Saturday, August 8, 2026
Homeഅമേരിക്കഭഗവാൻ തോന്നിപ്പിച്ച ഐഡിയ (കഥ) ✍ റിറ്റ മാനുവൽ, ഡൽഹി

ഭഗവാൻ തോന്നിപ്പിച്ച ഐഡിയ (കഥ) ✍ റിറ്റ മാനുവൽ, ഡൽഹി

“താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും” എന്ന് പറയുന്നതു പോലെയായി ലീലാമ്മ ചേടത്തിയുടെ കാര്യം. നാല് ഓണവും കഴിഞ്ഞു പക്ഷെ പയ്യൻ പറഞ്ഞ കാര്യം അക്ഷരം പ്രതി അനുസരിക്കും എന്ന മട്ടിലാണ്.
‘ ശ്ശെടാ !’ ഒരു പക്ഷെ അവൻ്റെ അമ്മ പറഞ്ഞാൽ പോലും ഇത്രയും അനുസരണ കാണില്ലായിരിക്കും എന്ന് ചേടത്തി മനസ്സിലോർത്തു. എന്നാലും കഴിഞ്ഞ ദിവസങ്ങളിലെ കാര്യങ്ങളോർത്തപ്പോൾ ചിരിക്കാതിരിക്കുന്നതങ്ങനെ !

WiFi പെട്ടിയിലെ ലൈറ്റ് വന്നോ എന്നറിയാനായി മുറിക്കകത്തെ ആ പെട്ടി നോക്കാനായിട്ട് അകത്തെ മുറിയിലേക്ക് ചെന്നപ്പോൾ, ‘ എൻ്റമോ!’ അവിടെ എല്ലാം വാരി വലിച്ചിട്ട് കിടക്കുകയാണ്. അലമാരിക്കകത്തെ സെറ്റും മുണ്ടും എല്ലാം കട്ടിലിലും കസേരയിലുമായിട്ട് ചുരുട്ടി കൂടി കിടപ്പുണ്ട്.
‘ അതെങ്ങനെയാ 5വയസ്സുകാരിയായ കൊച്ചു മകൾ വരെ തിരുവാതിര കളി അല്ലായിരുന്നോ ? ചേടത്തിയുടെ രണ്ടാൺ മക്കൾ അങ്ങ് വിദേശത്താണ്. ചേടത്തിയുടെ കൂടെ ഓണം ഉണ്ണാനായിട്ട് രണ്ടുപേരും കുടുംബം ഒന്നിച്ച് എല്ലാ വർഷവും വരാറുണ്ട്.

കഴിഞ്ഞ കൊല്ലം അവരുടെ വരവും പോക്കുമൊന്നും അവർ തന്നെ അറിഞ്ഞു കാണില്ല. വീട്ടിൽ എത്തിയത് പാതിരാത്രിയിലാണ്. വന്നയുടൻ കുറച്ചു നേരം വിശേഷങ്ങളെക്കെ പറഞ്ഞ് എല്ലാവരും ഉറങ്ങാൻ പോയി. രാവിലെ എല്ലാവരും എണീറ്റ് വന്നത് 10 മണി കഴിഞ്ഞിട്ട്. ബ്രേക് ഫാസ്റ്റ് കഴിഞ്ഞപ്പോൾ പിന്നെയും ലേറ്റായി . വീട്ടിൽ വരുന്നവർ റെസ്റ്റ് എടുക്കണം എന്ന് നിർബ്ബന്ധമുള്ള ചേടത്തി സദ്യ ഓർഡർ ചെയ്തിട്ടുണ്ടായിരുന്നു. സദ്യ കഴിക്കാനായിട്ട് ഇല വെട്ടിവെച്ചെങ്കിലും അതൊന്നു കഴുകി തുടക്കാൻ ആർക്കും സമയമില്ല.എല്ലാവരും ഫോണുമായി ബിസി. വിശക്കുന്നവർ ഓർഡർ ചെയ്ത സദ്യ തുറന്ന് പ്ലേറ്റിൽ കഴിച്ചിട്ടു പോകും. എങ്ങനെയാണെങ്കിലും ഭക്ഷണം കഴിച്ചാൽ പോരെ എന്നാണ് അവർ!

ഷുഗർ, ബിപി, കൊളസ്ട്രോൾ …. അങ്ങനെ എല്ലാ അസുഖം ഉള്ള ലീലാമ്മ ചേടത്തി ഇനി അധികകാലം കാണില്ല എന്ന തോന്നൽ കുട്ടികൾക്ക് ഉള്ളതു
കൊണ്ടാണ് വളരെ ചെറുപ്രായത്തിൽ വിധവ ആയിരുന്ന അമ്മയോടൊപ്പം സദ്യ കഴിക്കാനായിട്ട് അവർ എല്ലാ വർഷവും ഓടി എത്തുന്നത്. ഓണസദ്യ കഴിക്കേണ്ട രീതിയും ഇവരുടെ വരവും പോക്കും എല്ലാം ചേടത്തിയുടെ ഇഷ്ടപ്രകാരമല്ല എന്നൊരു പരിഭവം ചേടത്തിക്ക് എപ്പോഴുമുണ്ട്. പക്ഷെ അതൊന്നും ആരും കാര്യമാക്കാറില്ല. പൂജാ മുറിയിലെ ഭഗവാൻ ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യന്നുത് കൊണ്ട് ലീലാമ്മ ചേടത്തിയെ കൊണ്ട് ചെയ്യിപ്പിച്ചതാണെന്നാണ് മനസ്സിൽ സ്വയം പറയുന്ന വാദം. കൂട്ടത്തിൽ ഒരു നിഗൂഢ പുഞ്ചിരിയുമുണ്ട്.

