ജനലഴികളിലൂടെ അരിച്ചെത്തിയ നിലാവ് ആ വലിയ മുറിയുടെ തറയിൽ വീണുകിടക്കുന്നുണ്ട്. പക്ഷേ, എന്നെ തൊടാൻ അതിനാവില്ല. കാരണം, ഞാൻ വെറുമൊരു ശ്വാസമില്ലാത്ത കാഴ്ചക്കാരൻ മാത്രമാണ്
ഈ ആറേക്കർ പറമ്പിന്റെ നടുവിലുള്ള ആഡംബര ബംഗ്ളാവിൽ കഴിഞ്ഞ മുപ്പത്തിരണ്ട് ദിവസമായി സ്വന്തം ശവത്തിന് കാവലിരിക്കുന്ന ആത്മാവ്!
മരിച്ചിട്ടും ഈ ഭൂമി വിട്ടുപോകാനാവാതെ ഞാൻ ആ കട്ടിലിലേക്ക് നോക്കി. അവിടെ കിടക്കുന്നത് രാജുവാണ്. അതായത്, എന്റെ സ്വന്തം ജഡം! ചീഞ്ഞളിഞ്ഞ്, ദുർഗന്ധം വമിച്ച്, ഒടുവിൽ ഉണങ്ങി വരണ്ടുപോയ ഒരു മാംസപ്പിണ്ഡം.
പെട്ടെന്നാണ് ഇരുട്ടിൽ നിന്ന് ഒരു കൈ എന്റെ തോളിൽ തൊട്ടത്. നോക്കിയപ്പോൾ അമ്മ! അമ്മ പണ്ടേ മരിച്ചതാണ്. അമ്മയ്ക്ക് പണ്ടേ മുക്തി കിട്ടിയതുമാണ്. പക്ഷേ, എന്റെ ആത്മാവ് ഈ ജഡത്തിന്റെ കാവൽക്കാരനായി ഇവിടെ കിടന്ന് നരകിക്കുന്നത് കണ്ട് എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് അമ്മ.
അമ്മ എന്റെ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു:
“മോനേ രാജൂ… നീ എന്തിനാടാ ഈ ചീഞ്ഞ ജഡത്തെയും നോക്കി ഇവിടെത്തന്നെ കൂടുന്നത്? നിന്റെ സമ്പാദ്യവും ഈ ആറേക്കർ പറമ്പുമൊക്കെ വെറും മരീചികയല്ലായിരുന്നോ? ഇതിന്റെ മോഹം വിട്ടേക്ക്.”
ഞാൻ ആ ജഡത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് വിതുമ്പി:
“അമ്മേ, എനിക്ക് പോകണമെന്നുണ്ട്. പക്ഷേ, ഈ ശരീരം പഞ്ചഭൂതങ്ങളിൽ ലയിക്കാതെ എന്റെ ആത്മാവിന് ഈ ഭൂമിയിലെ തടവറയിൽ നിന്ന് മാറാൻ പറ്റില്ല അമ്മേ. ആരും അറിയാതെ ഈ ആഡംബര മുറിയിൽ ഞാനിങ്ങനെ…”
“വിദേശത്തുള്ള നിന്റെ മക്കൾക്ക് വരാൻ സമയമില്ലല്ലോ അല്ല ഒന്ന് വിളിക്കാൽ പോലും മെനക്കെടാ ആവരാ മക്കളെ നോക്കാൻ അവളേം കൊണ്ട് പോയില്ലേ? നാട്ടുകാർക്കാണെങ്കിൽ നീ ജീവിച്ചിരുന്നപ്പോൾ ഒരു മുരടനായിരുന്നു. പക്ഷേ, വിഷമിക്കേണ്ട. ദൈവം ഒരൊറ്റ വഴി ബാക്കിവെച്ചിട്ടുണ്ട്. ആരോ വരുന്നുണ്ട്…” അമ്മ ചൂണ്ടിക്കാണിച്ചു.
