Tuesday, June 17, 2025
Homeഅമേരിക്കസമ്മർ ഇൻ ബാലഭവൻ (ഓർമ്മക്കുറിപ്പുകൾ) ✍ ഉണ്ണിയാശ

സമ്മർ ഇൻ ബാലഭവൻ (ഓർമ്മക്കുറിപ്പുകൾ) ✍ ഉണ്ണിയാശ

ഉണ്ണിയാശ

എല്ലാ രക്ഷിതാക്കളെയും പോലെ എൻ്റെ മമ്മിക്കും അവധിക്കാലം ആധിക്കാലമായിരുന്നു. വീട്ടിലുള്ള പിരാനകൾ നിമിഷനേരം കൊണ്ട് പലഹാര പാത്രങ്ങൾ വെട്ടിനിരത്തുന്നത് നിസ്സഹായയായി നോക്കി നിൽക്കേണ്ടി വരിക മാത്രമല്ല, രണ്ടാളും തമ്മിലുള്ള ഗുസ്തി, കളരി, നാടൻ തല്ല് തുടങ്ങിയ കായിക മത്സരങ്ങൾക്ക് റഫറിയും പോലീസും ജഡ്ജിയും ആകേണ്ടി വരിക, ലാത്തിച്ചാർജിനു നേതൃത്വം കൊടുക്കുക തുടങ്ങിയ തലവേദന പിടിച്ച ഉത്തരവാദിത്തങ്ങളും കൂടുതലായുണ്ടായിരുന്നു അവധിക്കാലത്ത്.

അങ്ങനെ, ആറാം ക്ലാസിലെ അവധിക്കാലത്താണ് കോട്ടയത്ത് ജവഹർ ബാലഭവൻ & ചിൽഡ്രൻസ് ലൈബ്രറിയിൽ എത്തിപ്പെട്ടത്. കോട്ടയം പട്ടണത്തിനടുത്ത് തന്നെ ജനിച്ചു വളർന്നതിനാൽ മമ്മിയ്ക്ക് ഈ സ്ഥാപനങ്ങളെപ്പറ്റി അറിവും ഉണ്ടായിരുന്നു. സമ്മർ ക്യാമ്പുകളും പരിശീലനങ്ങളും ഒക്കെ എനിക്ക് പുതിയ അറിവും അനുഭവവും ആയിരുന്നു. ലൈബ്രറിയോടനുബന്ധിച്ച് പലവിധ സംഗീത ഉപകരണങ്ങളും നൃത്തവും സംഗീതവുമൊക്കെ അവധിക്കാലത്തും അതിനു ശേഷം ശനിയും ഞായറും ഒക്കെയായി ഇവിടെ പരിശീലിപ്പിച്ചിരുന്നു. മമ്മിയുടെ കൂട്ടുകാരി ലിസമ്മ (പേര് കൃത്യമായ് ഓർമ്മയില്ല) ആൻ്റി അവിടെത്തെ സ്റ്റാഫ് ആയിരുന്നു. കോട്ടയത്ത് തിരുനക്കര അമ്പലത്തിന് പിന്നിലായി യൂണിയൻ ക്ലബ്ബിന് അടുത്തായാണ് ബാലഭവൻ.

