തന്റെ ഏക സമ്പാദ്യമായ പുസ്തകങ്ങൾ ഓരോ വിഭാഗങ്ങളായി തരംതിരിച്ച് ആശ്രമം വക സ്കൂൾ ലൈബ്രറിയിലേക്ക് നൽകാനായി ഒരുക്കിവെച്ചു. ആ കുടുസ്സുമുറിയിലാകെ ഒന്നുകൂടി കണ്ണോടിച്ചു. രണ്ട് കാവിസാരികളും പിന്നെ ഈ പുസ്തകങ്ങളുമാണ് ആകെയുള്ളത്. അല്ലെങ്കിലും എന്നാണ് തനിക്ക് മാത്രമായി എന്തെങ്കിലും ഉണ്ടായിരുന്നത്?
ഒരു അവധൂതികയായി ജീവിക്കാൻ തുടങ്ങിയിട്ട് ഏഴെട്ടു വർഷത്തോളമായി. ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷേ, ആ കണ്ടുമുട്ടൽ സംഭവിച്ചില്ലായിരുന്നെങ്കിൽ ശിഷ്ടകാലം ഇവിടെത്തന്നെ കഴിച്ചുകൂട്ടിയേനെ.
അലമാരയിൽ ബാക്കിയായ രണ്ട് പുസ്തകങ്ങൾ കൂടി പൊടിതട്ടിയെടുത്ത് കാർട്ടണിലേക്ക് വെച്ച് കവർ ചെയ്തു. ബെഡ്ഷീറ്റും പുതപ്പും ലോൻഡ്രി ബാഗിൽ നിക്ഷേപിച്ചു. മുറി ഒന്ന് അടിച്ചുവാരി, ഇനിയൊന്നും ബാക്കിയില്ലെന്ന് ഉറപ്പുവരുത്തി സ്വാമിനി നർമ്മദാതീർത്ഥയെന്ന യമുനാറാണി കസേരയിൽ വന്നിരുന്നു.
ആദ്യമത് സാറിന്റെ നാവിൽനിന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല. സത്യമോ മിഥ്യയോ എന്നറിയാതെ അൽപ്പനേരം സ്തംഭിച്ചുപോയി. ഒരിക്കലുമുണ്ടാകില്ല എന്നറിഞ്ഞിട്ടും ഒരു ജന്മം മുഴുവൻ ആ ക്ഷണത്തിനായി കാത്തിരിക്കുമായിരുന്നു. ഒടുവിൽ വൈകിയാണെങ്കിലും ആ വിളി വന്നു. പിന്നീടുള്ള ദിവസങ്ങൾക്ക് പതിവിലേറെ ഭംഗിയും ചാരുതയും തോന്നി; മനസ്സ് വല്ലാതെ തരളിതമായി.
വിവരമറിയിച്ചപ്പോൾ അമ്മ പറഞ്ഞു: “നന്നായി കുട്ടീ, ഏത് തീരുമാനമെടുത്താലും അതിൽ മനശ്ചാഞ്ചല്യമില്ലാതെ ഉറച്ചുനിൽക്കുക.”
ഒട്ടും ചാഞ്ചല്യമില്ലാത്ത ഒന്നായിരുന്നു ശേഖർ സാറിനോടുള്ള പ്രണയം. ജീവിതത്തെ വരിഞ്ഞുമുറുക്കിയ കർത്തവ്യങ്ങളുടെ ഇരുമ്പുപാശങ്ങളെ ഭേദിക്കാനാവാതെ, ആത്മനിന്ദയിൽ നീറിനീറി അദ്ദേഹത്തിന്റെ വിവാഹത്തിൽ സംബന്ധിക്കാനായിരുന്നു അന്ന് നിയോഗം. പിന്നീടങ്ങോട്ട് നിസംഗതയുടെ മൂടുപടത്തിനുള്ളിൽ ഒതുങ്ങിക്കൂടി. ഇടയിൽ സഹയാത്രികനായി വന്നയാൾ ജീവിതത്തെ അമ്പേ തകർത്തുകളഞ്ഞപ്പോൾ ഒളിച്ചോട്ടം അനിവാര്യമായി.
