Friday, February 7, 2025
Homeഅമേരിക്കTikTok-ന് പുനർജന്മം നൽകി ട്രംപ്! ✍അനിൽ പുത്തൻചിറ, ന്യൂജേഴ്‌സി

TikTok-ന് പുനർജന്മം നൽകി ട്രംപ്! ✍അനിൽ പുത്തൻചിറ, ന്യൂജേഴ്‌സി

അനിൽ പുത്തൻചിറ, ന്യൂജേഴ്‌സി

സാധാരണയായി 15 സെക്കൻഡ് മുതൽ 3 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന ഹ്രസ്വ വീഡിയോകൾ സൃഷ്ടിക്കാനും, അവ അനായാസം പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷന് പൂട്ട് വീണു! കൗമാരക്കാർ മുതൽ മുതിർന്നവർ വരെ; കലാകാരന്മാർ മുതൽ സാധാരണക്കാർ വരെ; ജീവിതത്തിൻറെ എല്ലാ തുറകളിൽ നിന്നുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുമായി, വൻ ജനപ്രീതിയിൽ അതിവേഗം ആഗോള പ്രതിഭാസമായി മാറിയ ഒരു ആപ്ലിക്കേഷന് ബൈഡൻ ഭരണകൂടം അങ്ങനെ അന്ത്യകൂദാശ നൽകി!!

ദൈനംദിന ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും നിർണായക പങ്ക് വഹിക്കുന്ന ഒരു ലോകത്ത്, ആർക്കും, അവരുടെ പശ്ചാത്തലമോ അനുഭവജ്ഞാനമോ പരിഗണിക്കാതെ, വൈറലാകാവുന്ന ഉള്ളടക്കം ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ച ഒരു പ്ലാറ്റ്‌ഫോം! ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കൊപ്പം യുഎസിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി ഉപയോക്തൃ അടിത്തറ ഉയർത്തിയ TikTok!!

2024-ലെ കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 170 ദശലക്ഷം (ഈ ഇലക്ഷനിൽ ട്രംപിനും ഹാരിസിനും കൂടി വോട്ട് ചെയ്തവരേക്കാൾ കൂടുതൽ) ആളുകൾ TikTok ഉപയോഗിക്കുന്നു!

വിലകൂടിയ കംപ്യൂട്ടർ ഉപകരണങ്ങളോ, എഡിറ്റിംഗ് സോഫ്റ്റ് വെയറുകളോ, പ്രൊഫഷണൽ എഡിറ്റിംഗ് കഴിവുകളോ ആവശ്യമില്ലാത്ത TikTok, ചിലരുടെ പ്രാഥമിക വരുമാന സ്രോതസ്സായിരുന്നു, വേറെ ചിലരെ സംബന്ധിച്ചിടത്തോളം അത് സമയം കളയാനുള്ള ഒരു എളുപ്പവഴിയായിരുന്നു.

പ്രാഥമികമായി ഡാറ്റാ സ്വകാര്യത, ദേശീയ സുരക്ഷ, ചൈനീസ് ഗവൺമെന്റിൻറെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ആശങ്കകളാൽ, 2020-ൽ അന്നത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് TikTok നിരോധിക്കാൻ ശ്രമിച്ചു. ഇന്ന് ട്രംപ് വീണ്ടും അധികാരം ഏൽക്കുന്നതിന് മുൻപ് നൽകിയ 90 ദിവസത്തെ ലൈഫ്‌ലൈനിൽ TikTok വീണ്ടും ജീവൻ വെക്കുന്നു

ട്രംപിന് ശേഷം വന്ന ബൈഡനാണെങ്കിൽ, വേലിയേറ്റത്തിനെതിരെ നീന്താനുള്ള ധൈര്യമോ, ഭാവിയെ പറ്റി ഒരു കാഴ്ചപ്പാടോ ഇല്ലാത്ത, ആരെങ്കിലും കീ കൊടുത്താൽ നടക്കുന്ന പാവ! ട്രാഫിക്’ സിനിമയിൽ പറയുന്നതുപോലെ, “നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ്…പറയാൻ ധൈര്യം പകരുന്ന ചരിത്രം”. യെസ് പറയാനുള്ള ശേഷിയില്ലാത്ത, ചിന്തിക്കാൻ ശേഷിയില്ലാതെ ചിരിക്കുന്ന ഒരു പാവക്ക് എന്ത് ചെയ്യാൻ പറ്റും?

