എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയെക്കുറിച്ചാണ് ഈ വനിതാദിനത്തിൽ ഞാനെഴുതുന്നത്. കവി മധുസൂദനൻ നായരും മലയാളികളും ‘പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ’ എന്ന് പാടുന്നതിനു മുൻപുതന്നെ ഞങ്ങളുടെ നാട്ടുകാർ പന്ത്രണ്ടു മക്കളെ പെറ്റൊരമ്മ എന്ന് ചൂണ്ടിക്കാണിച്ചിരുന്ന ഒരു സ്ത്രീ….. ‘മറിയാമ്മച്ചി’ എന്നു ഞങ്ങൾ വിളിച്ചിരുന്ന കണ്ണമ്പള്ളിൽ മറിയാമ്മ ജോസഫ്.
ചെറുപ്പത്തിൽ മറിയാമ്മച്ചിയെ കാണുമ്പോൾ ഒരുപാടാദരവർഹിക്കുന്ന മഹത്തരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് അവർ എന്നൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടായിരുന്നില്ല. അന്നെന്നെ അത്ഭുതപ്പെടുത്തിയിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. പന്ത്രണ്ട് പാത്രങ്ങളിൽ മൂന്നു നേരവും ഈ അമ്മച്ചിയെങ്ങനെ വിളമ്പും എന്നത്. അത് മാത്രവുമല്ല ആ വീട്ടിലാര് ചെന്നാലും എപ്പോൾ ചെന്നാലും ഉള്ളതിന്റെ വീതം കഴിക്കാൻ മറിയാമ്മച്ചി നിർബന്ധിക്കുമായിരുന്നു.പതിമൂന്നാം വയസിൽ ഒറ്റപ്പുത്രന്റെ ഭാര്യയായി കണ്ണമ്പള്ളിൽ കുടുംബത്തിലേക്ക് കയറിവന്നതാണ് മറിയാമ്മച്ചി. ഒറ്റപ്പുത്രനായതുകൊണ്ടു തന്നെ അമിതലാളന അത്യാവശ്യം വഷളാക്കിയിരുന്നു കണ്ണമ്പള്ളിൽ കുഞ്ഞച്ചനെ. നാട്ടുകാർക്ക് വളരെ നല്ലവനായിരുന്നെങ്കിലും വീട്ടിലാളൊരു ദുശ്ശാട്യക്കാരനായിരുന്നു. അതിന്റെ ഒരുപാടു ദുരിതങ്ങൾ മറിയാമ്മച്ചി നിശബ്ദം സഹിച്ചിരുന്നു. ഒരിക്കലും മറിയാമ്മച്ചിയുടെ ശബ്ദം ഉയർന്നു കേട്ടിട്ടില്ല. സ്നേഹവും ത്യാഗവും കഷ്ടപ്പാടും മാത്രമായിരുന്നില്ല മറിയാമ്മച്ചി. മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പടപൊരുതിയിരുന്ന വ്യക്തികൂടിയായിരുന്നു. കർഷകനായിരുന്ന ഭർത്താവിന് മക്കളൊരുപാടൊന്നും പഠിക്കേണ്ടതില്ല, കൃഷിയൊക്കെ ചെയ്താൽ മതി എന്ന കാഴ്ചപ്പാടായിരുന്നു. മക്കളെ പഠിപ്പിക്കാൻ മറിയാമ്മച്ചിക്ക് യുദ്ധം തന്നെ വേണ്ടി വന്നു. മൂത്ത ആൺമക്കളൊക്കെ ആ മണ്ണെണ്ണക്കാലത്തു സ്ട്രീറ്റ്ലൈറ്റിന്റെ വെളിച്ചത്തിലും കല്ലുവെട്ടാൻകുഴിയിലും