Wednesday, July 9, 2025
Homeസ്പെഷ്യൽ'ഏദൻ തോട്ടത്തിലെ പകൽ സഞ്ചാരം' (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

‘ഏദൻ തോട്ടത്തിലെ പകൽ സഞ്ചാരം’ (ഓർമ്മകുറിപ്പുകൾ) ✍ റോമി ബെന്നി

ഉദയസൂര്യരശ്മികൾ ജാലകങ്ങൾ കടന്ന് പൊൻപ്രഭ വിതറി കിടപ്പുമുറിയാകെ മഞ്ഞനിറമണിയിക്കുന്നതിനാൽ താനേ നിദ്ര വിട്ട് ഉണർന്നു പോകും.

അവധി ദിനമായാലും വൈകിയുണരൽ പതിവില്ല . അന്നൊക്കെ രാത്രി നേരത്തേതന്നെ ഉറങ്ങുന്നതു ശീലമായതിനാൽ എഴുന്നേൽക്കാൻ ക്ഷീണമോ മടിയോ തോന്നില്ല.

ഉമിക്കരി തൂക്കിയിട്ടിരിക്കുന്ന ചെറിയ കുടത്തിൽ നിന്നല്പമെടുത്ത് ഉപ്പുപൊടി കുടഞ്ഞിട്ട് പല്ലുതേപ്പു ബ്രഷുകൊണ്ടു തന്നെ.

കോപ്പയിൽ എടുത്ത പാലിൽ വെണ്ണ ബിസ്ക്കറ്റെന്നു പേരുള്ള റസ്ക്കിന്റെ രുചിയുള്ള ചെറിയ ബൺ ആകൃതിയിലുള്ള മൊരിഞ്ഞ ബിസ്ക്കറ്റ് കുതിർത്തിവച്ച് കഴിച്ചു കൊണ്ടിരിക്കുന്ന അമ്മൂമ്മ പറയും “പോയി കാപ്പി കുടിച്ചു വാ”. കാപ്പി തന്ന ശേഷം കുറച്ചു വൈകിയാണ് പ്രഭാത ഭക്ഷണം.

അമ്മയ്ക്കു അവധിയുള്ളതിനാൽ അന്നു പണിക്കാരുടെ തിരക്കാണു വീട്ടിൽ. നെല്ലുപുഴുങ്ങുന്ന അടുപ്പ് ആളിക്കത്തുന്നതു കാണാം.
തലേന്നു വലിയചെമ്പിൽവെള്ളത്തിലിട്ടു വെച്ച നെല്ലുവേവിക്കുകയാണ്. നെല്ലു പൊട്ടി വെന്തു കഴിഞ്ഞാൽ വലിയ കുട്ടയിൽ കോരി വെക്കും.
അതിനു ശേഷം മുൻവശത്തെ സിമൻ്റു തറയിൽ ചിക്കു പായ വിരിച്ച് പരത്തി ഉണക്കാനിടും.

ഇനി മുൻവശത്തേക്ക് അധികം പോകാതിരിക്കുന്നതാണു നല്ലത് . കാക്കത്തൂവലും, രണ്ടുചിരട്ടകളെ നേർക്കു നേർ കോർത്ത കയർ ഒരു വശം കെട്ടിവെച്ച് മറുവശം കൈയ്യിൽ പിടിച്ച് നെല്ലു മോഷ്ടിക്കാനെത്തുന്ന പക്ഷികളെ ഓടിക്കാനിരിക്കുന്ന ചേച്ചി എന്നെ കണ്ടാൽ “ഇപ്പ വരാം കൊച്ചി തൊന്നുവീശിയിരുന്നോ ” എന്നു പറഞ്ഞു സ്ഥലം വിടും. നെല്ലു വിരിച്ചതിനു കുറുകെ കെട്ടിയ കയർ അൽപ നേരംആട്ടിയാട്ടിയിരിക്കാൻ രസമാണ്. എന്നാൽ അവർ വരാൻ വൈകും. വരാന്തയിലെ തൂണിനു കീഴെ ഇതും നോക്കിയിരിക്കുന്ന നേരത്ത് തൊടിയിലൂടെ നടക്കാനാണ് ഏറെ ഇഷ്ടം.