അങ്ങനെ ഞാനും അനിയൻ അനൂപും സമ്മർ ക്ലാസിലെത്തി. ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മുക്കാൽ മണിക്കൂറോളം യാത്രയുണ്ട്. രാവിലെ 8. 10 (എന്നാണോർമ്മ) നുള്ള വളഞ്ഞാറ്റിൽ ബസ്സിൽ കയറി തിരുനക്കര സ്‌റ്റാൻഡിൽ ഇറങ്ങി നടന്ന് ബാലഭവനിൽ എത്തും. നടന്നു പോകുന്ന വഴിയിൽ എപ്പോഴും കൗതുകത്തോടെ നോക്കുന്ന ചില കടകൾ ഉണ്ടായിരുന്നു. ബസ്സിറങ്ങിയാലുടൻ കാണുന്നത് A-One ലേഡീസ് സ്‌റ്റോർ. അതിനു വെളിയിൽ തൂക്കിയിട്ടിരിക്കുന്ന വിവിധങ്ങളാം കളിപ്പാട്ടങ്ങളായിരുന്നു ആകർഷണം. അതിനടുത്തുള്ള ആനന്ദ മന്ദിരം ഹോട്ടലിൽ നിന്നുയരുന്ന മസാല ദോശയുടെയും കാപ്പിയുടെയും മണം, അതിനടുത്ത പൂക്കടയിലെ മുല്ലപ്പൂവിൻ്റെയും ജമന്തിപ്പൂവിൻ്റെയും മണവും മാലകളിലും ബൊക്കെകളിലും തളിക്കുന്ന പനിനീർ, സെൻ്റ് ഇവയുടെ സുഗന്ധവും ഒക്കെ ആസ്വദിച്ച്, ആവാഹിച്ച് നടന്ന് സിത്താര മ്യൂസിക്കൽസിൻ്റെ അടുത്തെത്തുമ്പോൾ നടത്തം വീണ്ടും മന്ദഗതിയിലാകും അവിടുത്തെ വാദ്യോപകരണങ്ങൾക്ക് എന്തോ ഒരു ആകർഷണീയത ഉണ്ടായിരുന്നു. അനിയൻ തബലയും ട്രിപ്പിളും ഞാൻ ഭരതനാട്യം, വീണ, ഗിറ്റാർ ഇതിനൊക്കെയും ചേർന്നു. ഭരതനാട്യം കലാമണ്ഡലം ദേവകി അന്തർജനം, ഗിറ്റാർ സാം സാർ, വീണ മറ്റൊരു ടീച്ചർ ഇവരൊക്കെയായിരുന്നു ഗുരുക്കന്മാർ. പഠനം തുടങ്ങി. കാര്യങ്ങൾ എളുപ്പമല്ലാന്ന് വേഗം തന്നെ മനസിലായി .🤭🥴 രാവിലെ തന്നെയാണ് ഭരതനാട്യം ക്ലാസ്. പതാക ,തൃപ്പതാക… മുദ്രകൾ, ഒക്കെ വേഗം ഹൃദിസ്ഥമാക്കി. നാടോടിനൃത്തം നേരത്തെ പഠിച്ചിരുന്നതിനാൽ ഒരു പ്രത്യേക താൽപര്യത്തോടെ തന്നെയാണ് ഭരതനാട്യത്തിനും ചേർന്നത്. പക്ഷേ കുറച്ചു കാലത്തെ ഇടവേള നൃത്തത്തിൽ നിന്ന് ചെറുതായകറ്റിയെങ്കിലും ഭക്ഷണത്തോട് കൂടുതൽ അടുപ്പിച്ചു. തൽഫലമായി ശരീരം ഭക്ഷണത്തെ മുഴുവനായും നല്ല മനസോടെ ഉൾക്കൊണ്ടു.
ഫലം..അരമണ്ഡലം, മുഴുമണ്ഡലം ഇവ മുഴുമിപ്പിക്കാതെ “സമ”ത്തിൽ നിലയുറപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ദേവകി ടീച്ചർ ഇതിനോട് ഒരു തരത്തിലും സഹകരിച്ചില്ല. മാത്രമല്ല, എൻ്റെ തീരുമാനം പുന:പരിശോധിപ്പിച്ച് എന്നെക്കൊണ്ട് അരമണ്ഡലം എന്ന അവസ്ഥ ഒപ്പിച്ചു.🙏
അങ്ങനെ ആ കടമ്പ കടന്നു. അങ്ങനെ പയ്യെപ്പയ്യെ ഞാൻ ശരീരത്തെ വഴക്കിയെടുത്ത്, നൃത്തത്തിലേക്കടുപ്പിച്ചു. പഠിപ്പിക്കുന്ന പാഠങ്ങൾ അതേപോലെ പഠിച്ച് ഗിറ്റാറിൽ അത്യാവശ്യം കൊട്ടാറായി. നിത്യ വിശുദ്ധയാം കന്യാമറിയമേ., ആലിപ്പഴം പെറുക്കാം., ജിങ്കിൾ ബെൽ ഈ പാട്ടുകൾ ഒക്കെ വളരെ പെട്ടന്ന് പഠിച്ചു. ഇതിനിടയ്ക്ക് ഒരു ഗിറ്റാറും സ്വന്തമായി.എല്ലാം പഠിച്ചു കഴിഞ്ഞു, ഇനി സർവ്വജ്ഞപീഠം ഇതായിരുന്നു പിന്നീട് എൻ്റെ ചിന്ത. അക്കാലത്തെ പ്രമുഖ ഹാർഡ് റോക്ക് ബാൻഡായ 13 AD യിൽ ചേരാം എന്നൊക്കെ എൻ്റെ ചിന്തകളിൽ ഞാൻ തള്ളി മറിച്ചു. വീണയിലും വരിശകൾ പെട്ടന്ന് കൈയിലായി. അവിടെയും ജയന്തി കുമരേശിനൊരു വെല്ലുവിളിയായി.(സ്വപ്നം).

