വൃത്തിയാക്കാനെങ്കിലും ആ കുന്ത്രാണ്ടത്തീന്നൊന്ന് താഴെ ഇറങ്ങടാ… ശ്രേയട്ടീച്ചർ മകനോട് ഇങ്ങിനെ പറയുന്നത് കേട്ടുകൊണ്ടാണ് ഒരു ദിവസം രാമഭദ്രൻ ആ വീട്ടിലേക്ക് കടന്നു വന്നത്.
തുടർന്ന് വായിക്കുക.
👇👇👇👇
ഭാഗം 5
തന്നെപ്പിടിക്കാൻ വന്ന അമ്മയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ ജീവന്റെ മുന്നിൽ പെട്ടന്നാണ് രാമഭദ്രൻ ഗേറ്റും കടന്ന് വന്നത്.
രാമഭദ്രനെ കണ്ട് ജീവൻ സൈക്കിൾ വെട്ടിച്ച് തിരിയവേ, നിയന്ത്രണം വിട്ട് കമഴ്ന്നടിച്ചു വീണു. കാലിന്റെ മുട്ടിന് നല്ലൊരു മുറിവു പറ്റി. വലിയ വായിൽ നിലവിളിച്ചു കൊണ്ട് ആ കുട്ടി പിടഞ്ഞു. ആഴത്തിലുള്ള അവന്റെ കാലിലെ മുറിവിൽ നിന്നും രക്തം ധാരധാരയായി ഒഴുകി.
കിഴക്കൻ ചക്രവാളത്തിൽ കൊള്ളിയാൻ മിന്നി. ഉൾക്കാട്ടിൽ ആനകളുടെ ചിഹ്നം വിളികൾ ഉയർന്നു. കരിയിലക്കാട്ടിൽ കാറ്റൊന്ന് താണ്ഡവമാടി. ഒറ്റയാനോടിയ വഴിയിൽ ഒറ്റപ്പെട്ടുപോയ പൂമരം ചുഴിറ്റിയെറിപ്പെട്ടു. ക്രൂരമുഖവുമായി വന്ന കാർമേഘത്തെ കാറ്റ് വലിച്ച് ദൂരെയെറിഞ്ഞു.
രാമഭദ്രന്‍ ഓടിയടുത്തു . ടീച്ചറോട് പെട്ടന്ന് തുണിക്കഷ്ണം കൊണ്ടുവരാൻ പറഞ്ഞ് അവന്‍ കുട്ടിയെ വാരിയെടുത്ത് വീടിന്റെ ഉമ്മറത്തെത്തി. അപ്പോഴേക്കും തുണിയുമായി ടീച്ചറെത്തി. അവരു പഠിച്ച പ്രഥമ ശുശ്രൂഷ കൊണ്ട് കാര്യം ഫലിക്കുന്നില്ല എന്ന് കണ്ട രാമഭദ്രൻ കുട്ടിയേയും എടുത്തു കൊണ്ട് വീടിന്നു പുറത്തിറങ്ങി ആദ്യം വന്ന വണ്ടി തടഞ്ഞു നിർത്തി കുട്ടിയെ അടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. വീടിന്റെ മുൻവാതിൽ വരെ അടയ്ക്കാതെയാണ് ടീച്ചർ അവനൊപ്പം വണ്ടിയിൽ കയറിയത്.
രാമഭദ്രൻ കുട്ടിയെ വണ്ടിയിൽ നിന്നിറക്കി നേരെ നേഴ്സുമാറിരിക്കുന്ന റൂമിലേക്ക് കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന രണ്ട് നേഴ്സുമാർക്കും അവനെ നന്നായി അറിയാവുന്നതു കൊണ്ട് ഉടനെ അവർ കുട്ടിയെ ഡ്രെസ്സിംഗ് റൂമിലേക്ക് മാറ്റി. എന്നാൽ ഡോക്ടർ വരാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും, അദ്ദേഹം റൂമിൽ ആരുമായോ സംസാരിക്കുകയാണെന്നും പറഞ്ഞ് അവർ കാത്തിരുന്നു.
കുറച്ച് സമയത്തിനു ശേഷം ടീച്ചറുടെ കരച്ചിൽ കണ്ട് പൊട്ടിത്തെറിച്ച രാമഭദ്രൻ നേരെ ചെന്ന് ഡോക്ടറുടെ മുറിയുടെ വാതിൽ തള്ളിത്തുറന്ന് അരയിൽ തിരുകിയിരുന്ന കത്തിയെടുത്ത് ഡോക്ടർക്കുനേരെ പാഞ്ഞടുത്തു. ഇടതു കൈ കൊണ്ട് മേശമേൽ ആഞ്ഞടിച്ചു കൊണ്ടവൻ അലറി..
