അവധി ദിവസമായതിനാൽ ഉച്ചയൂണും കഴിഞ്ഞ് രവീന്ദ്രൻമാഷിൻ്റെ പാട്ടുകൾ കേട്ട് സുഖിച്ചു കിടന്നൊന്നു മയങ്ങി. അതിന്റെ സുഖം നശിപ്പിച്ചുകൊണ്ട് കോളിംഗ് ബെൽ ചെവിയിൽ വന്നു തറച്ചപ്പോൾ
“ഇത് ഏതവനാണെടേയ്,. ഇവനൊന്നും ഒരു പണിയുമില്ലേ.. ” എന്നു മനസ്സിൽ പറഞ്ഞു കൊണ്ടാണ് വാതിൽ തുറന്നത്. മൂന്നു പേര് മുറ്റത്തു നിൽക്കുന്നത് കണ്ട് നീരസം പുറത്തുകാണിക്കാതെ ഞാൻ തിരക്കി.
“എന്താ..?”
“ഈ ദിനേശൻ്റെ വീട്…? അതിലൊരാൾ അന്വേഷിച്ചു.
” ഇതിനോട് ചേർന്നുള്ള അടുത്ത വീട് ആണ്..”
ഞാൻ വീട് കാട്ടിക്കൊടുത്തു തിരിച്ച് മുറിയിലേക്ക് നടന്നു. മയക്കത്തിൻ്റെ സുഖം നഷ്ടപ്പെട്ടതിനാൽ സുലൈമാനി തിളപ്പിച്ച് അതിലേക്ക് ഒരു നാരങ്ങ മുറിച്ച് പിഴിഞ്ഞു. അതങ്ങനെ ആസ്വദിച്ചു കുടിച്ചുകൊണ്ട് വീടിനുമുകളിൽ ടെറസിൽ പാരപ്പെറ്റിൽ ഇരുന്നു.
കഥ പറഞ്ഞ് നീങ്ങുന്ന മേഘങ്ങളിൽ കണ്ണാേടിച്ചു നിൽക്കവേ ഒരു സായാഹ്ന സവാരി നടത്തിയാലോ എന്ന് ചിന്തിച്ചുവെങ്കിലും ആസ്വദിച്ചുള്ള മയക്കത്തിൻ്റെ സുഖം നഷ്ടപ്പെട്ടതിനാൽ ഉടലെടുത്ത മടി അതിനനുവദിച്ചില്ല. ഫോണിൽ മുഖപുസ്തകത്തിൽ വെറുതെ മിഴി പായിച്ച് സമയം കളഞ്ഞിരിക്കുമ്പോൾ ഒരു പോസ്റ്റ് കണ്ടു കൗതുകം തോന്നി.
“ചില വസ്ത്രങ്ങളോട് ഒത്തിരി ഇഷ്ടം തോന്നുന്നതെപ്പോഴാണ്..?” എന്ന ചോദ്യമായിരുന്നു ആ പോസ്റ്റിൽ ഉണ്ടായിരുന്നത്. പലരും അറ്റവും മുറിയും ഇല്ലാത്ത ചില ചോദ്യങ്ങളും തങ്ങൾക്ക് അനഭിമതനായവരോട് മുന വെച്ചുള്ള വാചകങ്ങളും ഒക്കെ പോസ്റ്റ് ചെയ്തുകാണാറുണ്ടെങ്കിലും ഇതങ്ങനെയല്ലെന്ന് എനിക്ക് തോന്നി.
പോസ്റ്റ് ഇട്ടിരിക്കുന്നത് തന്റെ ഒരു പഴയ സ്റ്റുഡന്റ് ആയതുകൊണ്ട് അതിന്റെ ഉത്തരം എന്താവാം എന്ന് ഞാൻ കാടുകയറി ചിന്തിച്ചു കൊണ്ടേയിരുന്നു.ഒരു നരച്ച ഷർട്ടിട്ട അവളുടെ ഫോട്ടോയും പോസ്റ്റിൽ ഉണ്ടായിരുന്നു.
കാറ്റിൻ്റെ തലോടലിൽ വീടിനോട് ചേർന്നു നിൽക്കുന്ന റമ്പുട്ടാൻ മരത്തിൻ്റെ കായ്ച ശിഖരങ്ങൾ മെല്ലെ അനങ്ങുന്നുണ്ടായിരുന്നു.
പഴുത്ത കായ്കൾ അണ്ണാൻ തിന്നുന്നത് കൗതുകത്തോടെ ശ്രദ്ധിച്ചു നിൽക്കവേ ദിനേശന്റെ വീട്ടിൽ നിന്നും അതിഥികൾ പോകാൻ മുറ്റത്തേക്കിറങ്ങി യാത്ര പറയുന്നത് കണ്ടു.
“ദിനേശൻ ഉള്ളപ്പോൾ വരണം എന്നാണ് കരുതിയത്,പക്ഷെ ഇപ്പോഴാണ് സമയം കിട്ടിയത്. ഗൃഹപ്രവേശച്ചടങ്ങിന് വരാൻ കഴിയാത്തതിൻ്റെ പരിഭവം തീർക്കാൻ വന്നതാണ് ഞങ്ങൾ ”
ആഗതരിൽ ഒരാൾ പറഞ്ഞു
“അപ്പുറത്തുള്ള പഴയ വീട്ടിൽ ആരാണ് താമസം..?
രണ്ടാമൻ്റെ ചോദ്യം.
“അത് വാടകക്കാരാണ്, വേറെ മാർഗ്ഗം ഒന്നുമില്ലാത്തവർ.. കഷ്ടമല്ലേ കഴിഞ്ഞോട്ടെന്ന് ഞങ്ങളും കരുതി ”
ദിനേശന്റെ അമ്മ പറയുന്നത് കേട്ട് ശരിക്കും’ ഞെട്ടിയത് ഞാനാണ്. വന്നവർ പോയതിനു ശേഷം ദിനേശൻ്റ അമ്മ അകത്തു കയറി വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ടപ്പോഴും അവരാ പറഞ്ഞ ഡയലോഗിൻ്റെ ഞെട്ടൽ എന്നിൽ നിന്ന് വിട്ടു പോയിരുന്നില്ല. ദിനേശൻ്റെ വീട്ടിൽ നിന്നുള്ള അമ്മയുടെ വർത്തമാനം കേട്ട് മറുപടി പറയാതെ മരുമകൾ കണ്ണുതുടച്ച് പഴയ വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് എനിക്കു കാണാമായിരുന്നു.