“നമ്മുടെ തറവാട്ടുപറമ്പ് ഒരു ഏദൻ തോട്ടമാണ് ” എന്ന് വല്യപ്പച്ചൻ്റെ മൂത്ത മകൻ ബാബു ചേട്ടൻ ഇടയ്ക്കിടെ പറയുന്നതിൻ്റെ അർത്ഥമെന്തെന്നു ആദ്യമൊന്നും മനസ്സിലായില്ല. ഫലവൃക്ഷസമൃദ്ധി നിറഞ്ഞ അവിടെ ഇല്ലാത്ത നാട്ടു മരങ്ങൾ ഏതാണ്!

നെല്ലുണക്കേണ്ട ചേച്ചി നെല്ലുകുത്തു പെരയിൽ പോയിരുന്ന് ഉരലിൽ അരി പൊടിച്ചു കൊണ്ടിരിക്കുന്ന വരുമായി വർത്തമാനം പറഞ്ഞിരിക്കും.

അരിപൊടിക്കൽ കാണാൻ നല്ല രസമാണ്. ഒരാഴ്ചത്തേയ്ക്കുള്ള പുട്ടുപൊടി, അപ്പപ്പൊടി എന്നിങ്ങനെ വേർതിരിച്ചു പൊടിക്കും. കുറച്ചു പൊടിയെടുത്ത് ധാരാളം തേങ്ങാപ്പീരയും ഉപ്പും ചേർത്തു ഉരുളിയിൽ വെള്ളം തളിച്ച് കുഴച്ചു വെയ്ക്കും. പുറത്തു നെല്ലു പുഴുങ്ങുന്ന അടുപ്പിനടുത്ത മറ്റൊരടുപ്പിൽ അതു വറുക്കും. നിറുത്താതെ ഇളക്കിക്കൊണ്ടിരിക്കുമ്പോൾ വെള്ളപ്പൊടി ചരലിന്റെ ഇളം മഞ്ഞനിറമുള്ള വർണ ഭേദത്തോടെ അവലോസു പൊടിയായി ഉരുളിയിൽ രൂപപ്പെടുന്നതു കാണാൻ നല്ല ഭംഗിയാണ്.

സ്കൂൾ വിട്ടു വന്ന ക്ഷീണവും , വിശപ്പുമെല്ലാം ചില ദിവസങ്ങളിൽ നീക്കുന്നത് ചെറുപഴം ചേർത്തു കുഴച്ചു തരുന്ന അവലോസുപൊടിയാണ്.

വറുത്തതിൽ പകുതി അവലോസു പൊടി അരിച്ചെടുത്ത് ശർക്കരപ്പാവിൽ വിളിയിച്ചെടുത്തു കഴിയുമ്പോൾ ചെറുചൂടോടെ അവലോസുണ്ട പിടിക്കാം (ഉണ്ടാക്കാം) എന്നു പറഞ്ഞ് എല്ലാവരെയും വിളിക്കുന്നതുകാണാം.ചൂടുപോയാൽ മുറുകി പോയി കടിച്ചാൽപൊട്ടാത്ത ഭക്ഷ്യ വസ്തുവായി അവലോസുണ്ടകൾ മാറുമത്രെ.

അലക്കുകല്ലിനരികെ ഒരു സോപ്പുകായ മരമുണ്ട്. ചെറിയ പച്ച നിറമുള്ള കായ്കൾ നിറച്ചുണ്ടാകും. അത് വെള്ളത്തിലിട്ട് പതപ്പിച്ചാൽ വഴുവഴുപ്പുള്ള പതയുള്ള വെളളം കിട്ടും.

കട്ടിയുള്ള പുതപ്പുകളും തോർത്തുകളും, ബെഡ്ഷീറ്റുമൊക്കെ വലിയ അലൂമിനിയക്കലത്തിൽ കാരം ചേർത്ത വെള്ളത്തിൽ വേവിച്ചെടുക്കുന്നതു കാണാം. അതിലേക്കു സോപ്പുകായ് പതപ്പിച്ച വെള്ളവും ഒഴിക്കും.

