യുദ്ധം അവസാനിച്ചു കഴിഞ്ഞിരുന്നു. പക്ഷേ ഗ്രാമത്തിന്റെ അറ്റത്തുള്ള ആ ചെറു വീട്ടിൽ അത് വീണ്ടും തുടരുകയായിരുന്നു.
രാമന്റെ അമ്മ ദിവസവും പകൽ പാതി കഴിഞ്ഞാൽ വാതിൽക്കൽ ഒരു കസേരയിട്ട് അതിൽ ഇരിക്കും ഒരു പഴയ മരക്കസേര. അതിലിരുന്നവൾ വഴിയിലേക്കു നോക്കും. കാറ്റ് പൊടിപാറിച്ചു കടന്നുപോകും. സ്കൂൾ കുട്ടികൾ ചിരിച്ചോടും. പക്ഷേ അവളുടെ കണ്ണുകൾ തിരയുന്നത് ഒരേയൊരു മുഖം മാത്രം,സൈനിക വേഷത്തിൽ വീട്ടിൽ നിന്നു പോയ മകൻ.
രാജ്യം ജയിച്ചുവെന്ന വാർത്ത റേഡിയോയിൽ വന്ന ദിവസം മുഴുവൻ ഗ്രാമവും സന്തോഷിച്ചു. പടക്കം പൊട്ടിച്ചു. പതാകകൾ ഉയർന്നു. പക്ഷേ ആ വീട്ടിൽ അന്നേ ദിവസം ഒരു കത്ത് മാത്രമെത്തി,
“താങ്കളുടെ മകൻ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചു.”
അമ്മ കത്ത് വായിച്ചു. കരഞ്ഞില്ല. ചിരിച്ചുമില്ല.
അതിനുശേഷം ഓരോ ദിവസവും അവൾ പത്രം വാങ്ങും. യുദ്ധവാർത്തകൾ ഒന്നുമില്ലാത്ത പത്രം. എങ്കിലും അവൾ അതു മുഴുവൻ വായിക്കും.
“ യുദ്ധത്തിൽ മരിച്ചു പോയവരെ പറ്റി എന്തെങ്കിലും ” വരുമോ എന്നൊരു പ്രതീക്ഷ.
ഗ്രാമത്തിലെ ആളുകൾ അവളെ ആശ്വസിപ്പിക്കാൻ വന്നു. “അവൻ ദേശത്തിനുവേണ്ടി ജീവൻ നല്കിയ ധീര സൈനീകനല്ലേ, അവനെയോർത്ത് അഭിമാനിക്കു അമ്മേ,”
അവർ പറഞ്ഞു.
അമ്മ മന്ദഹസിച്ചു.
“രാജ്യത്തിന് ജയമുണ്ടായി. എനിക്ക് തോൽവി മാത്രം,” അവൾ പറഞ്ഞു.
ഒരു ദിവസം മഴ പെയ്തു. കനത്ത മഴ. വാതിൽക്കൽ വെച്ചിരുന്ന കസേര നനഞ്ഞു. ആദ്യമായി അമ്മ അതു അകത്തേക്ക് എടുത്തു. കസേരയുടെ പാദം ഒടിഞ്ഞിരുന്നു. അവൾ അതു തൊട്ടുനോക്കി.
“യുദ്ധം തീർന്നുവെന്ന് എല്ലാവരും പറയുന്നു,”
അവൾ മൃദുവായി പറഞ്ഞു,
“പക്ഷേ എന്റെ വീട്ടിൽ ഇന്നും യുദ്ധത്തിന്റെ ബാക്കിപത്രം കിടക്കുന്നു.”
ആ ബാക്കിപത്രം ഒരു കത്തല്ലായിരുന്നു.
ആ ഒടിഞ്ഞ കസേര മാത്രം
കൂടെ ആ അമ്മയുടെ മുറിഞ്ഞ ഹൃദയവും.




🙏🙏