Tuesday, June 23, 2026
Homeഅമേരിക്കകവര് പൂക്കുന്ന കുമ്പളങ്ങി'. രചന:റോമി ബെന്നി. ✍ പുസ്തകപരിചയം - ആനി പി. സെബാസ്റ്റ്യൻ. മംഗരയിൽ,...

കവര് പൂക്കുന്ന കുമ്പളങ്ങി’. രചന:റോമി ബെന്നി. ✍ പുസ്തകപരിചയം – ആനി പി. സെബാസ്റ്റ്യൻ. മംഗരയിൽ, കൂടരഞ്ഞി.

നഗരവൽക്കരണത്തിന്റെ അതിവേഗപ്പാച്ചിലിൽ നമുക്ക് നഷ്ടമാകുന്ന ഗ്രാമീണ വിശുദ്ധിയെയും പ്രാദേശിക ചരിത്രത്തെയും അടയാളപ്പെടുത്തുന്ന കൃതികൾ മലയാള സാഹിത്യത്തിൽ എക്കാലത്തും സവിശേഷമായ സ്വീകാര്യത നേടിയിട്ടുണ്ട്.
ആ നിരയിലേക്ക് വായനക്കാരുടെ മനസ്സ് നിറയ്ക്കാൻ പോന്ന തികച്ചും ഹൃദയസ്പർശിയായ ഒരു പുസ്തകമാണ് റോമി ബെന്നി രചിച്ച ‘കവര് പൂക്കുന്ന കുമ്പളങ്ങി’. കൊച്ചി നഗരത്തോട് ചേർന്ന് കിടക്കുമ്പോഴും തനതായ സംസ്കാരവും ഗ്രാമീണതയും കാത്തുസൂക്ഷിച്ച ‘കുമ്പളങ്ങി’ എന്ന നാടിന്റെ ആത്മാവിനെ തൊട്ടറിയാൻ ഈ കൃതി വായനക്കാരെ ക്ഷണിക്കുന്നു.

ഗ്രന്ഥകാരിയുടെ ഓർമ്മച്ചെപ്പിലൂടെയുള്ള യാത്രയിൽ കണ്ടുമുട്ടുന്ന ഓരോ കാഴ്ചകളും ഒരു ചലച്ചിത്രത്തിലെന്ന പോലെ വായനക്കാർക്ക് അനുഭവവേദ്യമാകുന്നു. ഏകദേശം അൻപത് വർഷങ്ങൾക്ക് മുമ്പുള്ള കുമ്പളങ്ങിയുടെ ജലസമൃദ്ധിയുടെയും കൃഷിയിടങ്ങളുടെയും ജീവിതസാഹചര്യങ്ങളുടെയും കഥ പറയുന്നതാണ് ഈ രചന. നമ്മുടെ ഓർമ്മകളിലോ അനുഭവങ്ങളിലോ ഒരിക്കലും കടന്നുവരാത്ത ഒരിടത്തെ നമ്മോട് പങ്കുവയ്ക്കുന്നതിലൂടെ സാധാരണ മലയാളി ബാല്യങ്ങളുടെ അനുഭവങ്ങളിൽ നിന്നും അകലെ നിൽക്കുന്ന അപൂർവത ഈ കൃതിക്ക് കൈവരുന്നു. എന്നാൽ അന്യമെന്ന് തോന്നുന്ന ആ അനുഭവങ്ങൾ വളരെ വേഗം നമ്മുടേതാകുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ മാസ്മരികത.

തന്റെ ബാല്യകാലാനുഭവങ്ങളുടെ പച്ചയായ അവതരണത്തിലൂടെ ഗ്രന്ഥകാരി തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹപാഠികളുടെയും ഭൂപ്രകൃതിയുടെയും മായാത്ത ചിത്രങ്ങൾ വരച്ചിടുന്നു. കുമ്പളങ്ങിയിലെ ഭക്ഷണരീതികൾ, വസ്ത്രധാരണശൈലികൾ, കളികൾ, കൃഷിസമ്പ്രദായങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ എന്നിവയെല്ലാം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മനോഹരമായി കോർത്തിണക്കിയിരിക്കുന്നു.

മാമ്പഴഗന്ധമേറ്റ അവധിക്കാലവർണനയിൽ ഇന്ന് അപൂർവമായ പലയിനം നാട്ടുമാവിനങ്ങൾ കടന്നുവരുന്നു. കല്ലുകെട്ടി, പച്ചതീനി, കരീത്തറമാവ്, പുളിയൻമാവ്, ചന്ദ്രക്കാരൻ, ചകിരിമാങ്ങ, പായൽമാങ്ങ അങ്ങിനെ പോകുന്നു പേരുകൾ. കൊച്ചി പ്രദേശത്ത് പ്രചാരത്തിലുള്ള പല നാടൻ പ്രയോഗങ്ങളും ഭാഷാശൈലികളും ഈ ഗ്രന്ഥത്തിലുടനീളം കാണാം. കണ്ണാക്ക്, അടതാപ്പ്, വങ്കേത്തി, കോക്കി, പതരിഞ്ഞപ്പൻ, പതരിഞ്ഞമ്മ, കല്ലേൽ ഇഷ്ടു തുടങ്ങി രസകരമായ പദപ്രയോഗങ്ങൾ. അനുഭവങ്ങളുടെ അഗാധങ്ങളിൽ നിന്നുയരുന്നവയാണ് മുഹൂർത്തങ്ങളധികവും.