പക്ഷേ എങ്ങനെ ലൈബ്രറിയിൽ നിന്ന് ബുക്ക് എടുത്ത് വായിക്കാം എന്നതിനെപ്പറ്റി മാത്രം ഒരു പിടീം കിട്ടിയില്ല. സർക്കുലേഷൻ കൗണ്ടറിൽ തൂങ്ങിനിന്ന് ഒരു ബുക്ക് വായിക്കാൻ തരാവോന്ന് ചോദിച്ചത് നല്ല ഓർമ്മയുണ്ട്. നിരന്തര അപേക്ഷയ്ക്കവസാനം പൊട്ടിപ്പൊളിഞ്ഞ ഒരു പുസ്തകം കൈയിൻ വച്ചു തന്ന ഓർമ്മയും. എന്നാണ് തിരിച്ചു തരേണ്ടതെന്ന എൻ്റെ ചോദ്യത്തിന് ഉത്തരം, തിരിച്ചുതരേണ്ട എന്നായിരുന്നു.( weed out book ആയിരിക്കാം എനിക്ക് തന്നതെന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു). മധ്യവേനൽ അവധിക്ക് ഒത്തുകൂടുന്ന കുട്ടികൾക്ക് ലൈബ്രറി പരിചയപ്പെടുത്തി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നതൊക്കെ പറഞ്ഞു കൊടുക്കുന്ന സമ്പ്രദായങ്ങൾ 🤔അന്നുണ്ടായിരുന്നില്ലേ ആവോ? ഇപ്പോൾ എന്താണാവോ അവസ്ഥ 😏. അന്ന് അവിടെ പഠിക്കാൻ വന്നവരിൽ പ്രമുഖനായിരുന്നു ഉണ്ട പ്രകു എന്ന അജയ് കുമാർ. വേഗം അവധി കഴിഞ്ഞെങ്കിലും . പഠനങ്ങൾ തുടർന്നു. പക്ഷേ പട്ടണത്തിലേക്കുള്ള ദൂരക്കൂടുതൽ പഠനങ്ങൾക്ക് തിരശീല വീഴ്ത്തി. കൂട്ടുകാരെയൊന്നും കിട്ടിയില്ലങ്കിലും പ്രഗത്ഭരായ ഗുരുക്കന്മാരെ കിട്ടിയ ചാരിതാർത്ഥ്യം. മധ്യവേനൽ അവധീന്ന് കേൾക്കുമ്പോൾ ബാലഭവനിലെ വാദ്യോപകരണങ്ങളുടെ ശബ്ദത്തിനിടയിലും ഓടിക്കളിക്കുന്ന കുട്ടികളെയാണ് ഓർമ്മ വരിക. കൂട്ടത്തിൽ ലൈബ്രറിയുടെ സർക്കുലേഷൻ കൗണ്ടറിൽ തൂങ്ങി നിന്ന് ബുക്ക് ചോദിക്കുന്ന ഉണ്ണിയാശയേയും…

(എഴുപതുകളിലും ഊർജസ്വലയായി നൃത്തം ചെയ്യുന്ന ദേവകി ടീച്ചറെ ഈയിടെ വാർത്തകളിൽ കണ്ടപ്പോൾ ഓർമകൾക്ക് ആഹ്ലാദത്തിളക്കം…)

