എന്താണ് ഉറക്കത്തിന്റെ പ്രാധാന്യം? നിങ്ങളുടെ ഉറക്കം മികച്ചരീതിയിൽ ആണോ? പുത്തൻ തലമുറയിൽ പ്രചാരത്തിൽ വന്ന ഡിവോഴ്സ് സ്ലീപ്പിൻ്റെ വിവിധ വശങ്ങൾ എന്തെല്ലാം? ഇവയ്ക്കിടയിലൂടെയൊക്കെ നമുക്കൊന്ന് കടന്നുപോകാം.
തലച്ചോറിലെ കോശങ്ങളുടെയും ശരീരത്തിലെ ഹോർമോണുകളുടെയും, ന്യൂറോ ട്രാൻസ്മിറ്ററുകളുടെയും ന്യൂറോ പെപ്റ്റയിഡുകളുടെയും, ശരീരത്തിന്റെ ജൈവിക താളത്തിൻ്റെയുമെല്ലാം സംയുക്തമായ പ്രവർത്തനങ്ങളുടെ ബാക്കിപത്രമാണ് ഉറക്കം.
ഉറങ്ങുമ്പോൾ ശ്വാസോച്ഛ്വാസം ശരീര ഊഷ്മാവ് ഹൃദയമിടിപ്പ് രക്തസമ്മർദ്ദം എന്നിവ നമ്മൾ ഉണർന്നിരിക്കുന്ന സമയത്തിനേക്കാൾ കുറവായിരിക്കും.
പരിസരങ്ങളെ മറന്ന് ആചേഷ്ടനായി, ശരീരവും മനസ്സും വിശ്രമാവസ്ഥയിലേക്ക് പോകുന്ന അവസ്ഥയാണ് ഉറക്കം. രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർദ്ധക്യത്തിൽ നിന്ന് രക്ഷിക്കുമെന്ന് ഗവേഷണ റിപ്പോർട്ടുകൾ രേഖപ്പെടുത്തുന്നു. അതുപോലെ തന്നെ 9 മണിക്കൂറോളം ഉറങ്ങുന്നവർക്കും 5 മണിക്കൂർ താഴെ ഉറങ്ങുന്നവർക്കും ഓർമ്മയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പഠനങ്ങൾ പറയുന്നു.
ആരോഗ്യകരമായ ഉറക്കം ഒരു മനുഷ്യൻെറ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. നമ്മുടെ ഭക്ഷണ പാനീയ ശീലങ്ങൾ, കിടപ്പുമുറിയിലെ പരിസ്ഥിതി, ശരീരത്തിന്റെ സ്വാഭാവിക ഉറക്ക ഉണർവ് ചക്രം, വ്യായാമം എന്നിവയൊക്കെ ഉറക്കവുമായി ശരിക്കും ബന്ധമുള്ളവ തന്നെയാണ്. നമ്മുടെ നല്ല ഉറക്കത്തെ തടസ്സപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അവയൊക്കെ തിരിച്ചറിഞ്ഞ് ഉപേക്ഷിക്കപ്പെടേണ്ടത് തന്നെയാണ്.
തണുപ്പ് നൽകുന്നതും ശാന്തവും നിശബ്ദവും, ഇരുണ്ടതും വായു സഞ്ചാരവുമുള്ളതുമായ കിടപ്പുമുറി ആരിലും നല്ല ഉറക്കത്തിന്റെ പ്രതീതി ജനിപ്പിക്കും. സുഖകരമായ തലയിണയും മെത്തയും നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തും. വളരെ ലൈറ്റ് ആയ ഭക്ഷണം ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എങ്കിലും കഴിക്കുന്നതും, കഫീൻ മദ്യം, നിക്കോട്ടിൻ എന്നിവയിൽ നിന്നും വിട്ടുനിൽക്കുന്നതും നിങ്ങളുടെ ഉറക്കത്തെ ശരിയായ രീതിയിലേക്ക് നയിക്കുന്ന സഞ്ചാര പാതയാണ്.
ഉറങ്ങുന്നതിന് തൊട്ടുമുൻപ് അല്പം നടക്കുന്നതും, വളരെ ചെറിയ ശബ്ദത്തിൽ ശുദ്ധ സംഗീതം ശ്രവിക്കുന്നതും ഉറക്കത്തെ ആഴത്തിലാക്കാൻ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതിനും കുഴിഞ്ഞ കണ്ണുകളിൽ നിന്ന് മുക്തി നേടുന്നതിനും ഉറക്കം അനിവാര്യമാണ്.
മോശമായ ഉറക്കം നിങ്ങളുടെ ചിന്താശക്തി, ഹൃദയാരോഗ്യം, രോഗപ്രതിരോധശക്തി, മാനസികാവസ്ഥ, എന്നിവയെ ഒക്കെ ബാധിക്കും.കൂടാതെ പൊണ്ണത്തടി ,പ്രമേഹം എന്നിവക്ക് കാരണമാകും എന്നത് പ്രത്യേകം ഓർക്കുക!