ദിനേശന്റെ ഭാര്യയും രണ്ടു മക്കളുമായിരുന്നു പഴയ വീട്ടിൽ താമസിക്കുന്നത്. വർഷങ്ങളായി അമ്മയും മരുമകളും അത്ര സുഖത്തിലല്ല. ദിനേശനാകട്ടെ അമ്മയുടെ ചൊൽപ്പടിക്കു നിൽക്കുന്ന ആളുമായിരുന്നു. ഗൃഹപ്രവേശം കഴിഞ്ഞ് പുതിയവീട്ടിൽ ദിനേശനും അമ്മയുമായിരുന്നു താമസം. ഭാര്യയും മക്കളും പഴയവീട്ടിൽ തന്നെ കഴിഞ്ഞാൽ മതിയെന്ന അമ്മയുടെ തീരുമാനം മകൻ നടപ്പിലാക്കി എന്നു വേണം പറയാൻ.
“എന്തായാലും ആൾക്കാരുടെ പുറംപൂച്ചിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് കൗതുകകരമായ കാര്യങ്ങൾ തന്നെ!” എന്നു ചിന്തിച്ച് ടെറസിൽ നിന്ന് ഇറങ്ങി മുറ്റത്തെത്തി.
ആദിത്യൻ എരിഞ്ഞടങ്ങിത്തുടങ്ങിയതിനാൽ നിഴലിന് നീളം കൂടിക്കൂടി വരുന്നുണ്ടായിരുന്നു. ചെടികളിലൊക്കെ നോക്കി വെറുതേ ഉലാത്തുമ്പോഴാണ് തന്റെ പഴയ ശിഷ്യ സ്നേഹ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെപ്പറ്റി വീണ്ടും ഓർത്തത്. അതെടുത്തു നോക്കുമ്പോൾ നിരവധി കമന്റുകൾ പോസ്റ്റിന് ചുവട്ടിൽ നിറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അതിനൊന്നും മറുപടി നൽകാത്തതിനാൽ അവൾ ഉദ്ദേശിച്ച ഉത്തരം ആരും എഴുതിയിട്ടില്ല എന്ന് ഊഹിക്കാമായിരുന്നു. ഒരു നരച്ച ഷർട്ടിനോട് ഇത്ര ഇഷ്ടം തോന്നാൻ കാരണം എന്തായിരിക്കും എന്ന ചിന്തയിൽ ഞാൻ മുറിയിലേക്ക് കയറി.
ആശുപത്രിയിലെ എഴുപത്താറാം നമ്പർ മുറിയിൽ ഇന്ദുമതിയമ്മയും മരുമകൾ പത്മജയും ഉച്ചയൂണിന് കഴിച്ച ആഹാരത്തെപ്പറ്റി ചർച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. വൈകിട്ട് ഡോക്ടർ വന്നു കണ്ടിട്ട് ഡിസ്ചാർജ്ജ് എഴുതി വീട്ടിലേക്ക് പോകുന്നതിനായി കാത്തിരിക്കുമ്പോഴും ഉച്ചയ്ക്ക് കഴിച്ച ഭക്ഷണത്തിന് രുചി അവരുടെ നാവിൽ നിന്ന് പോയിരുന്നില്ല.
രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഊണിനുള്ള വിഭവങ്ങളൊക്കെ തയ്യാറാക്കുന്നതിനിടയിലാണ് ഇന്ദുമതിയമ്മയ്ക്ക് ബോധക്ഷയമുണ്ടായി ഒന്നു വീണത്. അപ്പോൾ തന്നെ ഓട്ടോ പിടിച്ച് മരുമകൾ പത്മജയും മകൾ സ്നേഹയും ചേർന്ന് അമ്മയെ ആശുപത്രിയിൽ എത്തിച്ചു. ട്രിപ്പ് ഇട്ടു കിടത്തിയ അമ്മയുടെ അടുത്ത് സ്നേഹ ഇരിക്കാമെന്ന് പറഞ്ഞെങ്കിലും പത്മജ അവിടെത്തന്നെ കാത്തുനിന്നു. ഇന്ദുമതിയമ്മയും പത്മജയും അമ്മയും മകളുമെന്ന രീതിയിലായിരുന്നു പരസ്പരം കരുതിയിരുന്നതും സ്നേഹിച്ചിരുന്നതും.
പത്മജയുടെ രണ്ട് കുട്ടികൾ മാത്രമേ വീട്ടിലുള്ളൂ എന്ന കാരണത്താൽ ആരെങ്കിലും ഒരാൾ വീട്ടിലേക്ക് പോകണമെന്നതിനാൽ പത്മജയുടെ നിർബന്ധത്തിനു വഴങ്ങി സ്നേഹ തന്നെ വീട്ടിലേക്ക് പോകാൻ സമ്മതിച്ചു. അപ്പോഴാണ് രക്തദാനത്തിനായെത്തി തിരിച്ചു പോകുന്ന നാട്ടുകാരനായ ജോയി അവരെ കണ്ട് അടുത്തേക്ക് നടുന്നെത്തിയത്.. സ്നേഹയും പത്മജയും റൂമിൻ്റെ വാതിലിനു മുന്നിൽ നിന്ന് സംസാരിക്കുന്നത് കണ്ടാണ് ജോയി വിവരമെന്തെന്ന് തിരക്കിയത്. അവർ നടന്ന സംഭവം പറഞ്ഞപ്പോൾ അവൻ റൂമിൽ കയറി ഇന്ദുമതിയമ്മയെ കണ്ടതിനുശേഷം പുറത്തേക്കിറങ്ങി. ഇറങ്ങുമ്പോഴും പത്മജയും സ്നേഹയും സംസാരിച്ചുകൊണ്ട് വെളിയിൽ തന്നെ നിൽക്കുകയായിരുന്നു. “എന്തെങ്കിലും ആവശ്യമുണ്ടോ?