ഒക്കെയിരുന്നു പഠിച്ച കഥ ഞാൻ കേട്ടിട്ടുണ്ട്. മക്കളെ പഠിപ്പിക്കാനും അവരുടെ ആവശ്യങ്ങളിലും അവരുടെ വിശപ്പിനു മുന്നിലും ആ സ്നേഹനിധിയായ അമ്മ മുണ്ടുമുറുക്കിയുടുത്തു. മറിയാമ്മച്ചിയുടെ അമ്മയും സഹോദരനും സഹായത്തിന്റെ കരങ്ങൾ അമ്മച്ചിക്ക് നേരെ നീട്ടിയിരുന്നു. മുതിർന്ന മക്കളോടൊക്കെ ആവശ്യങ്ങളോ അത്യാവശ്യങ്ങളോ ആഗ്രഹങ്ങളോ ഇല്ലാതിരുന്ന അമ്മ ഒരു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളു. ഇളയതുങ്ങളെ പഠിപ്പിക്കണം. കരകയറ്റണം. സ്നേഹവും നന്മയും പകർന്നുകൊടുത്ത് ആ അമ്മ വളർത്തിയ മക്കൾ അമ്മയുടെ അപേക്ഷ ശിരസ്സാ വഹിച്ചു. മറിയാമ്മച്ചിയുടെ മക്കളൊക്കെ വിദേശത്തും ഇന്ത്യയുടെ പലഭാഗത്തും അമ്മ ആഗ്രഹിച്ചതുപോലെ ഉയർന്ന നിലയിൽ ജോലി ചെയ്യുന്നു. ബാക്കിയുള്ളവരൊക്കെ കുടുംബസ്ഥരായി സുഖമായി ജീവിക്കുന്നു. ഭർത്താവിന്റെ മരണശേഷം സ്ട്രോക്ക് വന്ന് ഒരു വശം തളർന്നു പോയ മറിയാമ്മച്ചിയെ മരണത്തിനു വിട്ടുകൊടുക്കാൻ മക്കൾ സമ്മതിച്ചില്ല. മകൾ ലൈസ അമ്മച്ചിയെ മദ്രാസിനു കൊണ്ടുപോകുകയും വിദഗ്ധചികിത്സ നൽകുകയും ചെയ്തു. ഒരു വർഷത്തിന് ശേഷം പൂർണ ആരോഗ്യവതിയായി അമ്മച്ചി ഡൽഹിയിലേക്ക് പോയി. അവിടെ മക്കളുടെയും മരുമക്കളുടെയും സ്നേഹശുശ്രൂഷകൾ ലഭിച്ചു പത്തുവർഷം കൂടി അമ്മച്ചി ജീവിച്ചു. അമ്മച്ചിയെ നോക്കാൻ മക്കൾ തമ്മിൽ മത്സരിച്ചു. ഭാഗ്യവതിയായ അമ്മച്ചി…..
അമ്മച്ചിയുടെ മകൾ എന്നോടൊരു പഴയ കഥ പറഞ്ഞു. മക്കൾ തീരെ കുഞ്ഞുങ്ങളായിരുന്ന സമയത്ത് അമ്മച്ചിക്ക് വലിയൊരു സർജറി വേണ്ടിവന്നു. മരണമുറപ്പിച്ച ഡോക്ടർമാർ മക്കളെയൊക്കെ അവസാനമായി അമ്മച്ചിയെ കാണിക്കാൻ ആശുപത്രിയിലേക്ക് കൊണ്ടുചെല്ലാൻ പറഞ്ഞുവത്രെ. മരിക്കാൻ പോകുന്ന അമ്മയെ കാണാൻ പോകുന്ന ആ കുഞ്ഞുമക്കളുടെ മനസ്സിൽ എന്തായിരുന്നിരിക്കും. അന്നും മരണത്തെ തോൽപ്പിച്ചു മക്കൾക്ക് വേണ്ടി മറിയാമ്മച്ചി തിരിച്ചുവന്നു. വീണ്ടും നാൽപതു കൊല്ലത്തിലേറെ അമ്മച്ചി ജീവിച്ചു. അവരെയല്ലാതെ മറ്റാരെയാണ് ഞാൻ കരുത്തുറ്റ സ്ത്രീ എന്നു വിളിക്കുക. മക്കൾ പഠിക്കുന്ന സ്കൂളുകളിലും കോളേജുകളിലും കയറിയിറങ്ങി