മലയാളിമനസ്സ് ലെ എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 53ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കാർട്ടൂണിസ്റ്റും ആയിരുന്ന ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ ഐ.എ.എസ്സ്. ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
മലയാറ്റൂർ രാമകൃഷ്ണൻ (30/05/1927- 27/12/1997)
1927 മെയ് ന് പാലക്കാട് പുതിയ കല്പാത്തിയിൽ ശ്രീ. കെ. ആർ. വിശ്വനാഥ സ്വാമിയുടെയും ശ്രീമതി. ജാനകി അമ്മാൾടെയും മകനായി ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ ജനിച്ചു. അദ്ദേഹത്തിൻ്റെ ശരിയായ പേര് കെ.വി. രാമകൃഷ്ണ അയ്യർ എന്നാണ്. ആലുവ യു.സി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1958 ൽ ഐ.എ.എസ് നേടി. സബ് കലക്ടർ, കലക്ടർ, വകുപ്പുമേധാവി, ഗവൺമെൻ്റു സെക്രട്ടറി, പൊതുമേഖലാ സ്ഥാപനങ്ങളിൽ ചെയർമാൻ, എം.ഡി.യും റവന്യൂ ബോർഡ് മെമ്പർ എന്നീ നിലകളിൽ സേവനം ചെയ്തു.1981 ൽ ഐ.എ.എസ് ഉദ്യോഗത്തിൽ നിന്ന് രാജി വച്ചു. ഏഴു വർഷം ലളിതകലാ അക്കാദമി ചെയർമാൻ ആയി സ്ഥാനം വഹിച്ചു.
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ് മാത്രമല്ല ചിത്രകാരനും കൂടിയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. കൃതികളിലെല്ലാം പുതിയൊരു ഭാവം ആവിഷ്ക്കരിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തമിഴ് ബ്രാഹ്മണ സമുദായത്തിൻ്റെ ജീവിതരീതികളും ബ്യൂറോക്രസിയുടെആഭ്യന്തര രംഗത്തെ അടിയൊഴുക്കുകളും അദ്ദേഹം തൻ്റെ കൃതികൾക്ക് വിഷയമാക്കിയിട്ടുണ്ട്.
വേരുകൾ,യക്ഷി,ഡോക്ടർ വേഴാമ്പൽ, പൊന്നി, യന്ത്രം, നെട്ടൂർ മഠം, ആറാം വിരൽ, അഞ്ചു സെൻ്റ്, തുടക്കം, വിഷബീജം, ആദ്യത്തെ കേസ്, അവകാശി, പറക്കുന്ന തളിക,പാമ്പ്, എൻ്റെ ഐ.എ. എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് പ്രധാന കൃതികൾ. ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയും, ഷെർലക് ഹോംസ് കഥകളും മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.
‘വേരുകൾ’ ക്ക് സാഹിത്യ അക്കാഡമി അവാർഡും ‘യന്ത്രം’ ത്തിന് വയലാർ അവാർഡും ലഭിച്ചു!
ആത്മകഥാഖ്യാനപരമായ ‘വേരുകൾ’ എന്ന നോവലിൽ കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ ജീവിതരീതികളും മറ്റും ഹൃദയസ്പർശിയായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഉന്നത ബിരുദം നേടി ഉദ്യോഗസ്ഥനായിത്തീർന്ന ഇതിലെ കഥാനായകനായ ‘രഘു’ ഒരു കുബേരപുത്രിയെ വിവാഹം കഴിക്കുന്നതോടുകൂടി സ്വന്തം വേരുകൾ മറക്കുവാൻ തുടങ്ങി. വർഷങ്ങൾക്കു ശേഷം സ്വന്തം നാട്ടിലെ വസ്തു വില്ക്കുന്നതിനുവേണ്ടി വന്നപ്പോഴാണ് തൻ്റെ യഥാർത്ഥ വേരുകൾ അവിടെയാണ് എന്ന് രഘു തിരിച്ചറിയുന്നത്. ആ പഴയ മണ്ണിലാണ് തൻ്റെ വേരുകൾ ആഴത്തിലോടിയിട്ടുള്ളത് എന്ന് അയാൾ മനസ്സിലാക്കുന്നു. അയാൾ അവിടെത്തന്നെ വീട് വയ്ക്കാൻ തീരുമാനിക്കുന്നു. ഇതാണ് വേരുകളുടെ കഥാതന്തു!
സ്വന്തം വേരുകൾ എവിടെയാണെന്നു മനസ്സിലാക്കാതെ ആർഭാടത്തിൻ്റെയും ആഡംബരത്തിൻ്റെയും സമ്പത്തിൻ്റെയും പിന്നാലെ പായുന്ന വിദ്യാസമ്പന്നരായ ഇന്നത്തെ യുവജനങ്ങൾക്ക് സ്വന്തം അനുഭവങ്ങളെ രൂപപ്പെടുത്തുന്നതിനും, യാഥാർത്ഥ്യബോധത്തോടുകൂടി ചിന്തിക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും പ്രചോദനം നലകുന്ന കൃതിയാണ് മലയാറ്റൂരിൻ്റെ ‘വേരുകൾ’.
മനഃശാസ്ത്രത്തിനു പ്രാധാന്യം നല്കിയിട്ടുള്ള ‘യക്ഷി’ യിൽ ലൈംഗികമായ അതൃപ്തിയും അതുനിമിത്തം ഉണ്ടാകുന്ന മാനസികാവസ്ഥകളും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.
ഭരണയന്ത്രത്തിൻ്റെ കഥയാണ്’ ‘യന്ത്രം’ എന്ന നോവലിൻ്റെ പ്രമേയം. ഉന്നത ഉദ്യോഗസ്ഥരുടെ ജീവിതത്തിൻ്റെ വിവിധ മുഖങ്ങൾ അനാവരണം ചെയ്യുന്ന യന്ത്രം ബ്യൂറോക്രസിയുടെ ഉള്ളിലിരുപ്പ് എന്താണെന്ന് വ്യക്തമാക്കി തരുന്നു. ആദിവാസികളുടെ ജീവിതമാണ് ‘പൊന്നി’ യിലെ ഇതിവൃത്തം. സംഘർഷം നിറഞ്ഞ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളുടെ പ്രവർത്തനങ്ങളാണ് ‘ ദ്വന്ദയുദ്ധം’ ത്തിൽ ഉള്ളത്.
യാഥാർത്ഥ്യ ബോധമാണ് മലയാറ്റൂരിൻ്റെ കൃതികൾക്കുള്ള പ്രത്യേകത. രാഷ്ടീയവും സാമൂഹ്യവുമായ കാലിക പ്രശ്നങ്ങൾ മികവുറ്റ രീതിയിൽ ആവിഷ്ക്കരിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ട്!
പ്രശസ്ത സിനിമാതാരം ജയറാം അദ്ദേഹത്തിൻ്റെ അനന്തിരവൻ ആണ്.
1997 ഡിസംബർ 27 ന് അദ്ദേഹം കാലയവനികയ്ക്കുള്ളിലേയ്ക്ക് മറഞ്ഞു🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം,❤️💕💕💕





Thank You Sri.Raju Sankarathil Sir 🙏❤️🥰
നല്ല അറിവ്