ജോയി അന്വേഷിച്ചു.
“ഇവിടെ ഒന്നുമില്ല ,വീട്ടിൽ കുട്ടികൾ മാത്രമേയുള്ളു. പോകുന്ന വഴിയിൽ സ്നേഹയെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാമോ?”
പത്മജ ആരാഞ്ഞു.
” അതിനെന്താ വരൂ , ഞാൻ വീട്ടിലേക്കാണ് പോകുന്നത് “അവൻ പറഞ്ഞു.
” ഉച്ചയ്ക്ക് കഴിക്കാനായി ഒന്നും വെച്ചിട്ടില്ല അയൽവീട്ടിലെ സരോജിനിയമ്മയെ വീട്ടിലേക്ക് വിളിച്ച് എന്തെങ്കിലുമൊക്കെ ഒന്ന് വെക്കാൻ പറയണം. പപ്പൻ ഉച്ചയ്ക്ക് വരുന്നുണ്ട്. ഭക്ഷണം അവന്റെ കയ്യിൽ കൊടുത്തു വിട്ടാൽ മതി”
പത്മജ സ്നേഹയെ ഓർമിപ്പിച്ചു.
സ്നേഹ ജോയിയോടൊപ്പം ബൈക്കിൽ വീട്ടിലേക്ക് പുറപ്പെട്ടു. ജോയി വണ്ടിയുമായി പെട്രോൾ പമ്പിൽ കയറവേ നല്ല തിരക്കനുഭവപ്പെട്ടു. ഊഴം കാത്തു നിൽക്കുമ്പോൾ പിറകിൽ ഇരിക്കുന്ന സ്നേഹയുടെ ചിന്ത ജോയിയെക്കുറിച്ച് ആയിരുന്നു.
ചേട്ടനേക്കാൾ ഒത്തിരി പ്രായക്കുറവെങ്കിലും ഒരുമിച്ച് വോളീബോൾ കളിക്കുന്നതിൽ നിന്നും ഉണ്ടായ ദൃഢബന്ധമാണ് ജോയിയും തൻ്റെ സഹോദരനും തമ്മിലെന്ന് സ്നേഹ ഓർത്തു. ചേട്ടൻ്റെ അടുത്ത കൂട്ടുകാരൻ ആയിട്ടുപോലും എവിടെവച്ച് കണ്ടാലും ജോയി തന്റെ മുഖത്ത് നോക്കുകയോ, ചിരിക്കുകയോ പോലും ചെയ്യാറില്ല. ഇവന് തന്നെക്കാൾ രണ്ടുമൂന്ന് വയസ്സ് കൂടുതൽ കാണും. ഒരു പഴയ യമഹ ബൈക്കിൽ തെക്കുവടക്ക് പാഞ്ഞു പോകുന്നതൊക്കെ കാണുറുണ്ട്. എങ്കിലും ചേട്ടൻ അവധിക്കാലത്ത് എത്തുമ്പോൾ വീട്ടിൽ വന്നാൽ പോലും ഞാനും ഇവനോട് മിണ്ടിയിട്ടില്ല എന്നവൾ ഓർത്തു. ജോയി ആരോടും അടുത്തിടപഴകാറില്ല എന്നാണ് ഇവൻ്റെ അയൽവാസിയും തൻ്റെ കൂട്ടുകാരിയുമായ നാൻസിയും പറഞ്ഞിട്ടുള്ളത്. മീൻ വളർത്തൽ , പക്ഷിയെ വളർത്തൽ, അതിൻ്റെയൊക്കെ കച്ചവടം ഇതൊക്കെയാണ് പുള്ളിയുടെ ഇഷ്ട വിനോദങ്ങൾ. വർക്കിച്ചായന് പണിയുള്ളപ്പോൾ അയാളോടൊപ്പം ജോയി കാറ്ററിങ്ങ് വർക്കിനും പോകാറുണ്ട്.
പത്താം ക്ലാസ് കഴിഞ്ഞപ്പോഴേ പഠനം നിർത്തിയ ജോയി അമ്മയെ സഹായിച്ച് വീട്ടിൽ തന്നെയാണ് മിക്കപ്പോഴും എന്നും നാൻസിയിൽ നിന്നാണ് അറിഞ്ഞത്. യാതൊരു താൽപര്യവും ഇല്ലാത്ത ഇവനോടൊപ്പം ആണല്ലോ താൻ യാത്ര ചെയ്യുന്നതെന്ന് ഓർത്തപ്പോൾ സ്നേഹയ്ക്ക് അത്ഭുതം തോന്നി.
അരസികൻ ആണെങ്കിലും ലിഫ്റ്റ് തരിക വഴി തങ്ങൾക്ക് ഒരു സഹായമാണല്ലോ ചെയ്തതെന്ന് ഓർത്തിരുന്ന അവളുടെ ചിന്ത സരോജിനിയമ്മയെ വിളിക്കുന്നതിലേക്ക് വഴി മാറി.
“തനിക്കാണെങ്കിൽ നേരെചൊവ്വേ ചായ ഇടാൻ പോലും അറിവില്ലാത്തതിനാൽ സരോജിനിയമ്മ എപ്പോഴും കുറ്റം പറയാറുള്ളത് അവളുടെ മനസ്സിലെത്തി. അതിനാൽ അവരെ കാണുന്നത് തന്നെ തനിക്ക് ചതുർത്ഥി കാണുന്നതുപോലെയാണ്. ഇനി അവരെ വിളിക്കണം എന്ന് ആലോചിച്ചപ്പോൾത്തന്നെ അവൾക്ക് ഒരു വല്ലായ്മ തോന്നി.