പാത്രത്തിൽ ബാക്കിയിരിക്കുന്ന വെള്ളത്തിൽ , കഴുകിഉണങ്ങാനിട്ടിരിക്കുന്ന കൈലേസുകൾ കുതിർത്തി ഞങ്ങൾ കളിക്കുമ്പോൾ കുട്ടികളെ വഴക്കു പറഞ്ഞ് ഓടിക്കും.”ഇരട്ടിപ്പണിയുണ്ടാക്കാൻ വന്നിരിക്കുന്നു” എന്നവർ പിറുപിറുക്കും.

അടുത്ത കാഴ്ച വലിയ കമ്പുകൊണ്ട് പുക പൊങ്ങുന്ന തുണി തിരിച്ചും മറിച്ചുമിടുന്നതാണ്,പിന്നെ കല്ലിൽ നീട്ടിവലിച്ച് അടിച്ച് അലക്കും. കുളത്തിൽ കൊണ്ടു പോയി ഊരിപ്പിഴിഞ്ഞ് വിരിക്കലാണ് മറ്റൊരു കടമ്പ . ഇങ്ങനെ ചെയ്യുന്നതു കാണാൻ ജാഥപോലെ പിറകെ നടക്കുമ്പോൾ “സോപ്പുവെള്ളം തെറിക്കും അവിടന്നു പോയേ കൊച്ചുങ്ങളെ” എന്നവർ വിളിച്ചുപറയും. അവിടെയും നിൽക്കാൻ രക്ഷയില്ല.

ഉൾഭാഗംവെള്ള നിറമുള്ള പേരയ്ക്ക പഴുത്തു തുടുത്തു വീണു കിടക്കുന്നുണ്ടാകും. “താഴെ വീണതു കഴിക്കല്ലേ പിള്ളേരേ” എന്ന് കേൾക്കുമ്പോൾ കൈയ്യിലെടുത്തത് താഴെ ഇടും.

ഉള്ളു ചുവന്ന പേരയ്ക്ക കിട്ടുന്നത് മുൻവശത്താണ്. പഴുക്കുന്നതിനുമുമ്പുതന്നെ ആരെങ്കിലും അതെല്ലാം പൊട്ടിച്ചെടുത്തിട്ടുണ്ടാകും. ധാരാളം പൂവു തരുന്ന നല്ല വണ്ണത്തിലുള്ള മുല്ലവള്ളി ചുറ്റിക്കിടക്കുന്നതും ഈ പേരയിലാണ്.

കടുംചുവപ്പു നിറമുള്ള ലൂവിപ്പഴം നിറഞ്ഞ ലൂവി മരവും, ദേഹം പൊതിഞ്ഞു കായ്ച്ചു നിൽക്കുന്ന ചെമ്മിപ്പുളിയും, ചുവന്ന അല്ലികളേകുന്ന മധുരമേറിയ കുമ്പുളൂസ് നാരകവും, അടുത്തടുത്താണ് വാസം. നല്ല ഉയരമാണ് പടർന്നു പന്തലിച്ച നാരകത്തിന്. അതിൽ നിറയെ ‘അമൃത് ‘ എന്നു വിളിക്കുന്ന വള്ളിച്ചെടി തൂങ്ങിക്കിടപ്പുണ്ട്. നാട്ടുവൈദ്യന്മാരും , പ്രമേഹ രോഗികളും സ്ഥിരം വന്ന് തണ്ടു മുറിച്ചു കൊണ്ടുപോകുന്നതു കാണാം. അത്ര ഗുണമേറിയ കയ്പുരസമാർന്ന മരുന്നാണത്രെ. എത്ര കൊണ്ടു പോയാലും വീണ്ടും തഴച്ചുവളർന്നു നിൽക്കും. നടക്കുന്ന വഴി അതിൻ്റെ നൂലു പോലുള്ള ചില ചെറിയവള്ളികൾ പൊട്ടിച്ചങ്ങനെ പോകാൻ നല്ല രസമാണ്.

