Tuesday, May 21, 2024
Homeഅമേരിക്കഎൻറെ മലേഷ്യൻ യാത്ര ഭാഗം - 4 Genting Highlands ✍സി.ഐ....

എൻറെ മലേഷ്യൻ യാത്ര ഭാഗം – 4 Genting Highlands ✍സി.ഐ. ജോയ് തൃശ്ശൂർ

സി.ഐ. ജോയ് തൃശ്ശൂർ

Genting Highlands

രാവിലെ തന്നെ പറഞ്ഞ സമയത്ത് ഞങ്ങൾ എല്ലാവരും തയ്യാറായി ഹോട്ടലിന്റെ റിസപ്ഷന് മുമ്പിൽ ഇന്നോവ കാറും ആയി വരുന്ന ജയനെ കാത്തുനിന്നു. അവിടെയൊരു ഇന്നോവകാർ കിടക്കുന്നുണ്ട്. പക്ഷേ അത് നമ്മളെ തേടി വന്ന ആൾ ആണോ എന്ന് സംശയം. ഒരു ഊശാൻ താടിയും മീശ ആയി സൈഡിൽ നിന്ന് എട്ടും അധികം മൂന്ന് =പതിനൊന്നു രോമവുമായി ഒരാൾ വന്നു നിൽക്കുന്നത് കണ്ടു. നമ്മുടെ ‘മിമിക്സ് പരേഡ് ‘ സിനിമയിൽ ഇന്നസെന്റ് (അച്ചൻ ആയി അഭിനയിച്ച) കാണിക്കുന്നതുപോലെ ഇടയ്ക്ക് ഞങ്ങളെ മുഖം കൊണ്ട് അങ്ങോട്ട് വിളിക്കുന്നുണ്ട്. എയ്താനും ഇയാനും ഓടി ചെല്ലുമ്പോൾ പൊയ്ക്കോളാൻ ഉള്ള ആക്ഷനും കാണിക്കും. മലയ വംശജൻ ആയതുകൊണ്ട് ഭാഷയും വശമില്ല.പിന്നെ മരുമകൻ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് കെവിൻ ആണെന്നും നിങ്ങൾക്ക് പോകാനുള്ള വണ്ടി തന്നെയാണെന്നും ഉറപ്പിച്ചത്.

അയാൾക്ക് ടിക്സി(tics)ന്റെ അസുഖമാണെന്ന് പിന്നീടുള്ള യാത്രയിലാണ് ബോധ്യപ്പെട്ടത്. കെവിന്റെ ഡ്രൈവിംഗ് ഒക്കെ സൂപ്പറാണ്.100- 150 മൈൽ സ്പീഡിലാണ് വണ്ടിയോടിക്കുന്നത്. ഭാഷ വശം ഇല്ലാത്തതുകൊണ്ട് വലിയ സംസാരമില്ല. 58 കിലോമീറ്റർ ദൂരമുണ്ട് ജന്റിങ് ഹൈ ലാൻഡിലേക്ക് .കേബിൾ കാറുകൾ ആണ് ഇവിടുത്തെ പ്രധാന ആകർഷണം.രണ്ട് കയറുകൾക്കിടയിൽ തൂങ്ങിയാടുന്ന പെട്ടികൾ വന്നു പൊയ്ക്കൊണ്ടിരിക്കുന്നു.ഒരു കേബിൾ കാറിൽ ആറ് പേർക്ക് കയറാം.120 ദശലക്ഷം പഴക്കമുള്ള മഴക്കാടിനു മുകളിലൂടെയാണ് ഞങ്ങളുടെ യാത്ര.

മുകളിലേക്ക് പോകുന്തോറും തണുപ്പ് കൂടിക്കൂടി വന്നു.കേബിൾ കാറുകൾക്ക് രണ്ട് സ്റ്റോപ്പുകൾ ആണുള്ളത്. ആദ്യത്തെ സ്റ്റോപ്പിലെ ചൈനീസ് അമ്പലം ആയ ‘ചിങ് സ്വീ കേവ്’ ടെംപിൾ ഉള്ള സ്ഥലത്തു ഞങ്ങളിറങ്ങി.

 വളരെ വലിയൊരു ബുദ്ധപ്രതിമ അവിടെയുണ്ട്.