അവര് വന്നാൽ നാട്ടിലെ പാചകറാണി താനാണെന്ന രീതിയിൽ പോകുംവരെ തന്നെ ഉപദേശിക്കാനും പഠിപ്പിക്കാനും നോക്കുന്നതുകൊണ്ടാണ് തനിക്ക് സരോജിനിയമ്മയെ ഇഷ്ടമല്ലാത്തത്. ഉള്ളിൽ നിറഞ്ഞ അവരോടുള്ള വെറുപ്പിൽ അവൾ ഒന്നു നിശ്വസിച്ചു.
ബൈക്ക് ഒന്ന് നിർത്താൻ പറയുന്നവരെ ജോയി തന്റെ പിന്നിലിരിക്കുന്നവളോട് ഒന്നും ചോദിച്ചിരുന്നില്ല.ബൈക്ക് നിന്നപ്പോൾ സ്നേഹ ഫോണെടുത്തു വീട്ടിലേക്കു വിളിച്ചു. ഏഴാം ക്ലാസുകാരി ശ്രേയ ഫോൺ എടുത്തു.
” സരോജിനി അമ്മയുടെ വീട്ടിലേക്ക് പോയിട്ട് അവരോട് നമ്മുടെ വീട്ടിലേക്ക് വരാൻ പറയ്., അമ്മ ആശുപത്രിയിലാണ് വല്ലതും വെക്കാനാണെന്ന് പറഞ്ഞാൽ മതി”
സ്നേഹ ശ്രേയയോട് പറഞ്ഞത് കേട്ടിട്ടും ജോയി ഒന്നും അവളാേടന്വേഷിച്ചില്ല.
നേരിട്ട് ചെന്ന് അവരെ വിളിക്കാൻ തനിക്ക് വയ്യ എന്ന തീരുമാനത്തിലാണ് അവൾ അങ്ങനെയൊരു കാര്യം ചെയ്തത്. വണ്ടി വീടെത്തും മുമ്പുതന്നെ അവൾക്ക് ഫോൺ കോൾ വന്നു. അപ്പോൾ സ്നേഹ ഒന്നുംപറയാതെ തന്നെ ജോയ് വണ്ടി നിർത്തി..
” അപ്പച്ചീ, സരോജിനിയമ്മ അവിടെയില്ല , നെടുങ്കണ്ടത്ത് പോയിരിക്കുവാണ്. നാളെ കഴിഞ്ഞ് വരും എന്നാണ് പറഞ്ഞത് ” ശ്രേയയുടെ സംസാരം കേട്ടപ്പോഴേ പണിപാളി എന്ന് സ്നേഹക്ക് മനസ്സിലായി. അവൾ ബൈക്കിലിരുന്ന് ഫോണിലൂടെ പറയുന്നതെല്ലാം ജോയിക്ക് നന്നായി കേൾക്കാമായിരുന്നു. ഫോൺ കട്ട് ചെയ്തപ്പോൾ ജോയി വണ്ടി വീണ്ടും മുന്നോട്ടെടുത്തു.
ഇനിയെന്താണൊരു വഴിയെന്നാലോചിച്ച് പിന്നിലിരിക്കുന്ന സ്നേഹയോട് ഉരിയാടാതെ
വഴിയരികിലെ മരങ്ങളുടെ നിഴലിലൂടെ ജോയിയുടെ ബൈക്ക് സഞ്ചരിച്ചു കൊണ്ടേയിരുന്നു.
വീട്ടുമുറ്റത്ത് എത്തിയപ്പോഴേക്കും ശ്രേയയും കണ്ണനും മുറ്റത്തേക്കിറങ്ങി വന്നു.
” ഇനിയെന്താ അപ്പച്ചീ ചെയ്യുന്നത്, ഉച്ചയ്ക്ക് വല്ലതും കഴിക്കണ്ടേ ” വിഷാദത്തോടെ കണ്ണൻ ചോദിച്ചു. അതിന് മറുപടി പറയാതെ ലിഫ്റ്റ് നൽകിയതിന് ജോയിയോട് ഒരു നന്ദി പോലും പറയാതെ സ്നേഹ വീടിനുള്ളിലേക്ക് പോയി.
ജോയി ബൈക്ക് സ്റ്റാൻ്റിൽ വെച്ചിട്ട് വീടിൻ്റെ മുന്നിലേക്ക് നടന്നു. അവിടെ നോക്കി നിന്ന കണ്ണന്റെ മുടിയിൽ ഒന്ന് തലോടിയിട്ട്
“ഭക്ഷണം ഞാൻ ഉണ്ടാക്കിത്തരാം, കണ്ണൻ വിഷമിക്കേണ്ട കേട്ടോ!” എന്നു ജോയി പറയുന്നത് കേട്ട് സ്നേഹ പുറത്തേക്ക് വന്നു.
“സാധനങ്ങളൊക്കെ എടുത്തു തന്നാൽ മതി, ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഞാനുണ്ടാക്കിത്തരാം” ജോയി അവളോട് പറഞ്ഞു. സ്നേഹ അവിശ്വസനീയതയോടെ അതിലേറെ അത്ഭുതത്തോടെ അവനെത്തന്നെ നോക്കി. അവന് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു. അലസനായി നടക്കുന്ന അലസമായി വസ്ത്രം ധരിക്കുന്ന നേരെചൊവ്വേ ഒന്നു മുടി പോലും ചീകിയൊതുക്കി വെക്കാത്ത ഇവന് പാചകം ചെയ്യാനറിയാം എന്ന് വിശ്വസിക്കാൻ സ്നേഹ വളരെ പാടുപെട്ടു.
“ചോറ് വെന്തിരിക്കുന്നതിനാൽ എന്തെങ്കിലുമൊരു കറിയും കൂട്ടാനും വെച്ചാൽ തന്നെ ധാരാളം” എന്ന ചിന്തയിൽ ജോയിയോട് അകത്തേക്ക് വരാൻ അവൾ ആംഗ്യം കാണിച്ചു.
ഉള്ളിലേക്ക് കയറിയ ജോയിയെ വരവേറ്റത് ഒരു മുറംനിറയെ ചക്ക വെട്ടി കഷണങ്ങളാക്കി ഇട്ടിരിക്കുന്നതാണ്.