രാത്രി നല്ല ഉറക്കം ലഭിക്കാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ബദാം മിൽക്ക് ,മഞ്ഞളിട്ട പാൽ ഒക്കെ കുടിക്കുന്നത് വളരെ സഹായിക്കുമെന്ന് രേഖപ്പെടുത്തുന്നു. ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിൻ്റെ ഉൽപാദനം നിയന്ത്രിക്കുന്നതിന് ബദാമിൽ അടങ്ങിയിരിക്കുന്ന മെഗ്നീഷ്യത്തിന്റെ കലവറ സഹായിക്കുന്നു. അതുപോലെ മഞ്ഞളിലെ കുർകുമിനാണ് ഉറക്കത്തെ സഹായിക്കുന്നത്.
ഇതൊക്കെയായാലും രാത്രിയിൽ ശരിയായ രീതിയിലുള്ള ഉറക്കം ലഭിക്കാതെ ഭൂരിപക്ഷം മനുഷ്യരും വലയുന്നുണ്ട് എന്നത് നഗ്നമായ ഒരു ജീവിതസത്യമാണ്. ജീവിത പ്രാരാബ്ദങ്ങളും ടെൻഷനും ,നിയന്ത്രണാതീതമായചിന്തകളും, ദൈനംദിന പ്രശ്നങ്ങളും, ജീവിതസാഹചര്യങ്ങളും, പിറ്റേന്നത്തേക്കുള്ള കരുതലുകളും, ഒരുക്കങ്ങളും, അതിന്റെ ചിന്താശകലങ്ങളും, രോഗങ്ങളും നഷ്ടങ്ങളും, ദുഃഖങ്ങളും മറ്റു പ്രയാസങ്ങളും എല്ലാം നമ്മുടെ ദൈനംദിന ഉറക്കത്തെ ബാധിക്കുന്നുണ്ട്. എത്ര നിയന്ത്രിച്ചാലും രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട് പകലുകളെ കാത്തിരിക്കുന്നവരാണ് ഏറെയും. പണ്ട് കൊച്ചുകുട്ടി ആയിരിക്കുമ്പോൾ അമ്മമാർ താരാട്ട് പാടി ഉറക്കിയിരുന്നകാലം എപ്പോഴും ഓർമ്മകളിൽ മധുരം പകർന്ന് ഒപ്പമുണ്ടാകും.
ഇതൊക്കെയാണെങ്കിലും കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ യുവതലമുറയിലെ വിവാഹിതരായ ഒരുപാട് ഭാര്യാഭർത്താക്കന്മാർ ഇന്ന് സ്ലീപ് ഡിവോഴ്സ് വളരെ വിജയകരമായി സ്വീകരിച്ചു പോരുന്നു. ബന്ധങ്ങളുടെ വിള്ളലിന്റെ ഭാഗമായിട്ടല്ല അവരൊക്കെ ഇതിനെ നോക്കി കാണുന്നത് മറിച്ച്, മെച്ചപ്പെട്ട ഉറക്കത്തിനും ആരോഗ്യത്തിനും പ്രാധാന്യം നൽകിയാണ്. പങ്കാളിയുടെ കൂർക്കം വലി, ശാസോശ്വാസം മൊബൈൽ ഫോൺ ഉപയോഗം, പ്രൈവസി,ജോലി ഇതൊക്കെ ഇപ്പോഴത്തെ തലമുറ പരിഗണിക്കുമ്പോൾ, പങ്കാളികൾ ഒരുമിച്ചുറങ്ങുമ്പോൾ അതിന്റേതായ ഗുണങ്ങൾ ഉണ്ടെന്ന് വിദഗ്ധർ ഒപ്പം ചൂണ്ടിക്കാട്ടുന്നുമുണ്ട്. പങ്കാളിയുമായി കിടക്ക പങ്കിടുന്നത് ലവ് ഹോർമോൺ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ഉൽപാദനത്തിന് കാരണമാകും. ഇത് ഉൽക്കണ്ഠ, വിഷാദം, സമ്മർദ്ദം എന്നിവയുടെ അളവ് താഴ്ത്തുമെന്നും, ജീവിതത്തിലും ബന്ധത്തിലും സംതൃപ്തി നൽകുമെന്നും പറയുന്നു.
ഏതിനും എന്തും അവനവൻ്റെ സംതൃപ്തിക്കും ആരോഗ്യത്തിനും, നല്ല ഉറക്കത്തിനും നല്ല മാനസിക ആരോഗ്യത്തിനും, നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനും നല്ല ജീവിതം നയിക്കുന്നതിനും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ അവനവനു തന്നെ ഉള്ളതാണ്.
അതുകൊണ്ടുതന്നെ ശരീരത്തിന് മനസ്സിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവ ധർമ്മ പ്രക്രിയയാണ് ഉറക്കം എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്
“സംഭവാമി യുഗേ യുഗേ” എന്ന വാചകത്തോടെ..
വീണ്ടും അടുത്ത ആഴ്ച മറ്റൊരു വിഷയവുമായി കാണാം . നന്ദി, സ്നേഹം.
👍👍🌹
ഉറക്കത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന കുറിപ്പ് വളരെ ചിന്തനീയം