അവനവൻ എന്ന ഒരു ഒറ്റയാൻ നിലനിൽപ് മനുഷ്യർക്ക് സാധ്യമാണോ..?
സത്യത്തിൽ എത്രയെത്ര വിരലടയാളങ്ങൾ പേറുന്നവനാണ് ഓരോ മനുഷ്യനും.
എത്രയോ കൈകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവൻ, എത്രയോ വാക്കുകൾ കൊണ്ട് മുറിഞ്ഞവൻ, എത്രയോ തൂവൽ സ്പർശ്ശങ്ങളാൽ താലോലിക്കപ്പെട്ടവൻ,
അവമതിപ്പിന്റെ അനവധിയായ വിഴുപ്പ് കറകൾ പേറുന്നവൻ..
ഒറ്റക്ക് നിൽക്കുന്ന ആ വനവൃക്ഷം പോലും സത്യത്തിൽ ഓക്കല്ലല്ലോ, വിത്ത് വിതച്ച കാറ്റുമുതൽ അതിനെ നനച്ച മഞ്ഞുതുള്ളികൾ, മഴയുടെ ജലസമൃദ്ധികൾ,
തളിരിലകളെ കടിക്കാതെ വിട്ട മാൻ കൂട്ടങ്ങളുടെ ഔദാര്യം, വീഴ്ത്താതെ ഒഴിഞ്ഞുപോയ കൊടുംകാറ്റ്, ഇലപ്പച്ചയെ നിരന്തരം പ്രകാശിപ്പിച്ച വെയിൽ
അങ്ങനെ, എന്തിന്റെയൊക്കെ സമ്മിശ്രമുണ്ട് അതിന്റെ ഔന്നത്യത്തിൽ.
‘എനിക്കാരും വേണ്ട ‘ എന്ന അതിന്റെ അഹങ്കാരത്തെ നോക്കി നിശബ്ദം ചിരിക്കുന്നുണ്ട് അതിനെ അതാക്കി മാറ്റിയ കാക്കത്തൊള്ളായിരം ചെറുതുകൾ.
നീ നല്ലവനാകുന്നത് നീ നല്ലവനായതുകൊണ്ട് മാത്രമല്ല നിന്നെ നല്ലവനാക്കാൻ യത്നിച്ച പലതുകളുടെ ആകെത്തുകയാണ് നിന്നിലെ നന്മ.. തിന്മകളും ആ വിധം തന്നെ..
അനവധിയായ പലതുള്ളികളുടെ പെരുവെള്ളമാകുന്നു നീ. അവ കവിയുമ്പോഴാണ് നീയും കവിയുന്നത് അവ മെലിയുമ്പോൾ നീ ഉണങ്ങുന്നു പ്രളയമുണ്ടാകുമ്പോൾ പഴിക്കപ്പെടേണ്ടത് നീ മാത്രമല്ല അവർ എല്ലാവരും കൂടിയാണ് അത് ചെയ്യുന്നത്
നീ അതിന്റെ പ്രകട രൂപം മാത്രം.
കടൽ വെള്ളത്തിലെ ഉപ്പറിയും പോലെയാണ് അപരർ നിന്നെ അറിയുന്നത്..
ഏതൊക്കെയോ നീർച്ചാലുകൾ,ഏതൊക്കെയോ നദീപ്രവാഹങ്ങൾ..
അവ അലിയിച്ച് ചുമന്ന് കൊണ്ടുവന്ന അനവധിയായ ലവണങ്ങളുടെ ആകെത്തുകയാകുന്നു ആ ഉപ്പ് ഏതൊക്കെയെന്ന് വേർത്തിരിച്ചറിയാൻ കഴിയാത്ത ലവണ മിശ്രിതങ്ങൾ.
ആളുകൾ നിന്നിലെ ഉപ്പ് മാത്രം കാണുന്നു
‘ഹോ.. എന്തൊരുപ്പാണ് ‘ എന്ന് മാത്രം അവർ രുചിച്ച് പറയുന്നു..
നിന്നിലേക്ക് അത് എങ്ങനെ വന്നു ചേർന്നു എന്ന് അവർക്ക് അറിയേണ്ടതില്ല..
അതേ , ആളുകൾ അങ്ങനെ പറയുന്നു അവൻ ഒരു ദുഷ്ടനാണ് , ചതിയൻ, കണ്ണിൽ ചോരയില്ലാത്തവൻ അവൻ നല്ലവനാണ്,വിശ്വസ്തൻ ,സ്നേഹമുള്ളവൻ.
അവൻ നിഷേധിയാകുന്നു,അനുസരണയില്ലാത്തവൻ..
അതേ മനുഷ്യരിൽ അലിഞ്ഞ പലതരം ഉപ്പുകൾ, അവൻ കടന്നു വന്ന അഴികളിൽ നിന്ന് അവനിലലിഞ്ഞവ അവനെ തൊട്ട ജീവിതങ്ങളൊക്കെ അവനിലേക്ക്. അൽപാൽപമായിപകർന്നവ.
അതേ നീയെന്നാൽ നീ മാത്രമല്ല..
നിന്നിലലിഞ്ഞ അനവധി രസങ്ങളുടെ ആകെത്തുകയാകുന്നു നീ
ചില്ലുഗ്ലാസിലെ വിരലടയാളങ്ങൾ പോലെ നിന്നെ സ്പർശ്ശിച്ച മനുഷ്യരൊക്കെയും നിന്ന്ൽ അവരുടെ അടയാളങ്ങൾ ബാക്കി വെച്ചിരിക്കുന്നു.
അതു കൊണ്ട് അവനവനെപ്രതി നാമാരും വല്ലാതെ ആകുലപ്പെടേണ്ടതില്ല എന്ന് തോന്നുന്നു. അഭിനന്ദനങ്ങളിൽ അളവറ്റ ആനന്ദമോ, അവഹേളനങ്ങളിൽ ആകുലതയോ നാം പുലർത്തേണ്ടതില്ല.
നമ്മളെ ഇത്തരം നാമാക്കി മാറ്റിയ ലോകത്തിന്റെ പേരിലേക്ക് എല്ലാം തീറു ചെയ്ത് കൊടുക്കുക. സമതലങ്ങളിലെ നദി പോലെ ശാന്തമായി ഒഴുകുക
നദീതീരങ്ങളിലെ കാഴ്ചകളെ നിസംഗമായ കണ്ണുകൾ കൊണ്ട് കാണുക
ജൈവ പ്രപഞ്ചം ‘മതി’ എന്ന് പറയുന്നതുവരേയും ഭാരരഹിതനായി ജീവിക്കുക.




ഏറെ ചിന്തനീയം✍️👌🥰
Good one 🥳🎉
an eye opener 💐❤️🌹
👍