ഒക്ടോബർ മാസത്തിൽ അമേരിക്കയുടെ ഹൈവേയിലൂടെയുള്ള ഒരു യാത്ര എന്നു പറയുമ്പോൾ, വശങ്ങളിൽ കാണുന്ന മരങ്ങൾക്ക് മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള ഇലകളാണുള്ളത്. ഇവയിൽ മഞ്ഞ ഇലകളായിട്ടുള്ള മരങ്ങൾ ഒരു സാധാരണ കാഴ്ചയാണ്.
തണുപ്പുള്ള രാജ്യങ്ങളിലെ ഇത്തരം കാഴ്ചകൾ ടിവിയിലും കലണ്ടറിലുമൊക്കെയായി കണ്ടിട്ടുണ്ട്. എന്നാലും നേരിൽ കാണുമ്പോൾ ചുമ്മാ ഒരു സന്തോഷം.
കാഴ്ച കുറച്ചധികം നേരമായപ്പോൾ അതെന്തുകൊണ്ടാണ് എന്നറിയാൻ ഒരു ആകാംക്ഷ. കൂടെയുള്ളവരോട് ചോദിക്കാനൊരു മടി . അല്ലെങ്കിലും ഞാൻ അങ്ങനെ യാണ് ആരേയും ശല്യപ്പെടുത്തുന്നത് ഇഷ്ടമല്ല. അതിപ്പോൾ സ്കൂളിലാണെങ്കിലും സംശയങ്ങൾ ചോദിച്ച് ഞാൻ ടീച്ചർമാരേ ബുദ്ധിമുട്ടിക്കാറേയില്ല. എന്നോടും അവർ അതുപോലെ യൊക്കെ പെരുമാറണമെന്നാണ് എൻ്റെ ആഗ്രഹം പക്ഷെ എന്തു ചെയ്യാം ചിലർക്ക് ആ മര്യാദ ഒന്നും കാണാറില്ല
ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ, ശരത്കാലം വരുമ്പോൾ, പകൽ സമയം കുറയുകയും താപനിലയും കുറയുന്നു. ഈ മാറ്റങ്ങൾ മരങ്ങൾ ശൈത്യകാലത്തിനായി തയ്യാറെടുക്കാൻ സൂചന നൽകുന്നു. അതിൻ്റെ ഭാഗമായി മരങ്ങളിലെ photosynthesis നു വേണ്ട ക്ലോറോഫിൽ ഉത്പാദിപ്പിക്കുന്നത് നിർത്തുകയും ചെയ്യുന്നു. പച്ച പിഗ്മെന്റ് മങ്ങുമ്പോൾ, മറഞ്ഞിരിക്കുന്ന – മറ്റ് പിഗ്മെന്റുകൾ ദൃശ്യമാകും. ഇലകൾക്ക് മഞ്ഞ നിറം നൽകുന്ന ഒരു പിഗ്മെന്റാണ് സാന്തോഫിൽ.
ബിർച്ച്, ആസ്പൻ, ഹിക്കറി, ചിലതരം മേപ്പിൾ തുടങ്ങിയ മരങ്ങളിലാണ് ഇത്തരം ഇലകൾക്ക് പേര് കേട്ടത്. മരങ്ങൾ കണ്ടിട്ട് എനിക്ക് ആരേയും പരിചയമുള്ളതായി തോന്നിയില്ല.
അറ്റ്ലാന്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന സൗത്ത് കരോലിനയിലെ ചാൾസ്റ്റൺ എന്ന നഗരത്തിലേക്കാണ് ഞങ്ങളുടെ യാത്ര.വേണമെങ്കിൽ തുറമുഖ നഗരം എന്നു പറയാം.അമേരിക്കൻ ചരിത്രത്തിൽ ചാൾസ്റ്റണിന്റെ പ്രാധാന്യം ഒരു പ്രധാന അടിമ വ്യാപാര തുറമുഖം എന്ന നിലയിൽ പ്രശസ്തമാണ്.
കടൽ അല്ലെങ്കിൽ സമുദ്രം എന്നു പറയുമ്പോൾ ആർത്തിരമ്പി വരുന്ന തിരമാലകളാണ് മനസ്സിൽ . അതിൻ്റെ ഒന്നും ആവശ്യമില്ല എന്ന മട്ടിലാണ് അറ്റ്ലാൻ്റിക്.
ആകെയൊരു ശാന്തതയാണ് എവിടേയും . ഇംഗ്ലണ്ടിലെ രാജാവ് ചാൾസ് രണ്ടാമന്റെ ബഹുമാനാർത്ഥം ചാൾസ് ടൗൺ എന്ന പേരിൽ സ്ഥാപിതമായതാണ് ഈ നഗരം.ഉരുളൻ കല്ലുകൾ നിറഞ്ഞ തെരുവുകളും ജോഗിംഗിനും മറ്റുമായിട്ടുള്ള പാതകളുമാണ് അവിടെ.