എല്ലാമുപേക്ഷിച്ചുള്ള ആ യാത്രയിൽ, ട്രെയിനിൽ വെച്ച് കണ്ടുമുട്ടിയ മാ ആനന്ദമയി ആശ്രമത്തിലെ അമ്മയുടെ മുന്നിൽ തന്റെ ജീവിതം അനാവൃതമാക്കുമ്പോൾ വല്ലാത്തൊരു സ്വാസ്ഥ്യം അനുഭവിച്ചിരുന്നു. ഒരു പുനർജ്ജനി പോലെ! പഴയ ജീവിതപാപങ്ങളെല്ലാം കഴുകി മനസ്സമാധാനത്തോടെ ജീവിക്കുന്നതിനിടയിലാണ് കഴിഞ്ഞ വർഷത്തെ ആ കണ്ടുമുട്ടൽ വീണ്ടും ഒരു വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്.
വാതിലിൽ മുട്ടുകേട്ടു. “വന്നോളൂ.”
ചാരിയിട്ടിരുന്ന വാതിൽ തുറന്ന് സ്കൂൾ ലൈബ്രേറിയൻ തക്ഷശിലയും ശാന്തിതീർഥയും കടന്നുവന്നു.
“മാതാജീ, ഞങ്ങൾ പുസ്തകങ്ങൾ കൊണ്ടുപോകാൻ വന്നതാണ്.”
തക്ഷശില പറഞ്ഞപ്പോൾ കാർട്ടനുകളിൽ അടുക്കിവെച്ച പുസ്തകങ്ങൾ കാട്ടിക്കൊടുത്തു. അവളത് ഉയർത്തി നോക്കി.
“ഇത് നമുക്ക് തനിയെ കൊണ്ടുപോകാൻ പറ്റില്ല ശാന്തീ, കൃഷ്ണമൂർത്തിയെക്കൂടി വിളിക്കാം. മാതാജി എപ്പോഴാണ് പോകുന്നത്?”
“ഉടനിറങ്ങും. നിങ്ങളിത് എപ്പോൾ വേണമെങ്കിലും വന്നുകൊണ്ടുപോയ്ക്കോ.”
“എങ്കിൽ ഞങ്ങൾ അയാളെക്കൂട്ടി വരാം.” അവർ പോയിക്കഴിഞ്ഞപ്പോൾ ഒരുക്കിവെച്ചിരുന്ന ചെറിയ ബാഗ് തോളിലിട്ടു. അതിനുള്ളിൽ പാസ്‌പോർട്ടും സർട്ടിഫിക്കേറ്റുകളും ചെറിയൊരു ലാപ്ടോപ്പും മാത്രമാണുണ്ടായിരുന്നത്.
അമ്മയെ ചെന്ന് വണങ്ങി.
“കുട്ടീ, ഇത് നിന്റെ നിയോഗമാണ്. പോകുക, സന്തോഷമായി ജീവിക്കുക.” നിറഞ്ഞ മനസ്സോടെ അവർ യാത്രയാക്കി. ആ കാൽ തൊട്ടു വന്ദിച്ച് പുറത്തിറങ്ങി.
ആശ്രമത്തിലെ പൂന്തോട്ടത്തിൽ വിവിധ ജോലികളിലായിരുന്ന തപസ്വിനികളോട് യാത്രപറഞ്ഞ് ഗേറ്റു കടന്നു. ഒന്ന് തിരിഞ്ഞുനോക്കി. വർഷങ്ങളോളം ആരുമറിയാതെ തന്നെ ചേർത്തുപിടിച്ച ഭവനം! ആത്മീയതേജസ്സിൽ ലയിച്ച സന്യാസിനികളോടൊപ്പമുള്ള സഹവാസം തന്റെ മനസ്സിലും സമാധാനം നിറച്ചിരുന്നു. ശാന്തിയും സ്വസ്ഥതയും വിളയാടിയിരുന്ന ജീവിതത്തിൽ നിന്നും വീണ്ടും തൃഷ്ണകളുടെ ലോകത്തേക്ക് നർമ്മദാതീർഥ കാലെടുത്തു വയ്ക്കുകയാണ്.
