Thursday, June 25, 2026
Homeഅമേരിക്കസ്നേഹ സമ്മാനങ്ങൾ (ലേഖനം) ✍സൈമ ശങ്കർ മൈസൂർ

സ്നേഹ സമ്മാനങ്ങൾ (ലേഖനം) ✍സൈമ ശങ്കർ മൈസൂർ

സമ്മാനങ്ങളുടെ കൈമാറ്റം ഹൃദയങ്ങളെ കോർത്തിണക്കുന്ന സ്നേഹച്ചരടാണ്.
മനുഷ്യബന്ധങ്ങൾക്ക് ജീവനും മനോഹാരിതയും നൽകുന്ന ഒന്നാണ് പരസ്പരം സമ്മാനങ്ങൾ നൽകുക എന്നത്. വാക്കുകൾ തോറ്റുപോകുന്നിടത്ത്, ഹൃദയത്തിൻ്റെ ഭാഷ സംസാരിക്കാൻ സമ്മാനങ്ങൾക്ക് കഴിയും. വിപണിയിലെ വിലയല്ല, അതിന് പിന്നിലെ സ്നേഹവും പരിഗണനയുമാണ് ഒരു സമ്മാനത്തെ അമൂല്യമാക്കുന്നത്. ഏവർക്കും പരസ്പരം സമ്മാനങ്ങൾ നൽകുന്ന ഒരു സംസ്കാരം സമൂഹത്തിൽ സ്നേഹത്തിൻ്റെയും നന്മയുടെയും വലിയൊരു തരംഗം തന്നെ സൃഷ്ടിക്കും. ഓർമ്മകളുടെ സുഗന്ധമുള്ള ഉദാഹരണങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ കാണില്ലേ…? വിലകൂടിയ വസ്‌തുക്കളേക്കാൾ മനസ്സിൽ തങ്ങിനിൽക്കുന്നത് തികച്ചും ലളിതവും എന്നാൽ വികാരനിർഭരവുമായ ചില സമ്മാനങ്ങളായിരിക്കും.

ഒരു കുഞ്ഞ് തൻ്റെ കുടുക്ക പൊട്ടിച്ച് അമ്മയ്ക്കായി വാങ്ങുന്ന ഒരു ചെറിയ മുല്ലപ്പൂമാലയോ വളയോ നൽകുന്ന സന്തോഷം മറ്റൊന്നിനും നൽകാൻ കഴിയില്ല. അവിടെ പണത്തിനല്ല, അമ്മയോടുള്ള അതിരറ്റ സ്നേഹത്തിനാണ് വില.

സ്കൂൾ കാലത്ത് പരീക്ഷയിൽ തോറ്റ സങ്കടത്തിലിരുന്ന സുഹൃത്തിന്, മറ്റൊരു കൂട്ടുകാരൻ തൻ്റെ പ്രിയപ്പെട്ട കഥാപുസ്തകം സമ്മാനമായി നൽകി ആശ്വസിപ്പിക്കുന്നത് സൗഹൃദത്തിൻ്റെ ഉദാത്തമായ ഉദാഹരണമാണ്.

വയോധികരായ മാതാപിതാക്കൾക്ക് അവരുടെ മക്കൾ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി നൽകുന്ന ഒരു ചെറിയ യാത്രയോ, അല്ലെങ്കിൽ ഒരു പഴയകാല ചിത്രമടങ്ങിയ ഫ്രെയിമോ അവരുടെ കണ്ണുകളെ ഈറനണിയിക്കുന്ന സമ്മാനങ്ങളാണ്.

