‘ ടാക്സീ, ‘ സ്യൂട്ടും കോട്ടും കൂളിംഗ് ഗ്ലാസ്സുമൊക്കെ വെച്ച് നല്ല ‘ സ്റ്റൈൽ ലുക്കിലുള്ള ‘നായകന്റെയോ, നായിക യുടെയോവിളിയിൽ അതിലും സ്റ്റൈലിൽ വരുന്ന മഞ്ഞ വലിയ ടാക്സിക്കാർ. കണ്ടിട്ടുള്ള ചില ഇംഗ്ലീഷ് സിനിമകളിൽ നിന്ന് മനസ്സിൽ ഉടക്കിയിട്ടുള്ള ചില സീനുകൾ !
ഇവിടുത്തെ കറുപ്പും മഞ്ഞയും പെയിൻ്റടിച്ച ടാക്സിക്കാറും അതിലും സാധാരണമായ വേഷങ്ങളിട്ട് നടക്കുന്ന കുട്ടിക്കുപ്പായക്കാരിയായിരുന്ന ഞാൻ, ഏതോ ഓട്ടോയെ വിളിക്കുന്നത് പോലെയുള്ള ടാക്സി വിളിയും വേഷ ഭൂഷാധികളും കണ്ട് അന്തംവിട്ടതിൽ അതിശയിക്കാനില്ലല്ലോ അല്ലേ!
ഈ അടുത്തനാളിൽ ന്യൂയോർക്കിലെ ‘വാൾ സ്ട്രീറ്റ് ‘ൽ കൂടി നടന്നപ്പോൾ, ടാക്സീ എന്ന് വിളിച്ച് കാറിൽ കയറാൻ ചുമ്മാ ഒരു ആഗ്രഹം. പക്ഷെ പണ്ടത്തെ പല ടാക്സികളും ഇപ്പോൾ ഊബർ സർവ്വീസിലാണത്രേ! വേണമെങ്കിൽ ഓൺലൈൻ ബുക്ക് ചെയ്യണം.
അമേരിക്കയുടെ മുതലാളിത്തത്തിൻ്റെ ആസ്ഥാനമെന്ന നിലയിൽ ന്യൂ യോർക്കിലെ ഏറ്റവും പ്രശസ്തമായ തെരുവാണിത്.ന്യൂയോർക്കിലെ സാമ്പത്തിക ജില്ലയിൽ ബ്രോഡ്‌വേ മുതൽ സൗത്ത് സ്ട്രീറ്റ് വരെ 8 ബ്ലോക്കുകളുള്ള ഒരു തെരുവാണിത്.
അര മൈലിൽ താഴെ നീളമുണ്ട്.സ്റ്റോക്ക് എക്സ്ചേഞ്ചും RBI യും മറ്റു പല പ്രധാന ഓഫീസുകളും ഇവിടെയാണ്. തെരുവ് ഇടുങ്ങിയതും കെട്ടിടങ്ങൾക്ക് ഉയരമുള്ളതുമായതിനാൽ ഏതോ മലയിടുക്കുകളിലൂടെയുള്ള നടപ്പായിട്ടാണ് തോന്നിയത്.. വേണമെങ്കിൽ ചരിത്രം, വാസ്തുവിദ്യ, നല്ല ഭക്ഷണം. ഇതെല്ലാം എളുപ്പത്തിൽ കണ്ടെത്താവുന്ന സ്ഥലം എന്നും പറയാം.
ന്യൂയോർക്കിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് . നിലവിലെ കെട്ടിടം 1903 ൽ നിർമ്മിച്ചതാണ്. കെട്ടിടത്തിനകത്തേക്ക് പോകാൻ കഴിയില്ലെങ്കിലും, സ്റ്റോക്ക് എക്സ്ചേഞ്ചിൽ എല്ലാ ദിവസവും രാവിലെ 9.30ന് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓപ്പണിംഗ് മണി മുഴക്കുന്നതോടെ
വാൾസ്ട്രീറ്റിലെ വ്യാപാരം ആരംഭിക്കുന്നു. വ്യാപാരം അവസാനിക്കുന്നതിൻ്റെ അടയാളമായി വൈകുന്നേരം 4 മണിക്ക് ക്ലോസിംഗ് ബെൽ മുഴങ്ങുന്നു. മിക്കപ്പോഴും, മണി മുഴക്കുന്നത് പ്രശസ്തരോ പ്രധാനപ്പെട്ടവരോ ആയിരിക്കും. ഇതൊക്കെയാണ് എക്സ്ചേഞ്ചിലെ വിശേഷങ്ങളായി പറഞ്ഞത്.ഷെയറും സ്റ്റോക്ക് എക്സ്ചേഞ്ചുമായി വലിയ അടുപ്പം ഒന്നുമില്ലെങ്കിലും കെട്ടിടത്തിൻ്റെ വാസ്തുവിദ്യ മനോഹരം. സാമ്പത്തിക ശുഭാപ്തിവിശ്വാസത്തിൻ്റെയും സമൃദ്ധിയുടെയും പ്രതീകമാണ് കാള.
NYSEയുമായി ബന്ധമുള്ള ‘ charging bull’നെ തപ്പിയപ്പോൾ,7100 പൗണ്ട് ഭാരമുള്ള ഈ വെങ്കല ശിൽപത്തിന് 11 അടി ഉയരവും 16 അടി നീളവുമുള്ള അതിൻ്റെ കൂടെ ഫോട്ടോ എടുക്കാനുള്ള ക്യൂ അങ്ങനെ നീണ്ടു കിടക്കുന്നു. അവിടെ കണ്ട ഒരു ബെഞ്ചിൻ്റെ മുകളിൽ കയറി നിന്ന് ബുള്ളിനെ ഫോട്ടോ ഫ്രെയിം ലേക്ക് ആക്കി എടുത്തു എന്നു പറയാം.