“ഒരു കൂട്ടാനും ഒഴിച്ചു കഴിക്കാൻ ഒരു കറിയും ഉണ്ടാക്കിയിൽ മതി. അതു തന്നെ ധാരാളം. ചക്കയൊക്കെ അവിടെ കിടന്നോട്ടെ”
സ്നേഹ ജോയിയോട് പറഞ്ഞു.
അവൾക്കിതൊക്കെ ബാലികേറാമലയാണെന്ന് മനസ്സിലാക്കിയ ജോയി അടുക്കളയിലും ഫ്രിഡ്ജിനുള്ളിലെല്ലാം ഒന്ന് വീക്ഷിച്ചതിനു ശേഷം സ്നേഹയുടെ നേരെ തിരിഞ്ഞു.
“നിങ്ങൾകൂടി സഹായിച്ചാൽ നമുക്ക് വേഗം ഭക്ഷണം തയ്യാറാക്കാം. നിങ്ങൾക്കും കഴിക്കാം ഹോസ്പിറ്റലിലേക്ക് കൊടുത്തയക്കുകയും ചെയ്യാം.”
ജോയിയുടെ ഈ പറച്ചിൽ കേട്ട് സ്നേഹയും കുട്ടികളും മുഖത്തോടുമുഖം നോക്കി. “ഞങ്ങളെന്തു സഹായിക്കാൻ ” എന്നതായിരുന്നു അവരുടെ മുഖത്തും ചിന്തയിലും തെളിഞ്ഞത്.
“ഞങ്ങൾക്കൊന്നും അറിയില്ല പിന്നെ എങ്ങനെയാ സഹായിക്കുന്നത് ”
സ്നേഹ ജോയിയോട് രൂക്ഷമായി ചോദിച്ചു.
“അരിയും കൂട്ടാനും കളിച്ചിട്ടില്ലേ ചെറുപ്പത്തിൽ? അതുപോലേയുള്ളൂ ഇതും. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി”
ജോയിയുടെ മറുപടി കേട്ടപ്പോൾ ശ്രേയയ്ക്ക് ഉന്മേഷം ആയി.
” അത്രേ ഉള്ളോ… ഞാൻ റെഡി.!”‘ എന്ന് ശ്രേയ പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിയത് സ്നേഹയായിരുന്നു. അവളെ കണ്ണുരുട്ടി കാണിച്ചെങ്കിലും ഗത്യന്തരമില്ലാതെ സ്നേഹയും സമ്മതം മൂളി.
” എനിക്കൊരു പഴയ ഷർട്ട് തരുമോ ? ഈ വെള്ള ഷർട്ടിട്ട് അടുക്കളയിൽ കയറിയാൽ ആകെ മുഷിയും.”
ജോയിയുടെ ആവശ്യം അംഗീകരിച്ച സ്നേഹ അകത്തേക്ക് പോയി. ചേട്ടന്റെ പഴയ ഷർട്ട് ഒരെണ്ണമെടുത്തു കൊടുക്കാം എന്ന് കരുതിയെങ്കിലും നാത്തൂൻ്റെ മുറി പൂട്ടിയിരിട്ടിരിക്കുകയായിരുന്നു.
പിള്ളേരെപ്പോഴും എല്ലാം വലിച്ചുവാരി ഇടുന്നതിനാൽ നാത്തൂൻ എവിടെപ്പോയാലും മുറി പൂട്ടിയേ പോകാറുള്ളൂവെന്ന് സ്നേഹ ഓർത്തു. അവൾ തൻ്റെ മുറിയിലേക്ക് പോയി. തനിക്ക് ഇഷ്ടമില്ലാത്ത ഒരു പഴയ നരച്ച ഷർട്ട് എടുത്ത് ജോയിയ്ക്ക് കൊടുത്തു. അവൻ തന്റെ വെള്ള ഷർട്ടഴിച്ച് ഭിത്തിയിൽ കലണ്ടർ തൂക്കിയിരുന്ന ആണിയിൽ തൂക്കിയിട്ട് ആ നരച്ച ഷർട്ട് ധരിച്ചു.
” ആദ്യം ചക്കയിൽനിന്ന് തുടങ്ങാം. നിങ്ങൾ ഇതിൻ്റെ ചവണിയും ചക്കക്കുരുവും ഒക്കെ കളഞ്ഞു എടുക്കൂ.” ജോയിയുടെ നിർദ്ദേശം കേട്ട് മനസ്സില്ലാമനസ്സോടെ അവർ മൂവരും അതിനടുത്തേക്കിരുന്ന് ചക്കച്ചുളയെടുക്കാൻ ആരംഭിച്ചു. കയ്യിൽ എല്ലാം അരക്ക് ആകുന്നതിന്റെ വൈമനസ്യം കണ്ടപ്പോൾ “അൽപം വെളിച്ചെണ്ണ എടുത്ത് കയ്യിൽ തേക്കൂ” എന്ന് ജോയി പറഞ്ഞു.
അതുപോലെ അനുസരിച്ചപ്പോഴാണ് ഇതു പോലും തനിക്ക് അറിയില്ലല്ലോ എന്ന് സ്നേഹ ചിന്തിച്ചത്.
ജോയി ഫ്രിഡ്ജിൽ വെട്ടി വെച്ചിരുന്ന മീൻ എടുത്ത് കഴുകി മുളകുപൊടിയും കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മിശ്രിതം ഉണ്ടാക്കി അതിൽ ചേർത്തുവച്ചു. അവൻ ഒരു തേങ്ങ എടുത്ത് പൊതിച്ചു കൊണ്ടുവന്നു. അത് പൊട്ടിച്ച് വെള്ളം അല്പം കണ്ണന്റെ വായിലേക്ക് ഒഴിച്ചു കൊടുത്തു. ഇതു കണ്ട ശ്രേയ പുഞ്ചിരിച്ചു. മൂന്നുപേരും കൂടി ചക്കച്ചുള പെറുക്കി വൃത്തിയാക്കി വെച്ചപ്പോഴേക്കും ജോയി ബീൻസ് ചെറുതായി അരിഞ്ഞു കഴിഞ്ഞിരുന്നു. അടുക്കളയുടെ ജനലിലൂടെ വെളിയിലേക്കു നോക്കുമ്പോൾ മുരിങ്ങ നിൽക്കുന്നത് കണ്ട ജോയി, അതിൽ നിന്ന് നാലഞ്ച് മുരിങ്ങയില പറിച്ചു കൊണ്ടുവരാൻ കണ്ണനോട് പറഞ്ഞു. അവനതു കൊണ്ടു വരുമ്പോൾ കഴുകി ഓരോ ഇലയായി പറിച്ചെടുത്ത് വെക്കാൻ ജോയി നിർദ്ദേശിച്ചു. ഡൈനിങ്ങ് ടേബിളിനടുത്തിരുന്ന് കട്ടിംഗ് ബോർഡിൽ വച്ച് ജോയി ചക്കച്ചുള വേഗം അരിഞ്ഞു തുടങ്ങി.