ഓണം വരുന്നത് പ്രമാണിച്ചുള്ള വീട് ക്ലീൻ ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് ടി.വി ക്ക് എന്തോ പ്രശ്നം പറ്റിയത്. അത് നന്നാക്കാനായിട്ടുള്ള ആളെ വിളിച്ചപ്പോൾ, ചേടത്തിക്ക് തോന്നിയ ഒരു ഐഡിയ ആണിത്. ചേടത്തിക്കല്ല ഭഗവാൻ തോന്നിപ്പിച്ച ഐഡിയ🤪!

ഓണത്തിൻ്റെ ആ രണ്ടു ദിവസം അതായത് മക്കൾ ഉണ്ടാവുന്ന ദിവസങ്ങളിൽ tv യും wifi യും ചീത്തയാക്കിടാൻ പറഞ്ഞു. ആര് ഫോൺ ചെയ്താലും ഫോൺ എടുക്കണ്ട എന്ന നിർദ്ദേശവും കൊടുത്തു. ഇപ്പോൾ നാലാം ഓണം കഴിഞ്ഞിട്ടും ആരും ഫോണെടുക്കാതെ ഇരിക്കുകയാണ്. മക്കൾ തിരിച്ചു safe ആയി എത്തിയോ എന്നൊക്കെ അറിയാതെ മനസ്സിൽ ആകെ ടെൻഷനാണ് പക്ഷെ ഈ കാര്യം ആരോടും പറയാൻ പറ്റാത്ത അവസ്ഥ !

എന്തായാലും മക്കൾ വന്നു. തിരുവോണത്തിന് സദ്യ ഒന്നും തന്നെ ഓഡർ ചെയ്തില്ല. രാവിലെ തന്നെ ചേടത്തി കറിക്ക് അരിയലും അരയ്ക്കലുമായി വീടാകെശബ്ദമുഖരിതം. അതുകൊണ്ടു തന്നെ എല്ലാവരും നേരത്തെ എണീറ്റു വന്നു. ടി.വിയും ഇൻ്റർനെറ്റും ഇല്ലാത്തതു കൊണ്ട് മക്കളും മരുമക്കളും കൊച്ചുമക്കൾ വരെ അടുക്കളയിൽ സഹായത്തിന് റെഡി. സദ്യ എല്ലാവരും ഒരുമിച്ചിരുന്ന് ഇലയിൽ ഉഷാറോടെ കഴിച്ചു. എല്ലാവർക്കും അവരവർ ചെയ്ത ജോലിയെ കുറിച്ച് പറയാൻ ഏറെ! ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ തിരുവാതിര കളിയുടെ സമയമായി. എല്ലാവരും ഫോണിൽ വീഡിയോ എടുക്കലും തമാശയൊക്കെ ആയിട്ട് ആകെ ബഹളം.

രസകരമായ ആ നിമിഷങ്ങൾ ഓർത്ത് വീടെല്ലാം ഒതുക്കി കൊണ്ടിരിക്കുമ്പോഴാണ്, ഫോണിൽ നിന്ന് ‘ ബീപ്’ എന്ന ശബ്ദം കേട്ടത്, ചേടത്തി ഫോണെടുത്ത് നോക്കിയപ്പോൾ ‘ ഇൻ്റർനെറ്റ്’ തിരിച്ചെത്തിയിരിക്കുന്നു. കൂട്ടത്തിൽ ‘ ഈ വർഷത്തെ പോലൊരു ഓണം ഇതിന് മുൻപ് ആഘോഷിച്ചിട്ടില്ല’ എന്ന മക്കളുടേയും മരുമക്കളുടേയും മെസ്സേജുകൾ. തിരുവാതിരക്കളി, അടുക്കളയിലെ ജോലി, ഭക്ഷണം കഴിക്കുന്നതിൻ്റെ ….. അങ്ങനെ വീഡിയോകളുടെ ഒരു നിര തന്നെ വരുന്നുണ്ട്.

വിചാരിച്ചതിനേക്കാളും ഭംഗിയായി ഓണം ആഘോഷിക്കാൻ സാധിച്ചതിൽ ഭഗവാനോട് നന്ദി പറയാനായി ലീലാമ്മ ചേടത്തി വിളക്ക് കത്തിച്ചു. കൂട്ടത്തിൽ ഇതു പോലത്തെ വല്ല ഐഡിയ അടുത്ത വർഷം പറഞ്ഞു തരണെ എന്നു പ്രാർത്ഥിക്കാനും മറന്നില്ല.🤭

ലോകത്തെവിടെയായാലും മലയാളി കാത്തിരിക്കുന്ന ആ ഓണത്തിന് എല്ലാവിധ ആശംസകളും നേരുന്നു … :

എല്ലാ വായനക്കാർക്കും എന്റെ ഓണാശംസകൾ!

Thanks

റിറ്റ മാനുവൽ, ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