Tuesday, July 14, 2026
Homeഅമേരിക്കവിനോദ് നായർ രചിച്ച " മിണ്ടാട്ടം" ✍പുസ്തക പരിചയം: കെ. ആർ. മോഹൻദാസ്

വിനോദ് നായർ രചിച്ച ” മിണ്ടാട്ടം” ✍പുസ്തക പരിചയം: കെ. ആർ. മോഹൻദാസ്

അമ്മയെ കളയുമ്പോൾ ശ്രദ്ധിേക്കേണ്ട കാര്യങ്ങൾ

ഉപേക്ഷിക്കാന്‍ മനസ്സ് വരാത്ത മയില്‍പ്പീലിയാണ് ഹൃദയം കവര്‍ന്ന ഓരോ പുസ്‌തകവും. വീണ്ടും വായിക്കണം, വായിച്ചു കഴിഞ്ഞാലും ഇടയ്ക്കിടെ മടങ്ങിയെത്തണം; എത്ര അകലേക്കു പോയാലും. എന്നും കൂടെയുണ്ടാകണം; സ്വന്തമായി വായനക്കാരന്‍റെ ഈ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന പുസ്‌തകമാണ് വിനോദ് നായരുടെ മിണ്ടാട്ടം.

കഴുകിത്തുടച്ച മഞ്ചാടിമണികൾ പോലെ വിനോദ് നായർ കാണിക്കുന്ന ലോകം നമ്മുടെയെല്ലാം മനസ്സിന്‍റെ സ്വന്തമാണ്. അതുകൊണ്ടല്ലേ, ഒരു വരിയിൽ നിന്ന് അടുത്ത വരിയിലേക്കു സഞ്ചരിക്കാൻ സമയമെടുക്കുന്നത്. പുസ്തകത്താളിൽ നിന്ന് ജീവിതത്തിലേക്കും തിരിച്ചും നിരന്തരം സഞ്ചരിക്കുന്നത്. കഥയോ കവിതയോ അനുഭവമോ എന്ന് അത്ഭുതപ്പെടുന്നത്. ഒരു വരി തന്നെ ഒരു ചിത്രമാണ്. ഒരു നിമിഷമോ മണിക്കുറോ ദിവസങ്ങൾ തന്നെയോ ആലോചിക്കാനും വീണ്ടും ഓർത്തെടുത്ത് മണക്കാനും മാത്രം മണമുള്ള കുടമുല്ലപ്പൂക്കൾ പോലെ.

42 കുറിപ്പുകളാണ് വായനയനക്കാരനോടു മിണ്ടാന്‍ വരുന്നത്. ചുരുക്കെഴുത്തിൻ്റെ കരവിരുതോടെ വിസ്മയിപ്പിക്കുന്ന രചനാപാടവം.

അമ്മയെപ്പറ്റിയായാലും ചേച്ചിയെക്കുറിച്ചായാലും അമ്പലപ്പറമ്പില്‍ അഭയം തേടിയ അനാഥനെക്കുറിച്ചായാലും വരയ്ക്കുന്നതെല്ലാം മിഴിവുള്ള ചിത്രങ്ങൾ..

വിഷുവിന് കൈനീട്ടം കൊടുക്കാൻ ഒരാളുമില്ലാതെ ഒരു പാവം കണിക്കൊന്ന നിൽപ്പുണ്ടായിരുന്നു എന്‍റെ അയൽവീട്ടിലെ പറമ്പിൽ എന്ന വരിയില്‍ നിന്ന് വ്യദ്ധയായ അമ്മയെ അമ്പലനടയില്‍ ഇപേക്ഷിക്കുന്ന പുതിയ കാലത്തിന്‍റെ നൊമ്പരക്ഷതങ്ങള്‍ വരെ മിണ്ടാന്‍ വരുന്നുണ്ട്.

