യുഎസിലെ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള ബീച്ചുകളിൽ ഒന്നായ ‘ ടൈബീയിൽ ഐലൻഡ്’ ലേക്കായിരുന്നു ഞങ്ങളുടെ അന്നത്തെ യാത്ര. യാത്ര എന്നു പറയുമ്പോൾ ആദ്യത്തെ പത്ത് – പതിനഞ്ച് മിനിറ്റ് കൂടെയുള്ളവരുടെ അനക്കമൊന്നുമുണ്ടാവില്ല. എവിടെ പോകണം , എങ്ങനെ പോകണം , കാഴ്ചകൾ എന്തൊക്കെ, അതിൻ്റെയെല്ലാം റേറ്റിംഗ് …… ആ നിര അങ്ങനെ നീണ്ടു കിടക്കുന്നു. ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാത്ത എനിക്ക് ഇതെല്ലാം വലിയൊരു തമാശയായിട്ടാണ് ആദ്യ കാഴ്ചയിൽ തോന്നിയിരുന്നത്. പ്രത്യേകിച്ച് കാലാവസ്ഥയെ കുറിച്ചുള്ള പ്രവചനത്തിന് അവർ കാണിക്കുന്ന പ്രാധാന്യം കാണുമ്പോൾ!
നോർത്ത് ബീച്ച്, സൗത്ത് ബീച്ച്, ബാക്ക് റിവർ, മിഡ്-ബീച്ച് …… ബീച്ചുകളുടെ ഒരു പരമ്പര ഇവിടെയുണ്ട്. ബീച്ചുകൾ എന്നു പറയുമ്പോൾ കാൽ നനയ്ക്കുന്നവരേയും കാൽ നനച്ച് – നനച്ച് ദേഹം മൊത്തം നനഞ്ഞു പോയ ചെറുതും വലുതുമായ ഒരു പറ്റം ആളുകളുടെ കൂട്ടത്തെയായിരിക്കും മനസ്സിലേക്ക് ഓടി വരുക അല്ലേ, പക്ഷെ ഇവിടെ കടൽപ്പുറത്ത് സൂര്യപ്രകാശം ഏറ്റ് കിടക്കുന്നവരേയാണ് അധികവും കണ്ടത്. അതിലും രസകരമായി തോന്നിയത് കടൽപ്പാലത്തിൽ നിന്ന് ചൂണ്ട ഇട്ട് മീൻ പിടിക്കുന്ന സന്ദർശകരെയാണ്.
ഓരോരുത്തരുടെ കൈയ്യിലും നാലഞ്ചു പലതരത്തിലുള്ള ചൂണ്ടകൾ, വലിയ ‘ഐസ് ബോക്സ്’ … ‘ ഫുൾ സെറ്റ്പ്പിൽ’ ആണ് എല്ലാവരും. കണ്ടാൽ നിസ്സാരമെന്നു തോന്നുമെങ്കിലും അതിൻ്റെ പുറകിലുള്ള ആ ‘ സ്കിൽ’ അപാരം എന്നു തന്നെ പറയാം.
ഡോൾഫിനെയും കടലാമയേയും കാണാൻ സാധിക്കുമെന്നാണ് കേട്ടതെങ്കിലും മീൻ കിട്ടുകയാണെങ്കിൽ ഞങ്ങൾക്കും ഒരു പങ്ക് തരണെ എന്ന മട്ടിൽ അവിടെയെല്ലാം ഓടി നടക്കുന്ന അവിടുത്തേതായ ചില പക്ഷികളെ കണ്ടു തൃപ്തിപ്പെടേണ്ടി വന്നു. എന്നാലും ആ കാഴ്ചകളും മോശമല്ല.
വിനോദത്തിനു മാത്രമല്ല രോഗശാന്തിക്കും പേരുകേട്ട സ്ഥലമാണിതെന്നാണ് പറയപ്പെടുന്നത്. കടൽക്കാറ്റ് ശ്വസന സംബന്ധമായ അസുഖങ്ങൾക്ക് പരിഹാരം തേടുന്നതിന് നല്ലതാണെന്നും ഒരു വിശ്വാസം അവർക്കിടയിലുണ്ട്. അതിനായിട്ടും നിരവധി സന്ദർശകർ ഇവിടെ വരാറുണ്ട്.
