വിശുദ്ധ ജര്‍ത്രൂദ്
സാക്‌സണിയില്‍ 1256 ജനുവരി 6 നാണ് ജര്‍ത്രൂദ് ജനിച്ചത്. ഒരു കുലീന കുടുംബത്തില്‍ ജനിച്ച അവളെ അഞ്ചു വയസ്സുള്ളപ്പോള്‍ ഹെല്‍ഫായിലെ ബനഡിക്‌ടൈന്‍ ആശ്രമത്തിന്റെ സംരക്ഷണയില്‍ വളരാന്‍ അനുവദിച്ചു. ജര്‍ത്രൂദ് ഹാക്ക്‌ബോണ്‍ എന്ന വിശുദ്ധയായിരുന്നു അന്ന് ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്നത്. അവരുടെ മകള്‍ വിശുദ്ധയായിത്തീര്‍ന്ന വി. മെക്റ്റില്‍ഡിന്റെ സംരക്ഷണയിലാണ് ജര്‍ത്രൂദ് വളര്‍ന്നത്. ആശ്രമത്തിന്റെ പ്രശാന്തമായ അന്തരീക്ഷത്തില്‍ വളര്‍ന്ന ബുദ്ധിമതിയായ ജെര്‍ത്രൂദ് സുന്ദരകലകളില്‍ അതിവേഗം പുരോഗമിച്ചു. 26-ാമത്തെ വയസ്സിലാണ് അവള്‍ക്ക് ആദ്യത്തെ അസാധാരണമായ ദര്‍ശനമുണ്ടാകുന്നത്. പിന്നീടുള്ള ഇരുപതുവര്‍ഷവും, മരണംവരെ, ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും ഒരു പരമ്പര തന്നെ ജര്‍ത്രൂദിന് ഉണ്ടായി. അവയുടെ വെളിച്ചത്തിലാണ് അവര്‍ തന്റെ പിന്നീടുള്ള പഠനങ്ങള്‍ ക്രമീകരിച്ചത്. അങ്ങനെ വിശുദ്ധ ഗ്രന്ഥവും ദൈവശാസ്ത്രഗ്രന്ഥങ്ങളുമെല്ലാം തന്റെ ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ധ്യാനിച്ച് പഠിക്കുകയും പകര്‍ത്തുകയും പരിഭാഷപ്പെടുത്തുകയും ചെയ്തു.
ജര്‍ത്രൂദിന്റെ രചനകളില്‍ വളരെ കുറച്ചുമാത്രമേ അവശേഷിച്ചിട്ടുള്ളൂ. ”ദിവ്യസ്‌നേഹ പ്രഘോഷകന്‍” അവരുടെ ആത്മകഥയാണ്. കര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം രചിച്ചതാണത്രെ. ”ആദ്ധ്യാത്മികാഭ്യാസങ്ങള്‍” സഹോദരിമാരുടെ ഉപയോഗത്തിനായി രചിച്ചതുമാണ്. ”പ്രത്യേക കൃപാവരത്തിന്റെ ഗ്രന്ഥം” വി. മെക്റ്റില്‍ഡിന്റെ ജീവചരിത്രമാണ്.
ജര്‍ത്രൂദിന്റെ ആദ്ധ്യാത്മിക ജീവിതം ദൈവവുമായുള്ള ശക്തമായ ഐക്യത്തില്‍ അധിഷ്ഠിതമായിരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും അതിന്റെ അനന്തരഫലങ്ങളായിരുന്നു.
വൈവാഹികബന്ധത്തിലേതുപോലുള്ള ഒരുതരം ആദ്ധ്യാത്മികത യായിരുന്നു ജര്‍ത്രൂദിന്റേത്. ക്രിസ്തുവിന്റെ മണവാട്ടിയായി ആത്മാര്‍ത്ഥമായി സമര്‍പ്പിച്ചുകൊണ്ട്, അതേ ചിന്തയില്‍, അതേ സംതൃപ്തിയില്‍, അവനുവേണ്ടി മാത്രം ജീവിക്കുക. ക്രിസ്തുവുമായുള്ള ആഴമായ വ്യക്തിബന്ധത്തില്‍ അധിഷ്ഠിതമായിരുന്നു അവരുടെ ആദ്ധ്യാത്മിക ജീവിതം. അങ്ങനെ ഈശോയുടെ തിരുഹൃദയത്തിന്റെയും ത്രിത്വത്തിന്റെയും ആഴമായ അനുഭവത്തില്‍ മുഴുകുക. ആരാധനക്രമങ്ങള്‍ അവര്‍ക്ക് വെറും ചടങ്ങായിരുന്നില്ല; തന്റെ പ്രാര്‍ത്ഥനാജീവിതത്തിന്റെ താളമായിരുന്നു. ലിറ്റര്‍ജിയും വിശുദ്ധ ഗ്രന്ഥവുമെല്ലാം ക്രിസ്തുവുമായുള്ള അലൗകിക ബന്ധത്തിന്റെ, രഹസ്യാത്മക യോഗത്തിന്റെ അവിഭാജ്യഘടകമായിത്തീര്‍ ന്നിരുന്നു.
