തേജോമയമായിരുന്നു രവീന്ദ്രസംഗീതം. കൊച്ചരുവിയായി തുടങ്ങി ഗാംഭീര്യമാര്‍ന്ന ജലപാതമായി മാറുന്ന ഗാനങ്ങള്‍. നല്ലൊരു ഗാനസൃഷ്ടിയുടെ ആഹ്ളാദം മനസ്സില്‍ ഒതുക്കി വെക്കുന്ന പതിവില്ല രവീന്ദ്രന്. പലപ്പോഴും അത് അണപൊട്ടി ഒഴുകും.
“മഴയിലെ വാര്‍മുകിലേ വാനിൽ നീ വന്നുനിന്നാൽ എന്ന പാട്ട് റെക്കോര്‍ഡ് ചെയ്തു കേട്ടപ്പോള്‍ മാഷിന്റെ മുഖത്ത് കണ്ട തിളക്കം മറക്കാനാവില്ല,” — ചിത്ര പറയുന്നു. ” ആ ആഹ്ളാദം ആരോടെങ്കിലും പങ്കു വെക്കാനുള്ള തിടുക്കത്തിലായിരുന്നു അദ്ദേഹം. ആദ്യം ഫോണില്‍ വിളിച്ചത് പാട്ടെഴുതിയ യൂസഫലി കേച്ചേരി സാറിനെ തന്നെ. എന്റെ മോളുടെ പാട്ട് നിങ്ങളൊന്നു കേട്ട് നോക്കൂ എന്ന് പറഞ്ഞു ആവേശപൂർവം കവിയെ പാടിക്കേള്‍പ്പിക്കുന്ന മാസ്റ്ററെ നോക്കി നിന്നപ്പോള്‍ കണ്ണു നിറഞ്ഞുപോയി. പിതൃനിര്‍വിശേഷമായ അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിച്ചറിഞ്ഞ അനേകം നിമിഷങ്ങളില്‍ ഒന്ന്..”
ആ പാട്ടിന്റെ ആലേഖനം കൗതുകമുള്ള ഓര്‍മയാണ് ചിത്രയ്ക്ക്. “ചെന്നൈ വല്സരവാക്കത്തെ മാസ്റ്ററുടെ വാടക വീടിന്റെ പിന്നിലെ കിടപ്പ് മുറിയിലാണ് റെക്കോര്‍ഡിംഗ്. അതൊരു താല്‍ക്കാലിക സൗണ്ട് പ്രൂഫ് സ്റ്റുഡിയോ ആക്കി മാറ്റിയിരുന്നു അദ്ദേഹം. ചെറിയൊരു മുറിയാണ്. പേരിനു കണ്‍സോള്‍ മാത്രമുണ്ട്. വോയ്സ് ബൂത്ത് തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നുമില്ല. മുറിയുടെ ഒരു കോണിലാണ് മൈക്ക്. പാട്ട് പഠിപ്പിച്ചു തന്ന ശേഷം, റെക്കോര്‍ഡിംഗ് ചുമതല മകന് സാജനെ ഏല്‍പ്പിച്ചു മാസ്റ്റര്‍ വെളിയില്‍ പോയി. ഞാന്‍ പാടിക്കഴിഞ്ഞ ശേഷമാണ് മാസ്റ്റര്‍ മുറിയില്‍ വന്ന് പാട്ട് കേട്ടത്. ‘
ചിത്ര– രവീന്ദ്രന് ടീമിന്റെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഗാനം. “മഴ” സിനിമയുടെ ഓഡിയോ ആല്‍ബത്തില്‍ നിന്ന് ആ ഗാനം ആദ്യം കേട്ടപ്പോള്‍ ലെനിന് രാജേന്ദ്രന് അതെങ്ങനെ ചിത്രീകരിക്കുമെന്നറിയാന്‍ കൗതുകമുണ്ടായിരുന്നു. നിരാശ വേണ്ടിവന്നില്ല. ഗാനത്തിന്റെ ആത്മാവിനെ സിനിമയിലേ ദൃശ്യങ്ങളുമായി തന്മയത്വത്തോടെ വിളക്കി ചേര്‍ത്തിരിക്കുന്നു ലെനിനിലെ കവി. “സംയുക്ത വര്‍മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ആത്മഗതമാണ് ഒരര്‍ത്ഥത്തില്‍ ഈ ഗാനം,” ലെനിന് രാജേന്ദ്രന് പറയുന്നു. “പെയ്തൊഴിയാന്‍ വിതുമ്പി നില്ക്കുന്ന മേഘം പോലെ എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സ്. പറഞ്ഞാല്‍ അത് തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്ക. എല്ലാ ദുഖങ്ങളും പങ്കുവെക്കാന്‍ എന്നുമെന്ന പോലെ അവള് കൃഷ്ണറെ സവിധത്തിലേക്കു തിരിച്ചുപോകുന്നു. എത്ര സുന്ദരമായാണ് യുസഫലി ആ ആശയം ഈ പാട്ടിന്റെ വരികളിലേക്ക് പകര്‍ത്തിയത് എന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. രവീന്ദ്രന്റെ ഈണവും ചിത്രയുടെ ഹൃദയസ്പർശിയായ ആലാപനവും ചേർന്നപ്പോൾ അത് എക്കാലത്തേക്കുമുള്ള ഒരു ഗാനശില്പമായി..”

തൃശൂരിലെ രാമനിലയത്തില്‍ വച്ചായിരുന്നു കമ്പോസിംഗ്. “രവീന്ദ്രന് പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നത് കണ്ടിരിക്കുന്നത് തന്നെ ഒരു ആനന്ദമാണ്. ഏതോ അനിര്‍വചനീയമായ ലഹരി നുണയും പോലെ അദ്ദേഹം പാടിക്കൊണ്ടെയിരിക്കും. ഈണങ്ങള്‍ വഴിക്കുവഴിയായി അവയില്‍ വന്ന് നിറയുകയാണ് പതിവ്. ഒരേ ഗാനത്തിന് ചിലപ്പോള്‍ മൂന്നും നാലും ട്യൂണ്‍ ഇട്ടെന്നിരിക്കും. പക്ഷെ വാര്‍മുകിലിന്റെ കാര്യത്തില്‍ അത് വേണ്ടി വന്നില്ല. ജോഗ് രാഗ സ്പര്‍ശമുള്ള ആദ്യത്തെ ഈണം തന്നെ ഓക്കെ. ഇനി വേറെ ഈണം വേണ്ട. ഇതാണെനിക്ക് വേണ്ടത്. ഇത് മാത്രം– ഞാന്‍ പറഞ്ഞു.”– ലെനിൻ.