പെട്ടെന്നാണ് ആ നിശ്ശബ്ദതയെ ഭേദിച്ച് ജനൽ പാളി അനങ്ങിയത്. ഒരു നിഴൽ അകത്തേക്ക് ചാടി. കള്ളനാണ്!
അവൻ മുറിയിലേക്ക് നോക്കി പതുക്കെ പിറുപിറുത്തു:
“ആഹാ, ആരും ഇല്ലല്ലോ. ഈ ഫോൺ അടിച്ചോണ്ടിരിക്കുവാണല്ലോ. ഇതെടുത്താൽ നല്ല കാശ് കിട്ടും.”
ദിവസങ്ങളായി ബിസിനസ്സ് ആവശ്യങ്ങൾക്കായി ബെല്ലടിച്ചുകൊണ്ടിരുന്ന എന്റെ ആ മൊബൈൽ ഫോൺ മേശപ്പുറത്തിരിക്കുന്നത് അവൻ കണ്ടു. ഫോൺ മോഷ്ടിക്കാനായി അവൻ കൈ നീട്ടിയപ്പോഴാണ് കട്ടിലിലേക്ക് കണ്ണ് പോയത്. നിലാവെളിച്ചത്തിൽ അവൻ ആ ഭീകര ദൃശ്യം കണ്ടു—ഉണങ്ങി കരിഞ്ഞ ഒരു ജഡം!
“അമ്മച്ചിയേ…!” അവൻ ഭയന്നുവിറച്ച് പുറകോട്ട് മാറി. അവന്റെ ശ്വാസമൊന്നു നിലച്ചു. പേടിച്ച് വിറയ്ക്കുന്ന കൈകളോടെ അവൻ ആ ഫോൺ കയ്യിലെടുത്തു. അവൻ വേറെ ഒന്നും മോഷ്ടിക്കാൻ തുനിഞ്ഞില്ല, നേരെ ‘100’ ലേക്ക് ഡയൽ ചെയ്തു. സ്പീക്കർ ഫോണിലിട്ട ആ സംഭാഷണം ഒരു പ്രേതത്തെപ്പോലെ ഞാനും അമ്മയും കേട്ടു നിന്നു.
മറുപുറത്ത് നിന്ന് പോലീസിന്റെ ഗൗരവമുള്ള ശബ്ദം വന്നു:
“ഹലോ, പോലീസ് സ്റ്റേഷൻ ആണ്. ആരാണ് ഈ അർദ്ധരാത്രിയിൽ?”
കള്ളന്റെ തൊണ്ടയിടറി: “സാർ… ഞാൻ… ഞാൻ ഒരു കള്ളനാണ് സാർ!”
“എന്ത്? കള്ളനോ? നീ ഏതാടാ പോലീസിനെ വിളിച്ച് തമാശ കളിക്കാൻ?” മറുപുറത്ത് നിന്ന് പോലീസ് അലറി.
“തമാശയല്ല സാർ, ദൈവമാണേ തമാശയല്ല! ഞാൻ ഈ ആറേക്കർ പറമ്പിന്റെ നടുവിലുള്ള വലിയ ഫ്ലാറ്റിൽ മോഷണത്തിന് കയറിയതാണ്. പക്ഷേ ഇവിടെ… ഇവിടെ ഒരാൾ മരിച്ചു കിടക്കുന്നു. ചീഞ്ഞ് ഉണങ്ങിപ്പോയ ഒരു ശവം! കണ്ടിട്ട് ദിവസങ്ങളായെന്ന് തോന്നുന്നു സാർ.”
പോലീസ് പെട്ടെന്ന് ഗൗരവത്തിലായി: “നീ ഏത് നാട്ടുകാരനാണ്? നിന്റെ പേരെന്താ? സ്ഥലം കൃത്യമായി പറ!”