കാവിസാരിയുടെ മുന്താണി തലയിലൂടെ വലിച്ചിട്ടു. ശൈത്യകാലത്തിന്റെ ആരംഭമായതിനാൽ അന്തരീക്ഷത്തിൽ നേരിയ തണുപ്പ് തങ്ങിനിന്നിരുന്നു. സ്ഥിരം യാത്ര ചെയ്യുന്ന ഭഗവൽ സിങ്ങിന്റെ ഓട്ടോറിക്ഷ ആശ്രമവാതിലിനു മുന്നിലുണ്ടായിരുന്നു. അതിൽക്കയറി ലക്ഷ്യസ്ഥാനം പറഞ്ഞു: “റെയിൽവേ സ്റ്റേഷൻ.”
ഇനിയിങ്ങോട്ടൊരു തിരിച്ചുവരവുണ്ടാകില്ല. എട്ടുവർഷത്തോളം തനിക്ക് അഭയം നൽകിയ പ്രയാഗ്! ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ മുറിയിലേക്ക് വരുന്നത് ശേഖർ സാറിൻ്റെ വിളി വന്നതിന് ശേഷമാണ്. സന്യാസത്തിന്റെ അഗ്നിപരീക്ഷകൾ ഓരോന്നായി കടന്നു മുന്നേറുമ്പോഴും ഉള്ളിൽ ആ മുഖം സൂര്യനെപ്പോൽ ജ്വലിച്ചിരുന്നു. മറ്റൊരുവളുടെ സ്വന്തമായതിനെ ഉള്ളിൽ കൊണ്ടുനടക്കുന്നത് പാപമാണെന്നറിഞ്ഞിട്ടും, ഇറക്കിവിടാൻ കഴിയാതെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുകയായിരുന്നു. ഒരേയൊരു സമാധാനക്കേടായി അതവിടെ എന്നും അവശേഷിച്ചു.
“മാതാജീ, സ്റ്റേഷനെത്തി.”
ഡ്രൈവറുടെ ശബ്ദമാണ് ചിന്തകളിൽ നിന്നും യമുനയെ പരിസരത്തേക്ക് മടക്കിക്കൊണ്ടുവന്നത്. ബാഗ് തുറന്ന് ചില്ലറനോട്ടുകളെടുത്തു അയാൾക്ക് കൂലി നൽകി അവർ സ്റ്റേഷനുള്ളിലേക്ക് നടന്നു. പ്ലാറ്റ്‌ഫോമിൽ എന്നത്തേയും പോലെ നല്ല തിരക്ക്. വണ്ടി പുറപ്പെടാൻ ഇനിയും അരമണിക്കൂർ ബാക്കിയുണ്ട്. ചുറ്റുമുള്ളവരിൽ അധികവും പ്രയാഗ് തീർഥാടകരാണ്. തിരക്കിനിടയിലൂടെ നടന്ന് വനിതകൾക്കുള്ള വിശ്രമമുറി കണ്ടെത്തി. ടോയ്ലറ്റിലെ ദുർഗന്ധം അധികം എത്താത്ത, മുറിയുടെ മൂലയിലുള്ള ഒരു സ്റ്റീൽ കസേരയിൽ ഇടംപിടിച്ചു. ടിക്കറ്റ് ഓൺലൈനായി റിസർവ് ചെയ്തിരുന്നതിനാൽ ട്രെയിൻ കയറാൻ ഇനി വേറെ ബുദ്ധിമുട്ടുകളൊന്നുമില്ല.
ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്ത് മടിയിൽ വെച്ചു. മടക്കയാത്രയുടെ തിരക്കിലായിരുന്നതുകൊണ്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മെയിലുകളൊന്നും പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. പാസ്‌വേഡ് നൽകി ഇൻബോക്സ് തുറന്നു. പ്രസാധകരുടെ കത്തുകളും വായനക്കാരുടെ നിരൂപണങ്ങളും ആശംസകളും അവിടെ നിറഞ്ഞുനിൽക്കുന്നു. ഓരോന്നിനും മറുപടി നൽകിക്കൊണ്ടിരിക്കെ, ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് മുഖമുയർത്തിയത്.