ബന്ധങ്ങളെ തളിർപ്പിക്കുന്ന കരുതൽ ആണ് സമ്മാനങ്ങൾ. പരസ്പരം സമ്മാനങ്ങൾ കൈമാറുമ്പോൾ മനുഷ്യർ തമ്മിലുള്ള അകലവും പിണക്കങ്ങളും ഇല്ലാതാകുന്നു. “നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ്” എന്ന് മറുപടിയായി പറയാൻ ഒരു ചെറിയ സമ്മാനത്തിന് സാധിക്കും. രോഗക്കിടക്കയിൽ കിടക്കുന്ന ഒരാൾക്ക് നൽകുന്ന ഒരു ചെറിയ പൂച്ചെണ്ട് പോലും അവർക്ക് രോഗമുക്തിക്കുള്ള വലിയൊരു പ്രത്യാശയും ആത്മവിശ്വാസവും നൽകുന്നു.സമൂഹത്തെ കോർത്തിണക്കുന്ന സ്നേഹം നമ്മുടെ ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരെക്കൂടി ഈ സമ്മാന സംസ്കാരത്തിൽ പങ്കാളികളാക്കുമ്പോൾ അത് കൂടുതൽ മനോഹരമാകുന്നു. ദിവസവും നമ്മുടെ വീട്ടുപടിക്കൽ പത്രമെത്തിക്കുന്നയാൾക്കോ, വീട് വൃത്തിയാക്കാൻ സഹായിക്കുന്നവർക്കോ ഒരു ഉത്സവക്കാലത്ത് നൽകുന്ന സമ്മാനം അവരുടെ മുഖത്ത് വിരിയിക്കുന്ന പുഞ്ചിരിക്ക് ലോകത്തിലെ എല്ലാ നിധികളേക്കാളും തിളക്കമുണ്ടാകും. ജാതിയോ മതവോ വർഗ്ഗമോ നോക്കാതെ മനുഷ്യർ പരസ്പരം സമ്മാനങ്ങൾ കൈമാറുമ്പോൾ അവിടെ സാഹോദര്യം വളരുകയും വിദ്വേഷങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.

ആധുനിക ലോകം സമ്മാനങ്ങളെ വെറുമൊരു കച്ചവടച്ചരക്കാക്കി മാറ്റിയിരിക്കുന്നു. വിലകൂടിയ ബ്രാൻഡുകളും തിളങ്ങുന്ന കവറുകളും നോക്കിയാണ് ഇന്ന് പലരും സമ്മാനങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ തത്ത്വചിന്ത നമ്മെ പഠിപ്പിക്കുന്നത് ‘നിഷ്കാമകർമ്മം’ ആണ്. അതായത്, തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ നൽകുക.”ഞാൻ ഇത്ര വലിയ സമ്മാനം നൽകി, എനിക്ക് തിരിച്ച് എന്ത് കിട്ടും?” എന്ന ചിന്ത വ്യാപാരമാണ്, സ്നേഹമല്ല. ഒരു പ്രത്യേക ദിവസമോ ആഘോഷമോ ഇല്ലാതെ, തികച്ചും അപ്രതീക്ഷിതമായി നൽകുന്ന ചെറിയൊരു സമ്മാനം — അത് ഒരു പഴയ പുസ്തകമോ, വഴിയിൽ നിന്ന് കിട്ടിയ ഒരു മയിൽപ്പീലിയോ ആകാം — അതിന് വിപണിയിലെ കോടികളേക്കാൾ മൂല്യമുണ്ട്. കാരണം അതിൽ വിപണിയുടെ കച്ചവടക്കണ്ണുകളില്ല, പകരം ഹൃദയത്തിൻ്റെ ആത്മാർത്ഥതയുണ്ട്.

പ്രപഞ്ചത്തിൻ്റെ പ്രകൃതവും കൊടുക്കൽ വാങ്ങലുകളും നോക്കൂ…. ഈ പ്രകൃതി തന്നെ വലിയൊരു തത്ത്വചിന്തയാണ്. സൂര്യൻ പ്രകാശം നൽകുന്നു, മരങ്ങൾ തണലും പഴങ്ങളും നൽകുന്നു, നദികൾ ജലം നൽകുന്നു. അവയൊന്നും തിരിച്ച് ഒന്നും ആവശ്യപ്പെടുന്നില്ല. പ്രകൃതിയുടെ ഈ ‘നൽകൽ സംസ്കാരം’ മനുഷ്യനും മാതൃകയാക്കേണ്ടതുണ്ട്.നമ്മുടെ ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരിലേക്ക് ഈ കരുതലുകൾ എത്തുമ്പോൾ സമൂഹം കൂടുതൽ സുന്ദരമാകുന്നു. ദിവസവും വീട്ടുപടിക്കൽ എത്തുന്നവർക്കോ, അശരണർക്കോ ഒരു പ്രതീക്ഷയായി നൽകുന്ന സമ്മാനങ്ങൾ പ്രപഞ്ചത്തിൻ്റെ ഈ കൊടുക്കൽ വാങ്ങലുകളുടെ തുടർച്ചയാണ്.

പണ്ടൊക്കെ ബന്ധു വീടുകൾ സന്ദർശിയ്ക്കുമ്പോൾ പറമ്പിലെ ചേന, ചേമ്പ്. കപ്പ, വാഴ എടുത്തിട്ട് പോകും അവിടെയും പുരയിടത്തിൽ ഇല്ലാഞ്ഞിട്ടല്ല… കൊണ്ട് ച്ചെന്ന് വേവിച്ചു ഒരുമിച്ചു കഴിക്കും.. തിരിച്ചും അവിടെ ഉള്ള നെല്ലോ തേങ്ങയോ, കുരുമുളകോ കൊടുത്തു വിടും… അമ്മമാർ നാടൻ പലഹാരം ഉണ്ടാക്കി…. ഉണ്ണിയപ്പം, നെയ്യപ്പം, വട്ടയപ്പം,കൊഴുക്കട്ട…. തുടങ്ങിയവ വാഴ ഇലയിലും, ചേമ്പിലയിലും, വട്ടത്താ മരയിലായിലുമൊക്കെ പൊതിഞ്ഞു കൊടുത്തു വിടും… ചിലർ നാരങ്ങ മിട്ടായി, കപ്പലണ്ടി മിട്ടായി വാങ്ങി പേപ്പറിൽ പൊതിഞ്ഞു വരും കുട്ടികൾക്കായിട്ട്. കുട്ടികളും ഓടി വന്നു വാങ്ങി അപ്പൊ തന്നെ പങ്കിട്ടു തിന്നും.അടിയാൻ മാർ ജന്മികൾക്ക് വാഴ കുല.,വിളവെടുക്കുന്ന ചേന, ചേമ്പ് കൊണ്ടുവരും കാണിയ്ക്ക യായിട്ട്.തിരിച്ചും പണം നെല്ല്.വസ്ത്രം കൊടുക്കും ചുരുക്കത്തിൽ ഇല്ലായ്മയിലും പങ്കിടൽ അന്നത്തെ ജീവിതത്തിൽ മുഖ്യ ഭാഗം ആയിരുന്നു. അതുമൂലം ഏവർക്കും ഉല്ലാസവും ആത്മബലവും ഉണ്ടായിരുന്നു.. പുതു തലമുറ കടം വാങ്ങി ആഡംബര ജീവിതത്തിൽ മുഴുകും.. സ്വാർത്ഥതയും കൂടി. ഒന്നും മറ്റുള്ളവർക്ക് കൊടുക്കില്ല.

സമ്മാനങ്ങൾ നൽകുക എന്നത് ഒരു ബാധ്യതയല്ല, മറിച്ച് ജീവിച്ചിരിക്കുന്നു എന്നതിൻ്റെ ആനന്ദമാണ്. ഭൗതികവസ്തുക്കൾ എന്നെങ്കിലും നശിച്ചുപോയേക്കാം, എന്നാൽ അത് നൽകിയ നിമിഷം സൃഷ്ടിച്ച സ്നേഹവും ഊഷ്മളതയും കാലാതീതമായി നിലനിൽക്കും. ജർമ്മൻ തത്ത്വചിന്തകനായ ഫ്രെഡറിക് നീച്ചയുടെ വാക്കുകൾ കടമെടുത്താൽ, “നല്ല കാര്യങ്ങൾ പങ്കുവെക്കുമ്പോഴാണ് ജീവിതം കൂടുതൽ അർത്ഥവത്താകുന്നത്.” അതിനാൽ, ഹൃദയത്തിൽ നിന്ന് പുറപ്പെട്ട് മറ്റൊരു ഹൃദയത്തിലേക്ക് എത്തുന്ന സമ്മാനങ്ങളിലൂടെ നമുക്ക് ഈ ലോകത്തെ കൂടുതൽ മനോഹരമാക്കാം. വാങ്ങുന്നതിനേക്കാൾ നൽകുന്നതിലാണ് യഥാർത്ഥ ജീവനമെന്ന് തിരിച്ചറിഞ്ഞ് നമുക്ക് മുന്നോട്ട് പോകാം.

