Sunday, October 4, 2026
Homeഅമേരിക്കകൂട്ടം തെറ്റി മേയുന്നവർ (ചെറുകഥ) ✍ നിർമ്മല അമ്പാട്ട്

കൂട്ടം തെറ്റി മേയുന്നവർ (ചെറുകഥ) ✍ നിർമ്മല അമ്പാട്ട്

“അമ്മാവൻ എന്തുപറയുന്നു”? ഹരി ചോദിച്ചു.
മരുമകനെക്കണ്ട സന്തോഷത്തിന്റെ നിലാവ് ഒരു നിമിഷംകൊണ്ട് ശ്രീധരന്റെ മുഖത്ത്നിന്ന് മാഞ്ഞു.
“അമ്മമാക്കിഷ്ടമാണെങ്കിൽ മതി. ഞാൻ നിർബന്ധിക്കില്ല. ഒരിക്കൽ ഞാനിഷ്ടപ്പെട്ടതാണ് അവളെ . അന്ന് അവളുടെ ഇഷ്ടം വേറെയായിരുന്നല്ലോ. അതിനവളെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല.” ഹരി പറഞ്ഞു.
“അവൾ ഉണ്ടാക്കിയ മാനക്കേട് ചെറുതല്ലല്ലോ. നീ എന്റെ പെങ്ങളുടെ മകൻ. അവൾ എന്റെ മകളും .രണ്ടും എനിക്ക് വേറെയല്ല. അവളെന്താ പറഞ്ഞത് സതി?”
“അമ്മക്ക് എതിർപ്പൊന്നുമില്ല. എത്രയായാലും അവൾ എന്റെ ചോരയല്ലേ. ഏട്ടന്റെ ചോര? നിനക്ക് അവളുടെ തെറ്റ് പൊറുക്കാനാവുമെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ എന്നാ അമ്മ പറഞ്ഞത്.”

അത് കേട്ടപ്പോൾ ശ്രീധരന്റെ മുഖത്ത് മങ്ങിയ നിലാവ് പെട്ടെന്ന് തെളിഞ്ഞു. അയാൾ ചാരുകസേരയിൽ ഒന്ന് നിവർന്നിരുന്നു. ഒരു പക്ഷെ അയാളുടെ നട്ടെല്ല് നിവർത്താനായത് അപ്പോളായിരിക്കും.
വാതിൽക്കൽ നിന്ന് എല്ലാം കേൾക്കുകയായിരുന്നു സരോജിനി. അവളുടെ കണ്ണുകൾ നനഞ്ഞു.
. ആകെക്കൂടിയുളള മകൾ ഒരുവന്റെ കൂടെപ്പോയി മാനക്കേടുണ്ടാക്കി തിരിച്ച് വന്നിരിക്കയാണ്. അതും ഭാര്യയും രണ്ടു മക്കളുമുള്ളവന്റെ കൂടെ. ഒടുവിൽ അവൻ കയ്യൊഴിഞ്ഞു. അവൾ റെസ്ക്യൂ ഹോമിലുമെത്തി. അവിടെ നിന്നാണ് മകളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നത്. കേസും വഴക്കുമൊന്നും വേണ്ട. കൂടുതൽ ആളുകൾ അറിയാനിടവരും. ഇനിയും മാനക്കേട് സഹിക്കാൻ വയ്യ എന്നായിരുന്നു അച്ഛൻ ശ്രീധരന്റെ തീരുമാനം.
. പക്ഷേ ഹരിക്ക് ഇത് സഹിക്കാൻ കഴിയുമോ?.. അഞ്ചാറുമാസം ഒരുത്തന്റെ കൂടെ താമസിച്ച പെണ്ണല്ലേ.
സരോജിനി അതാണോർത്തത്.
. വാതിൽക്കൽ എല്ലാം കണ്ട് തരിച്ച് നിൽക്കുന്ന അമ്മായിയെക്കണ്ടപ്പോൾ ഹരിക്ക് സങ്കടം തോന്നി.
“, അമ്മായിക്കിഷ്ടമല്ലേ”
ഹരി ചോദിച്ചു.
“നിനക്ക് അവളോട് പൊറുക്കാൻ പറ്റ്വോ മോനേ”
നെഞ്ചുതകർന്ന്കൊണ്ട് അവർ ചോദിച്ചു.
“അവളെ അങ്ങിനെ ഒറ്റപ്പെടുത്താൻ പറ്റ്വോ നമുക്ക്? നിങ്ങളുടെ കാലം കഴിഞ്ഞാൽ അവളെങ്ങിനെ ജീവിക്കും”
അമ്മായി വിഷമിക്കേണ്ട.. അവൾക്കിഷ്ടമാണെങ്കിൽ ഞാൻ നോക്കും. കൂടെപ്പോരാൻ തയാറാണെങ്കിൽ ഞാൻ കൊണ്ടുപോവും. ഈ നിമിഷം. അവൾ എന്റെ അമ്മാമന്റെ മോളല്ലേ… മറ്റുള്ളവരുടെ മുന്നിൽ പരിഹാസ പാത്രമാവാൻ അവളെ ഞാൻ വിടില്ല’… അവൻ നല്ലവനാണെങ്കിൽ അവളെ പൊന്നുപോലെ നോക്കുന്നവനാണെങ്കിൽ അവളുടെ ഇഷ്ടം നമ്മൾ സ്വീകരിക്കേണ്ടേ അമ്മായീ.. അതാ ഞാനും കരുതിയത്.”
. “ഭാര്യേം മക്കളും ഉണ്ടായിട്ടും ആ ദുഷ്ടൻ എന്റെ മോളേ ചതിച്ചതല്ലേ… ഇനി അവൻ സമ്മതിച്ചാലും ആ പെണ്ണിനേം കുട്ട്യോളേo ചതിച്ച് എങ്ങിന്യാ അവന്റെ കൂടെ വിട്വാ ?”
സരോജിനി പറഞ്ഞു.
. “ഞാൻ അവളോട് സംസാരിക്കട്ടെ. അവൾക്കിഷ്ടമാണോന്നറിയേണ്ടേ?”
. “നീ ചോദിക്കുമോനേ… മാസം മൂന്നായി ആ മുറിയിൽ കേറി ഇരിപ്പ് തുടങ്ങീട്ട്. മേലോട്ടും നോക്കി ഒരേ ഇരിപ്പാണ്. മിണ്ടാട്ടമില്ല, ഉരിയാട്ടമില്ല. എഴുത്തും വായനയുമില്ല, ടീവി കാണാൻ വിളിച്ചാലും വരില്ല ന്റെ കുട്ടി. അത്രക്ക് പുണ്ണായി അതിന്റെമനസ്സ്.”
. അവർ വേഷ്ടിത്തലപ്പ് കൊണ്ട് കണ്ണ് തുടച്ചു.