കടലിനെ അഭിമുഖീകരിച്ചിട്ടുള്ള ആ വലിയ വീടുകൾ , അതിലെ വലിയ ബാൽക്കണികൾ, സാധാരണയിൽ കാണുന്നതിൽ കവിഞ്ഞ് വലുപ്പമുള്ള വാതിലുകൾ, പലതരത്തിലുള്ള ലാമ്പുകൾ, അലങ്കരിച്ച ഗേറ്റുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന സമൃദ്ധമായ പൂന്തോട്ടങ്ങൾ … വർണ്ണാഭമായ പെയിന്റ് ചെയ്ത ചരിത്രപരമായ വീടുകളുടെ ഒരു പരമ്പര കണ്ടപ്പോൾ, ഇത്തരത്തിലുള്ള വീടുകൾ ഞാൻ ആദ്യമായിട്ടാണ് അമേരിക്കയിൽ കാണുന്നത്.അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ കൊണ്ടുള്ള വീടുകളിലെ അലങ്കാരം എന്നെ കൂടുതൽ അതിശയിപ്പിച്ചു.
പാശ്ചാത്യനാടുകളിൽ ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ ആഘോഷമായി മാറുന്ന ഒരു ദിനമാണ് ഹാലോവീൻ . ഒക്ടോബർ 31 ന് വൈകുന്നേരമാണ് ഹാലോവീൻ്റെ ആഘോഷം എങ്കിലും ക്രിസ്തുമസ്സിന് നമ്മൾ വീടും മാളും അലങ്കരിക്കുന്നതു പോലെയാണ് ഈ വീടുകളിലെ അലങ്കാരം. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ ( All Saints ‘) തലേദിവസമായ ഒക്ടോബർ 31 ന് ഈ ആഘോഷം കൊണ്ടാടുന്നു.!
ഒക്ടോബർ 31 ന് മരിച്ചവരുടെ ആത്മാക്കൾക്ക് തങ്ങളുടെ വീടുകളിൽ സന്ദർശനം നടത്താൻ മരണ ദേവനായ സാഹയിൻ അനുമതി നൽകുമെന്നായിരുന്നു വിശ്വാസം.ബന്ധുക്കളുടെ ആത്മാക്കളെ സ്വീകരിക്കാൻ അവർ സാഹയിൻ ദിനം ആഘോഷിച്ചു. ഭീകരവേഷം ധരിച്ചാൽ ആത്മാക്കൾ ഉപദ്രവിക്കാതെ കടന്നുപോകുമെന്നായിരുന്നു വിശ്വാസം. ഈ ദിനമാണ് പരിണമിച്ച് ഹാലോവീൻ ആയി മാറിയതെന്നും പറയപ്പെടുന്നു. കൂടെയുള്ളവരിൽ നിന്ന് ഹാലോവിനെ പറ്റി അറിഞ്ഞപ്പോൾ, നമ്മുടെ ലാലേട്ടൻ്റെ വാക്കുകളാണ് മനസ്സിലേക്ക് ഓടി വന്നത്,’എത്ര മനോഹരമായ ആചാരങ്ങൾ!’
‘ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര ‘ എന്ന് പറയുന്നതു പോലെയാണ് വാട്ടർസ്പോർട്സും ഞാനും. വാട്ടർ സ്പോർട്സിന് പേര് കേട്ട ഈ നഗരത്തിൽ ഇവിടെയുള്ള നിരവധി ജലപാതകളിൽ പാഡിൽബോർഡിംഗ്, കയാക്കിംഗ്……. അത്തരത്തിലുള്ള സ്ഥലങ്ങളിൽ നല്ലൊരു കാഴ്ചക്കാരിയും അവരുടെ മൊബൈൽ ഫോൺ , ചെരുപ്പ് …. കാവൽക്കാരിയായിരുന്നു ഞാൻ.
തത്സമയ സംഗീതത്തിന്റെയും വിനോദത്തിന്റെയും നൈറ്റ് ലൈഫിനും പേരു കേട്ടത് അതുപോലെ പ്രാദേശിക സമുദ്രവിഭവങ്ങൾ പരീക്ഷിക്കാൻ തയ്യാറുള്ളവർക്ക് പറ്റിയ സ്ഥലമാണിത്. അമേരിക്കയുടെ മറ്റൊരു അടിപൊളി സ്ഥലം എന്നു പറയാം.
Thanks




മനോഹരമായ കാഴ്ചകൾ വാക്കുകളിലും ചിത്രങ്ങളിലും
Thanks 🙏