TikTok ചൈനീസ് കമ്പനിയായ ByteDance-ൻറെ ഉടമസ്ഥതയിലുള്ളതാണ്, ചൈനയുടെ കർശനമായ ഡാറ്റാ നിയമങ്ങൾ കാരണം അമേരിക്കൻ ഉപയോക്തൃ ഡാറ്റ ചൈനീസ് സർക്കാരിന് ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് സർക്കാർ അടിസ്ഥാനമില്ലാതെ ആശങ്കപ്പെടുന്നു; ചൈനീസ് രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കം സെൻസർ ചെയ്യുന്നതിനും, രാഷ്ട്രീയ കൃത്രിമം നടത്തുന്നതിനും ചൈനീസ് ഗവൺമെന്റ് ബൈറ്റ്ഡാൻസിൽ സമ്മർദ്ദം ചെലുത്തിയേക്കാമെന്ന് ഭയപ്പെടുന്നു.

TikTok നിരോധിച്ചാൽ അമേരിക്കക്ക് എന്ത് നഷ്ടമാകും? നേരെമറിച്ച്, ഈ പ്ലാറ്റ്‌ഫോം യുഎസിൽ തുടർന്നും പ്രവർത്തിക്കാൻ അനുവദിക്കുന്നതിലൂടെ അമേരിക്കക്ക് എന്ത് നേട്ടമുണ്ടാകും? ടിക് ടോക്ക് നിരോധിക്കുന്നത് സത്യത്തിൽ അപകടകരമായ ഒരു മാതൃക സൃഷ്ടിക്കും; മറ്റൊരു രാജ്യത്ത് ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതിനാലെന്ന ഒറ്റക്കാരണത്താൽ, ഒരു പ്ലാറ്റ്‌ഫോം അടച്ചുപൂട്ടാൻ പോലും യുഎസ് തയ്യാറാണെന്ന തെറ്റായ സന്ദേശം ലോകത്തിന് ലഭിക്കും.

ഇത് യുഎസിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മറ്റ് അന്താരാഷ്ട്ര കമ്പനികൾക്ക് പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും, വിദേശത്തുള്ള അമേരിക്കൻ കമ്പനികൾക്കെതിരെ പ്രതികാര നടപടികളിലേക്ക് നയിക്കുകയും ചെയ്യും. നിരോധിക്കുന്നതിനുപകരം, അവരുടെ ഉത്ഭവ രാജ്യം പരിഗണിക്കാതെ, എല്ലാ കമ്പനികൾക്കും ബാധകമായ ന്യായവും സുതാര്യവുമായ ഒരു നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനാണ്, അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനാണ് ട്രംപ് ഇനി ശ്രമിക്കേണ്ടത്.

വെല്ലുവിളികളിലൂടെ സഞ്ചരിക്കുമ്പോൾ, തെറ്റുകൾ അനിവാര്യമാണ്. ഒരു നേതാവിനെ യഥാർത്ഥത്തിൽ നിർവചിക്കുന്നത് തെറ്റുകളുടെ അഭാവമല്ല, മറിച്ച് അവ തിരിച്ചറിയാനും അവ തിരുത്താൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാനുമുള്ള കഴിവാണ്!

അനിൽ പുത്തൻചിറ, ന്യൂജേഴ്‌സി

RELATED ARTICLES

1 COMMENT

  1. നിരോധിക്കുന്നതിനുപകരം, അവരുടെ ഉത്ഭവ രാജ്യം പരിഗണിക്കാതെ, എല്ലാ കമ്പനികൾക്കും ബാധകമായ ന്യായവും സുതാര്യവുമായ ഒരു നിയന്ത്രണ ചട്ടക്കൂട് സൃഷ്ടിക്കുന്നതിനാണ്,

    Please note, this is already in place but TikTok is not following this.
    This is a serious security issue.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments