കേരളം പുതിയ മുഖ്യമന്ത്രിയെ കാത്തിരിക്കയാണ്. വിവേകമുള്ള ജനത പ്രതീക്ഷകളോടെ കയ്യിൽ കൊടുത്തതാണ് 102 സീറ്റ് . സാധാരണഗതിയിൽ പിറ്റെന്നാളോ മൂന്നാം ദിവസമോ സന്തോഷത്തോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത് അധികാരത്തിലേക്കെത്തിക്കേണ്ടതാണ് പാർട്ടിയുടെ ചുമതല. പണിയെടുത്തവർക്ക്, ജയിച്ചവർക്ക് ആഹ്‌ളാദിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അധികാരക്കൊതി മൂത്ത് തമ്മിൽ തല്ലുന്നതാണ് നാം ഇന്ന് കാണുന്നത്. കേരളത്തിലെ കോൺഗ്രസ്സ്കാരെ ഹൈകമാന്റ് ഭീഷണിപ്പെടുത്തി ഒതുക്കിയിരിക്കയാണ്. കേരളത്തിലെ ജനവികാരം തിരിച്ചറിയാൻ കഴിവില്ലാത്ത ഹൈകമാന്റ്. പുതിയൊരു ഭരണം തുടങ്ങുമെന്നും കഴിഞ്ഞകാലങ്ങളിൽ നിന്ന് പഠിച്ചെടുത്ത അനുഭവങ്ങൾകൊണ്ട് നല്ല ഭരണം നാടിന് കിട്ടുമെന്നും ആഗ്രഹിച്ച ജനങ്ങളുടെ പ്രതീക്ഷകൾ മങ്ങുകയാണ്. അങ്ങനെ വിജയത്തിൻറെ മധുരം കെട്ടടങ്ങുകയാണ്.
. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ഒരു നൂറ്റാണ്ട് തികയാൻ ഇനി അധികം കാലമില്ല. സ്വാതന്ത്ര്യം നേടാൻ രാവും പകലും സമരം ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിന്നെ നാൾക്ക് നാൾ ക്ഷയിച്ചത് ആരുടെ പിടിപ്പുക്കേട് കൊണ്ടാണ്? അന്ന് കരുത്തോടെ ചെറുത്തുനിന്ന ധീരരായ നേതാക്കന്മാരെ ചേർത്തുനിർത്തി രാജ്യത്തിനുവേണ്ടി വളർത്തിയെടുക്കാതെ രാജ്യവാഴ്ച പോലെയുള്ള ഭരണരീതിയാണ് ഭാരതം കണ്ടത്. ഒപ്പം നിൽക്കാനും ഒത്തുപിടിക്കാനും സാധിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഹൈ കമാന്റ് എന്ന പൊളിഞ്ഞ തറവാടിന്റെ ദുർബലമായ ഇടപെടലുകൾ കാത്തുനിൽക്കേണ്ടി വരില്ലായിരുന്നു.
. ഇപ്പോൾ ഘടകകക്ഷികൾ പിരിഞ്ഞുപോവേണ്ട അവസ്ഥയിലെത്തി. കേരളരാഷ്ട്രീയം നമ്മൾ കാണാൻ തുടങ്ങിയ നാൾ മുതൽ കോൺഗ്രസ്സിനോടൊപ്പം നിന്ന ലീഗ് ഇത് തുറന്ന് പറഞ്ഞുകഴിഞ്ഞു. പ്രതിപക്ഷത്തിരിക്കേണ്ട സി പി എം പോലും ജനവിധി തേടി ജയിച്ച എം എൽ എ മാരിൽ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കട്ടെ എന്ന ജനാധിപത്യ രീതിയാണ് ആഗ്രഹിക്കുന്നത്. മറിച്ചൊരു രീതി ഹൈ കമാന്റല്ലാതെ വേറാരും ആഗ്രഹിക്കുന്നില്ല. കോൺഗ്രസ്സിന്റെ പോക്ക് ഈ നിലക്കാണെങ്കിൽ അവർ തൽക്കാലം കേന്ദ്രം കാണാൻ പോവുന്നില്ല. അണികളെ ഛിന്നഭിന്നമാക്കാനല്ലാതെ ഈ അവസ്ഥ മറ്റൊന്നിനും പരിഹാരമാവുന്നില്ല. പ്രതീക്ഷിക്കാം വൈകിയാണെങ്കിലും എം എൽ എ മാരിൽ നിന്ന് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള വിവേകം ഹൈകമാന്റിന് ഉണ്ടാവട്ടെ എന്ന്.




👍
👍🏻👍🏻👍🏻👍🏻👍🏻👍🏻