Monday, July 6, 2026
Homeഅമേരിക്കബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ ഒരു ചുവന്ന പനിനീർപ്പൂവ്... 🌹 ✍സിജു ജേക്കബ്

ബേപ്പൂർ സുൽത്താന്റെ ഓർമ്മകളിൽ ഒരു ചുവന്ന പനിനീർപ്പൂവ്… 🌹 ✍സിജു ജേക്കബ്

“ആ പൂവ് നീയെന്തു ചെയ്തു?……….?”
“ഏതുപൂവ്?..”
“രക്തനക്ഷത്രം പോലെ കടുംചെമപ്പായ ആ പൂവ്?”
“ഓ അതോ?”
“അതെ, അതെന്ത് ചെയ്തു..?”
“തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിനാ? ചവിട്ടി അരച്ചുകളഞ്ഞോ എന്നറിയാനോ?”
“കളഞ്ഞെങ്കിലെന്ത്?”
“ഓ ഒന്നുമില്ല… എന്റെ ഹൃദയമായിരുന്നു അത്…..”

ഇത്രത്തോളം ഹൃദ്യമായും തീവ്രമായും പ്രണയത്തെ ആവിഷ്കരിക്കാൻ വൈക്കം മുഹമ്മദ് ബഷീറിനല്ലാതെ മറ്റാർക്കാണ് കഴിയുക?

മലയാളത്തിന്റെ വായനാമനസ്സുകളിൽ അനർഘനിമിഷങ്ങളുടെ വസന്തം തീർത്ത ആ ബേപ്പൂർ സുൽത്താന്റെ ഓർമ്മദിനമാണിന്ന്.

ചെറുപ്പത്തിൽ സ്കൂളിൽ വെച്ച് ‘ന്റുപ്പൂപ്പാക്കൊരാനണ്ടാർന്ന്’ എന്ന പാഠഭാഗം പഠിക്കുമ്പോഴാണ് ബഷീർ എന്ന പേര് ആദ്യമായി ഹൃദയത്തിൽ കുടിയേറുന്നത്. പിന്നീട് പത്താം ക്ലാസിലെത്തിയപ്പോഴാണ് ആ എഴുത്തിനെ കൂടുതൽ ആഴത്തിൽ തൊട്ടറിയുന്നത്.

‘ബാല്യകാലസഖി’യിലൂടെയും ‘പാത്തുമ്മയുടെ ആടി’ലൂടെയും ആ രചനാസൗകുമാര്യം എന്നെ പാടെ കീഴടക്കി. പിന്നീടങ്ങോട്ട്, “ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ ആര്?” എന്ന ചോദ്യത്തിന് ‘ബഷീർ’ എന്നല്ലാതെ മറ്റൊരുത്തരം എനിക്കുണ്ടായിട്ടില്ല.

എഴുതാൻ വേണ്ടി മാത്രം എഴുതപ്പെട്ടവയായിരുന്നില്ല അദ്ദേഹത്തിന്റെ ഒരു രചനയും. പ്രകൃതിയും മനുഷ്യനും ഇതര ജീവജാലങ്ങളുമെല്ലാം കഥാപാത്രങ്ങളാകുന്ന, നമ്മുടെ ചുറ്റുപാടുകളിലെ നിസ്സാരമായ സംഭവങ്ങളെപ്പോലും ഒപ്പിയെടുക്കുന്ന ലളിതസുന്ദരമായ ശൈലി.

‘എന്റെ മുതുമുത്തശ്ശന് ഒരു ഗജവീരനുണ്ടായിരുന്നു’ എന്ന പരമ്പരാഗത അക്കാദമിക് ഭാഷയിൽ നിന്ന് ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ എന്ന സാധാരണക്കാരന്റെ ഭാഷയിലേക്ക് മലയാള സാഹിത്യത്തെ പരിവർത്തിപ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. ഉൾക്കാമ്പുള്ള വാക്കുകളാൽ, വായിക്കുന്നവരുടെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങളായി ബഷീറിന്റെ ഓരോ വരിയും മാറി.

മാനവികതയുടെ മഹാഘോഷങ്ങളായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികളെല്ലാം.
1908 ജനുവരി 19-ന് വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലാണ് ബഷീറിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ഗാന്ധിയൻ ദർശനങ്ങളിൽ ആകൃഷ്ടനായി അദ്ദേഹം സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഭാഗമായി.

ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന് ജയിൽവാസമനുഭവിച്ചു. ജയിൽമോചിതനായ ശേഷം ‘ഉജ്ജീവനം’ എന്ന ബ്രിട്ടീഷ് വിരുദ്ധ മാസിക പുറത്തിറക്കിയതിന്റെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ അദ്ദേഹം നാടുവിട്ടു. നീണ്ട ഒമ്പത് വർഷക്കാലം പ്രപഞ്ചത്തിന്റെ പല കോണുകളിലൂടെ, ദേശാന്തരങ്ങളിലൂടെയുള്ള ആ അലച്ചിലും വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുമാണ് പിന്നീട് അദ്ദേഹത്തെ വിശ്വവിഖ്യാതനായ എഴുത്തുകാരനാക്കിയത്.