“എന്റെ പേരോ നാടോ ചോദിക്കരുത് സാർ, ഞാൻ പറയില്ല. എനിക്ക് ജയിലിൽ പോകാൻ വയ്യ. പക്ഷേ ഈ മൃതദേഹം പുഴുവരിച്ചു കിടക്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല. നിങ്ങൾ വേഗം വരണം. ഞാൻ ഇവിടെ ഒരു സൂചന വെക്കാം…”
“ഡാ നിൽക്ക്, ഫോൺ കട്ട് ചെയ്യല്ലേ…” പോലീസ് വിളിച്ചുപറഞ്ഞു.
അവൻ ദൃതിയിൽ പറഞ്ഞു: “സാർ, നിങ്ങൾ താഴെ വശങ്ങളിലേക്ക് നോക്കണ്ട. ഈ ബംഗ്ളാവിൻ്റെ ഏറ്റവും മുകളിലെ നിലയിലേക്ക് നോക്കിയാൽ മതി. ഞാൻ അവിടുത്തെ ബാൽക്കണിയിൽ ഒരു വലിയ ടോർച്ച് വെളിച്ചം ആകാശത്തേക്ക് അടിച്ചുപിടിക്കാം. വാനിന്റെ സൈറൺ ശബ്ദം കേൾക്കുമ്പോൾ ഞാൻ ഓടിക്കോളാം. ദയവായി വന്ന് ആ പാവത്തിന്റെ ശവമെങ്കിലും ഒന്ന് അടക്കം ചെയ്യൂ സാർ…”
അവൻ ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. പറഞ്ഞതുപോലെ തന്നെ ബാൽക്കണിയിലേക്ക് ഓടി, അവിടുത്തെ വലിയ എമർജൻസി ലൈറ്റ് ആകാശത്തേക്ക് തിരിച്ചു വെച്ചു.
അമ്മ എന്റെ കൈകളിൽ മുറുകെ പിടിച്ചു: “കണ്ടോ മോനേ, ഒരു കള്ളനിലൂടെയാണ് നിന്റെ ശാപമോക്ഷം ദൈവം ഒരുക്കിയത്. നിന്റെ ജഡത്തിന് ഇനി അധികം സമയമില്ല.”
താഴെ ദൂരെ പോലീസിന്റെ സൈറൺ മുഴങ്ങുന്നത് ഞാൻ കേട്ടു. കള്ളൻ ആ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. അവൻ വന്നത് മോഷ്ടിക്കാനാണെങ്കിലും, അവൻ ചെയ്തത് എന്റെ .. ശവത്തിനോടുള്ള ഏറ്റവും വലിയ കാരുണ്യമായിരുന്നു.
താഴെ വണ്ടികൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. ബൂട്ട്സുകളുടെ കടുത്ത ശബ്ദം പടവുകൾ കയറി വരുന്നുണ്ട്.
ഞാൻ അമ്മയുടെ കൈകൾ പിടിച്ച് ആകാശത്തേക്ക് നോക്കി. ഇനി പോലീസുകാർ ഈ ജഡം കൊണ്ടുപോകും, നിയമനടപടികൾക്ക് ശേഷം അത് അഗ്നിക്കിരയാക്കും. അതോടെ ഈ ഭൗതികശരീരത്തിന്റെ തടവറയിൽ നിന്ന് എന്റെ ആത്മാവിനും ശാശ്വതമായ മുക്തി ലഭിക്കും. അമ്മയോടൊപ്പം പ്രകൃതിയുടെ അനന്തതയിലേക്ക് ലയിക്കാൻ, ആ കാൽപ്പെരുമാറ്റങ്ങൾ മുറിയുടെ വാതിലിൽ വന്നു നിൽക്കുന്നത് നോക്കി ഞാൻ പുഞ്ചിരിയോടെ കാത്തുനിന്നു.




നല്ല ഭാവന