ഗൃഹാതുരതയെപ്രണയിക്കുന്ന
കാലമല്ലിതെങ്കിലുമീ
പഴമയെതഴുകിയിരിക്കാ-
നനുമതിതേടുന്നതില്ല.
മനമതിൽമായാതിരിക്കു
മെന്നുമീകാല്യകാലത്തിൻ
പ്രഭാസ്ഫുരണത്തരികൾ.
കുളങ്ങളേന്തിയ തൊടി
യിലിപ്പോൾ ഗൃഹനിർമ്മാ-
ണത്തിൻ ഹുങ്കാരധ്വനി.
വെട്ടിനിരത്തിയിത്തിരി
യിടമ്പോലുമില്ലാതാ
തറയോടുകളമർത്തി വെച്ച
മണ്ണിലാ മുറ്റത്തെത്തി
നോക്കിയ കുറ്റത്തിന്
പുല്ലിനെ ചവിട്ടിയരച്ചുകൊന്നതു
പഴമയെത്തന്നെയല്ലേ !
ജലസസ്യജാലങ്ങൾ പോയതെങ്ങോ
നീന്തുന്ന പച്ചത്തവളകളെത്തേടി
വരുന്നോരില്ല.
ഹരിതനിറമുള്ള
പായലുകൾ മൂടിയ
വാപികളിന്നിപ്പോൾ
തളികയിലെ നീരിലിട്ട
ശൈവാലങ്ങളായി
സസ്യക്കടയിലിരിപ്പു.
നല്ലവിലകൊടുത്തവ
വാങ്ങിടേണം ഇതുവാരി
തെങ്ങിൻത്തടത്തിലിടുവാ-
നന്നുകൊടുത്തതിലധികമാണെന്നതു
കേട്ടു മൗനമാർന്നേൻ.
കുഞ്ഞുമത്സ്യങ്ങളാ
തെളിനീരിലമ്മയുമായൊഴുകി
വരുന്നതു നോക്കി
കാറ്റിനൊപ്പമെന്തിനു
ശബ്ദമടക്കേണം.
ജലചരങ്ങളെ
സ്ഫടികഭരണിയിലാക്കി
മുറിയിലടച്ചു വെയ്ക്കാം.
പൊയ്കയ്ക്കരുകിലായ്
പൂവ്വാംകുറുന്നലുമായ്
കുണുങ്ങിക്കുഴയുന്ന
കയ്യൂന്ന്യമെവിടെയെന്നു
തിരയേണ്ടകാശുണ്ടേൽ
തൈലംവാങ്ങിതലയിൽ പൂശാം.
ഭൂമിക്കടിയിലായിമറഞ്ഞു
പോയരാ കുളങ്ങളിപ്പോഴു-
മവിടെയുണ്ടെന്ന
ചിന്തയിലെന്തൊരാനന്ദം!
അതിനകം സസ്യജന്തുജാലമുണ്ടെന്ന
മനക്കാഴ്ച്ചക്കെന്തു സുഖം.
സ്നാനത്തിനിറങ്ങിയ കളിക്കൂട്ടുകാർ
മുങ്ങാംകുഴിയിട്ടു
കല്ലുതപ്പിയെടുക്കുന്നതെറിഞ്ഞു
തന്നതു പിടിച്ചു ഞാനാ
കരയിലിരുന്നത് അടുത്തതെന്റെ
ഊഴമെന്നറിഞ്ഞുള്ളിലൊരൗത്സുക്യം.
കരതലാമലകം കടിച്ചു
നീർകുടിച്ചശേഷമാ
കൈക്കുമ്പിളിലെടുത്ത
കുളത്തിൻ ജലമധുരം
നാവിലിപ്പോഴുമറിയുന്നതില്ലേ
വാപിയിലെന്നിന്ദ്രിയമടച്ചു
ശ്വാസംപിടിച്ചെണ്ണിക്കിട്ടിയ
വിജയമോർത്തു
ഹർഷമുണർന്നതെന്തേ.
മത്സ്യങ്ങൾ മദിക്കുന്ന
ജലാശയത്തിലെചൂണ്ടയിൽ
കുരുങ്ങിയൊരമ്മ വരാൽ
പോയ്പ്പോയതറിയാതെ
*പാർപ്പുകൾ സ്ഥലവിഭ്രമം
കാട്ടിയലയുന്ന മാതിരി തേടുന്നിതേ
പഴയകുളത്തിന്നാദ്യ
മരപ്പടിക്കായി ഞാനിന്നും.
ഇതെല്ലാമൊരു കെട്ടുകഥ
യെന്നുമാത്രമാരുമുരിയാടല്ലേ
അതിജീവനത്തിനമൃതായൊരു
സ്മൃതിയിടങ്ങൾ
തേടിയലയുന്നതാണിത്.
ഓർമ്മക്കല്ലിലുരച്ചു
മിനുക്കി വൈഡൂര്യ
മായതുമാത്രമി ഹൃദയ
ചെപ്പിനടപ്പു തുറന്നേകുന്നേൻ.
*പാർപ്പ് : വരാലിന്റെ
കുഞ്ഞുങ്ങളുടെ കൂട്ടം.




ഓർമ്മക്കല്ലിൽ തട്ടി കാലം തടഞ്ഞു വീഴുന്നത് കവിതയിൽ കാണാം.
പോയ കാല മധുരം നുണഞ്ഞ് കൊണ്ട് ഇക്കാലത്ത് ഇരിക്കുന്ന കവയിത്രിയുടെ ഭാവന ഇനിയും ഉണരട്ടെ.
ഭാവുകങ്ങൾ.❤️❤️❤️
തറയോടുകൾ പാകിയ മുറ്റത്ത് എത്തിനോക്കിയ പുല്ലിനെ ചവിട്ടിയരച്ച് കൊന്നത് പഴമയെ തന്നെയല്ലേ…… ഒരു കാലത്തിൻ്റെ മധുരോർമ്മകളുടെ പുൽനാമ്പുകൾ പരിഷ്കാരത്തിന്റെ ആഢംബരത്തിൻ്റെ പണക്കൊഴുപ്പിൻ്റെ ധാർഷ്ട്യം കലർന്ന താഢനങ്ങളേറ്റ് മൃതിയടഞ്ഞുകൊണ്ടേയിരിയ്ക്കുന്നു .വിസ്മൃതിയിലേയ്ക്ക് പോയൊരു കാലത്തിൻ്റെ തീരവക്കത്തിരുന്ന് ഓർമ്മത്തോണിയിലേറ്റി അനുവാചകരെ യാത്രയ്ക്കയച്ച എഴുത്തിൻ്റെ മാന്ത്രികതയ്ക്ക് സ്നേഹാദരം.തുടരുക അനുസ്യൂതമൊഴുകൊന്നൊരു പുഴപോലെ….
മനോഹരം
ബാല്യകാലത്തെ, വിസ്മൃതിയിലായിപ്പോയ ഗ്രാമാന്തരീക്ഷം, ഇപ്പോൾ വന്ന മാറ്റങ്ങൾ കവിയത്രി അതി മനോഹരമായി ഓർമ്മക്കല്ല് എന്ന കവിതയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്….❤️❤️❤️
Congratulations,really very well.