ഞാൻ നാലാം ക്ലാസിലൊ മറ്റോ പഠിക്കുമ്പോഴാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നത്. ആ ഞെട്ടിക്കുന്ന വാർത്ത റേഡിയോയിലൂടെയാണ് ഞങ്ങൾ കേട്ടറിഞ്ഞത്. വാർത്ത നാടാകെ പെട്ടന്ന് പരന്നു. നാട്ടു വഴികളിലൊക്കെ ചെറിയ ചെറിയ ആൾക്കുട്ടങ്ങളായി. വിവരങ്ങൾ അറിയാനുള്ള ഒരേ ഒരു മാർഗം ആകാശവാണി വാർത്തകളാണ്. മരണം വാർത്തയായി പത്രങ്ങളിൽ വരാൻ പിറ്റേന്നാവണം. എല്ലാവരിലും ഒരു ഞെട്ടലുണ്ടാക്കിയ വാർത്ത തന്നെയായിരുന്നല്ലോ അത്. ഇന്ത്യയെ നടുക്കിയ രാഷ്ട്രീയ കൊലപാതകവും അതിനെ തുടർന്നുണ്ടായ വംശീയ കലാപങ്ങളും അക്രമ സംഭവങ്ങളും ഒക്കെ റേഡിയോ വാർത്തകളായി ജനങ്ങളിൽ എത്തിക്കൊണ്ടേ ഇരുന്നു.
ഇന്ദിരാജിയുടെ ശവസംസ്ക്കാരം നടന്ന ദിവസം ഒരു അനുശോചനജാഥ നടന്നിരുന്നു. എവിടെ നിന്നു തുടങ്ങി എന്നറിയില്ല വെട്ടിക്കലുങ്കിൽ നിന്നോ ആശുപത്രിപ്പടിക്കൽ നിന്നോ ആവണം. ഉണ്ണാമറ്റം വഴിയാണ് ജാഥ കടന്നുപോയിരുന്നത്. ഞാലിയാകുഴിയിൽ സമാപനം. ഇന്ന് ബസ് സ്റ്റാൻ്റ് ഇരിക്കുന്ന സ്ഥലം, പണ്ട് നാടൻ പന്തുകളി ഒക്കെ നടന്നിരുന്ന വലിയ മൈതാനമായിരന്നു. അവിടെയായിരുന്നു പല പൊതുയോഗങ്ങളും നടന്നിരുന്നത്. മൗന ജാഥയുടെ സമാപനവും അവിടെ ആയിരുന്നു.
അക്കാലത്ത് മണിക്കണ്o പുരത്ത് ബാലജനസഖ്യത്തിൻ്റെ ഒരു ശാഖ മിഥില ബാലജനസഖ്യം എന്ന പേരിൽ പ്രവർത്തിച്ചിരുന്നു. ഞങ്ങൾ, അനിയൻ കുഞ്ഞു ചേട്ടൻ എന്നു വിളിച്ചിരുന്ന SG വാര്യർ ആയിരുന്നു മുഖ്യ രക്ഷാധികാരി. സത്യം പറഞ്ഞാൽ എൻ്റെ കലാപരമായ എല്ലാ കഴിവുകളും തെളിയിക്കാൻ അവസരം ലഭിച്ചത് ഈ ബാലജനസഖ്യത്തിലൂടെയാണ്. മിമിക്രി മോണോആക്റ്റ്, നാടോടിനൃത്തം, പ്രസംഗം, ലളിത ഗാനം എന്നു വേണ്ട സകലതിനും സ്റ്റേജിൽ കയറിയിരുന്ന ബാല്യം. ദോഷം പറയരുതല്ലോ സമ്മാനങ്ങളും ധാരാളം കിട്ടിയിരുന്നു.
