ജെ.പി (ജയ പ്രകാശൻ) ഒരു ഇസ്തിരിക്കുട്ടനായിരുന്നു, ഇന്നലെ വരെ!
ചുളിവ് വീഴാത്ത കുപ്പായം. ആരോഗ്യകാര്യങ്ങളിൽ ബദ്ധശ്രദ്ധൻ!
അസ്തമയത്തിനു മുന്നേ അത്താഴം!
പത്തിന് കിടക്കും അഞ്ചിന് എഴുന്നേൽക്കും!
എണീറ്റാൽ യോഗ, സൂര്യനമസ്‍കാരം, രാംദേവ് ശ്വാസകസർത്തുകൾ – ഒന്നര മണിക്കൂർ!
ചായ ഇല്ല, കാപ്പിയും.
ഓട്സ്, ഫ്രൂട്സ്, നാടൻ മുട്ട്സ് – പാതിവെന്തത് രണ്ട്: പ്രാതലായി.
ഉച്ചക്കും സന്ധ്യക്കും അങ്ങനെയൊക്കെത്തന്നെ. കണിശം ആഹാരം!
പുകവലി – ഇല്ല.
വെള്ളമടി – കഭീ നഹീ.
രാസ ലഹരി – കേട്ടിട്ടുണ്ട്
പെണ്ണുപിടി – അതെന്താ?
ജെ.പി അങ്ങനെ ഹെൽതി ലൈഫ് നയിക്കുമ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
ആദ്യം അമേരിക്കൻ സ്ട്രൈക്ക്. പിന്നെ റിട്ടാലിയേഷൻ!
ഒരു മിസൈൽ പിന്നെ മറ്റൊരു മിസൈൽ, ഡ്രോൺ അറ്റാക്ക്. ഇന്റർസെപ്ഷൻ- – മൊത്തം ബഹളമയം.
ആണവ കേന്ദ്രങ്ങൾ എണ്ണപ്പാടങ്ങൾ സ്കൂൾ ഹോസ്പിറ്റൽ – വീണിടം ലക്ഷ്യങ്ങൾ!
കണക്കെടുപ്പ്, റണ്ണിങ് കമന്ററി – ചാനലുകാർ വഹ.
അങ്ങോട്ടടി ഇങ്ങോട്ടടി.
വിഷു അടുക്കുമ്പോൾ കോയാ റോട്ടിലെ അയ്യൻസ് പടക്കക്കടപോലെ – റഷ്യക്കും ചൈനക്കും പൊരിഞ്ഞ കച്ചോടം – നനഞ്ഞതും പൊട്ടുന്നതും പൊട്ടാത്തതും, ഒക്കെ വിറ്റുപോകുന്നു!
ഏതു നിമിഷവും എന്തും സംഭവിക്കാം!
മോക് ഡ്രിൽ തുടങ്ങി. സൈറൺ മുഴങ്ങി.
എയർപോർട്ടുകൾ അടച്ചു. ഹോർമുസ് അടച്ചു.
ക്രൂഡിന് വിലകൂടി. തലയ്ക്ക് മുകളിൽ എപ്പോഴും മുഴങ്ങുന്ന ഭീകര ശബ്ദങ്ങൾ. മിസൈലുകൾ തകർക്കപ്പെടുകയാണത്രേ!
പടപേടിച്ചു ഞാൻ കോഴിക്കോട്ടെത്തി.
സ്വീകരിക്കുവാൻ ജെ.പി ഉണ്ടായിരുന്നു –
ചുണ്ടിൽ എരിയുന്ന സിഗരറ്റ്, ബിഗ് ഷോപ്പറിൽ കുപ്പി!
കാറിൽ എന്തിനും പോന്ന ചെറു ബാർ!
ഭാഗ്യത്തിന് പെണ്ണില്ല.
എന്ത് പറ്റി ജെ.പി, പെട്ടെന്നൊരു മാറ്റം?
ജെപി എന്നെ കണ്ണുകൊണ്ടളന്നു. പിന്നെ മൊഴിഞ്ഞു:
“അത് വിട് ന്റെ എ. കെ, ഇത് പറ, ഈ എംഡിഎംഎ ന്റെ ഷോപ്പ് ഏട്യ?”
മറുചോദ്യം ഒരു ക്ലസ്റ്റർ ബോംബായി എന്റെ തലയിൽ പതിച്ചു.



