ച്യവനന്റെ വാക്കുകൾ കേട്ട ഇന്ദ്രൻ ച്യവനമഹർഷിയോട് പറയുകയാണ് ആരോടാണ് ഈ ധിക്കാരം പറയുന്നതെന്ന് ഓർമ്മ വേണം.
അത് കേട്ടപ്പോൾ മഹർഷി ചിരിച്ചുകൊണ്ട് ഇന്ദ്രനോട് പറഞ്ഞു, ആരെങ്കിലും യാഗം നടത്തുമ്പോൾ അതു മുടക്കാൻ കോപ്പുകൂട്ടി നടക്കുന്ന ദേവേന്ദ്രനോട് – പതിവ്രതയായ അഹല്യയെ പിഴപ്പിച്ച് ആയിരം കണ്ണുകൾ സാമ്പാദിച്ച ഇന്ദ്രനോട് – കൂത്തുകാണാൻ വന്ന സൂര്യസാരഥിയായ അരുണനെ പ്രാപിച്ച നിർലജ്ജനായ മഹേന്ദ്രനോട് – ദിവ്യന്മാരായ നരനാരായണന്മാരുടെ പുണ്യതപസ്സ് മുടക്കാൻ പെണ്ണുങ്ങളെ അയച്ച വീണ്ണവർനാഥനോട് – മനസ്സിലായോ?.. ആര് വിരോധിയായാലും ധർമ്മം ചെയ്യുന്നതിന് ഈ ച്യവനൻ ആരേയും ഒരിക്കലും ഭയപ്പെടാറില്ല എന്ന് പറഞ്ഞു.
ഇപ്രകാരം പറഞ്ഞു ഇന്ദ്രന്റെ ഉഗ്രമായ എതിർപ്പിനെ തെല്ലുപോലും വകവയ്ക്കാതെ ച്യവന മഹർഷി സോമഭാഗം അശ്വിനീദേവകൾക്കും ദാനംചെയ്തു. അവർ അത് വിജയാഹ്ലാദ മോദത്തോടെ പാനവും ചെയ്തു.
ജംഭാന്തകൻ കോപാന്ധനായി യാഗ ശാലയിൽ നിന്നലറി, ഈ താപസാധമനെ നിഗ്രഹിച്ചിട്ടുതന്നെ കാര്യം. ഇവൻ ഹോത്രിയല്ല വെറും പാഷാണ്ഡൻ ആണ്.
നിർജ്ജരാധിപൻ വജ്രായുധം കയ്യിലെടുത്തു. യജ്ഞശാലയിൽ ഇരുന്നിരുന്ന വിജ്ഞന്മാരായ ബ്രാഹ്മണരും വിശിഷ്ട ന്മാരായ മാമുനികളും മഹീപതികളും കാണികളും ആകെ പകപ്പോടെ അന്ധാളിച്ചു. ഇനി എന്താണിവിടെ സംഭവിക്കാൻ പോകുന്നത്. ശര്യാതിയുടെ സഹന ശക്തിയും നശിച്ചു.
വജ്രായുധമാണ് വാസവൻ കയ്യിലെടുത്തിരിക്കുന്നത്. ച്യവനമഹർഷി ഈ നിമിഷം ഹതനായിത്തീരും. യാഗം മുടങ്ങും.
സതീരത്നമായ സുകന്യ കണ്ണുകളടച്ച് കൈകൂപ്പി ദേവീധ്യാന നിരതയായി ഭർത്തൃ സവിധത്തിൽ തന്നെ നിൽക്കുന്ന അവളെ പിടിച്ചു മാറ്റാൻ ഉമ്പരിൽ മുമ്പൻ മുമ്പോട്ടടുത്തു. ആ സമയം ച്യവനൻ ശാന്തനായി ചോദിച്ചു.
ഹേ അമരാധിപാ വജ്രായുധം കൊണ്ട് എന്നെ വധിക്കാം എന്നാണോ ഉദ്ദേശം. ശരി അതു നടക്കട്ടെ.ആധർമ്മം ചെയ്തു മുരടിച്ച ഒരു നികൃഷ്ടനാണ് നീ. വൈവസ്വതമനുവിന്റെ ഈ കാലം കഴിഞ്ഞ് സാവർണ്ണിർമനു വരട്ടെ. അന്നു നിന്റെ ഇന്ദ്രപ്പട്ടം തെറിച്ചു ദൂരേ വീഴും. നീ ശത്രുത പുലർത്തിയ മഹാബലി ആയിരിക്കും അന്നു നിന്റെ സ്ഥാനത്ത് മഹേന്ദ്രൻ ആയി വാഴുന്നത്. അതു നീ കണ്ടോളു. ശരി ഇനി എന്നെ വധിച്ചോളൂ. വേഗം ആയുധമെടുത്ത് പ്രയോഗിക്കൂ.
ആ സമയത്താണ് ആ അത്ഭുതം സംഭവിച്ചത്. വജ്രായുധവും അതു ധരിച്ചിരുന്ന ഇന്ദ്രന്റെ കയ്യും ശരീരവും തളർന്ന് ആകെ സ്തംഭിച്ച് ചൈതന്യഹീനങ്ങളായി ഭവിച്ചു. ഇന്ദ്രൻ ഒരു വിചിത്രമായ കുറ്റി കണക്കെ നിന്നനിലക്ക് നിന്നുപോയി. തൽസമയം യാഗാഗ്നി കുണ്ഡത്തിൽ നിന്നും ഭീഭത്സരൂപിയായ ഉഗ്രദാനവ മൂർത്തി സർവ്വായുധ സമേതനായി അലറി അട്ടഹസിച്ചും കൊണ്ട് മേല്പോട്ട് കുതിച്ചുചാടി ഇന്ദ്രനെ കൊല്ലാനായി മുമ്പോട്ടു പാഞ്ഞടുത്തു. ഭയപ്പെട്ട ഇന്ദ്രൻ സംഭ്രാന്തനായി ദേവാ ചാര്യനായ ബൃഹസ്പതിയെ വിളിച്ച് കരഞ്ഞു.
സുരനാഥന്റെ രോദനം കേട്ട് ഗീഷ്പതി തൽക്ഷണം തന്നെ തന്റെ സിദ്ധിവൈഭവത്താൽ അവിടെ ആഗമിച്ചു. കൃത്തികാമൂർത്തിയായ
ദാനവേന്ദ്രൻ നാക്കുനീട്ടി ദംഷ്ട്രങ്ങൾ പുറത്തുകാട്ടി ഗർജ്ജിച്ചുകൊണ്ട് ഇന്ദ്രനെ വിഴുങ്ങാനായി മുമ്പോട്ടടുക്കുന്നു. അനങ്ങാൻ കഴിവില്ലാതെ സ്തംഭിച്ച് അവശനായി വാസവൻ നിന്ന് വാവിട്ട് നിലവിളിക്കുന്നു. വജ്രായുധം നിലം പതിച്ചിരിക്കുന്നു.
(അടുത്ത അദ്ധ്യായത്തോടെ ഈ പംക്‌തി അവസാനിക്കും )
🙏