ബാലജനസഖ്യത്തിലെ ആരോ പറഞ്ഞാണ് ഇന്ദിരാജി അനുസ്മരണ സമ്മേളനത്തെക്കുറിച്ചും മൗനജാഥയെക്കുറിച്ചും ഞാനറിഞ്ഞത്. എല്ലാവരും നിർബന്ധമായും പോകണമെന്ന് എവിടെ നിന്നോ ആരോ പറയുന്നതു കേട്ടു. ഇതിനിടയ്ക്ക് മറ്റാരോ പറഞ്ഞു ഇന്ദിരാ ഗാന്ധിയായി കുട്ടികൾക്ക് വേഷം കെട്ടി ജാഥയിൽ പങ്കെടുക്കാമെന്ന്. കേട്ടപാതി കേൾക്കാത്ത പാതി ആശമോൾ ചാടിയിറങ്ങി. വെള്ളസാരി രുദ്രാക്ഷമാല ഒക്കെ സംഘടിപ്പിച്ചു. അത്യാവശ്യം നീട്ടിവളർത്തിയ മുടി ആയിരുന്നു പ്രധാന പ്രശ്നം. ഇന്ദിരാ ഗാന്ധി തലയിലൂടെ സാരി മൂടിയാണ് നടക്കാറ് എന്ന അറിവ് അതിനൊരു പരിഹാരമുണ്ടാക്കി.. വേഷം മാറൽ എവിടെ എങ്ങനെ ഒന്നും അറിയില്ല. വേഷത്തിൻ്റെ പൂർണ്ണതയ്ക്ക് പല ഇന്ദിരാജിചിത്രങ്ങളും നോക്കി മനസിലാക്കി. ലിപ്സ്റ്റിക്ക് ഇടാറുണ്ട് ഇന്ദിരാജി. കൊള്ളാം നാട്ടിൻപുറത്തുകാരിയായ എനിക്ക് ലിപ്സ്റ്റിക് ഇട്ട് ഇംഗ്ലീഷ് സംസാരിക്കുന്ന സുന്ദരിയായ ഇന്ദിരാജിയെ വല്യ ഇഷ്ടവും ആയിരുന്നു.
മൗനജാഥ എവിടെ എങ്ങനെ എപ്പോൾ എന്നൊന്നും അറിയാതെ കയ്യിൽ കിട്ടിയ മേക്കപ്പ് സാധനങ്ങളും സാരിയും രുദ്രാക്ഷമാലയും ഒക്കെ ഒരു ശീമാട്ടിക്കവറിലാക്കി, ഇന്ദിരാ ജിയാവാൻ ഞാൻ നേരെ ഉണ്ണാമറ്റം കവലയിലെത്തി.
ജാഥ അവിടെ എത്തിയിട്ടില്ല. കുറച്ചു നേരത്തിന് ശേഷം അനുശോചന യോഗത്തിൻ്റെയും മൗന ജാഥയുടെയും അറിയിപ്പുമായി ഒരു ജീപ്പ് കടന്നുപോയി പിന്നാലെ കുറെ ആളുകൾ നടന്നു വരുന്നു. ഒച്ചയും അനക്കവും ഒന്നും ഇല്ല. (ആദ്യമായാണ് മൗന ജാഥ കാണുന്നത്. അർത്ഥവും അവസരവും ഒന്നും അറിയാനുള്ള പ്രായവുമായില്ലായിരുന്നു.) എല്ലാവരുടെയും ഷർട്ടിൽ ഇന്ദിരാജിയുടെ ഒരു ചെറിയ ഫോട്ടോയും കറുത്ത തുണിക്കഷണവും കുത്തിവച്ചിട്ടുണ്ട്. അളുകൾ നടന്നുനീങ്ങുന്നു. വിനോ വാഴക്കൻ എന്ന പേര് ബാലജനസഖ്യവുമായ് ബന്ധപ്പെട്ട് ഒത്തിരി കേട്ടിട്ടുണ്ടായിരുന്നു.. പ്രസംഗവും കേട്ടിട്ടുണ്ട്. മുൻനിരയിൽ ബാഡ്ജ് ഒക്കെ ധരിച്ച് അദ്ദേഹമാണെന്ന് തോന്നുന്നു. പരിചിത മുഖം. നാട്ടുകാരായ മിക്ക ആളുകളും ജാഥയിൽ ഉണ്ട്. ഞാൻ നോക്കിയത് മുഴുവൻ ഇന്ദിരാ ജിയായി വേഷം കെട്ടിയ ആരെങ്കിലും ഉണ്ടോ എന്നതായിരുന്നു. ആരേയും കണ്ടില്ല.