തനിക്ക് വേണ്ടിമാത്രം സമ്പാദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നവരുടെ നഷ്ടങ്ങള്‍ ആരും ശ്രദ്ധിക്കില്ല. എന്നാല്‍ അന്യര്‍ക്ക് വേണ്ടി സ്വയം നഷ്ടപ്പെടുത്തിയവരുടെ തളര്‍ച്ച ഒരിക്കല്‍ വിലമതിക്കപ്പെടുക തന്നെ ചെയ്യും. എത്ര ഉപയോഗക്ഷമമാകുന്നുവോ, അത്രയും ഉപകാരപ്രദമാകും. എന്തൊക്കെ പൊതിഞ്ഞു സൂക്ഷിക്കുന്നു എന്നതില്ല, എങ്ങനെയൊക്കെ ഉപകാരപ്പെടുന്നു എന്നതിലാണ് ഒരാളുടെ വലുപ്പം തീരുമാനിക്കപ്പെടുന്നത്.

കൂട്ടത്തിൽ ഒരു പ്രധാന കാര്യം കൂടി ഓർമ്മപ്പെടുത്തട്ടെ…?
സമ്മാനം, സഹായം, ദാനം… ഇവയിൽ സമ്മാനം ഇഷ്ടം കൊണ്ട് ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടത്തോടെ കൊടുക്കുന്നതാണല്ലോ….!?….. അപ്പൊ സ്വീകരിയ്ക്കുന്നവർ ഒരു സന്തോഷപ്രകടനം ആവാം…. അങ്ങനെ യല്ലാതെ സ്വീകരിയ്ക്കുന്നവർ രണ്ട് കാരണം കൊണ്ടാവും.. ഒന്ന് അഹങ്കാരം (ഇതൊന്നും തനിക്ക് ആവശ്യം ഇല്ലന്ന്‌ തോന്നൽ )2..കുറഞ്ഞു പോയെന്ന് തോന്നൽ.

അതുപോലെ, ശത്രു ആണെങ്കിൽ പോലും വീട്ടിൽ വന്നാൽ വേണ്ടപോലെ സൽക്കരിക്കണം….. മുറിക്കുവാൻ സമീപിക്കുന്നവന്റെ അടുക്കൽ നിന്ന് പോലും വൃക്ഷം തണലിനെ പിൻവലിക്കുന്നില്ല…. വിദ്വേഷങ്ങളെ മനസ്സിൽ സൂക്ഷിക്കാതെ കഴിയുന്നത്ര സ്നേഹത്തോടും സന്തോഷത്തോടും എല്ലാവരോടും ഇടപെടുക.

കുട്ടികൾ ഉള്ള വീട്ടിൽ എന്തെങ്കിലും സമ്മാനം കയ്യിൽ കരുതാതെ പോകരുത്. അതുപോലെ വൃദ്ധരെ കാണാൻ പോകുമ്പോഴും എന്തെങ്കിലും കയ്യിൽ കരുതുക.ഏവരും ആരാധനാലയങ്ങളിൽ പോകുമ്പോൾ പൂവ്, എണ്ണ, ചന്ദനതിരി, മെഴുകുതിരി തുടങ്ങി എന്തെങ്കിലും കൊണ്ട് പോകുന്നല്ലോ…. അവയെല്ലാം സൃഷ്ടിച്ചവന് തന്നെ നമ്മൾ അത്‌ എടുത്തു കൊടുക്കുമ്പോൾ ഒരാനന്ദം, സന്തോഷം സ്വയം അനുഭവിയ്ക്കുമല്ലോ… അതേ ആനന്ദം കർത്താവിന്റെ അംശമായ സഹ ജീവികൾക്കും സമ്മാനം നൽകുമ്പോൾ ഏവർക്കും അനുഭവപ്പെട്ടു തുടങ്ങിയാൽ ഭൂമിയിലെ സ്വർഗ്ഗം അവിടെ തുടങ്ങില്ലേ..!!?

ഇപ്പോഴൊക്കെ വിവാഹ ക്ഷണപത്രിക വിലകൂടിയതും ആഡംബരം പ്രകടിപ്പി യ്ക്കുന്നതുമാണ്. തീയതി കഴിയുമ്പോൾ പിന്നെ അത്‌ ആരും സൂക്ഷിച്ചു വയ്ക്കാറില്ല.ക്ഷണ പത്രികയുടെ വിലയിൽ ചുരുക്കി പകരം ഓരോ പാക്കറ്റ് മധുര പലഹാരമോ, ഡ്രൈ ഫ്രൂട്സോ, മറ്റെന്തെങ്കിലു മോ പത്രികയ്ക്കൊപ്പം സമ്മാനം ആയി നൽകി ക്ഷണിച്ചാൽ കൂടുതൽ സന്തോഷമല്ലേ…? അതെ.. ആണ്.!!!