” ആ രണ്ടുമുറി തേങ്ങയും ചിരകിയെടുക്കുക” സ്നേഹയോടത് പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ അവൾ അനുസരിച്ചു. ജീവിതത്തിൽ ആദ്യമായി തേങ്ങ തിരുമ്മുകയാണ് എന്ന ചിന്ത അവളിൽ ഉണ്ടായെങ്കിലും തിരുമ്മാതിരുന്നാലത്തെ സ്ഥിതി ഓർത്ത് അവൾ വേഗം അത് തിരുമ്മാൻ ശ്രമിച്ചു. കുറച്ച് ചെറിയ ഉള്ളിയും ഒരു സാവാളയും നാലഞ്ച് അല്ലി വെളുത്തുള്ളിയും കൊടുത്തിട്ട് അത് പൊളിക്കാൻ ശ്രേയയെ ഏൽപ്പിച്ചു. കണ്ണിൽ നിന്ന് വെള്ളം ഒഴുകാതിരിക്കാൻ അവൾ ഒരു ഹെൽമെറ്റെടുത്തുകൊണ്ടുവന്ന് തലയിൽവെച്ച് ഉള്ളി പൊളിക്കുന്നതു കണ്ട് ജോയി പുഞ്ചിരിച്ചു.
മുരിങ്ങയില പറിച്ചുവച്ച കണ്ണൻ സ്നേഹ തിരുമ്മുന്ന തേങ്ങ വാരാൻ ചെന്നപ്പോൾ അവൾ അവന്റെ കയ്യിൽ ഒരു തട്ടു കൊടുത്തു.
” ഇത് തിരുമ്മുന്ന പാട് എനിക്കറിയാം, അതിനിടയ്ക്ക് അവൻ ഇതിൽ നിന്ന് വാരാൻ വന്നിരിക്കുന്നു” സ്നേഹയുടെ പറച്ചിൽ കേട്ട് ജോയി വീണ്ടും ചിരിച്ചു.
ചക്കച്ചുള അരിഞ്ഞു കഴിഞ്ഞ ജോയ് ജോയി കിണറിൻ്റെ അടുത്തുനിന്ന് വാഴക്കുലയിൽ നിന്ന് കുറച്ച് കായ അടർത്തി കൊണ്ടുവന്ന് ശ്രേയയെ ഏൽപ്പിച്ചു. ഒരു വാഴയ്ക്ക എടുത്ത് തൊലി കളഞ്ഞ് കാണിച്ചിട്ട് ബാക്കിയും അതു പോലെ ചെയ്യാൻ പറഞ്ഞു.
ഒരു വിധത്തിൽ തേങ്ങാതിരുമ്മിക്കഴിഞ്ഞ സ്നേഹ ശ്രേയയെ സഹായിക്കാനായി ഒരു കത്തി കൂടിയെടുത്ത് അവളുടെ അടുത്തേക്കിരുന്നു.
കുംഭച്ചൂടിനെ വകവെയ്ക്കാതെ മുറ്റത്തോടിനടന്ന് കളിക്കേണ്ട ഈ പിള്ളേര് രണ്ടും എത്ര അനുസരണയോടെയാണ് ജോയിയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കന്നതെന്ന് സ്നേഹ അത്ഭുതത്തോടെ ഓർത്തു. ജോയി ബീൻസ് തോരൻ വെച്ചു കഴിഞ്ഞപ്പോൾ,
ശ്രേയയും സ്നേഹയും വാഴയ്ക്ക തൊലികളഞ്ഞ് വെച്ചത് കണ്ട് അത് ചെറിയ കഷണങ്ങളാക്കാൻ നിർദ്ദേശിച്ചു. അത് കേട്ട സ്നേഹയും ശ്രേയയും മുഖത്തോട് മുഖം നോക്കി.അവരുടെ പരുങ്ങൽ കണ്ട് ജോയി ഒരെണ്ണം എടുത്തു കീറിയിട്ട് ചെറുതായി മുറിച്ചുകാണിച്ചപ്പോൾ അവർ അതുപോലെ ചെയ്തുതുടങ്ങി.
” ഇവിടെ കാന്താരി ഉണ്ടോ..?”
ജോയി തിരക്കി.
“ഇവളാണ് ഇവിടുത്തെ കാന്താരി”
ശ്രേയയെ ചൂണ്ടിക്കാട്ടിയിട്ട് കണ്ണൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
അതു കേട്ട് അവൾ കണ്ണുരുട്ടി. ഇതു കണ്ട് ജോയി പുഞ്ചിരിച്ചു. സ്നേഹയും.
“വീടിന്റെ പിറകിലുണ്ട്..!”സ്നേഹയുടെ മറുപടി.
“എങ്കിൽ കണ്ണൻ പോയി കുറച്ചു പറിച്ചു കൊണ്ട് വരൂ ..”
ജോയി പറഞ്ഞതനുസരിച്ച് കണ്ണൻ കാന്താരി പറിക്കാനായി പോയി. ജോയ് ചക്ക അരിഞ്ഞു വെച്ചതിൽ അല്പം വെള്ളമൊഴിച്ച് ഗ്യാസ് അടുപ്പിൽ വെച്ചു.