. ഹരി അവളുടെ മുറിയിലേക്ക് ചെന്നു. അവൾ കട്ടിലിൽ ഇരിക്കയാണ്. ഒരു പ്രതിമ പോലെ.
. ചീകാതെ പാറിപ്പറക്കുന്ന തലമുടിപുറം കവിഞ്ഞു കിടക്കുന്നു. കണ്ണിൽ നിറഞ്ഞ വിഷാദം. ആ ഇരിപ്പ് കണ്ട് അവന്റെ നെഞ്ച് തകർന്നു. എന്ത് പ്രസരിപ്പുള്ള പെൺകുട്ടിയായിരുന്നു.!
“മോളേ ശ്രുതീ….”. ഹരി വിളിച്ചു.
അവൾ എഴുനേറ്റു. ഹരിയെ ഒന്ന് നോക്കി. ഏട്ടാ എന്ന് വിളിച്ചുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“നീവരുന്നോ ഏട്ടന്റെ കൂടെ?”
“ഏട്ടന് എന്നോട് പൊറുക്കാനാവുമോ?”
“വാ”
ഹരി അവളുടെ കൈ പിടിച്ചു. ഒരു കൊച്ചു കഞ്ഞിനെപ്പോലെ അവൾ അവന് പിറകേ നടന്നു.
വാതിലിൽ നിന്ന അമ്മ ഒന്നും പറഞ്ഞില്ല. അച്ഛനെ ഒന്ന് തലയുയർത്തി നോക്കിക്കൊണ്ട് അവൾ അവന്റെ പിറകേ ഇറങ്ങി.
“അവനെന്റെ ചോരയാടി. എന്റെ ചോര. ഒരു മാനക്കേടിൽ നിന്ന് എന്നെ രക്ഷിച്ചു. എന്റെ കൂടപ്പിറപ്പിന്റ മോൻ.”
അയാൾ ചാരുകസേരയിലേക്ക് ചാഞ്ഞിരുന്നു..

നിർമ്മല അമ്പാട്ട്✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