നാരകത്തിനും കുടമ്പുളി മരത്തിനുമിടയിൽ അൽപ്പം ചാഞ്ഞ് പിന്നെ ഉയർന്നുനിൽക്കുന്ന പനിനീർ ചാമ്പയ്ക്കയാണ് ഞങ്ങളുടെ ലക്ഷ്യം. പച്ച നിറമുള്ളതും, മധുരവും, ഗന്ധവുമേകുന്നചാമ്പയ്ക്ക പറിച്ചെടുത്തു കഴുകാതെ തന്നെ ഭക്ഷിക്കും. കുറച്ചു ദൂരെ മാറി വെള്ളച്ചാമ്പയ്ക്ക മരമുണ്ട്. രാത്രി കോഴികളുടെ കൊട്ടാരമാണത്. അവിടെ സങ്കേതം കണ്ടെത്തി ചേക്കാറാ നാണ് ചില കോഴികൾക്ക് ഇഷ്ടം. കൂട്ടിനകത്ത് അവർ കയറില്ല. വലിയ വെള്ള ചാമ്പയ്ക്ക അതിൽ ഉണ്ടാകുമെങ്കിലും പനിനീർ ചാമ്പയ്ക്കയുടെ രുചിയില്ല.
ആൺകുട്ടികളാരെങ്കിലും ചാമ്പയിൽ കയറി പൊട്ടിച്ചു തരും, അതിൽ നിന്ന് വീണ് കൈയ്യൊടിഞ്ഞ പലരുടെയും പേരു പറഞ്ഞ് ഞങ്ങളെ അവിടെ നിന്നും മുതിർന്നവർ വന്ന് പേടിപ്പിച്ചോടിക്കും.

സമാധാനമായി ഇരിക്കാൻ പറ്റിയ സ്ഥലം തെക്കുവശത്തെ കാപ്പി ചെടികൾക്കരികിലെ വെള്ള അല്ലികളുള്ള നാരങ്ങ തരുന്ന കുമ്പുളൂസ് നാരകത്തിലാണ്. പോകുന്ന വഴി ഒറ്റത്തടിയായി പടർന്നു പന്തലിച്ച റമ്പൂട്ടാനും, തൊട്ടടുത്ത് കാര മരവും ഉണ്ട്. അതിലൊന്നും കയറി കായ്കൾ പറിക്കാൻ കുട്ടിപ്പടയ്ക്ക് കൈ എത്താത്തതു കൊണ്ട് അങ്ങോട്ട് നോക്കില്ല. റമ്പൂട്ടാൻ ഇന്നത്തെ പോലെ സർവ്വ സാധാരണമായ വൃക്ഷ മല്ലായിരുന്നു അന്ന്. അതിമധുരമുള്ള അതിൻ്റെ രുചിയും വലിപ്പവും ഇപ്പോഴുള്ളതിൽ കണ്ടെത്താനുമാകില്ല.

വെള്ള കുമ്പുളുസു നാരക മരം ചാഞ്ഞു ചരിഞ്ഞും കിടക്കുന്നതിനാൽ ആൺ പെൺ ഭേദമില്ലാതെ എല്ലാവരും വലിഞ്ഞു കയറി അതിൽ ഇരിക്കും. അവിടെ നിന്നും ആരും ഓടിച്ചു കളയുകയുമില്ല.

കഥകളും, വിശേഷങ്ങളും, സിനിമാപ്പേരു പറഞ്ഞു കളിക്കലും , അന്താക്ഷരി എന്ന പദമൊന്നും കേൾക്കാത്ത നാളിലും പാട്ടിന്റെ തുടർച്ച പാടുന്ന കളികളുമൊക്കെ ആർത്തു രസിച്ചു പാടും. പ്രേതകഥകൾ പകൽ കേൾക്കാനിഷ്ടമായതിനാൽ ഒരുമിച്ചു ചേർന്നിരുന്നു പറയും.

ചേട്ടൻ നന്നായി പാടും. പാടാൻ കഴിവും,പാട്ടിൽ വളരെയേറെ താൽപര്യവുമുള്ള അമ്മ ചേട്ടനെ പാട്ടു പഠിപ്പിക്കാൻ തീരുമാനിച്ചു. എനിക്കും താൽപര്യമുണ്ട് പക്ഷേ പാടാൻ കഴിവില്ലെന്നു സ്വയം തിരിച്ചറിഞ്ഞതു കൊണ്ട് മിണ്ടാതിരുന്നു. ഞായറാഴ്ച തോറും മാധവൻ ഭാഗവതർ ചേട്ടനെ പഠിപ്പിക്കാൻ വരാൻ തുടങ്ങി.