റോഡിലാണെങ്കിൽ സൈക്കിളിംഗ്, നടത്തമൊക്കെയായി ആകെയൊരു ‘ടൂറിസ്റ്റു മൂഡ് ‘ആണ് എവിടേയും. സൈക്കിൾ, ബൈക്ക് എല്ലാം വാടകയ്ക്ക് കിട്ടുന്നതാണ്. നമ്മുടെ ഗോവയിലെത്തിയ പോലെയാണ് എനിക്ക് തോന്നിയതെങ്കിലും വൃത്തിയുടെ കാര്യത്തിൽ ഒരു സാമ്യവുമില്ലെന്നാണ് കൂടെയുള്ളവർ. പക്ഷെ അവിടുത്തെ കടകളിലൂടെ ചുറ്റി കറങ്ങി നടന്നപ്പോൾ തുണികളുടെ ഷോപ്പിംഗിൻ്റെ കാര്യത്തിൽ ഗോവ തന്നെയാണ് ഭേദം എന്ന് മനസ്സിലോർത്തു.
രാജ്യത്തെ ഏറ്റവും പഴയ ലൈറ്റ്ഹൗസുകളിൽ ഒന്നായ ടൈബീ ഐലൻഡ് ലൈറ്റ് സ്റ്റേഷൻ, 1736 ൽ സ്ഥാപിച്ച ലൈറ്റ് ഹൗസിൽ അന്ന് പ്രകാശമില്ലായിരുന്നു എന്നതാണ് രസകരമായി തോന്നിയത് പകരം, അതിന്റെ മുകളിൽ ഒരു കൊടിമരമാണ് ഉണ്ടായിരുന്നത് അത്രേ! പിന്നീട് പല പ്രാവശ്യം പുനർ നിർമ്മാണം നടത്തിയിട്ടുള്ള ലൈറ്റ് ഹൗസ്, ടൈബീ ഐലൻഡ് ലൈറ്റ് സ്റ്റേഷൻ അമേരിക്കയിലെ ഏറ്റവും കേടുകൂടാത്ത ലൈറ്റ് സ്റ്റേഷനുകളിൽ ഒന്നാണ്. ഏകദേശം 285 വർഷത്തിലേറെയായി നാവികർക്ക് സവാന നദിയിലേക്ക് സുരക്ഷിതമായി പ്രവേശിക്കാനുള്ള വഴികാട്ടിയാണ്.
‘ കടലമ്മ കള്ളി ’ നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ? കുഞ്ഞുനാൾ മുതലുള്ള കടപ്പുറത്ത് പോയാലുള്ള ഒരു കളിയാണത്. മണലിൽ ‘കടലമ്മ കള്ളി’ എന്നെഴുതിയാൽ കടലമ്മക്ക് ദേഷ്യം വന്നിട്ട് തിരമാലയെ കൊണ്ട് വേഗം വന്ന് മായ്ച്ചു കളയും എന്നാണ്. എന്തായാലും എൻ്റെ ആ പരീക്ഷണവും ഇവിടെ വിജയിച്ചു. മണലിൽ എഴുതി ഒരു ഫോട്ടോ എടുക്കാൻ പോലും സമയം കിട്ടാതെ നമ്മുടെ അറ്റ്ലാൻ്റികിലെ തിരമാലകൾ മായ്ച്ചു കളഞ്ഞു. അവിടെയുള്ളവർക്ക് മലയാളം അറിയില്ലെങ്കിലും സമുദ്രത്തിന് കാര്യം പിടി കിട്ടി. അല്ലെങ്കിലും ഇന്ത്യയിലെ ശ്രേഷ്ഠ ഭാഷ പദവിയുള്ള മലയാളം നിസ്സാരക്കാരനല്ല എന്നു തോന്നിക്കാണും അല്ലേ!
പതിവു പോലെ അമേരിക്കയിലെ മറ്റൊരു മനോഹരമായ അവധിക്കാല ദിനം ആഘോഷിക്കാൻ പറ്റിയ സ്ഥലം എന്നു പറയാം.
Thanks




നല്ല വായന അനുഭവം
Thanks 🙏