നാടുചുറ്റി ഒടുവിൽ കേരളത്തിൽ തിരിച്ചെത്തിയ ബഷീർ, ജോലി തേടി ‘ജയകേസരി’ പത്രത്തിന്റെ ഓഫീസിലെത്തി. ഒരു കഥയെഴുതി തന്നാൽ പ്രതിഫലം നൽകാമെന്ന എഡിറ്ററുടെ വാഗ്ദാനത്തിലാണ് ‘എന്റെ തങ്കം’ എന്ന അദ്ദേഹത്തിന്റെ ആദ്യ കഥ പിറക്കുന്നത്. പിന്നീടങ്ങോട്ട് കഥകളുടെ വസന്തകാലമായിരുന്നു.

1940-കളുടെ തുടക്കത്തിൽ തന്നെ തനതായ രചനാശൈലി കൊണ്ട് മലയാള സാഹിത്യ ലോകത്ത് അദ്ദേഹം സ്വന്തമായൊരു സിംഹാസനം തീർത്തു.

ബഷീറിന്റെ എഴുത്തുകളിൽ ഏതിനെക്കുറിച്ചാണ് ആദ്യം പറയേണ്ടത്? അത് എപ്പോഴും ഒരു വലിയ ആശയക്കുഴപ്പമാണ്. ‘പാത്തുമ്മയുടെ ആടി’ൽ നിന്ന് തുടങ്ങാമെന്നു വെച്ചാൽ ‘പ്രേമലേഖനവും’, ‘ബാല്യകാലസഖി’യും, ‘ശബ്ദങ്ങളും’, ‘അനുരാഗത്തിന്റെ ദിനങ്ങളും’, ‘അനർഘനിമിഷങ്ങളും’, ‘മതിലുകളും’ എല്ലാം ഒന്നിനൊന്ന് മെച്ചമായി മുന്നിൽ വന്നു നിൽക്കും. തികച്ചും ശാരീരികമായ വികാരങ്ങളെ മാത്രം മുൻനിർത്തിയോ, അതല്ലെങ്കിൽ ആത്മാവിന്റെ പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന കാപട്യത്തിലോ ബഷീർ ഒരിക്കലും വീണുപോയില്ല. അദ്ദേഹം പ്രണയത്തെ അതിന്റെ സർവ്വ ലാവണ്യത്തോടെയും യാഥാർത്ഥ്യത്തോടെയും ആവിഷ്കരിച്ചു.

‘പ്രേമലേഖനം’ തന്നെ അത്തരമൊരു തുറന്നെഴുത്തല്ലേ…
“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു?

ഞാനാണെങ്കില്‍……
എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്. സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്.
സാറാമ്മയുടെ,
കേശവന്‍ നായർ”

തീവ്രമായ സദാചാര വിരുദ്ധത ആരോപിച്ച് ഏതാണ്ട് ആറ് വർഷത്തോളം ഭരണകൂടം നിരോധിച്ച പുസ്തകമായിരുന്നു ‘പ്രേമലേഖനം’ എന്നറിയുമ്പോഴാണ്, ബഷീറിയൻ പ്രണയ സങ്കല്പങ്ങൾ അക്കാലത്ത് എത്രത്തോളം വലിയ ചലനങ്ങളാണ് സൃഷ്ടിച്ചതെന്ന് നമുക്ക് മനസ്സിലാവുക.

അതുപോലെ ‘ബാല്യകാലസഖി’യിൽ… സുഹ്റ ഇല്ലാതാകുമ്പോഴും മജീദിന്റെ പ്രണയം ഇല്ലാതാകുന്നില്ല.
ആ ബാല്യകാലസഖിയുടെ പ്രണയാഗ്നി കാലാതീതമായി അവൻ ഉള്ളിൽ വഹിക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം അവർ തമ്മിൽ കാണുമ്പോൾ ബഷീർ എഴുതിയ വരികൾ നോക്കൂ:
ഒടുവിൽ മജീദ് മന്ത്രിച്ചു:
“സുഹ്‌റാ…”
ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു:

“ഓ….”
“ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത്, അല്ലേ?”
“എല്ലാവരും അങ്ങനെ വിചാരിച്ചു. പക്ഷേ ഞാൻ… എനിക്ക് ഉറപ്പുണ്ടായിരുന്നു, തിരിച്ചുവരുമെന്ന്…”

എത്രവട്ടം വായിച്ചാലും ബഷീറിന്റെ എഴുത്തുകൾ നമ്മെ വീണ്ടും വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. മാനവികതയുടെയും പ്രകൃതിസ്നേഹത്തിന്റെയും ആഴങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകും.
ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച, പ്രപഞ്ചത്തിന്റെ കോസ്മിക് പ്രണയം മലയാളത്തിന് പകർന്നു നൽകിയ കഥകളുടെ ആ സുൽത്താന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണയാദരങ്ങളോടെ ഒരു ചുവന്ന പനിനീർപ്പൂവ് സമർപ്പിക്കുന്നു… 💗

With love and respect… ❤️

സിജു ജേക്കബ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com