ഹർമ്മോണിയം വീട്ടിലൊരണ്ണം വാങ്ങി. തെക്കേ മുറിയിൽ നിലത്തു പുൽപ്പായയിട്ട് ദക്ഷിണ വെച്ച് ചേട്ടൻ പഠനമാരംഭിച്ചു. തൊട്ടടുത്ത് ഞാനും പോയി ഇരുന്നു. സദാ പാലയ എന്ന കീർത്തനം, വാതാപി ഗണപതേയും പഠിപ്പിക്കുന്നതു കേട്ടിരുന്നു പഠിച്ചു.

ഹർമോണിയത്തിൽ സരിഗമപധനിസ
സനിധപമഗരിസ വായിക്കാൻ ഞാനും കണ്ടു പഠിച്ചു.

വീട്ടിൽ വെച്ച് ഒരിക്കലും പാടാത്ത ഞാൻ കേട്ടു പഠിച്ച സദാ പാലയ എന്ന കീർത്തനം ആരോടും ചോദിക്കാതെ തന്നെ പേരു കൊടുത്ത് സ്കൂളിൽ ഡെസ്കു കൂട്ടി കെട്ടി ഉണ്ടാക്കിയ സ്റ്റേജിൽ, യൂത്ത് ഫെസ്റ്റിവലിന് പാടി. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും ആഗ്രഹം സഫലമായി.

ചേട്ടന് എന്നും പാട്ടിന്റെ പല രൂപങ്ങൾക്ക് അതായത് ലളിതഗാനം, ശാസ്ത്രീയ ഗാനം, ഗ്രൂപ്പ് സോങ്ങ്, ഇങ്ങനെ പലതിനും ഒന്നാംസമ്മാനം കിട്ടാൻ തുടങ്ങി.

അനുജത്തിയും , അനുജനും വളർന്നു വന്നതും നല്ല പാട്ടുകാരായാണ്. ഗാനങ്ങളോടുള്ള അമിതസ്നേഹം കൊണ്ടാകാം എനിക്കു മാത്രമാ കഴിവ് ലഭിച്ചതുമില്ല.

ഉച്ചയൂണുകഴിഞ്ഞ് സംഘം വടക്കേ പറമ്പിലേയ്ക്കു നീങ്ങും. അവിടെയാണ് ഇനി ബാക്കി കളിയരങ്ങ്. അവിടെ നിന്ന് കുറച്ചു നടന്നാൽ അപ്പന്റെ ഏറ്റവും മൂത്ത ജേഷ്ഠനും കുടുംബവും താമസിക്കുന്ന ‘കളം’ എന്നു വിളിക്കുന്ന വീടുണ്ട്.

വലതുവശത്തു വിശാലമായ പാടവും ഇടതു വശത്തു കിഴക്കേപ്പുഴയും നടുവിൽ ഈ വീടും.

കൊയ്ത്തുകേറുന്ന വലിയ കളമാണത്. തേങ്ങ കൂട്ടിയിടാനും , കൊപ്ര ഉണക്കാനും ഉപയോഗിക്കുന്ന കളത്തോടു ചേർന്ന് താമസ സൗകര്യവും ഉണ്ട്.

അങ്ങോട്ടെത്താൻ പത്താഴം അല്ലെങ്കിൽ തൂമ്പ്എന്നു വിളിക്കുന്ന ഒരു മരക്കൂട് ചവിട്ടി കടക്കണം. പുഴയിൽ നിന്ന് പാടത്തേയ്ക്ക് വെള്ളം കയറ്റി ഇറക്കുന്ന സംവിധാനമാണത്. താഴേയ്ക്കു നോക്കിയാൽ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച കണ്ട് തലചുറ്റുന്ന പോലെ തോന്നും. എന്നാലും അതിലൂടെ വിറച്ചും വിളറിയും നടന്ന് കളത്തിലെത്താൻ ഒത്തിരി ഇഷ്ടമാണ്.

എൻ്റെ ഓർമ്മ വെച്ചനാൾ മുതൽ ആകാശഭംഗിയും, പച്ച പട്ടണിഞ്ഞ പാടത്തിൻ്റെ രമണീയതയും അക്കരപ്പച്ചയും, ചെറിയ ഓടങ്ങൾ ചാഞ്ചാടി ഓടുന്ന തിളങ്ങുന്ന പുഴയും, ചീനവലകളും ഇത്രയേറെആസ്വദിച്ചനുഭവിച്ച ഒരിടം വേറെയില്ലായിരുന്നു.

