Wednesday, April 29, 2026
Homeഅമേരിക്കആത്മാഹുതി (കഥ) ✍ അജിത് കരുണാകരൻ

ആത്മാഹുതി (കഥ) ✍ അജിത് കരുണാകരൻ

കടലുപോലെ ഒരു പുഴ! മറുകര ജിദ്ദയേക്കാൾ ദൂരെയാണ്!

പുഴക്ക് മീതെ, വരച്ചുവച്ചതുപോലെ ഒരു പാലം. സായിപ്പിന്റെ ചിത്രകലയാണ്. “റ” മാന കമാനങ്ങൾ. തുരുമ്പേൽക്കാത്ത ഇരുമ്പു കൈവരികൾ. ചുണ്ണാമ്പിളകി പൂപ്പൽ കയറിയ തൂണുകൾ. റോഡിൽ, ഇന്ത്യക്കാരുടെ ടാർ അടർന്നു രൂപപ്പെട്ട ചെറുതും വലുതുമായ കുഴികൾ. അവ വസൂരിക്കലകളെ ഓർമിപ്പിക്കുന്നു.

മഴ ആർത്തലച്ചു പെയ്യുന്നുണ്ട്! അതിന്റെ തീവ്രത ചുറ്റുപാടുകളെ മൂടൽമഞ്ഞിലെന്ന പോലെ അവ്യക്തമാക്കുന്നു. പെയ്തിന്റെ ആരവം കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയുടെ അലർച്ചയോട് മത്സരിക്കുന്നു.

പാലത്തിന്റെ ഓരം ചേർത്ത് കാറു നിറുത്തി ഫയ്‌സു (53, കുമ്പയുണ്ട്, നടക്കുമ്പോൾ നേരിയ മുടന്തുണ്ട്, ഉള്ള മുടി നരച്ചിട്ടുണ്ട്, താടിയില്ല, മീശയില്ല) ഇറങ്ങി. കുട നിവർത്തി. നടന്നു. ഒച്ചയനക്കം പുറത്തു കേൾപ്പിക്കാനാവാതെ ഹെഡ് ലൈറ്റിട്ടൊരു ലോറി കടന്നുപോയി. ഭാരം കുമിഞ്ഞുകൂടിയ അതിന്റെ ചക്രങ്ങൾക്കടിയിൽ ഭൂമി ഞെരിഞ്ഞമർന്നു. പാലത്തിന്റെ ഒത്തനടുക്കെത്തി ഫയ്‌സു നിന്നു. കൈവരിയിൽ ചാരി പ്രളയ പ്രവാഹത്തിലേക്ക് നോക്കി. പുഴക്ക് ഇവിടെ ആഴം കൂടുതലാണ്. ഇരുകരകളിലേക്കും സമദൂരം. എത്ര ശ്രമിച്ചാലും നീന്തി കരപറ്റാനാവില്ല!

പാന്റ്സിന്റെ പോക്കറ്റിൽ പരതിക്കിട്ടിയ സിഗരറ്റിന് വീശിയടിക്കുന്ന കാറ്റിനെ തോൽപ്പിച്ചയാൾ തീ പിടിപ്പിച്ചു. ഉന്മാദിയെ പോലെ പുക ഉള്ളിലേക്ക് ആഞ്ഞുവലിച്ചു. പുറത്തുവിട്ട പുക കുടയ്ക്കുള്ളിൽ വട്ടംചുറ്റിക്കളിച്ചു. നിറുത്താതെ പെയ്യുന്ന മഴ നോക്കി വലിക്കുന്ന ഓരോ സിഗരറ്റും അനിർവചനീയമായ ഒരു അനുഭൂതിയാണ്, എന്നും!

അവസാന പുകയും ആർത്തിയോടെ ഉള്ളിലേക്ക് ആവാഹിച്ചെടുത്തശേഷം എരിഞ്ഞടങ്ങാനായ കുറ്റി അയാൾ നിലത്തിട്ടു ചവിട്ടിയരച്ചു. ഇത്രനേരവും തോരാത്ത നനവിനെ തടുത്തുനിറുത്തിയ കുട പുഴയിലേക്കെറിഞ്ഞു. കാറ്റിൽ പെട്ട് എല്ലൊടിഞ്ഞ് കുട പറന്നു. ഒന്നുരണ്ടു തവണ കീഴ്മേൽ മറിഞ്ഞു. അനിവാര്യതയുടെ അവസാനം അത് കലക്കുവെള്ളത്തിൽ വീണമർന്നു.

ഫയ്‌സു പുഴയുടെ കൈവരിയിലേക്ക് കയറി നിന്നു.

അജിത് കരുണാകരൻ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com