സഹനങ്ങളെപ്പറ്റി കര്‍ത്താവ് അവര്‍ക്ക് ഒരിക്കല്‍ വെളിപ്പെടുത്തിക്കൊടുത്തു: ”ശരീരത്തിന്റെയും ആത്മാവിന്റെയും സഹനങ്ങള്‍, ദൈവവും ആത്മാവും തമ്മിലുള്ള ആദ്ധ്യാത്മിക ഐക്യത്തിന്റെ അടയാളമാണ്.” ”നിനക്ക് ആനന്ദം നല്‍കുന്ന നിന്റെ ഭക്തിയുടെ മാധുര്യത്തേക്കാള്‍ എനിക്കിഷ്ടം, സഹനനേരങ്ങളിലുള്ള നിന്റെ ശുദ്ധ നിയോഗങ്ങളാണ്.” ”ഭേദമാക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, എന്നോടുള്ള സ്‌നേഹത്തെപ്രതി വേദന സഹിക്കുന്നവന്‍ മഹത്ത്വത്തിന്റെ കിരീടം അണിയും.”
കര്‍ത്താവേ, എന്നെപ്പോലൊരു മഹാപാപിയെ ലോകം സഹിക്കുന്നല്ലോ എന്നതാണ്, എന്റെ നോട്ടത്തില്‍ ഏറ്റവും വലിയ അത്ഭുതം.
വിശുദ്ധ ജര്‍ത്രൂദ് ഒരിക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച സമയത്ത് താന്‍ കര്‍ത്താവിനോടൊപ്പം ശുദ്ധീകരണസ്ഥലത്ത് എത്തിച്ചേര്‍ന്നതായി വിശുദ്ധ ജര്‍ത്രൂദ് കണ്ടു. താന്‍ ആവശ്യപ്പെടാനാഗ്രഹിച്ചതിലും അധികം ആത്മാക്കള്‍ ആ ദിവ്യകാരുണ്യസ്വീകരണശേഷം അവിടെനിന്ന് മോചിപ്പിക്കപ്പെടുന്നത് വിശുദ്ധ മനസ്സിലാക്കി. പിന്നീടുള്ള നാളുകളിലും വിശുദ്ധ ജര്‍ത്രൂദ് ശുദ്ധീകരണാത്മാക്കള്‍ക്കായി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
ഒരു ദിവസം, ഈ പ്രാര്‍ത്ഥനവഴി എത്ര ആത്മാക്കളെ മോചിപ്പിക്കുമെന്ന് അവള്‍ കര്‍ത്താവിനോട് ചോദിച്ചു. അതിനുത്തരമായി അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്, “എന്‍റെ സ്നേഹം പാവപ്പെട്ട ആത്മാക്കളെ മോചിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഉദാരമതിയായ ഒരു രാജാവ് തന്‍റെ പ്രിയപ്പെട്ട ചങ്ങാതി കുറ്റക്കാരനായാല്‍ തന്‍റെ നീതി നിമിത്തംമാത്രം തടവറയില്‍ ഇടുന്നതുപോലെയാണ് എന്‍റെ സ്ഥിതി. സുഹൃത്തുക്കളാരെങ്കിലും അവനുവേണ്ടി മോചനാഭ്യര്‍ത്ഥനയും എന്തെങ്കിലും കാഴ്ചദ്രവ്യവുമായി വരാന്‍ രാജാവ് കാത്തിരിക്കുന്നു. അങ്ങനെ ആരെങ്കിലും വന്നാലുടന്‍ രാജാവ് തടവറയിലുള്ള സുഹൃത്തിനെ മോചിപ്പിക്കും. അതുപോലെതന്നെ ഈ പാവപ്പെട്ട ആത്മാക്കള്‍ക്കായി സമര്‍പ്പിക്കപ്പെടുന്നതെല്ലാം ഞാന്‍ വലിയ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്തെന്നാല്‍ ഞാന്‍ ഏറ്റവും വിലകൊടുത്ത് സ്വന്തമാക്കിയ ആത്മാവ് എന്‍റെയടുത്തായിരിക്കാനാണ് എനിക്ക് ആഗ്രഹം.”

1301 നവംബര്‍ 17-ന് ജര്‍ത്രൂദ് മരണമടഞ്ഞു. സ്‌പെയിനിന്റെ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വി. ജര്‍ത്രൂദിനെ വെസ്റ്റിന്‍ഡീസിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായി പ്രഖ്യാപിച്ചു
പില്‍ക്കാലത്ത് ഈ പുണ്യവതിക്ക് കര്‍ത്താവ് പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയാണ് ഇന്ന് നമുക്ക് സുപരിചിതമായ വിശുദ്ധ ജര്‍ത്രൂദിന്‍റെ പ്രാര്‍ത്ഥന.
“നിത്യപിതാവേ, ശുദ്ധീകരണ സ്ഥലത്തുള്ള എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും എന്‍റെ കുടുംബത്തിലും സഭയിലും ലോകത്തെങ്ങുമുള്ള എല്ലാ നിര്‍ഭാഗ്യവാന്മാരായ പാപികള്‍ക്കു വേണ്ടിയും അങ്ങേ പുത്രനായ യേശുവിന്‍റെ ഏറ്റവും വിലയേറിയ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കുന്ന ദിവ്യബലികളോട് ചേര്‍ന്ന് അങ്ങേക്ക് ഞാന്‍ കാഴ്ചവയ്ക്കുന്നു, ആമ്മേന്‍.”




🙏
സന്തോഷം ❤️
പുതിയ അറിവുകൾ. 🙏🙏
സന്തോഷം ❤️👍
ഞാൻ എന്നും അവർ പഠിപ്പിച്ച പ്രാർത്ഥന ചൊല്ലാറുണ്ട്.
വളരെ സന്തോഷം 🙏👍❤️