ന്യൂഡൽഹി: സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയത്തിൽ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നടപടികളിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
സ്റ്റാർ പദവിക്കായി ഹോട്ടലുകൾ സമർപ്പിക്കുന്ന അപേക്ഷകൾ പ്രാഥമിക രേഖകൾ മാത്രമാണെന്നും കേന്ദ്ര മന്ത്രാലയത്തിന്റെ പരിശോധന പൂർത്തിയാക്കി ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകുന്നതുവരെ അവ സ്റ്റാർ പദവിക്കുള്ള അംഗീകാരമായി കണക്കാക്കാനാകില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇത്തരം അപേക്ഷകളുടെ അടിസ്ഥാനത്തിൽ ബാർ ലൈസൻസോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സാധുവായ സ്റ്റാർ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് കേരളത്തിൽ ഏകദേശം 147 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചതെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.
ആവശ്യമായ മാനദണ്ഡങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താതെയാണ് ചില ഹോട്ടലുകൾ സ്റ്റാർ പദവിക്കായി അപേക്ഷ സമർപ്പിച്ചതെന്നും കേന്ദ്രം ആരോപിക്കുന്നു. തുടർന്ന് കേന്ദ്ര മന്ത്രാലയം നടത്തേണ്ട പരിശോധനകൾക്കും ഇൻസ്പെക്ഷനുകൾക്കും ആവശ്യമായ സഹകരണം നൽകാതെ ഹോട്ടലുടമകൾ നടപടികൾ വൈകിപ്പിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു.
സ്റ്റാർ പദവിക്കായുള്ള അപേക്ഷ മാത്രം പരിഗണിച്ച് ബാർ ലൈസൻസ് അനുവദിച്ചത് അബ്കാരി ചട്ടങ്ങളുടെയും സുപ്രീം കോടതി വിധികളുടെയും ലംഘനമാണെന്നാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിലപാട്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായും കേന്ദ്രം കോടതിയെ അറിയിച്ചു.
സ്റ്റാർ കാറ്റഗറി പരിശോധനകളിൽ ക്രമക്കേട് നടത്തി ബാർ ലൈസൻസ് നേടിയ ഹോട്ടലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
കേന്ദ്രത്തിന്റെ സത്യവാങ്മൂലം പുറത്തുവന്നതോടെ സംസ്ഥാനത്തെ ബാർ ലൈസൻസ് നടപടികൾ വീണ്ടും നിയമപരമായ പരിശോധനയ്ക്ക് വിധേയമാകുകയാണ്. വിഷയത്തിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.