അതുപോലെ സമ്മാനം രഹസ്യം ആക്കരുത്. കൊടുക്കുന്നവനും, വാങ്ങുന്നവനും അത്‌ മറ്റുള്ളവരുടെ മുന്നിൽ അഭിമാനത്തോടെ പറയാൻ സാധിയ്ക്കണം. അതിലാണ് സന്തോഷം. ഒളിയ്ക്കുന്ന മനോഭാവം ഏതിനാണെങ്കിലും അത്‌ സർവ്വസമ്മതനീയം അല്ലെന്നു തന്നെ അർഥം.

നിങ്ങൾ ഒരു സമ്മാനം കൊടുക്കുമ്പോൾ അത് സ്വീകരിക്കുന്നവരുടെ മുഖത്ത് സന്തോഷം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ..?കുട്ടികൾ ആവട്ടെ മുതിർന്നവർ ആകട്ടെ അച്ഛനാകട്ടെ അമ്മയാകട്ടെ അല്ലെങ്കിൽ ഒരു സുഹൃത്ത് ആവട്ടെ അവരുടെ മുഖത്ത് പെട്ടെന്ന് ഒരു മിന്നായം പോലെ ഒരു സന്തോഷം നിങ്ങൾക്ക് കാണാൻ സാധിക്കും.

നിങ്ങൾ ആർക്കും കൊടുക്കാതെ ചേർത്ത് വയ്ക്കുന്നതൊക്കെ നിങ്ങൾ മൂക്കിലൂടെ പുറത്തോട്ട് വിട്ട കാറ്റ് തിരിച്ചു പിടിയ്ക്കാൻ സാധിയ്ക്കാതെ വരുന്ന നിമിഷം ബാക്കിയുള്ളവർ അനുഭവിക്കും. അപ്പൊ ശ്വസിയ്ക്കാൻ സാധിയ്ക്കുന്ന കാലത്ത് ഉള്ളത് പങ്കിട്ടു കൊടുത്ത് ആ സന്തോഷം കൂടി അനുഭവിയ്ക്കൂ.

സമ്മാനങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ…!?എല്ലാവരും സമ്മാനങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. കൊച്ചു കൊച്ചു സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങുന്നതും ഏറെ ഹൃദ്യമാണ് ഏവർക്കും. സമ്മാനങ്ങൾ വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യർ ധാരാളമാണ് ഭൂമിയിൽ….ചിലരൊക്കെ വാങ്ങുന്നതിൽ മാത്രമായിരിക്കും സന്തോഷം കാണുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ആർക്കെങ്കിലും സമ്മാനം കൊടുത്തിട്ടുണ്ടോ? നിങ്ങൾക്ക് അവസാനമായി കിട്ടിയ സമ്മാനം ഏതാണ്? ആരാണ് നിങ്ങൾക്ക് സമ്മാനങ്ങൾ ധാരാളമായി നൽകുന്നത്? സമ്മാനങ്ങൾ കിട്ടുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നിയിട്ടില്ലേ?

സമ്മാനങ്ങൾ നൽകാൻ വലിയ ധനികനാകണമെന്നോ വലിയ ആഘോഷങ്ങൾ വരണമെന്നോ ഇല്ല. സ്നേഹത്തോടെ നൽകുന്ന ഒരു പുഞ്ചിരിയും, കരുതൽ നിറഞ്ഞ ഒരു വാക്കും, ചെറിയൊരു സഹായം പോലും വലിയ സമ്മാനങ്ങളാണ്. ഹൃദയത്തിൽ നിന്ന് പുറപ്പെട്ട് മറ്റൊരു ഹൃദയത്തിലേക്ക് എത്തുന്നവയാണ് യഥാർത്ഥ സമ്മാനങ്ങൾ. വാങ്ങുന്നതിനേക്കാൾ നൽകുന്നതിലാണ് യഥാർത്ഥ ആനന്ദം എന്ന് മനസ്സിലാക്കി, പരസ്പരം സ്നേഹവും സമ്മാനങ്ങളും പങ്കുവെക്കുന്ന ഒരു നല്ല നാളേയ്ക്കായി നമുക്ക് കൈകോർക്കാം.

സൈമ ശങ്കർ മൈസൂർ✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com