അമ്പലത്തിലെ മുകളിലേക്ക് കയറാൻ spiral കോണി ആണുള്ളത് . മുകളിലെത്തുമ്പോൾ അവിടുന്ന് താഴേക്കുള്ള കാഴ്ച്ച നമ്മളെ അമ്പരപ്പിക്കും.

രണ്ടാമത്തെ സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ അതാണ് ജന്റിങ് ഹൈലാൻഡിന്റെ മെയിൻ ഏരിയ.കാസിനോകളും മാളുകളും ഹോട്ടലുകളും ആണ് ഇവിടെയുള്ളത്.

ലോകത്തിലെ ഏറ്റവും കൂടുതൽ മുറികളുള്ള ഗിന്നസ് ബുക്കിൽ (ആറായിരം മുറികൾ) ഇടം തേടിയ വർണാഭമായ ഫസ്റ്റ് വേൾഡ് ഹോട്ടൽ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ്.പാർക്കും മാളുകളും ഫുഡ്‌ കോർട്ടും യഥേഷ്ടം ഇവിടെയുണ്ട്.

  ഇത് നമ്മുടെ വീഗാലാൻഡ് പോലെ ഒരു സ്ഥലം. അതിൻറെ പത്തിരട്ടി റൈഡുകൾ.നിറയെ ഇൻഡോർ അമ്യൂസ്മെന്‍റ് പാർക്കുകളും ഔട്ട്ഡോർ വാട്ടർ തീം പാർക്കുകളും.ഒരു മുഴുവൻ ദിവസവും കാണേണ്ടതും കയറേണ്ടതുമായ റൈഡ്കൾ ഉണ്ടവിടെ. എയ്ത്താനും ഇയാനും ലുലുമാളിന് അടുത്തുള്ള ഇടപ്പള്ളി താമസക്കാരായതുകൊണ്ടു

തന്നെ ഇതൊക്കെ സുപരിചിതമാണ്.രണ്ടുപേരും വാദിച്ച് ഓരോന്നിലും കയറാനും സന്തോഷിക്കാനും തുടങ്ങി.ചിലതൊക്കെ വളരെ സാഹസികത നിറഞ്ഞതായിരുന്നു.

കാറുകളുടെ റൈഡ് കഴിഞ്ഞപ്പോൾ എയ്താന് നന്നായി ഓടിക്കാൻ പറ്റിയെങ്കിലും ഇയാന് അതിൽ ശോഭിക്കാൻ പറ്റിയില്ല. അതുകൊണ്ടുതന്നെ ഇയാന്റെ കാറിന് മറ്റു രണ്ടുമൂന്ന് കാറുകാരുടെ ഇടി ഏറ്റുവാങ്ങേണ്ടി വന്നു. അത് ഞങ്ങൾ കണ്ടതാണ് ഇയാന് ഏറെ മനോവേദന ഉണ്ടാക്കിയത്.എയ്ത്തൻ അവിടെ മിടുക്കൻ ആയല്ലോ എന്ന സങ്കടം അതിൻറെ ആക്കം കൂട്ടി.

ടൂറിസ്റ്റുകൾ ഒക്കെ ആവേശത്തിൽ എല്ലാ റൈഡ് കളിലും കയറുന്നുണ്ടെങ്കിലും അതിൽ നിന്ന് ഇറങ്ങുമ്പോൾ കയറിയതിന്റെ അത്ര ആവേശം കാണാനില്ല.

