ബൃഹസ്പതി ച്യവനനെ വന്ദിച്ച് കൃത്തികയെ വിലക്കിയതിനു ശേഷം ഇന്ദ്രനോടായി പറയുകയാണ് ഇന്ദ്രാ നിന്റെ അഹങ്കാരം നിന്റെ ശത്രുവാണ്. എത്ര എത്ര സ്ഥലങ്ങളിൽ നീ അപമാനിതനായി കഴിഞ്ഞു, എത്ര എത്ര ഘോര അനുഭവങ്ങൾ നിനക്കുണ്ടായി എന്നിട്ടും നിന്റെ അഹങ്കാരം നീ ഉപേക്ഷിക്കുന്നില്ല. ബ്രഹ്മർഷികളിൽ മുഖ്യനായ ഭൃഗുവിന്റെ മകനായ ച്യവന മഹർഷിയുടെ മഹത്വം നീ മനസ്സിലാക്കിയിട്ടില്ല. ജലാന്തർഭാഗത്ത് മുങ്ങികിടന്നുകൊണ്ട് തപസ്സനുഷ്ടിക്കുന്ന വേളയിൽ മത്സ്യബന്ധനത്തിനുപോയ മുക്കുവരുടെ വലയിൽ ഒരിക്കൽ ഇദ്ദേഹം അകപ്പെട്ടു.
ചന്ദ്രവംശ രാജാവായ നഹുഷ ചക്രവർത്തിയുടെ കാലമായിരുന്നു അത്. വലയിൽ കിട്ടുന്ന സാധനത്തിന്റെ അവകാശം മുഴുവനും വലയിടുന്നവനായതുകൊണ്ട് തനിക്ക് എന്തു വിലയുണ്ടോ ആ മൂല്യം മുഴുവനും പാവപ്പെട്ട മുക്കുവർക്കായി നൽകണമെന്ന് ഇദ്ദേഹം രാജാവിനോട് ആജ്ഞാപിച്ചു. ആദ്യം രാജാവ് പറഞ്ഞു ഒരു രാജ്യം നൽകാം എന്നുപറഞ്ഞു, അത് പോരാ എന്ന് പറഞ്ഞപ്പോൾ രണ്ടു രാജ്യം നല്കാം എന്ന് പറഞ്ഞു, അപ്പോഴും പോരാ എന്ന് പറഞ്ഞു.. തന്റെ സാമ്രാജ്യം മുഴുവനും നൽകാം എന്ന് ഒടുവിൽ രാജാവ് സമ്മതിച്ചു. അപ്പോൾ ഇദ്ദേഹം പറഞ്ഞത് അങ്ങയുടെ സർവ്വ രാജ്യങ്ങളേയുംക്കാൾ വിലയുള്ളത് അഹങ്കാരം വെടിഞ്ഞു സാധുക്കളോട് അനുകമ്പ നിറഞ്ഞ നല്ല വാക്കുകൾ പറയുകയാണ്. അത്രയും വില മറ്റൊന്നിനും ഇല്ല എന്ന് മഹാനായ നഹുഷനെ ഉപദേശിച്ച് സാധുക്കളായ മുക്കുവന്മാരുടെ മുൻപിൽ അദ്ദേഹത്തെ കൊണ്ട് നല്ല വാക്ക് പറയിപ്പിച്ചു. മഹാത്മാവും കരുണാ ശാലിയുമായ തപോധനനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ നീ അപമാനിച്ചു. നിറഞ്ഞ സദസ്സിൽ വെച്ച് അധിക്ഷേപിച്ചു. വധിക്കാൻ വജ്രായുധം എടുത്തു. കഷ്ടം ഇദ്ദേഹത്തിന്റെ കോപത്തിനു പാത്രീഭൂതനായ നിന്നെ സഹായിക്കാൻ ആരെ കൊണ്ടും ഇപ്പോൾ സാധ്യമല്ല. ഇദ്ദേഹം വലിയ ദേവീ ഭക്തനാണ്. ദേവീ ഭക്തന്മാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവൻ സ്വയം ആപത്ഗർത്തത്തിൽ പതിക്കും. ഇദ്ദേഹത്തിന്റെ ധർമ്മ പത്നിയായി അവിടെ തൊഴുതു കൊണ്ടു നിൽക്കുന്ന ആ സതീ രത്നം ആരാണെന്ന് നീ മനസ്സിലാക്കിയോ?… കഷ്ടം! അഹങ്കാരം കൊണ്ട് നിന്റെ ആയിരം കണ്ണുകളും അടഞ്ഞുപോയി.