തേങ്ങയും കാന്താരിയും കറിവേപ്പിലയും ജീരകവും വെളുത്തുള്ളിയുമെല്ലാം ചതച്ചെടുക്കുന്നതും ചക്കയ്ക്ക് ആവി വന്നപ്പോൾ അരപ്പ് അതിലിട്ട് അടച്ചു വെക്കുന്നതുമൊക്കെ സ്നേഹ കൗതുകത്തോടെ നോക്കി നിന്നു. അൽപ്പം കഴിഞ്ഞപ്പോൾ അപ്പോൾ അത് അടുപ്പിൽ നിന്ന് വാങ്ങി വെച്ചിട്ട് നന്നായി ഇളക്കുന്നതും അല്പം വെളിച്ചെണ്ണ ചേർത്ത് വീണ്ടും ഇളക്കുന്നതുമൊക്കെ കണ്ടപ്പോൾ സ്നേഹ അത്ഭുതത്തോടെ നോക്കി നിന്ന് വാ പൊളിച്ചു. “റാഹേലമ്മ എന്തൊക്കെയാണ് മകനെ പഠിപ്പിച്ചിരിക്കുന്നത്.!
അവളുടെ ചിന്തകൾ ശലഭത്തെപ്പോലെ പറന്നു തുടങ്ങി.
രണ്ടു ആൺകുട്ടികൾ പിറന്നപ്പോൾ മൂന്നാമത്തേതെങ്കിലും പെൺകുട്ടിയാകണേന്ന റാഹേലമ്മയുടെ പ്രാർത്ഥന കർത്താവ് കേൾക്കാഞ്ഞതിനാൽ
മൂന്ന് ആൺമക്കളിൽ ഇളയവനായ ജോയിയെ അമ്മ പെൺകുട്ടി ആയിട്ടാണ് കരുതുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
“ജോമോൾ ” എന്നാണത്രെ ജോയിയുടെ വിളിപ്പേര്. ഇക്കാര്യങ്ങളൊക്കെ മുമ്പ് ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ജോയി സ്വല്പം ചക്കയെടുത്തു രുചി നോക്കുന്നത് കണ്ടു.
“നല്ല മരസ്വാദുള്ള ചക്കയാ ..”
ജോയിയുടെ അഭിപ്രായം കേട്ട സ്നേഹ വീണ്ടും ചിന്തയിലാണ്ടു.
“എന്താണീ മരസ്വാദ്…?” അമ്മ വരുമ്പോൾ ചോദിക്കാം.
അല്പം ചക്ക എടുത്ത് ജോയി സ്നേഹയുടെ നേരെ നീട്ടി. അവൾ യാന്ത്രികമായി അത് വാങ്ങി രുചിച്ചുനോക്കി. അല്പം കുട്ടികൾക്ക് രണ്ടുപേർക്കും കൊടുത്തു.
“നല്ല രുചിയുണ്ട്… ”
ശ്രേയ ആണത് പറഞ്ഞത്. സ്നേഹയും അത് മനസ്സിൽ പറഞ്ഞു.
വാഴയ്ക്ക മെഴുക്കുവരട്ടി വെക്കുവാനായി എടുത്തു വച്ചിട്ട് മുരിങ്ങയിലക്കറി ഉണ്ടാക്കാനായി മിക്സിയിൽ അരയ്ക്കുകയും അതിനിടയിൽ മീൻ വറുക്കായി ചീനച്ചട്ടിയിൽ ഇടുകയും ചെയ്യുന്നത് കണ്ടപ്പോൾ ജോയിയിൽ നിന്ന് കണ്ണെടുക്കാതെ ഇതെങ്ങനെ സാധിക്കുന്നുവെന്ന അത്ഭുതഭാവത്തിൽ നിൽക്കുകയായിരുന്നു സ്നേഹ .
മുരിങ്ങയില കറിയും വാഴക്കമെഴുക്കു വരട്ടിയും മീൻ വറുത്തതും ഒക്കെ റെഡി ആയപ്പോൾ സ്നേഹയ്ക്ക് ജോയിയോട് ആരാധന തോന്നിപ്പോയി. ഒരു ഫേസ്ബുക്ക് ഐഡി പോലുമില്ലാത്ത , അലക്ഷ്യമായി വസ്ത്രം ധരിക്കുന്ന , മുടി പോലും ചീകി വെക്കാത്ത ഒരു യൂസ് ലെസ് ഫെലോ എന്ന് കരുതിയിരുന്ന ജോയി നിസ്സാരക്കാരനല്ല എന്ന് അവൾ മനസ്സിൽ പറയുമ്പോൾ ജോയ് മുട്ട ഓംലറ്റ് ഉണ്ടാക്കുകയായിരുന്നു. ഭക്ഷണമെല്ലാം റെഡി ആയപ്പോഴേക്കും ക്ളോക്കിൽ ഒരു മണി ആയിരുന്നു.
ജോയി കൈയും മുഖവും ഒക്കെ കഴുകി ഡ്രസ്സ് മാറി പോകാനിറങ്ങി.
“കഴിച്ചിട്ട് പോയാൽ മതി..” സ്നേഹപറഞ്ഞു.
” വേണ്ട അമ്മ നോക്കിയിരിക്കും.. വീട്ടിൽ പോയി കഴിച്ചോളാം” മറുപടിക്ക് കാക്കാതെ ജോയി മുറ്റത്തേക്കിറങ്ങി. ബൈക്കിൽ കയറി. അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു മെല്ലെ മുന്നോട്ടു നീങ്ങവേ കണ്ണനും ശ്രേയയും കൈവീശി കാണിച്ചു. അതുകണ്ടു പുഞ്ചിരിയോടെ ജോയി റോഡിലേക്ക് ഇറങ്ങി. സ്നേഹ ജനാലയിലൂടെ ജോയി ബൈക്കിൽ മടങ്ങിപ്പോകുന്നത് വീക്ഷിക്കുന്നുണ്ടായിരുന്നു.