“പന്നക്കഴുവേറീടെ മോനെ … അവിടെ ഒരു പിഞ്ചു കുട്ടി ചോരയിൽക്കുളിച്ച് കരഞ്ഞുകൊണ്ട് കിടക്കുമ്പോൾ നീ ഇവിടെ നിന്റെ ഏത് മറ്റവൾക്കുണ്ടാക്കുകയാടാ”.
പിന്നിട് അവന്റെ വായിൽ നിന്ന് അത്ര നല്ല വാക്കുകളായിരുന്നില്ല വന്നത്.
ഇനി ഒരു നിമിഷം നീ വൈകിയാൽ കുത്തിക്കീറിക്കളയും ഞാൻ പന്നി.
മദമിളകി കൊലവിളിക്കുന്ന ഒറ്റയാന്റെ മുന്നില്‍നിന്ന് രക്ഷപ്പെടാൻ കയറിയ ഏണി പൊട്ടി വീണ് കാലൊടിഞ്ഞപോലെ തരിച്ചുനിന്ന ഡോക്ടർക്ക് രാമഭദ്രന്റ കണ്ണിലെ തീഷ്ണതയെ അതിജീവിക്കാൻ കഴിഞ്ഞില്ല. ഞൊടിയിടയിൽ ഡോക്ടര്‍ പുറത്തേക്കോടി. സാവധാനം കുട്ടിയുടെ മുറിവിൽ മൂന്ന് തുന്നും ഇട്ട് നന്നയി കെട്ടിവച്ച് പുറത്തു വന്നു.
ഈ സമയം കൊണ്ട് ഡോക്ടർ നേഴ്സ്മാരോട് രാമഭദ്രനെക്കുറിച്ച് നന്നായിട്ട് ചോദിച്ചു മനസ്സിലാക്കി.
സാറേ.. സാറിന് ആളെ അറിയാത്തതുകൊണ്ടാ… ഇണങ്ങിയാൽ ചേർത്തു പിടിക്കും. എന്നാൽ പിണങ്ങിയാൽ ഛേദിച്ചെടുക്കും അതാ ഇനം. സാറ് മെല്ലെ ഒഴിയാൻ നോക്ക്. ഇതായിരുന്നു ഡോക്ടർക്ക് കിട്ടിയ ഉപദേശം.
കുട്ടിയേയും കൊണ്ട് വീട്ടിലേക്ക് തിരിക്കുമ്പോൾ ശ്രേയട്ടീച്ചറുടെ മനസ്സ് മുഴുവൻ രാമഭദ്രനെക്കുറിച്ചുള്ള ചിന്തയായിരുന്നു. വില്ലനാണെങ്കിൽ എന്നും വില്ലനായിരിക്കും, നല്ലവനാണെങ്കിൽ നല്ലവൻ. എന്നാൽ ഇത് രണ്ടും ചേർന്നത് അപൂർവ്വമായിരിക്കും. അതിലൊന്നാണോ ഇത് .
അവർ വീട്ടിലെത്തുമ്പോഴേക്ക് രമ്യയും, കാർത്തിയും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു.
കുട്ടിയെ അകത്തു കിടത്തി പുറത്തു കടന്ന രാമഭദ്രൻ ഒന്നും പറയാതെ അവന്റെ വീട്ടിലേക്ക് നടന്നകന്നു.
മയങ്ങുകയായിരുന്ന ജീവൻ കണ്ണു തുറന്നു നോക്കുമ്പോൾ തന്റെ അരികിൽ ഇരിക്കുന്ന രമ്യയെയാണ് കണ്ടത്. കരഞ്ഞു കലങ്ങിയ അവന്റെ കണ്ണുകളിലെ ദയനീയത അനുഭവിച്ച വേദനയുടെ കാഠിന്യം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.
നല്ല മറിവുണ്ടോ ചേട്ടാ..?
ഉം…
ചേട്ടന്റെ മുറിവ് തുന്നിയായിരുന്നോ….?
അതെ.. അഞ്ച് തുന്നുണ്ട്.
അയ്യോ.. ഒത്തിരി വേദനിച്ചിട്ടുണ്ടാകും അല്ലേ..?
