രമെഴുതി.

എം.ടി വാസുദേവൻ നായർ ,ടി.ദാമോദരൻ ലോഹിതദാസ് എന്നിങ്ങനെ ഒട്ടേറെ പ്രമുഖർ ഐ.വി. ശശിക്കായി രചനകൾ നിർവ്വഹിച്ചു. തൻ്റെ കൂടെ പ്രവർത്തിച്ച എല്ലാ എഴുത്തുകാരോടും നീതിപുലർത്തുന്ന സംവിധായകനായി ഐ.വിശശി അറിയപ്പെട്ടു. വലിയ വലിയ ബാനറുകൾ ഐ.വി ശശി ചിത്രങ്ങൾ നിർമ്മിക്കാനും താരങ്ങൾ ആ ചിത്രങ്ങളിൽ അഭിനയിക്കാനും കാത്തു നിന്നു.

1982ൽ ആരൂഡം എന്ന സിനിമ എറ്റവും മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 1988ൽ 1921 എറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം നേടി.1989 ൽ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള അവാർഡും തേടിയെത്തി.മലയാളത്തിലെ ഏറ്റവും വലിയ പുരസ്കാരമായി പരിഗണിക്കപ്പെടുന്ന ജെ.സി.ഡാനിയൽ അവാർഡും ഐ.വി.ശശിക്ക് ലഭിച്ചു. ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം, ആറ് തവണ ഫിലിം ഫെയർ അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ വേറെയും.

മലയാള സിനിമയിൽ എന്നും തലപൊക്കത്തോടെ നിൽക്കുന്ന എത്രയെത്ര ഉശിരൻ കഥാപാത്രങ്ങളെയാണ് ഐ.വി .ശശി തൻ്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയതെന്നോ ? ഇതാ ഇവിടെ വരെയിലെ വിശ്വനാഥൻ. സോമൻ എന്ന നടൻ്റെ ഭാവാഭിനയ മികവ് മലയാളി നന്നായി തിരിച്ചറിഞ്ഞത് ഈ സിനിമയിലൂടെയായിരുന്നു. ആ സിനിമയിൽ വിശ്വനാഥന് തുല്യം നിൽക്കുന്ന “പൈലി ആശാൻ ” മധുവിൻ്റെ മികച്ച വേഷമായി തന്നെ കണക്കാക്കപ്പെടുന്നു. പിന്നീട് അങ്ങാടിയിലെ തൊഴിലാളി നേതാവ് “ബാബു ” ജയൻ എന്ന നടനെ മലയാള സിനിമയിൽ സമാനതകളില്ലാത്ത വിധം ഉന്നതിയിൽ എത്തിച്ചു. അങ്ങാടിയിലൂടെ ജയൻ അതു വരെയുണ്ടായിരുന്ന എല്ലാ നായക സങ്കല്പങ്ങളെയും തിരുത്തിയെഴുതി. അതിശക്തമായ ഒട്ടേറെ കഥാപാത്രങ്ങൾ മമ്മൂട്ടിക്കും സമ്മാനിച്ചത് ഐ .വി .ശശി തന്നെയായിരുന്നു. അതിരാത്രത്തിലെ “താരാദാസ് “. പ്രേക്ഷകർ ആരാധനയോടെ കണ്ട മലയാള സിനിമയിലെ ആദ്യ അധോലോക നായകൻ എന്ന് താരാദാസിനെ വിശേഷിപ്പിക്കാം. അടിയൊഴുക്കുകളിലെ കരുണൻ ആവനാഴിയിലെ ഇൻസ്പെക്ടർ ബൽറാം, വാർത്തയിലെ മാധവൻകുട്ടി ,1921 ലെ ഖാദർ ,മൃഗയയിലെ വാറുണ്ണി അങ്ങനെ എത്രയെത്ര എണ്ണം പറഞ്ഞ വേഷങ്ങൾ മമ്മുട്ടിയിലൂടെ അനശ്വരമായി.