തലേ ദിവസം വൈകിട്ട് വെച്ച കൊഞ്ച് തീയലും കൂട്ടി ചക്ക കഴിച്ചപ്പോൾ മൂവർക്കും ചക്കയോട് പ്രത്യേക ഇഷ്ടം തോന്നി. സ്നേഹയും കുട്ടികളും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും പത്മജയുടെ സഹോദരൻ പത്മരാജൻ എത്തിയിരുന്നു. ആശുപത്രിയിലേക്കുള്ള ഭക്ഷണം പാത്രത്തിലാക്കി കൊടുത്തയച്ചതിനു ശേഷം റൂമിലെത്തി വെറുതേ കിടക്കുമ്പോഴും അവളുടെ ചിന്ത ജോയിയെക്കുറിച്ചായിരുന്നു.
വരുന്ന ഏപ്രിലിൽ തൻ്റെ കല്യാണമാണ്. ചേട്ടനോടൊപ്പം ഗൾഫിൽ ജോലി ചെയ്യുന്ന പയ്യനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിട്ട് മൂന്നു മാസമായി. പാചകം എന്തെന്ന് ഒരു പൊടിപോലും തനിക്കറിയില്ല. താൻ അവഗണനയോടെ കണ്ട ജോയി പാചകത്തിൽ അഗ്രഗണ്യൻ ആണെന്ന് കണ്ടപ്പോൾ നാം നിസ്സാരമെന്നു കരുതുന്നതൊന്നും അത്ര നിസ്സാരമല്ല എന്ന ചിന്തയും അവളിലൂടെ കടന്നുപോയി. നിശ്ചയം കഴിഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷേ താൻ ജോയിയെ പ്രണയിച്ചു പോയേനേം എന്ന് ചിന്തിച്ച് അവൾ പുഞ്ചിരിച്ചു.
എങ്കിൽ പിന്നെ ജോയിയെ കെട്ടി പാചകകാര്യങ്ങൾ വിവരിക്കുന്ന ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങാമായിരുന്നു.
അതിൻ്റെ പേരും അവളുടെ മനസ്സിൽ തെളിഞ്ഞു.
“ജോമോൾസ് കിച്ചൺ ”
ആ പേര് ഓർത്ത് അവൾ പുഞ്ചിരിച്ചു.
ചിന്തകൾക്കൊടുവിൽ
എന്തായാലും നാളെ മുതൽ പാചകം പഠിച്ചു തുടങ്ങണമെന്നും വിവാഹത്തിനു മുമ്പ് പാചകത്തെപ്പറ്റിയെല്ലാം മനസ്സിലാക്കണമെന്നുമുള്ള ദൃഢപ്രതിജ്ഞയിൽ അവളെത്തിച്ചേർന്നു. ഓരോന്നാലോചിച്ച് കിടന്നു സമയം കടന്നുപോയി. കുട്ടികൾ രണ്ടു പേരും ടെലിവിഷനിൽ സിനിമ കാണുകയായിരുന്നു.
സ്നേഹ കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയി.
തിരിച്ചു വരുമ്പോൾ സ്നേഹ ടെലിവിഷനിലേക്ക് വെറുതേ നോക്കി. കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ തകർത്തഭിനയിക്കുന്ന സീൻ ആയിരുന്നു അപ്പാൾ.
“ഒറ്റ ജീവിതമേയുള്ളു, മനസ്സിലാക്കിക്കോ, സ്വർഗ്ഗമില്ല നരകമില്ല, ഒറ്റ ജീവിതം. അത് എവിടെ എങ്ങനെ വേണമെന്ന് അവനവൻ തീരുമാനിക്കും”
ഇത്തിക്കരപ്പക്കിയുടെ ഡയലോഗും കേട്ട് ഒരു കപ്പിൽ വെള്ളവുമെടുത്ത് തിരിച്ചുവരുമ്പോഴാണ് ജോയിക്ക് ഇടാൻ കൊടുത്ത ഷർട്ട് കസേരയിൽ കിടക്കുന്നത് കണ്ടത്. അവൾ അത് എടുത്തുകൊണ്ട് റൂമിലേക്ക് നടന്നു. തനിക്ക് തീരെ ഇഷ്ടമില്ലാത്ത ഷർട്ട് ആയിരുന്നു ഇതെന്ന ചിന്ത അവളിൽ നിന്നകന്നു.
ആ ഷർട്ട് അവൾ എടുത്തു ധരിച്ചു. ആ വസ്ത്രത്തിനാേട് അവൾക്കു വല്ലാത്ത ആരാധന കലർന്ന ഇഷ്ടം തോന്നി. ആ ഷർട്ടും ധരിച്ച അവൾ ഒന്നുരണ്ട് ഫോട്ടോയും എടുത്തു. അതിലൊന്ന് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ട് ഒരു ക്യാപ്ഷനും നൽകി.
“ചില വസ്ത്രങ്ങളോട് ഒത്തിരിയിഷ്ടം തോന്നുന്നത് എപ്പോഴാണ് ?”
ഇന്ദുമതിയമ്മ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പത്മജയ്ക്കൊപ്പം ഓട്ടോയിൽ വീട്ടിലേക്ക് സഞ്ചരിക്കുമ്പോൾ വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. വണ്ടിയിലിരുന്നും ഇന്ദുമതിയമ്മയും പത്മജയും ഉച്ചയ്ക്ക് കഴിച്ചിരുന്ന ഭക്ഷണത്തെപ്പറ്റി സംതൃപ്തിയോടെ സംസാരിക്കുന്നുണ്ടായിരുന്നു.
കുളികഴിഞ്ഞ് സന്ധ്യാ ദീപവും കൊളുത്തി ചന്ദനത്തിരിയുടെ സുഗന്ധവും ആസ്വദിച്ച് ഇരിക്കുമ്പോഴും സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്നിലെ യാഥാർഥ്യം തിരഞ്ഞ് എൻറെ മനസ്സ് അലയുന്നുണ്ടായിരുന്നു. ആ ചോദ്യം എന്റെ ഉള്ളിലും നിറയുന്നതു പോലെ തോന്നി.
“ചില വസ്ത്രങ്ങളോട് ഒത്തിരിയിഷ്ടം തോന്നുന്നത് എപ്പോഴാണ്..??
👍