ഇനി മറ്റൊരു മാർഗ്ഗവും ഇല്ല. ആശ്രിത വത്സലനും ദയാലുവും ആയ ആ മഹാർഷീശ്വന്റെ പാദങ്ങളിൽ നീ അഭയം പ്രാപിക്കു. അദ്ദേഹം നിനക്ക് മാപ്പു തരും. ദാനവാസുരനെ അഗ്നി കുണ്ഡലത്തിലേക്ക് തന്നെ ഉപാഹരിക്കും. ദേവാചാര്യന്റെ ഉപദേശപ്രകാരം ദേവലോകാധിപൻ സർവ്വ അഹങ്കാരങ്ങളും വെടിഞ്ഞു ചവ്യന മഹർഷിയുടെ കാലുകളിൽ വീണ് സകല അപരാധങ്ങളും ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.
അനന്തരം പറഞ്ഞു മഹാമുനി അശ്വിനി ദേവകൾക്ക് കല്പിച്ചിരുന്ന ഭ്രഷ്ട് ഇന്ന് മുതൽ അവസാനിച്ചിരിക്കുന്നു. യാഗത്തിന് മറ്റുള്ള ദേവകളോടൊപ്പം സോമപാനത്തിനുള്ള അവകാശവും നൽകിയിരിക്കുന്നു. അറിവില്ലാത്ത ഞാൻ ചെയ്ത സകല അപരാധവും ക്ഷമിച്ചു എനിക്ക് മാപ്പു തരണം എന്ന് അപേക്ഷിച്ചു.
ഇന്ദ്രന്റെ വാക്കുകൾ കേട്ട് മനസ്സലിഞ്ഞ ച്യവനൻ അദ്ദേഹത്തിന്റെ എല്ലാ അപരാധങ്ങളും ക്ഷമിച്ചു മാപ്പരുളി എല്ലാ അനുഗ്രഹങ്ങളും നൽകുകയും ചെയ്തു.
അഗ്നികുണ്ഡത്തിൽനിന്നും ഉത്ഭവിച്ച ദാനവനായ കൃത്തികയെ നാലംശങ്ങളായി സങ്കല്പിച്ചു വിഭവിച്ച് ഒരംശം വേശ്യാസ്ത്രീയി ലും, മറ്റൊരു അംശം മദ്യപാനിയിലും, മൂന്നാമത്തെ അംശം ദ്യൂതത്തിലും, നാലാമത്തെ അംശം നായാട്ടിലും, വിഹരിച്ചു കൊള്ളുവാനായി പറഞ്ഞു പറഞ്ഞയച്ചു.
അശ്വിനീദേവതകൾ ഭക്തിപൂർവ്വം മഹാമുനിയെ വന്നു നമസ്ക്കരിച്ചു അവരുടെ നന്ദി പ്രകടിപ്പിച്ചു. അനന്തരം എല്ലാ ദേവന്മാരുടെയും, മഹർഷിമാരുടേയും, മഹാബ്രാഹ്മണരുടേയും മഹീപതികളുടേയും സഹകരണത്തോടുകൂടി ശര്യാതി മഹാരാജാവിന്റെ മഹനീയ യജ്ഞo മംഗളകരമായി പര്യവസാനിച്ചു.
യാഗാനന്തരം ച്യവനനും സുകന്യയും മാതാപിതാക്കളോടും ബന്ധുജനങ്ങളോടും യാത്ര പറഞ്ഞു ആശ്രമത്തിലേക്ക് പോയി. അവിടെ അവർ തപസ്സനുഷ്ഠിച്ചു പ്രാപഞ്ചികസുഖങ്ങൾ സർവ്വവും വെടിഞ്ഞു തപസ്സനുഷിച്ചു.
(അവസാനിച്ചു)
പുരാണ കഥയുടെ അന്തസ്സത്ത ചോർന്നുപോകാതെ നന്നായി അവതരിപ്പിച്ചു