ഉണ്ണിയാശ✍

RELATED ARTICLES

8 COMMENTS

  1. ഉണ്ണിയാശയുടെ “സമ്മർ ഇൻ ബാലഭവൻ” ഒരു നോസ്റ്റാൾജിയയുടെ സംഗീതമാണ്. കോട്ടയം ബാലഭവൻ്റെ വേനൽക്കാല ക്ലാസുകളിലൂടെയുള്ള യാത്ര, നൃത്ത-സംഗീത പാഠങ്ങളുടെ ചിരിയും ഓർമ്മകളും, ലൈബ്രറിയിലെ പുസ്തകത്തിനായുള്ള ആഗ്രഹവും ഒക്കെ ഹൃദയസ്പർശിയായി ആഷ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. ദേവകി ടീച്ചർ, സാം സാർ തുടങ്ങിയ ഗുരുക്കന്മാരുടെ സ്വാധീനവും ബാല്യത്തിന്റെ സ്വപ്നങ്ങളും വർത്തമാനത്തിലേക്കുള്ള സേതുബന്ധവും ഒക്കെ ഈ ഓർമ്മക്കുറിപ്പിന് ആഴം നൽകുന്നു. ഭാഷയുടെ ലാളിത്യവും ഹാസ്യവും കൂട്ടിച്ചേർത്ത് എഴുതിയ ഈ രചന, വായനക്കാരനെ കേരളത്തിലെ തൻ്റെ പഴയ ബാല്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു. ബസ് സ്റ്റോപ്പിലെ മസാല ദോശയുടെ മണം, പൂക്കടയിലെ മുല്ലയുടെ സൗരഭ്യം, സിത്താര മ്യൂസിക്കൽസിലെ വാദ്യങ്ങളുടെ മിഴിവുകൾ എന്നിവ യാഥാർത്ഥ്യത്തിന്റെ നേർചിതങ്ങൾ ആയി മാറുന്നു.

  2. സന്തോഷം നിഷാദ്. വായനയ്ക്കും , പ്രോത്സാഹനത്തിനും. സ്നേഹം😍🙏

  3. ദോശയുടെയും കാപ്പിയുടെയും മുല്ലപ്പൂവിന്റെയും സുഗന്ധം നിറഞ്ഞ എഴുത്ത് വളരെ മനോഹരം..
    ഓരോ വായനക്കാരനും കുട്ടിക്കാലത്തേക്ക് എത്തിപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. എഴുത്ത്

  4. അവധിക്കാലത്തിൻ്റെ ഓർമകൾ ഓരോരുത്തർക്കും വ്യത്യസ്തങ്ങളാണ്. അത്തരം ഒരു അനുഭവക്കുറിപ്പ് നന്നായിട്ടുണ്ട്.

  5. നർമ്മത്തിൽ പണ്ടേ മിടുക്കി. സകലകലാ വല്ലഭ, ഒന്നും മറന്നുപോകാതെ എല്ലാം ഓർത്തിരിക്കുന്നല്ലോ. ഇനിയും ഇതുപോലെ നർമ്മത്തിൽ ചാലിച്ചെഴുതിയ ഓർമ്മകുറിപ്പുകൾ പ്രതീക്ഷിക്കുന്നു ❤️❤️.

  6. ഒരിക്കൽ കൂടി പഴയ തിരുനക്കര ടൗണിലൂടെ നടത്തി ബാലഭവനിൽ എത്തിച്ചലലോടാ ഉണ്ണി ആശേ. ഗംഭീരം. ഓർത്തു ചിരിക്കാനും ഏറെ

  7. ഉണ്ണിയാശ ആളു കൊള്ളാലോ…😄 സൂപ്പറാകുന്നുണ്ട് എഴുത്ത്. മേമ്പൊടിക്ക് നർമ്മവും കൂടിയാകുമ്പോൾ വായനയ്ക്ക് ജോർ…. അഭിനന്ദനങ്ങൾ…👏👏

  8. ഉണ്ണിയാശ ആളു കൊള്ളാലോ…😄 സൂപ്പറാകുന്നുണ്ട് എഴുത്ത്. മേമ്പൊടിക്ക് നർമ്മവും കൂടിയാകുമ്പോൾ വായനയ്ക്ക്… സൂപ്പർ അഭിനന്ദനങ്ങൾ…👏👏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