ഉം….
നമുക്ക് ആ സൈക്കിൾ വേണ്ട ചേട്ടാ..
അറിയാതെ പറഞ്ഞു പോയതാണങ്കിലും അത് അവള്‍ക്ക് അവനോടുള്ള സ്നേഹത്തിന്റെ തിരിനാളമായിരുന്നു.
എടി പൊട്ടി… സൈക്കിളിനെ കുറ്റം പറയുന്നതെന്തിനാ.. ഞാൻ പെട്ടന്ന് വെട്ടിച്ച് വീണ് കാല് കല്ലിലിടിച്ചതല്ലേ..?
അല്ലേലും ചേട്ടന് ഒരു വിചാരുണ്ട് വലിയ സൈക്കിൾ ഓട്ടക്കാരനാണെന്ന്. അങ്ങിനെ വേണം. എന്നെ പഠിപ്പിച്ചു തരാൻ പറഞ്ഞിട്ട് എന്തൊരു ഗമയായിരുന്നു. അങ്ങിനെ വേണം.
അവളത് പറഞ്ഞപ്പോൾ അറിയാതെ ജീവന്റെ കണ്ണു നിറഞ്ഞു.
അയ്യേ… ഞാൻ തമാശ പറഞ്ഞതല്ലേ… അതിന് കരയാ….?
വേഗം മാറും ട്ടോ… എന്നിട്ട് നമുക്ക് നന്നായിട്ട് ഓടിക്കാം.
അതും കേട്ടുകൊണ്ടാണ് ടീച്ചർ റൂമിലേക്ക് കടന്നു വന്നത്.
ങ്ഹാ,.. വേഗം മാറീട്ട് വീണ്ടും സൈക്കിൾ യജ്ഞം തുടങ്ങാനാണെങ്കിൽ നാളെ നിന്റെ അച്ഛൻ വന്ന് തിരിച്ചു പോകുമ്പോൾ ഞാനത് കൊണ്ടു പോയ്ക്കൊള്ളാൻ പറയാം. എന്താ ജീവാ..?
കലങ്ങി മറിഞ്ഞ പുഴയുടെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞ് നിശ്ചലമായ മരങ്ങളെപ്പോലെ ചേതനയറ്റ ചിന്തകളുമായി ജീവൻ അമ്മയേയും രമ്യയേയും മാറി മാറി നോക്കി. ആ ദയനീയമായ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായ ടീച്ചർ പതുക്കെ അവൻ്റെ അടുത്ത് വന്ന് നെറ്റിയിൽ തടവിക്കൊണ്ട് പറഞ്ഞു, എല്ലാം ഭേദമാകട്ടെ മോനേ…. എന്നിട്ട് നമുക്ക് സൈക്കിളിനെക്കുറിച്ച് ചിന്തിക്കാം എന്ന്.
മകന്റെ വിവരമറിഞ്ഞ് DYSP ജയൻ ഒരു ദിവസം നേരത്തേ എത്തി. ഉണങ്ങാത്ത മുറിപ്പാടുമായി ഉറങ്ങാതെ കണ്ണുനീരൊഴുക്കുന്ന തന്റെ മകനെ നെഞ്ചോട് ചേർത്ത് ആ പിതാവ് സാന്ത്വനത്തിന്റെ കുളിർക്കാറ്റായി. ഇളം മനസ്സുകൾക്ക് തിരിച്ചറിവിന്റെ സംഗീതമാകാൻ രക്ഷിതാക്കൾക്ക് കഴിയണം എന്ന തിരിച്ചറിവ് വേണ്ടുവോളമുണ്ടായിരുന്ന ആ പോലീസ് ഓഫീസർ മകന്റെ മനസ്സിൽ ജീവിത സാഫല്യങ്ങളുടെ കൊടുമുടികയറാൻ താണ്ടേണ്ട ദൂരങ്ങളെക്കുറിച്ചും, കയറേണ്ട പടവുകളെക്കുറിച്ചുമുള്ള വിവരണങ്ങളുടെ കഥകൾ പറഞ്ഞു കൊടുത്തുകൊണ്ട് രണ്ട് മൂന്ന് ദിവസം മകനോടൊപ്പം കഴിഞ്ഞ് തിരിച്ചുപോയി.
തുടരും…
നല്ല കഥ..
രസകരമായ അവതരണം
സ്നേഹം. ഒത്തിരി സ്നേഹം💖🤝