മറ്റൊരു കെട്ടിടമായ ഫെഡറൽ റിസർവ്വ് ബാങ്ക് നിസ്സാരക്കാരനല്ല. ഏകദേശം 6 ടണ്ണിലധികം സ്വർണം ഭൂമിക്കടിയിലുണ്ടത്രേ! കേന്ദ്ര ബാങ്കുകൾക്കും സർക്കാരുകൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും വേണ്ടി സ്വർണം സൂക്ഷിച്ചിരിക്കുന്നു. തെരുവ് നിരപ്പിൽ നിന്ന് 80 അടി താഴെ സ്ഥിതി ചെയ്യുന്ന നിലവറയിലാണത്രേ സമ്പാദ്യം.
1848 ൽ സ്ഥാപിച്ച ട്രിനിറ്റി പള്ളി 1890 വരെ ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. ആദ്യത്തെ ട്രിനിറ്റി പള്ളി കത്തിച്ചു. രണ്ടാമത്തേത് ഭാഗികമായി തകർന്നു. പിന്നീട് 2004-ൽ പുറത്തിറങ്ങിയ “നാഷണൽ ട്രഷർ” എന്ന സിനിമയിൽ അഭിനയിച്ച സന്തോഷത്തിലാണ് ഇന്ന് ആ പള്ളി. അതിൻ്റെ മുൻപിൽ നിന്ന് ഫോട്ടോ എടുക്കാനും മറന്നില്ല.
ചില പേരുകൾ വായിച്ചപ്പോൾ കേട്ടിട്ടുള്ളതുപോലെ മറ്റു ചില പേരുകൾ വായിക്കുമ്പോൾ നാക്ക് ഉളുക്കുന്നു എന്നാൽ അതിനിടയിൽ ‘ October 17,1949 * Jawaharlal Nehru ,Prime Minister of India’ എന്ന് കണ്ടപ്പോൾ സ്വിച്ച് ഇട്ട പോലെ അവിടെ നിന്നു. അത് എന്താണെന്നറിയാനുള്ള ഗൂഗിൾ അന്വേഷണമായി പിന്നീട്.
ന്യൂയോർക്ക് നഗര പാരമ്പര്യമായ ടിക്കർ-ടേപ്പ് പരേഡുകളെ അനുസ്മരിപ്പിക്കുന്നതാണിത്. ഇത്തരം 200 ഗ്രാനൈറ്റ് പാനലുകളുണ്ട്.,നടപ്പാതകളിലാണ് ഇത്തരം ഫലകങ്ങൾ പതിഞ്ഞിരിക്കുന്നത്. ഈ റൂട്ടിനെ ‘കാന്യോൺ ഓഫ് ഹീറോസ് ‘ എന്നാണ് വിളിക്കുന്നത്. അംബര ചുംബികളായ കെട്ടിടങ്ങൾ മാത്രമല്ല നടപ്പാതകളിൽ പോലും ചരിത്ര കഥകൾ! അതോടെ നടപ്പാതകളിലെ മുക്കും മൂലയിലും വീക്ഷിച്ചു കൊണ്ട് നടന്നപ്പോൾ, ‘ made in India’ അവിടുത്തെ മിക്ക ‘manhole ‘ ൻ്റെ കവറുകളിലാണ് ഇതു പോലെ എഴുതിവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ‘ manhole’കളുടെ കവറുകളുടെ കാര്യം തഥൈവ ആണെങ്കിലും അവിടുത്തെ ആ കവറുകൾ ഇന്ത്യയിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ ചുമ്മാ ഒരു സന്തോഷം.
കാഴ്ചകളും ഫോട്ടോ എടുക്കലൊന്നും ഇഷ്ടപ്പെടാത്തതു പോലെയാണ് വയറ്. എന്നാൽ പിന്നെ ഭക്ഷണം തേടിയുള്ള ആ യാത്രയിൽ ഇറ്റാലിയൻ, ബാർബിക്യൂ, മെക്സിക്കൻ ……. എവിടുത്തെ ഭക്ഷണം വേണം എന്ന രീതിയിലാണ് ഭക്ഷണശാലകൾ .ഭക്ഷണത്തേക്കാളും അധികം ഭക്ഷണശാലയിൽ കൗതുകകരമായി കണ്ട കാഴ്ച, പലരും ഭക്ഷണശാലയിലേക്ക് വരുന്നത് അവരുടെ പട്ടിയേയും കൊണ്ടാണ്. അവർ ഇരിക്കുന്ന കസേരയിൽ കെട്ടിയിടും. ഹോട്ടലിൽ ഉള്ളവർ ഒരു പാത്രത്തിൽ വെള്ളം പട്ടിക്കായി കൊണ്ടു കൊടുക്കുന്നത് കാണാം. വെള്ളം കുടിച്ച് പട്ടിയും സമാധാനത്തോടെ കസേരയുടെ അടിയിൽ കിടക്കുന്നു.
ചരിത്രവും വാസ്തുവിദ്യയും പുതിയ രുചികളുമൊക്കെയായി വൈവിധ്യമാർന്ന അനുഭവങ്ങളുടെ ഒരു ദിവസമായിരുന്നു വാൾസ്ട്രീറ്റ് സന്ദർശനം !
Thanks




വാൾ സ്ട്രീറ്റിലൂടെ നടന്ന പ്രീതി…
ന്യൂയോർക്കിലെ ഓരോ കാഴ്ചയും അത്ഭുതം തന്നെ..
Thanks ❤️
നല്ല അവതരണം 🌹
Thanks ❤️