പിന്നീട് വീട്ടിലുണ്ടായ ചോദ്യം ചെയ്യലിൽ ഇന്ദിരാജി വേഷത്തിൻ്റെ കാര്യം ആരു പറഞ്ഞിട്ടാണ് എന്ന് പലകുറി ആവർത്തിച്ചു ചോദിച്ച അപ്പച്ചിയോട് ഞാൻ പറഞ്ഞത് എല്ലാവരും വേഷം കെട്ടി വരണമെന്ന് ബാലജനസഖ്യത്തിൽ പറഞ്ഞിരുന്നു എന്നായിരുന്നു. എൻ്റെ ഭാഗ്യത്തിന് ആരും അവിടെ ചോദിക്കാൻ ചെന്നതുമില്ല.
ഇങ്ങനെ ചെണ്ടപ്പുറത്ത് കോലുവയ്ക്കുന്ന ഇടങ്ങളിൽ സ്ഥിരം സാന്നിധ്യമറിയിക്കാറുള്ളതിനാൽ വീട്ടുകാർ വല്യ മൈൻഡും തന്നില്ല.
ജാഥ പോകുന്നതും നോക്കി എലവക്കോട്ട് കലുങ്കേൽ ചാരി ഞാൻ നിന്നു. ശീമാട്ടിക്ക വറിനുള്ളിലെ എൻ്റെ ഇന്ദിരാജിവേഷം നെടുവീർപ്പിട്ടു. ജാഥയിൽ ഇന്ദിരാജിയുടെ വേഷത്തിൽ ആരെയും കാണാതിരുന്നത് എനിക്ക് ചെറുതല്ലാത്ത നിരാശയാണ് തന്നത്. കാരണം ഞാൻ കണ്ട ആദ്യത്ത സുന്ദരിയായ വനിത നേതാവായിരുന്നു ഇന്ദിരാജി. സാരിയും ശരീരഭാഷയും ഗാംഭീര്യവും ശബ്ദവും എന്നുവേണ്ട ചെറിയ കുട്ടിയായ എന്നിൽ ഒരു നേതാവിനോടു ആദരവും ആരാധനയും തോന്നിപ്പിക്കാനുള്ള എല്ലാ യോഗ്യതകളും ഉള്ള ആളായിരുന്നു അവർ.
ഒക്ടോബർ 31 ന് എല്ലാവരും ഇന്ദിരാജി അനുസ്മരണം നടത്തുമ്പോൾ
ഇന്ദിരാജിയുടെ വേഷം എന്ന മോഹഭംഗത്തോടെ കലുങ്കിൽ ചാരി ശീമാട്ടിക്കവറുമായി , അടുത്തതെന്ത് എന്ന ആലോചനയുമായി നിൽക്കുന്ന ആശമോളേക്കൂടി ഞാൻ ഓർക്കാറുണ്ട്.
നല്ല ഓർമ്മകൾ
ഓർമ്മക്കുറിപ്പ് ഇഷ്ടം❤️
😀😀
A interesting read 📚 Asha…looking forward to many more.
ശീമാട്ടി കവറിലെ ഇന്ദിരാജി വേഷം സൂപ്പറായി….
നല്ല ഓർമ്മക്കുറിപ്പ്
അടിപൊളി ഓർമ്മകൾ… 👍👏❤️
നല്ല അവതരണം