Wednesday, April 29, 2026
Homeഅമേരിക്കഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രായം എഴുപത് കടന്നിരിക്കുന്നു (ലേഖനം) ✍ അഷ്റഫ് കാളത്തോട്

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രായം എഴുപത് കടന്നിരിക്കുന്നു (ലേഖനം) ✍ അഷ്റഫ് കാളത്തോട്

ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തെ ‘ശേഷന് മുൻപും ശേഷന് ശേഷവും’ എന്ന് രണ്ടായി വിഭജിക്കാം. ചുവപ്പുനാടകളിൽ കുരുങ്ങിക്കിടന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന് നട്ടെല്ലും നാവുമുണ്ടെന്ന് ഭരണകൂടങ്ങളെ ബോധ്യപ്പെടുത്തിയ കാലമായിരുന്നു ടി.എൻ. ശേഷന്റേത്. ഭയരഹിതനായ ആ കാവൽക്കാരന്റെ കാലത്ത് അധികാരികൾ ചട്ടലംഘനം നടത്താൻ ഭയപ്പെട്ടിരുന്നു. എന്നാൽ ഇന്ന്, ഏകാംഗ കമ്മീഷനിൽ നിന്ന് മൂന്നംഗ സമിതിയിലേക്ക് കമ്മീഷൻ വികസിച്ചപ്പോൾ ജനാധിപത്യം അതിന്റെ അന്തസ്സു കൈവിട്ട് ‘മൂഞ്ചിപ്പോകുന്ന’ ദയനീയ കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.

പഴയ ആ ഗരിമയുടെ നിഴൽ പോലും ഇന്നത്തെ കമ്മീഷനിൽ കാണാനില്ല എന്നത് ജനാധിപത്യ വിശ്വാസികളെ ലജ്ജിപ്പിക്കുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കെതിരെ മിന്നൽവേഗത്തിൽ നോട്ടീസ് അയക്കുന്ന കമ്മീഷൻ, ഭരണകക്ഷിയുടെ നഗ്നമായ ലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നത് രാഷ്ട്രീയ വിവേചനത്തിനപ്പുറം ഭരണഘടനാപരമായ പാപ്പരത്തമാണ്. അധികാരത്തിന്റെ തണലിൽ ഒഴുകിയെത്തുന്ന വർഗ്ഗീയ പ്രസംഗങ്ങളെയും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗത്തെയും കണ്ടില്ലെന്നു നടിക്കുന്നതിലൂടെ കമ്മീഷൻ അതിന്റെ നിഷ്പക്ഷത സ്വയം പണയം വെച്ചിരിക്കുകയാണ്.

മൂന്നംഗ സമിതിയായി മാറിയതോടെ തീരുമാനങ്ങളിൽ കൂടുതൽ ജനാധിപത്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. പകരം, ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും ഭരണകൂട താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ഒരു മറയായി ഈ സംവിധാനം മാറിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ ആഴ്ചകളോളം ‘മൗനവ്രതം’ പാലിക്കുന്നവർ, പ്രതിപക്ഷ നേതാക്കളെ കേവലം 24 മണിക്കൂറിനുള്ളിൽ വിചാരണ ചെയ്യുന്നത് ഏത് നീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ്? നീതി നടപ്പിലാക്കിയാൽ മാത്രം പോരാ, അത് നടപ്പിലാകുന്നുണ്ടെന്ന് ലോകത്തിന് ബോധ്യപ്പെടുകയും വേണമെന്ന സുപ്രീം കോടതിയുടെ മുൻകാല നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാകുന്നു.

തമിഴ്‌നാട്ടിലും ബംഗാളിലും പോരാട്ടം കൊഴുക്കുമ്പോൾ, കളം നിറഞ്ഞു കളിക്കേണ്ട റഫറി ഒരു ടീമിന് അനുകൂലമായി വിസിലൂതുന്നുവെന്ന പ്രതീതിയുണ്ടായാൽ അത് കായികരംഗത്തായാലും രാഷ്ട്രീയത്തിലായാലും പരാജയമാണ്. രാഷ്ട്രീയ പാർട്ടികൾ പരസ്പരം ചെളിവാരിയെറിയുന്നത് ജനാധിപത്യത്തിലെ സ്വാഭാവികമായ അടിയൊഴുക്കാകാം; എന്നാൽ ആ അഴുക്കുകൾ അരിച്ചെടുത്ത് ശുദ്ധീകരിക്കേണ്ട സ്ഥാപനം തന്നെ ചളിയിൽ പുതഞ്ഞുപോകുന്നത് ആപൽക്കരമാണ്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രായം എഴുപത് കടന്നിരിക്കുന്നു. ഈ പക്വത പ്രവൃത്തിയിൽ കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നത് വെറുമൊരു ഭരണകൂട സംവിധാനമല്ല, മറിച്ച് രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തിന്റെ കാവൽപ്പുരയാണ്. ആ കാവൽപ്പുരയുടെ ചുവരുകൾക്ക് വിള്ളൽ വീണാൽ തകരുന്നത് ഒരു രാഷ്ട്രത്തിന്റെ പ്രത്യാശകളായിരിക്കും. ശേഷനെപ്പോലുള്ള മുൻഗാമികൾ പടുത്തുയർത്തിയ ആർജ്ജവം കമ്മീഷൻ വീണ്ടെടുക്കട്ടെ; ഭയരഹിതവും പക്ഷപാതമില്ലാത്തതുമായ നിലപാടുകളിലൂടെ.

അഷ്റഫ് കാളത്തോട്✍

RELATED ARTICLES

1 COMMENT

  1. ടി. എൻ ശേഷനുശേഷം ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ അഭിപ്രായം…
    ഇന്നത്തെ കമ്മീഷണർ മാരുടെ പ്രവർത്തി കാണുമ്പോൾ ലജ്ജ തോന്നുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com