വയലേലകൾ തഴുകിവരുന്ന നെല്ലിൻ മണമുള്ള കാറ്റിൻ ഗന്ധം ഇപ്പോഴും കിട്ടുന്നുണ്ടെനിക്ക്. വയലിനും, പുഴയ്ക്കും ഇടയിലുള്ള തുരുത്തിൽ പഞ്ഞ പുല്ലു (റാഗി ) കൃഷിയും പച്ചക്കറിയുമുണ്ട്. അവിടെ നിന്നാൽ കൈ എത്തിച്ച് മൂക്കാത്ത പച്ചനിറമുള്ള നെൽക്കതിർ പറിച്ചെടുക്കാം. നെന്മണികൾ വായിലിട്ട് ചവച്ച് നീരു കുടിക്കും.

നെല്ലിനകത്ത് അരിയാകുന്നതിനു മുമ്പുള്ള ചെറുമധുരുള്ള പച്ചപ്പാൽക്കുടിക്കാൻ നല്ല രസമാണ്. നെല്ലിൻ തൊണ്ടായ ഉമി തുപ്പിക്കളയും.

പുഴക്കാറ്റും വയൽക്കാറ്റും ഒരേ സമയം ആപാദചൂഢം തഴുകിയ നിമിഷങ്ങളുടെ ഹർഷം സ്മൃതിക്കാറ്റായി ഇപ്പോഴും ആത്മാവിൽ അലയുന്നു .

മൂളുന്ന ഓർമപ്പാട്ടിൻ്റെ ഈണം ഹൃദയമിടിപ്പിൻ്റെ സ്വർഗതാളമായി വിരലുകൾ പൊഴിക്കുന്നു.

ഏദൻ തോട്ടമായി തോന്നിയ തറവാട്ടങ്കണ ത്തിൽമാവുകളാലും, പ്ലാവുകളാലും , പലതരം ഫലവൃക്ഷങ്ങളാലും സമ്പന്നമായതിന് ലാവണ്യം കൂടിയേകാൻ മുല്ലയും, പാരിജാതവും നന്ത്യാർവട്ടവും സമഭാവനയോടെ വെൺനിറമാർന്ന് പൂത്തുലയുന്നു .

കിഴക്കേ കോണിൽ ഇളകിയാടി നിന്ന് ശ്രദ്ധയാകർഷിക്കുന്ന വെള്ളയിലച്ചെടിക്കുമവളുടെ സുന്ദരി പൂമോൾക്കുംഎന്തൊരഴക്.

വിവിധവർണ്ണങ്ങളേന്തി ഇലച്ചെടികൾ പല ആകൃതിയിലുള്ള ദലങ്ങളാൽ വിരൽ നീട്ടി മുറ്റത്ത് ചന്തം വരയ്ക്കുന്നു.

ശംഖുപുഷ്പവും, കോളാമ്പിപ്പൂവും, പേരറിയാ മഞ്ഞപ്പൂവു മിടകലർന്ന് ശതാവരി വള്ളി കെട്ടിയ പൂമാല ചാർത്തി വേലിപ്പടർപ്പിനെ അലങ്കരിക്കുന്നു.

വേലിക്കരികിൽ കായ്കളേന്തിയ ആവണക്കുചെടിയും, വെളുത്ത പുഷ്പങ്ങൾ നിറഞ്ഞ നീലകുംഭവും മരുന്നെടുക്കാൻ വരുന്നവർക്കായി കാത്തിരിക്കുന്നു.

കാട്ടുപ്പൂക്കൾക്കുപോലും എന്തൊരു ചേല്. അരുണിമയാർന്ന ആറു മാസപ്പൂവ് കല്ലുകെട്ടി മാവിനു ചുറ്റും നിറഞ്ഞ് മാങ്കനിക്ക് കണ്ണു തട്ടാതെ കാക്കുന്നു.

തുമ്പപ്പൂവിനും, തൊട്ടാവാടിക്കും, കമ്മൽപ്പൂവിനും, മുക്കുറ്റിക്കും, പൂവാങ്കുർന്നലിനും താനെ വളരാൻ മെത്തയൊരുക്കി തൊടിയാകെ വർണ്ണ പ്രപഞ്ചം തീർക്കുന്നു.