കേവലം ഒരു ഗ്രാമത്തിന്റെ വിവരണം എന്നതിനപ്പുറം നവനാഗരികതയുടെ കടന്നുകയറ്റത്തിൽ നഷ്ടമാകുന്ന നമ്മുടെ സംസ്കൃതിയെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലാണ് ഈ കൃതി. “നാട്ടിൻപുറ നന്മ പുഴ കടന്ന് മറഞ്ഞില്ലേ?” എന്ന ഗ്രന്ഥകാരിയുടെ ചോദ്യം വളരെ പ്രസക്തമാണ്.

കവിത്വം സ്‌ഫുരിക്കുന്ന ഒരു ഭാഷാവരം ഗ്രന്ഥകാരിക്കുണ്ട്. സ്മൃതിചിത്രങ്ങളിലെല്ലാം ഈ കാവ്യാത്മകത കവിഞ്ഞൊഴുകുന്നു. ഈ ഗ്രന്ഥത്തിലെ ഓരോ ഓർമ്മക്കുറിപ്പിന്റെയും ശീർഷകങ്ങൾ പോലും ബിംബങ്ങൾ കൊണ്ട് കൊരുത്ത, കാൽപ്പനികത തുളുമ്പുന്ന കവിതാശകലങ്ങളാണെന്നു തോന്നിപ്പോകും. “വളർന്നു വലുതാകാനാണ് ബാല്യത്തിൽ കൊതിച്ചത്; തിരിച്ചു പോകാനാകാത്തതാണ് ഇന്നിന്റെ വേദന” എന്ന് പറയുന്ന ഗ്രന്ഥകാരി നഷ്ടഭൂമികയിലൂടെ ഇഷ്ടമനോരഥ പ്രയാണം നടത്തുമ്പോൾ വായനക്കാരും ആ വിസ്മയക്കാഴ്ച്ചകളിൽ അഭിരമിക്കുന്നു.

പുസ്തകശേഖരത്തിൽ തീർച്ചയായും സൂക്ഷിച്ചുവയ്ക്കേണ്ട, വരുംതലമുറയ്ക്ക് സമ്മാനിക്കേണ്ട ഒന്നാണ് ‘കവര് പൂക്കുന്ന കുമ്പളങ്ങി’.

ആനി പി. സെബാസ്റ്റ്യൻ. മംഗരയിൽ, കൂടരഞ്ഞി.

RELATED ARTICLES

7 COMMENTS

  1. യഥാർത്ഥമായ വായനയുടെ അകം പൊരുളുകൾ കൃത്യമായി കുറിയ്ക്കുന്ന കുറിപ്പ്.വീണ്ടും കുമ്പളങ്ങിയിലൂടൊരു നടത്തം….

  2. അതെ, നഷ്ടമായ നമ്മുടെ നാട്ടു നൻമകളെ എത്രമേൽ മനോഹരമായി അടുക്കും ചിട്ടയോടെയുമാണ് എഴുത്തുകാരി പകർന്നാട്ടം നടത്തിയിരിക്കുന്നത് എന്ന് ഓരോ വായനക്കാരനും അനുഭവപ്പെടുന്ന മനോഹര രചന. വായിക്കാതെ പോയാൽ തീർത്തും നഷ്ടമെന്ന് പറയാതെ വയ്യ.

  3. തീർച്ചയായും ഒരു പാഠപുസ്തകത്തിന് ഒപ്പം നിൽക്കുന്ന പുസ്തകമാണ്… ഞാൻ വായിച്ചിരുന്നു.
    നല്ല കുറിപ്പ്

  4. റോമി ബെന്നിയുടെ “കവര്പൂക്കുന്ന കുമ്പളങ്ങി എന്ന പുസ്തക പരിചയത്തിലൂടെശ്രീമതി ആനി സെബാസ്റ്റ്യൻ എഴുത്തുകാരിയുടെ എഴുത്തിനെക്കുറിച്ച് മനോഹരമായ വായനക്കുറിപ്പ് ആണ് നൽകിയിരിക്കുന്നത്..”❤️ തീർച്ചയായും എല്ലാവർക്കും നല്ലൊരു വായനനുഭവം നൽകുന്ന പുസ്തകം….. കുട്ടികളുടെപാഠപുസ്തകത്തിന്റെ ഭാഗമായി മാറുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com