ജീവിതം വിജയകരമാക്കാൻ വേണ്ട ടിപ്പുകൾ സുലഭമായി വിരൽത്തുമ്പിൽ വിടരുന്ന കാലമാണ് സമൂഹമാധ്യമകാലം. ശല്യമാകുന്ന പൂച്ചയെ കളയുന്നതു മുതൽ വൃദ്ധയായ അമ്മയെ എങ്ങനെ വിജയകരമായി ഉപേക്ഷിക്കാം എന്നു വരെ ഗൈഡൻസ് തരുന്ന ടിപ്പുകള്‍ ഇന്ന് സുലഭമാണ്.

ഗുരുവായൂരമ്പലനടയിലെ വഴിപാട് കൗണ്ടറിനു സമീപം വൃദ്ധയായ അമ്മയെ ഇരുത്തുക. ഇപ്പോൾ വരാമെന്നു പറഞ്ഞ ശേഷം മുങ്ങുക. ക്രൂരമായ ഒരു കറുത്ത ഫലിതം പോലെ അമ്മ.

വൃദ്ധമാതാവിനെ ഉപേക്ഷിക്കൽ എന്ന ലളിതമായ ടിപ്പ് വായിക്കുമ്പോൾ മന:സാക്ഷി മരിച്ചു പോയ സമൂഹത്തിൻ്റെ കാപട്യത്തിനും പൊങ്ങച്ചത്തിൻ്റെയും മുഖത്തിനുള്ള ഒരടി തന്നെയാണ്. തമാശയുടെ ആവരണമണിഞ്ഞ നീറുന്ന സത്യങ്ങളാണ് വിനോദ് ‘നായർ മിണ്ടാട്ടം എന്ന പുസ്തകത്തിലൂടെ പറയുന്നത്.

മനസ്സിൽ നന്മയുള്ളവർക്കേ കരയാൻ പറ്റു എന്നൊരു വരി മിണ്ടാട്ടത്തിന് അവതാരികയെഴുതിയ സത്യൻ അന്തിക്കാട് എഴുതിയിട്ടുണ്ട്. വായനയ്ക്കു ശേഷവും മനസ്സിൽ നിന്നും ഇറങ്ങിപ്പോകാൻ മടിക്കുന്ന കഥാപാത്രങ്ങള്‍ അരികിലെത്തുന്നു.

ജീവിതം തൊട്ടറിഞ്ഞ അനുഭവങ്ങളാണ് വിനോദ് നായർ മുന്നിൽ വയ്ക്കുന്നത്.
ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധി ശേഖരം തുറക്കാനുള്ള താക്കോൽക്കൂട്ടങ്ങളുണ്ട്, വിനോദ് നായരുടെ കണ്ണുകളില്‍. നേരും നന്മയുമുള്ള ആ ഭാഷയ്ക്കു കാഴ്ചയെ ഉൾക്കാഴ്ചയാക്കാനുള്ള വിരുതുമുണ്ട്. തീവ്രവേദനയിലും സൃഷ്ടിക്കപ്പെടുന്ന നർമത്തിന്‍റെ നൈർമല്യം കഥപറച്ചിൽ അനായാസമാക്കുന്നു. മുല്ലവള്ളിയെ അടുത്തുകാണാൻ അതു പടരുന്ന നാട്ടുമാവിൽ ഏണി ചാരുന്ന വിരുതോടെ, കഥാപാത്രങ്ങളുടെ ആത്മാവിലേക്കിറങ്ങുകയാണ് അദ്ദേഹം.

വായന കഴിഞ്ഞാലും ഈ ഓർമ്മശലഭങ്ങൾ നമ്മുടെ ഓർമ്മകളോടു മിണ്ടാട്ടം നിർത്തില്ല.

മിണ്ടാട്ടം : വിനോദ് നായർ
പ്രസാ: ഡി. സി ബുക്സ്

കെ. ആർ. മോഹൻദാസ്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com