കുളത്തിൽ പച്ചപ്പായലിനിടയിൽ കഴുത്തു നീട്ടി വിടർന്നു ചിരിക്കുന്ന ചെറിയാമ്പലുകൾ കരയിലെ കയ്യൂന്ന്യത്തോട് കൊഞ്ചിക്കുഴയുന്നു.

തൊഴുത്തിലെ പശു പുറത്തേയ്ക്കിറങ്ങുന്നതു കണ്ട് കറുകപ്പുല്ലുകൾ കാറ്റത്ത് വിറയ്ക്കുന്നു.

രാവിനെ കാത്തിരുന്നപഞ്ചാരമണലിൽ, നിലാവു കൂടി പെയ്താൽ ഏദനെന്ന മായിക ലോകമായി .

ഇരവിൻ്റെ ഏകാന്തതയിൽ നഷ്ടപ്പെട്ട പറുദീസ തേടുമ്പോൾ കിട്ടാക്കനി പോലത് മോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

റോമി ബെന്നി✍

RELATED ARTICLES

19 COMMENTS

  1. മറ്റൊരു ഏതെൻതോട്ടം…
    വായനക്കാരെ കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോയി. നല്ല വിവരണം.

  2. നാട്ടു നന്മകളുടെ ഫലങ്ങൾ വിളമ്പുന്ന ഓർമ്മകളുടെ ഏദൻതോട്ടങ്ങളിലൂടെ..,.. 🙏❤️

  3. കരയിലെ കൈയുണ്യത്തോടു കൊഞ്ചിക്കുഴയുന്നതാര്? വർണന അതികംഭീര്യം തന്നെ, നന്നായിട്ടുണ്ട് റോമി, നിർത്തരുത്, ഈ മേഖലയിൽ ദൈവം തന്നെ അനുഗ്രഹിച്ചിട്ടുണ്ട് എല്ലാവർക്കും കിട്ടുന്നതല്ല അത്, God bless you Romy. 💐💐❤️❤️

    • ആശംസയ്ക്കും, പ്രോത്സാഹനത്തിനും ഒത്തിരി നന്ദി

  4. വീട്ടിൽ ഉള്ള ഫലവൃഷങ്ങളും സസ്യ ലതാ തികളും പൂക്കളെയും കുറിച്ച് അതിമനോഹരമായി എഴുതിയിരിക്കുന്നു.,…. അഭിനന്ദനങ്ങൾ….. ഇനിയും എഴുതുക ❤️❤️❤️

  5. റോമി ബെന്നിയുടെ ഓർമ്മക്കുറിപ്പ്_ ഏദൻതോട്ടത്തിലെ പകൽ സഞ്ചാരം
    കിനാവിൽ കണ്ടു.ഏദൻ തോട്ടത്തിലേയ്ക്ക് സുന്ദരമായ ബാല്യ കാലത്തിലേയ്ക്ക് ഞങ്ങളെയും കൂട്ടിക്കൊണ്ടുപോയതിന് നന്ദി. പതിവുപോലെ എഴുത്ത് അസാധ്യം- വർണ്ണകളുടെ വശ്യസൗന്ദര്യത്തിൽ വായനക്കാർ മയങ്ങി വീഴും തീർച്ച. അത്ര ഭംഗിയാണവയ്ക്ക് .
    മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ ഒരുപാടുണ്ട്. വാഗ്ദേവി അനുഗ്രഹിച്ച് അരികെ നിൽക്കുന്ന അനുഗൃഹീതയായ എഴുത്തുകാരിക്ക് ഒരായിരം ആശംസകൾ….
    വീണ്ടും എഴുതുക…. കാത്തിരിക്കട്ടെ ….