ഫീസ് ഇളവൊക്കെ വാങ്ങിച്ചു അവരെ ഉദ്യോഗസ്ഥരാക്കാൻ ജീവിതകാലം മുഴുവൻ പരിശ്രമിച്ച ആ അമ്മയെപ്പറ്റി വേറെന്താണ് പറയുക. ഒരു കഷ്ടപ്പാടിലും മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടാൻ അമ്മച്ചി മക്കളെ അനുവദിച്ചിരുന്നില്ല. ഉള്ളതുകൊണ്ടവർ സന്തോഷത്തോടെ കഴിഞ്ഞു. ഇത്രയും മക്കൾക്ക് കൊടുക്കുവാനുള്ള സ്നേഹം ആ കുഞ്ഞു ഹൃദയത്തിൽ എവിടെ ഒളിപ്പിച്ചു വച്ചിരുന്നു. ഇത്രയും മക്കളെ സംരക്ഷിക്കുവാനുള്ള കരുത്ത് ആ ദുർബലശരീരത്തിൽ എവിടെയാണുണ്ടായിരുന്നത്. മക്കളൊന്നും പാഴായിപ്പോയില്ല. 30 കൊച്ചുമക്കളും കൊച്ചുമക്കളുടെ മക്കൾ നാല്പത്തൊൻപതു പേരും പലയിടത്തായി ജോലി ചെയ്തു സുഖമായി ജീവിക്കുന്നു. അവർ തമ്മിലുള്ള ഐക്യവും സ്നേഹവും കാണുമ്പോൾ അത് മറിയാമ്മച്ചി പകർന്നു കൊടുത്തതാണല്ലോ എന്നോർക്കുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. മറിയാമ്മച്ചിയുടെ ത്യാഗോജ്വലമായ ജീവിതം മക്കൾക്കും കൊച്ചുമക്കൾക്കും സമ്മാനിച്ചത് സന്തോഷവും സമാധാനവുമുള്ള ജീവിതമാണല്ലോ എന്നോർക്കുമ്പോൾ ഞാനും സന്തോഷിക്കുന്നു. ഇപ്പോൾ എൺപത്തൊന്നു വയസ്സായ മൂത്തമകൻ ജോസുകുട്ടി ഉൾപ്പെടെ എല്ലാവരുടെയും സന്തോഷജീവിതം കണ്ട് മറിയാമ്മച്ചി സ്വർഗത്തിലിരുന്ന് ആനന്ദിക്കുന്നുണ്ടാവും. അമ്മച്ചിയെ വിസ്‌മൃതിയിൽ ആഴ്ത്താതെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മക്കൾക്കും കൊച്ചുമക്കൾക്കും അവരുടെ മക്കൾക്കുമൊപ്പം മറിയാമ്മച്ചിയുടെ ആത്മാവിന് ഞാനും നിത്യശാന്തി നേരുന്നു. എന്റെ ജീവിതത്തിൽ പല പ്രയാസങ്ങളും ഉണ്ടായപ്പോഴൊക്കെ ഞാൻ മറിയാമ്മച്ചിയെ ഓർത്തിരുന്നു. ഞാൻ കത്തിച്ചുവച്ച ഒരു മെഴുകുതിരി മറിയാമ്മച്ചിയുടെ ആത്മാവിന് മുന്നിൽ കെടാതെ നിൽപ്പുണ്ട്. മറിയാമ്മച്ചിയുടെ മുന്നിൽ ഓടിച്ചാടി കളിച്ചുനടന്നിരുന്ന എനിക്ക് മറിയാമ്മച്ചി മരിച്ച മാർച്ച് മാസത്തിൽ തന്നെ (2008 മാർച്ച് 26)വനിതാദിനത്തിൽ ഏറ്റവും ശക്തയായ സ്ത്രീയായി മറിയാമ്മച്ചിയെ നിങ്ങളുടെ മുന്നിലേക്കെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
👍
👌🙏
❤️👍
❤️❤️❤️
👌👍🌹