മോഹൻലാലിൻ്റെ അഭിനയ ജീവിതത്തെയാകെ മാറ്റി മറിച്ച ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ തുടങ്ങി എത്രയെത്ര കഥാപാത്രങ്ങൾ .ഒരു
വിധം എല്ലാ നടന്മാരുടെയും അതിശക്തമായ കഥാപാത്രങ്ങളെ മലയാളി ഹൃദയത്തിൽ സ്വീകരിച്ചത് ഐവി ശശിയിലൂടെയായിരുന്നു .അക്കൂട്ടത്തിൽ സുകുമാരനുണ്ട്, ക്യാപ്റ്റൻ രാജുവുണ്ട്,രതീഷുണ്ട് മലയാളത്തിലെ ഏതാണ്ട് എല്ലാ താരങ്ങളുമുണ്ട്. തുഷാരം എന്ന സിനിമയിലൂടെ ജയന് പകരം നായകനായി രതീഷിനെ കൊണ്ടുവന്നതും ശശി തന്നെ. മലയാളത്തിലെ മിക്ക നടന്മാരെയും ഐ.വി ശശി തൻ്റെ ചിത്രങ്ങളിലൂടെ ശ്രദ്ധേയരാക്കി. ഈ സിനിമകളിലൊക്കെ തന്നെ അതിശക്തമായ സ്തീ കഥാപാത്രങ്ങളും ഉണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ടതുണ്ട്. സീമ, ജയഭാരതി, ഗീത, ശോഭന, ഉർവ്വശി തുടങ്ങി ഒട്ടേറെ പ്രഗല്ഭ നടികൾ അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല വേഷങ്ങൾ ചെയ്തത് ഈ സംവിധായകൻ്റെ ചിത്രങ്ങളിലൂടെയായിരുന്നു എന്നു പറഞ്ഞാൽ അത് തെറ്റല്ല.

ഇദ്ദേഹം സംവിധാനം ചെയ്ത എതെങ്കിലും പത്ത് സിനിമകളുടെ പേര് പറഞ്ഞാൽ ഐവി ശശി എന്ന സംവിധായകനെ ആ വ്യത്യസ്തതയെ അതിൽ നിന്നും നമുക്ക് നന്നായി വായിച്ചെടുക്കാം “അവളുടെ രാവുകൾ, ഏഴാം കടലിനക്കരെ, അങ്ങാടി, ഈ നാട് ,ആരൂഢം,, ആൾക്കൂട്ടത്തിൽ തനിയെ , അക്ഷരത്തെറ്റ്, 1921, മൃഗയ,ദേവാസുരം ” നോക്കൂ ഈ സിനിമകളെല്ലാം സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്. അതിൽ രാഷ്ടീയ ചിത്രമുണ്ട്, കുടുംബചിത്രമുണ്ട്, പ്രണയവും രതിയും ചേർന്ന ചിത്രമുണ്ട്, ആക്ഷൻ ചിത്രമുണ്ട്. ഏതു വിഷയവും നന്നായി വഴങ്ങുന്ന ഒരു സംവിധായകൻ്റെ കയ്യൊപ്പുമായി വന്ന ചിത്രങ്ങൾ. പരസ്പര സാമ്യമില്ലാത്ത വ്യത്യസ്തമായ, സിനിമകൾ .

മലയാളം അതുവരെ കണ്ടിട്ടില്ലാത്ത വിധം താരസമ്പന്നമായ മെഗാ ചിത്രങ്ങൾ ഐ.വിശശിയിലൂടെയാണ് പുറത്തു വന്നിരുന്നത്.അതെല്ലാം ഓരോ കാലഘട്ടത്തെ അടയാളപ്പെടുത്തിയാണ് കടന്നു പോയത്.എഴാം കടലിനക്കരെ, അഹിംസ എല്ലാം അക്കൂട്ടത്തിൽ ഓരോ കാലഘട്ടത്തെ പ്രതിനിധീകരിച്ചു നിൽക്കുന്നു.

2009 ൽ പുറത്തു വന്ന “വെള്ളത്തൂവൽ ആയിരുന്നു അവസാന സിനിമ .ഒടുവിൽ വന്ന ചില ചിത്രങ്ങൾ പരാജയമായപ്പോൾ അതിശക്തമായ ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു ഐ.വി.ശശി . കുവൈറ്റ് യുദ്ധത്തെ പ്രമേയമാക്കി “ബേണിങ്ങ് വെൽസ് ” എന്ന സിനിമയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം എന്നാൽ ആ തിരിച്ചുവരവിന് കാലം അദ്ദേഹത്തിന് അവസരം നൽകിയില്ല. എന്തൊക്കെ തന്നെയായാലും മലയാളത്തിൻ്റെ സിനിമാ ചരിത്രമെഴുതുമ്പോൾ മികച്ച സംവിധായകരുടെ ചരിത്രം കുറിക്കുമ്പോൾ അവിടെ ഐ വി. ശശി എന്ന പേര് തങ്കലിപികളിൽ തന്നെ എഴുതപ്പെടും. അതുറപ്പ്. ഈ ട്രെൻഡ് മേക്കറെ പരിഗണിക്കാതെ പ്രാധാന്യം നൽകാതെ ആ ചരിത്രം എഴുതുന്ന തെങ്ങനെ? എഴുതിയാൽ പൂർണമാകുന്നതെങ്ങനെ?

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