ചെറുപ്പക്കാരിയായ അമ്മയുമായി കടുത്ത വാശിയിലാണ് ആ കോലൻമുടിക്കാരി. അവരിവിടെ എപ്പോഴാണ് വന്നതെന്ന് ശ്രദ്ധിച്ചിരുന്നില്ല. അമ്മ കുഞ്ഞിനെ മുലയൂട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾ അത് ആഞ്ഞുനിഷേധിക്കുകയാണ്. ആ കാഴ്ച കണ്ടപ്പോൾ യമുനയുടെ അടിവയറിലൊരു അനക്കം അനുഭവപ്പെട്ടോ? മാറിടം ഒന്ന് ചുരന്നുവോ? പെട്ടെന്ന് ആ ദൃശ്യത്തിൽ നിന്നും കണ്ണുപറിച്ചെടുത്ത് ലാപ്ടോപ്പ് മടക്കി ബാഗിൽ വെച്ചു സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു.
ഒരിക്കൽ താനും ആഗ്രഹിച്ചിരുന്നില്ലേ ഇതുപോലൊരു കുഞ്ഞിനെയും സുന്ദരമായൊരു കുടുംബജീവിതത്തെയും കുറിച്ച്? ശേഖർ സാറിന്റെ വധുവായി, അദ്ദേഹത്തിന്റെ മക്കളുടെ അമ്മയായി ജീവിക്കാൻ എത്രമാത്രം കൊതിച്ചിരുന്നു! എന്നിട്ടൊടുവിൽ സംഭവിച്ചതോ…
പെട്ടെന്ന് എന്തോ ഒന്ന് കാൽമുട്ടിൽ വന്നിടിച്ചപ്പോൾ അവർ ഞെട്ടിപ്പിടഞ്ഞ് കണ്ണുതുറന്നു. ഒരു കുഞ്ഞു വാട്ടർബോട്ടിൽ താഴെ വീണുകിടക്കുന്നു. അത് കുനിഞ്ഞെടുക്കുമ്പോഴേക്കും ആ യുവതി അരികിലെത്തി ക്ഷമാപണം നടത്തി.
“സോറി മാതാജി…” അവർ കൈകൂപ്പി.
“ഇറ്റ്സ് ഓകെ,” നർമദ മന്ദഹസിച്ചു.
അവളുടെയുള്ളിൽ ഒരു ചിരി പൊട്ടി. തന്റെ കാവിവസ്ത്രം കണ്ട് അവരെന്നെ ഒരു യോഗിനിയായി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ‘ഇന്നുവരെയും ഒരു കപടസന്യാസിനിയായിരുന്നു താൻ’—അവർ സ്വയം ഓർത്തു. കാമക്രോധമോഹങ്ങളെ ത്യജിച്ച്, പഞ്ചേന്ദ്രിയങ്ങളെ അടക്കി, നിഷ്‌കാമകർമ്മിയായി ജീവിക്കുന്നവരാണല്ലോ യഥാർഥ സന്യാസിമാർ. ഉള്ളിൽ ഈശ്വരൻ മാത്രമായിരിക്കണം അവർക്ക്. എന്നാൽ തന്റെ ഉള്ളിലുണ്ടായിരുന്ന വിഗ്രഹം മറ്റൊന്നായിരുന്നു. ഈ പേര് പോലും വഹിക്കുന്നത് തെറ്റാണ്. എങ്കിലും ജീവിതത്തെ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടാൻ ശ്രമിക്കുമ്പോൾ പഴയതൊന്നും കൂടെയുണ്ടാകരുതെന്ന് ആഗ്രഹിച്ചു സ്വീകരിച്ചതാണ് നർമ്മദ എന്ന പേര്. പിന്നീടത് തൂലികാനാമവുമായി. മറക്കാൻ തുടങ്ങിയ സ്വന്തം പേര് അന്നത്തെ ആ യാത്രയിൽ വിളിച്ചുകേട്ടപ്പോൾ ഒരുനിമിഷം നിശ്ചലയായി. നർമ്മദതീർത്ഥ വീണ്ടും യമുനയായി പരിണമിച്ചു.
