ശ്യാം, ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ…..
മൂന്ന് പേരും ഒരുമിച്ചു വീഡിയോ കോളിൽ വന്നപ്പോൾ ഒരു കാലം മുഴുവൻ ഓർമ്മയിൽ നിറഞ്ഞു…
അറിയാതെ തന്നെ കൗമാര-യൗവനങ്ങളിലേക്ക് തിരികെ നടന്നു മനസ്സ്; എൺപതുകളെ പ്രണയസുരഭിലമാക്കിയ കുറെ പാട്ടുകളിലേക്കും.
ചെറിയൊരു ഇടവേളക്ക് ശേഷം ശ്യാം സാറിന്റെ വീട്ടിൽ ഒരുമിച്ചതായിരുന്നു അവർ. “ഇന്നെനിക്ക് മറക്കാനാവാത്ത ദിവസം.” — ശ്യാം സാർ പിന്നീട് പറഞ്ഞു. “ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരാണ് കാണാൻ വന്നത്. ഒരു കാലവും കൂടെ കൊണ്ടുവന്നു അവർ. ഓർമ്മകളിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു വസന്തകാലം.”

ശ്യാമുമായി ഹൃദയബന്ധം സൂക്ഷിക്കുന്നവരാണ് ഉണ്ണിയും കൃഷ്ണചന്ദ്രനും. ഇരുവരുടേയും സംഗീത ജീവിതത്തിൽ ശ്യാമിന്റെ പങ്ക് സുപ്രധാനം. ഉണ്ണിമേനോന്റെ സിനിമാപ്രവേശത്തിന് തന്നെ നിമിത്തമായത് ശ്യാമിന്റെ ഇടപെടലുകളാണ്. വളകിലുക്കം ഒരു വളകിലുക്കം (മുന്നേറ്റം), വെണ്ണിലാ ചോലയിൽ, ഓളങ്ങൾ താളം തല്ലുമ്പോൾ, പുന്നാരേ പൂന്തിങ്കളേ (കടത്ത്) തുടങ്ങി ഉണ്ണിക്ക് പിന്നണിഗാനലോകത്ത് ചുവടുറപ്പിക്കാൻ സഹായകമായ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയത് ശ്യാം. വേറെയുമുണ്ട് ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ഗാനങ്ങൾ: മാനത്തെ ഹൂറി പോലെ (ഈ നാട് ), മൂടൽമഞ്ഞിൻ മൂവന്തി (ആരോരുമറിയാതെ), തൊഴുതു മടങ്ങും (അക്ഷരങ്ങൾ), മാറത്തു മറുകുള്ള (കരിമ്പ്), ചന്ദനക്കുറിയുമായി (ഒരു നോക്കു കാണാൻ), മധുമഴ പൊഴിയും (ഉമാനിലയം), ഓർമ്മയിൽ ഒരു ശിശിരം (ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്), രാവിൽ പൂന്തേൻ (നാടുവാഴികൾ)…. ശ്യാമിന് വേണ്ടി ഉണ്ണി പാടിയ ഗാനങ്ങളിൽ 1980 കളിലെ യുവതലമുറയുടെ ഹൃദ് സ്പന്ദനമുണ്ട്.
“ഈ നാടി”ലെ “തട്ടെടി ശോശാമ്മേ” മുതലിങ്ങോട്ട് കൃഷ്ണചന്ദ്രന്റെ സംഗീത ജീവിതത്തിൽ വഴിത്തിരിവായി മാറിയ പാട്ടുകൾ പലതുമൊരുക്കിയതും ശ്യാം തന്നെ. ആകാശഗംഗയിൽ വർണ്ണങ്ങളാൽ (സിന്ദൂരസന്ധ്യക്ക് മൗനം), വെള്ളിത്തേരിൽ തുള്ളിത്തുള്ളി (എങ്ങിനെ നീ മറക്കും), കസ്തൂരിമാൻ കുരുന്നേ (കാണാമറയത്ത്), തേന്മഴയോ (ഡെയ്സി)….
ശ്യാമിനൊപ്പം ഈ ഗാനങ്ങളുടെ സൃഷ്ടിയിൽ പങ്കാളികളായ ഗാനരചയിതാക്കൾ ഭൂരിഭാഗവും ഇന്നില്ല എന്നത് ദുഃഖകരമായ യാഥാർഥ്യം: പി ഭാസ്കരൻ, ഒ എൻ വി, യൂസഫലി കേച്ചേരി, കാവാലം, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, ചുനക്കര രാമൻകുട്ടി, രമേശൻ നായർ…..എല്ലാവരും ഓർമ്മ.
“വല്ലാത്ത ഏകാന്തത തോന്നും ചിലപ്പോൾ. പിന്നെ ആശ്വസിക്കും, എത്രയോ പേർക്ക് ഏകാന്തതയിൽ കൂട്ടാകുന്നുണ്ടല്ലോ നമ്മുടെ പാട്ടുകൾ….” — ശ്യാം.




ഇഷ്ടം