  6. എഴുത്തിന്റെ വശ്യത വായനക്കാരനെ മോഹിപ്പിക്കുന്നുണ്ട്.ഏദൻ തോട്ടത്തിലെ വൃക്ഷചരിതം ബഷീറിനെപ്പോലെ ലളിത സുന്ദരമായി പറയുന്നു. കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ സാന്ദര്യം റോമിയുടെ രചനയിലും കാണാം.
    ഒരു കാര്യം റോമിയുടെ ബാല്യം ദാരിദ്ര്യത്തിന്റേതല്ലായിരുന്നു. സമുദ്ധിയുടേതായിരുന്നു എങ്കിലും അനുഭവിച്ച രുചിക്കൂട്ടുകളെ എത്ര ഹൃദ്യമായി അവതരിപ്പിക്കുന്നു. എഴുത്തിന്റെ വഴികളിൽ നിലാമഴ നനഞ്ഞ് നനഞ്ഞങ്ങനെ എഴുതുക
    സാഹിത്യ നഭസ്സിൽ ഒരു ശുക്രനക്ഷത്രമായി മാറും തീർച്ച. ഭാവുകങ്ങൾ❤️❤️❤️❤️

    • സ്വപ്നങ്ങളിൽ പോലും എത്തിപ്പിടിക്കാനാവാത്ത ആകാശത്തിൻ്റെ ഉയരങ്ങളിലേയ്ക്ക് ചാടിയാൽ അമ്പിളിമാമനെ കിട്ടിയില്ലെങ്കിലും നക്ഷത്രത്തെ അടുത്തു കാണാനെങ്കിലും പറ്റുമല്ലോ എന്നു ആശിച്ചു പോകുന്ന വിധം ആത്മാർത്ഥതയുള്ള പ്രചോദന വാക്കുകൾക്ക് സുഹൃത്തേ ഒത്തിരി നന്ദി.

  7. “ഏതൻ തോട്ടത്തിലെ പകൽ സഞ്ചാരം ” റോമി ബെന്നി എന്ന കഥകാരിയുടെ സ്വന്തം വീടിന്റെ അന്തരീക്ഷത്തിൽ വിരിഞ്ഞ മറ്റൊരു സുന്ദരാനുഭകുറിപ്പ് 🙏എന്റെ ഓർമ്മയിൽ കുട്ടിക്കാലത്തെക്കുറിച്ച് എന്തെങ്കിലും എഴുതാൻ പറഞ്ഞാൽ ഒരു പാരഗ്രാഫ് എഴുതിയാൽ എഴുതി,, ഇവിടെ കഥകാരി ഓർമ്മകളുടെ ഒരു പൂക്കാലം തീർത്തിരിക്കുന്നു,, സുന്ദരമായ അനുഭവങ്ങളുടെ പൂക്കൾ കൊണ്ടു അണിയിച്ചൊരുക്കിയ ഒരു പൂക്കാലം,, കഥ പോലെ എഴുതിതുടങ്ങി കവിത പോലെ അവസാനിപ്പിക്കുന്ന സുന്ദരാനുഭവങ്ങൾ എല്ലാർക്കും അനുഭൂതിയുടെ മാധുര്യം നൽകിയിട്ടുണ്ടാവും,, അഭിനന്ദനങ്ങൾ

    • പൂക്കാല പ്രഭയാർന്ന ബാല്യകാലോർമകൾ എഴുതിയത് ,വായിച്ച് അഭിപ്രായം പറയുമ്പോൾ വീണ്ടുമെഴുതാൻ പ്രേരണ നൽകുന്ന ഇത്തരം ആശംസകൾ ഹൃദയത്തിലേറ്റുന്നു. നന്ദി സുഹൃത്തേ

  8. ഏദൻതോട്ടം ഒരു മായികലോകം തന്നെ.സമൃദ്ധമായ ബാല്യം.കരുതൽ ഉള്ള മുതിർന്നവർ.ഭാഗ്യവതി തന്നെ ‘💞💞
    ഇന്നും കുമ്പളങ്ങി ഇങ്ങനെ തന്നെയാണോ.ഏദൻ തോട്ടത്തിലെ മരങ്ങളെല്ലാം അതുപോലെ തന്നെ ഉണ്ടോ?
    സുന്ദരമായ ഭാഷ.
    സ്നേഹം സന്തോഷം💞💞🔥🔥

  9. സ്നേഹത്തോടെ സന്തോഷത്തോടെ നന്ദി പറയുന്നു. നമ്മൾ വളർന്നു പോയതു പോലെ , മാറിപ്പോയതു പോലെ , നാടും , എൻ്റെ ഏദൻ തോട്ടവും ഒത്തിരി മാറിപ്പോയി. കണ്ടാൽ തിരിച്ചറിയാനാവാത്ത വിധം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