Saturday, July 18, 2026
Homeഅമേരിക്കഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും ചിന്തകളും (12) ✍സതീഷ് കുമാർ താണിശ്ശേരി

ഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും ചിന്തകളും (12) ✍സതീഷ് കുമാർ താണിശ്ശേരി

നിങ്ങൾ ഒരിക്കലെങ്കിലും ഒരു പക്ഷിയുടെ ജഢശരീരം കണ്ടിട്ടുണ്ടോ?
വളർത്തു പക്ഷികളുടെയോ ,ഇലക്ട്രിക്‌ ലൈനിൽ കുടുങ്ങി മരിച്ചവയുടേയോ ഒഴിച്ച്‌, മരിച്ചുകിടക്കുന്ന ഒരു കിളി ശരീരം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?

നമുക്ക്‌ ചുറ്റിലുമുള്ള കിളികളുടെ എണ്ണവും അവയുടെ ആയുസ്സും വെച്ച്‌ നോക്കുമ്പോൾ ഓരോ നിമിഷത്തിലും ആയിരക്കണക്കിന്‌ കിളി മരണങ്ങൾ നടന്നു കൊണ്ടിരിക്കേണ്ടതാണ്‌.

എന്നിട്ടും എന്തുകൊണ്ടാണ്‌ അവയിൽ ഒന്നിന്റെ പോലും മൃതശരീരം നമ്മുടെ ശ്രദ്ധയിൽ പെടുന്നില്ലാത്തത്‌?

പ്രധാനമായും രണ്ട്‌ കാരണങ്ങളാലാണ്‌ അത്‌ സംഭവിക്കുന്നത്‌.
ആയുസ്സെത്തിയോ, അസുഖങ്ങൾ മൂലമോ പ്രകൃതിയിലെ മത്സരജീവിതം സാധ്യമാവാത്തവണ്ണം ക്ഷീണിതമാവുമ്പോൾ അവ ഇരപിടിയന്മാരുടെ ശ്രദ്ധയെത്താത്ത വിധം പൊന്തക്കാടുകളുടെ മറവുകളിലേക്ക്‌ ചേക്കേറുകയും മിക്കതും ആ ദുർബലമായ പ്രതിരോധത്തിന്റെ നിസ്സാരത കാരണം മരണമെത്തുന്നതിനു മുൻപേ തന്നെ മറ്റ്‌ ജീവികളുടെ ഭക്ഷണമാവുകയും ചെയ്യുന്നു.

ആയുസ്സൊടുങ്ങുന്ന ചുരുക്കം ചിലതാകട്ടെ, ഇത്തരം മറവുകളുടെ ഗൂഢതയിൽ ആകയാൽ നമ്മുടെ ശ്രദ്ധയിൽ പെടാതെയും പോകുന്നു.
പ്രകൃതിയാകട്ടെ ആ കുഞ്ഞ്‌ മൃതദേഹങ്ങളെ അതിദ്രുതം സംസ്കാരം ചെയ്ത്‌ ഭൂമിയിൽ നിന്ന് മായ്ച്ചു കളയുന്നു.

പൊതു ജീവിതത്തിൽ നിന്ന് ചില മനുഷ്യർ പിന്മാറിപ്പോകുന്നതും ഈ പക്ഷിമരണങ്ങൾക്ക്‌ സമാനമായ രീതിയിലാണ്‌….

പരാജയപ്പെട്ട മനുഷ്യർ , “ജീവിതം തനിക്ക്‌ അർഹമായതൊന്നും തിരിച്ചു തന്നില്ല” എന്ന് നിരാശരായ മനുഷ്യർ, വിഷാദത്തിന്റേയും നിരാശയയുടേയും പൊന്തക്കാടുകളിലേക്ക്‌ ഉൾവലിയുന്നു….

പൊതുജീവിതത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്ന് അവനവനിലേക്ക്‌ ഒതുങ്ങിപ്പോകുന്ന ഈ മനുഷ്യർ പക്ഷികളുടെ മൃതദേഹം പോലെ ആരുടേയും ശ്രദ്ധയാകർഷിക്കാതെ അനാഥരാകുന്നു….

എല്ലാവരും തിരക്കിലായ ഈ നവകാല ജീവിതത്തിൽ മുടന്തിപ്പോയവനെ ശ്രദ്ധിക്കാൻ അപരർക്ക്‌ നേരമെവിടെ‌?

ജീവിതപരാജയങ്ങൾ,വാർദ്ധക്യം,രോഗങ്ങൾ,അപകടങ്ങൾ ,അംഗപരിമിതികൾ എന്നിങ്ങനെ മനുഷ്യരെ പൊതു ജീവിതത്തിൽ നിന്ന് പിൻ വലിക്കുന്ന എത്രയെത്ര സാധ്യതകളാണ്‌ നമുക്ക്‌ പിന്നാലെ?