വാട്ടർബോട്ടിൽ വാങ്ങി യുവതി കുഞ്ഞുമായി സീറ്റിലേക്ക് മടങ്ങി. ബോട്ടിൽ തന്റെ ദേഹത്ത് തട്ടിയത് കുഞ്ഞിനെ അല്പം ഭയപ്പെടുത്തി എന്ന് തോന്നുന്നു. അവളിപ്പോൾ ശാന്തയാണ്, അമ്മയുടെ മാറിൽ മുഖമൊളിപ്പിച്ചു കൊണ്ട് പാളിനോക്കുന്നു. പുഞ്ചിരിയോടെ ഒന്ന് കണ്ണിറുക്കിക്കാണിച്ചപ്പോൾ അവൾ വീണ്ടും നാണത്തോടെ മുഖം പൂഴ്ത്തി. പിന്നീട് ആ അമ്മയെയും കുഞ്ഞിനെയും അവരുടെ വഴിക്കുവിട്ട് യമുന വെറുതെയിരുന്നു. വിശ്രമമുറിയിൽ സ്ത്രീകൾ വന്നുപോയിക്കൊണ്ടിരിക്കുന്നു.
പ്ലാറ്റ്‌ഫോമിൽ ട്രെയിനുകളുടെ അനൗൺസ്‌മെന്റുകൾ ഇടവിട്ടു കേൾക്കാം. ഒടുവിൽ ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടിയുടെ അറിയിപ്പ് വന്നപ്പോൾ ബാഗ് തോളിലിട്ട് എഴുന്നേറ്റു.
പ്രയാഗിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനാണിത്. അവിടെനിന്നും വേണം ഷൊർണ്ണൂരേയ്ക്ക് മാറിക്കയറാൻ. ജനറൽ കമ്പാർട്ട്‌മെന്റിൽ കയറാനുള്ളവരുടെ തിരക്ക് പ്ലാറ്റ്‌ഫോമിൽ വർധിച്ചിട്ടുണ്ട്. തന്റെ ബോഗി എവിടെ വരുമെന്ന് ഏകദേശം നിശ്ചയിച്ച് യമുന അവിടെയുള്ള ബെഞ്ചിൽ ഇരുന്നു. ‘ട്രെയിനിൽ കയറിയിട്ട് ശേഖർ സാറിനെ വിളിക്കാം’ എന്ന് കരുതിയതായിരുന്നു. എന്നാൽ അപ്പോഴേക്കും ഫോൺ റിങ് ചെയ്തു. ബാഗിന്റെ പുറത്തെ പോക്കറ്റിൽ നിന്നും ഫോണെടുത്തു നോക്കിയ യമുനയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
ഓർത്തുതീരും മുൻപേ വിളിയെത്തിയിരിക്കുന്നു!
“എവിടെയാടോ?” മറുതലയ്ക്കൽ ശേഖർ സാറിന്റെ സ്വരം.
“സ്റ്റേഷനിലാണ്. അഞ്ചുമിനിറ്റിനുള്ളിൽ ട്രെയിനെത്തും.”
“ഓകെ, സേഫ് ജേർണി.”
ആശ്രമത്തിൽ നിന്നിറങ്ങിയ ശേഷം ഇത് എത്രാമത്തെ കോളാണ്? ഇന്നലെ രാത്രി ആൾ ഉറങ്ങിയിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. ഓർത്തപ്പോൾ യമുനയ്ക്ക് വീണ്ടും ചിരിവന്നു. മുന്നിലൂടെ യാത്രികർ പരിഭ്രമത്തോടെ അങ്ങോട്ടുമിങ്ങോട്ടും പായുന്നു. സ്വന്തം ബോഗി കണ്ടെത്താനുള്ള പരക്കംപാച്ചിലാണത്. ഇതുപോലെയല്ലേ ജീവിതവും? ഓരോരുത്തരും തങ്ങൾക്കുള്ള ബോഗി തേടി അങ്ങുമിങ്ങും ഓടിക്കൊണ്ടിരിക്കുന്നു.
(തുടരും)




മനോഹരം
തുടക്കം കൊള്ളാം…
സസ്പെൻസ് ൽ കൊണ്ടു നിർത്തി.
very impressive writing.
Eagerly waiting for the next part..🥳🎉
ഓരോ രചനകളും ഒന്നിനൊന്നു മെച്ചമാകുന്നുണ്ട്..