” അമ്മേ.. അമ്മേ… ഊഞ്ഞാലുകെട്ടിത്താ മോൾക്ക്. മോൾക്ക് ഊഞ്ഞാലാടണമമ്മേ. ”
” മോളേ….” എന്നൊരു വിളിയോടെ മീന ഞെട്ടിയുണർന്നു. ഈശ്വരാ എന്റെ മോള് ഊഞ്ഞാല് കെട്ടിക്കൊടുക്കാൻ സ്വപ്നത്തിൽ വന്നു പറയുന്നു. മോളെ ഈ അമ്മ എന്തൊരു പാപിയാണ്. ഒരിക്കലും ഒരു അമ്മയ്ക്കും ഇങ്ങനൊരു ഗതി കൊടുക്കരുത് ഭഗവാനേ… മീന ഏങ്ങലടിച്ചു കരഞ്ഞു. ജനൽ പാളികൾ മെല്ലെ മാറ്റി, ദൂരെ മാനത്തേക്ക് കണ്ണുകൾ പാഞ്ഞു. വിണ്ണിൽ താരകക്കുഞ്ഞുങ്ങൾ കൺ ചിമ്മി നിൽക്കുന്നു. നീലക്കണ്ണുകളുള്ള എന്റെ നക്ഷത്രമോൾ ഇപ്പോൾ നല്ല ഉറക്കത്തിലായിരിക്കും. അമ്മയെ കാണണമെന്ന് പറഞ്ഞ് വാശിപിടിച്ചാണത്രേ എന്നും ഉറങ്ങുന്നത്. ഇന്ന് വിശാഖം. തിരുവോണത്തിന് അഞ്ചു ദിനങ്ങൾ കൂടി മാത്രം. ഇപ്രാവശ്യമെങ്കിലും എന്റെ കുഞ്ഞിന്റെ കൂടെയിരുന്ന് ഒരുപിടി
ഓണസദ്യയുണ്ണാൻ സാധിക്കുമോ!
പടക്കക്കടയിൽ ജോലി ചെയ്തിരുന്ന മഹിയേട്ടൻ അവിടുത്തെ പൊട്ടിത്തെറിയിൽപ്പെട്ടു മരണമടഞ്ഞപ്പോൾ കൈക്കുഞ്ഞായിരുന്ന മോളെയും കൂട്ടി എങ്ങനെ ജീവിക്കുമെന്നറിയാതെ ദു:ഖിച്ചിരുന്ന തന്നെ അടുത്ത വീട്ടിലെ ചേച്ചിയുടെ പരിചയക്കാരാണ് ദുബായിലെത്തിച്ചത്. അറബിയുടെ വീട്ടിലെ വൃദ്ധദമ്പതികളെ നോക്കാനാണ് കൊണ്ടുവന്നതെങ്കിലും പതിനെട്ട് അംഗങ്ങളടങ്ങുന്ന വീട്ടിലെ ജോലികൾ എല്ലാം ചെയ്യേണ്ടിവന്നു. രാത്രി 12 മണിക്കാണ് ഒന്ന് നടുവ് നിവർക്കാൻ കിട്ടുക. വീണ്ടും പുലർച്ചെ നാലുമണിക്ക് ഉണർന്ന് പണി തുടങ്ങണം. ചെറിയ പിഴവുകൾ കാട്ടിയാൽ പോലും അതികഠിനമായ ശിക്ഷയാണ്. ബാത്റൂമിൽ പോകുമ്പോഴാണ് നാട്ടിലേക്ക് ഫോൺ ചെയ്യാറുള്ളത്. മോൾ അമ്മയുടെ കൂടെയാണ് നിൽക്കുന്നതെന്നുള്ളത് മാത്രമാണ് ഒരാശ്വാസം. രണ്ടുവർഷമായി ഇവിടെ എത്തിയിട്ട്. ഇപ്രാവശ്യം ഓണത്തിന് നാട്ടിലേക്ക് പോകുവാൻ അവധി ചോദിച്ചിട്ടുണ്ട്. തന്നാൽ മതിയായിരുന്നു.
പെട്ടെന്നാണ് വാതിലിൽ ഒരു മുട്ട് കേട്ടത്. മൊബൈലിൽ നോക്കിയപ്പോൾ സമയംപുലർച്ചെ നാലുമണി. വേഗം വാതിൽ തുറന്നു. അവിടുത്തെ മൂത്തമകൾ വന്ന് കൈയിൽ ഒരു കവർ ഏൽപ്പിച്ചു. തുറന്നു നോക്കിയപ്പോൾ നാളത്തേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റാണ്. അക്കൗണ്ടിൽ പൈസയും ഇട്ടിട്ടുണ്ടെന്നു പറഞ്ഞു . മനസ്സിൽ ഒരായിരം പൂത്തിരി കത്തിയ പോലെ.
നാട്ടിൽ ചെന്നിട്ട് വേണം അവൾക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിക്കൊടുക്കാൻ. ആദ്യം ഒരു ഊഞ്ഞാല് കെട്ടി കൊടുക്കണം. മുറ്റത്ത് പൂക്കളമൊരുക്കണം. ഉപ്പേരിയും ശർക്കരപുരട്ടിയും കളികടയ്ക്കയും അട പ്രഥമനും ഒക്കെ ഉണ്ടാക്കി കൊടുക്കണം. അവളോടൊപ്പം കുമ്മിയടിച്ചു കളിക്കണം. ഓണപ്പാട്ടുകൾ പാടിക്കൊടുക്കണം. രാത്രിയിൽ നെഞ്ചിലേറ്റി ഉറക്കണം. അങ്ങനെ ഒരുപാടൊരുപാടാലോചിച്ചു നാളത്തെ പുലരിക്കായ് കാത്തിരുന്നു. നക്ഷത്ര മോളോടൊപ്പം ഓണം കൂടാനായ് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ മനസ്സു വല്ലാതെ തുടിച്ചു.