നോക്കൂ , ഒരു പക്ഷേ പുറത്തുള്ളവരേക്കാൾ അധികമുണ്ട്‌ പുറത്തിറങ്ങാൻ കഴിയാത്തവർ!

മാളുകളിൽ ,മൾട്ടിപ്ലക്സുകളിൽ,ഉത്സവപ്പറമ്പുകളിൽ ,ഉല്ലാസയാത്രകളിൽ ഒക്കെ തിളക്കുന്ന പുരുഷാരത്തേക്കാൾ എത്രയോ ഉണ്ടാവും ശാരീരിക മാനസിക പരാധീനതകളാൽ വീടുകളിലേക്ക്‌ ഒതുങ്ങിപ്പോയവർ!
ആരുടേയും ശ്രദ്ധ പതിയാത്ത,ആരാലും പരിഗണിക്കപ്പെടാത്ത,നിസ്സാര ജന്മങ്ങൾ!

ഇന്നലെ വരെ ഇവരൊക്കെ നമുക്കിടയിൽ സജീവമായി ഉണ്ടായിരുന്നവരാണ്‌.
കിളിക്കൊഞ്ചലുകളും തൂവലുകളുടെ വർണ്ണ വിസ്മയങ്ങളും കൊണ്ട്‌ നമ്മുടെ ശ്രദ്ധയിൽ നിറഞ്ഞു നിന്നിരുന്നവരാണ്‌…

ശാരീരികവും മാനസികവുമായ അവശതകളാൽ അവർ പൊതുധാരയിൽ നിന്ന് മാഞ്ഞുപോകുന്നു.
ഒരു പക്ഷിയുടെ മരണം പോലെ നിശബ്ദമായി , അടയാളങ്ങൾ അവശേഷിപ്പിക്കാതെ അവർ പൊതുധാരയിൽ നിന്ന് ഒഴിഞ്ഞു പോകുന്നു….

മനുഷ്യ ബന്ധങ്ങൾ മരിക്കുന്നതും പക്ഷികൾ മരിക്കും പോലെയാണ്‌.
അത്‌ പ്രണയമോ,സ്നേഹമോ സൗഹൃദമോ, സാഹോദര്യമോ ,എന്തിന്‌ വാത്സല്യം പോലുമോ മരിച്ചു പോകുന്നത്‌ പക്ഷികൾ മരിക്കും പോലെ അതി നിശബ്ദമായാണ്‌…

മരിച്ചു പോയി എത്രയോ നാളുകൾക്ക്‌ ശേഷമാണ്‌ അത്‌ മരിച്ചുപോയല്ലോ എന്ന് നമുക്ക്‌ മനസിലാവുക

ചില്ലറ അസ്വാസ്ഥ്യങ്ങൾ തൊട്ട്‌ അവസാന ശ്വാസം വരെയുള്ള ലക്ഷണങ്ങൾ അവ കാണിച്ചിട്ടുണ്ടാകും. പക്ഷേ, അവ നമ്മുടെ ശ്രദ്ധയിൽ പെടുകയില്ല.
ഇനി ഒരുയിർപ്പ്‌ സാധ്യമാകാത്ത വിധം അവ മരിച്ചു പോയിട്ടും ചിലപ്പോൾ നമ്മൾ അതറിയുകയില്ല.

ശ്രദ്ധയില്ലാത്ത ഒരുവന്റ്രെ കണ്ണുകൾക്ക്‌ തന്റെ രണ്ടുമീറ്റർ അകലത്തിലുള്ള പക്ഷിയുടെ മൃതദേഹം കാണാൻ കഴിയില്ല എന്നതിനോട്‌ സമാനമാണ്‌ ശ്രദ്ധയില്ലാത്ത ഒരു മനസിന്‌ നമ്മുടെ തൊട്ടടുത്ത്‌ നിന്ന് ഉൾവലിഞ്ഞ ഒരുവനെ കാണാനാകില്ല എന്നതും

അവർക്ക്‌ വേണ്ടത്‌ നമ്മുടെ സമയം മാത്രമാണ്‌ മറ്റുള്ളതെല്ലാം വിലകെട്ടു പോകുന്ന ഒരു സമയത്ത്‌ അവർക്ക്‌ വേണ്ടത്‌ നമ്മുടെ അൽപം സമയം മാത്രാണ് മരിച്ചു പോയതിന്‌ ശേഷം ഒരുവനെകുറിച്ച്‌ മഹാ പ്രബന്ധങ്ങൾ രചിച്ചിട്ട്‌ എന്തിനാണ്‌.

സതീഷ് കുമാർ താണിശ്ശേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com