ഞാൻ ഒരു സമാധാന പ്രിയനായതു കൊണ്ട് തന്നെ ഏറ്റവും സാഹസികത കുറഞ്ഞ വളരെ സാവധാനത്തിൽ നീങ്ങുന്ന ഒരു റൈഡ്ൽ മാത്രം കയറി, തിരികെ വന്നിരുന്ന് ബാക്കിയുള്ളവരെ നിരീക്ഷണം നടത്തി. അപ്പോൾ ആണ് മലയാളികൾ എന്ന് മനസ്സിലാക്കി ഒരു ഫാമിലിയെ പരിചയപ്പെടുന്നത്. കോഴിക്കോട്ടുകാർ ആയിരുന്നു അവർ.ആദ്യമായി മലയാളിയെ കണ്ട സന്തോഷത്തിൽ ഞങ്ങൾ കുശലം പറയാൻ തുടങ്ങി. ഇരു കൂട്ടരുടെയും കുടുംബാംഗങ്ങൾ റൈഡ്കളിൽ മാറി മാറി തുള്ളി കളിക്കുകയാണ്.എല്ലാറ്റിന്റെ യും മേൽനോട്ടം വഹിച്ച് കെവിൻ കൂടെയുണ്ട്.കെവിന്റെ tics ന്റെ അസുഖം കാരണം ചില വിദേശികൾ ഒക്കെ അയാളുടെ അടുത്ത് എത്തും. അപ്പോൾ അയാൾമുഖം കൊണ്ട് കാണിക്കുന്ന ആക്ഷൻ കാണുമ്പോൾ മടങ്ങും.ഇയാൻ ഇപ്പോഴും ഇത് ഞങ്ങളെ അഭിനയിച്ച് കാണിക്കാറുണ്ട്.കോഴിക്കോട്ടുകാരുടെ മൂന്നു വയസ്സുള്ള ആൺകുട്ടിയെ പ്രാമിൽ ഇരുത്തി ഉന്തി കൊണ്ടുനടക്കുകയാണ്.ക്യാൻവാസ് ഷൂ ഇട്ടു കാല് പൊട്ടിയത് കൊണ്ടാണ് ഈ പങ്കപ്പാട്. പ്രാമിന് ദിവസക്കൂലി 2000 രൂപയാണത്രെ! അതുപോലെതന്നെ ഇദ്ദേഹത്തിൻറെ കണ്ണാടിക്ക് ഒരെണ്ണത്തിന് ഗ്ലാസില്ല.ഇതെന്തു മറിമായം?ഇനി ഇതായിരിക്കുമോ വരാൻപോകുന്ന ഫാഷൻ എന്ന് ഒരു നിമിഷം ചിന്തിച്ചു.പിന്നെയും കൂടുതൽ അടുത്തു പരിചയപ്പെട്ടപ്പോൾ ഞാൻ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പറയുന്നത് അദ്ദേഹം വിദേശയാത്രയ്ക്ക് വേണ്ടി പുതിയ കണ്ണട വാങ്ങിയതായിരുന്നു. ഇവിടെ വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതിൻറെ ഒരു ഗ്ലാസ് താഴെ വീണു പോയി. അതൊന്ന് നന്നാക്കാൻ ഇവിടെ അവർ ആവശ്യപെട്ട കൂലി നമ്മുടെ നാടിന്റെ 20 ഇരട്ടിയെങ്കിലും ആണ്. വേണമെങ്കിൽ നാട്ടിൽ പോയി മറ്റൊരു ഗ്ലാസ് ആ കാശിന് വാങ്ങാം. എന്നാൽ പിന്നെ ഞാൻ ഇങ്ങനെ ഒരു ഫാഷൻ ഇറക്കി കളയാം എന്ന് കരുതി എന്ന്. അത് നന്നായി എന്ന് ഞാനും പറഞ്ഞു🥰

പിന്നെ ഭക്ഷണം കഴിക്കാനായി ഫുഡ് കോർട്ടിലേക്ക് നീങ്ങി. അപ്പോഴേക്കും ഞാൻ ഹെഡ്മാസ്റ്ററിനെ പോലെ കുടുംബാംഗങ്ങൾ എല്ലാവരും മുമ്പ് കഴിച്ചു ശീലിച്ച ഭക്ഷണം മാത്രം ഓർഡർ ചെയ്താൽ മതി എന്ന് പതിവു നിർദേശം വച്ചു.അപ്പാപ്പൻ എപ്പോഴും അത് ഒരാളുടെ അനുഭവം വച്ച് പറയുന്നതാണ് എന്ന് പറയുന്നതല്ലാതെ പറയുന്നില്ലല്ലോ എന്ന് ഇയാനും എയ്താനും.🧒👦

ആ കഥയും പിന്നീട് ഞങ്ങൾ അന്ന് തന്നെ സന്ദർശനം നടത്തിയ ബാത്തു കേവ്സിനെ കുറിച്ചും അറിയാനായി അടുത്ത ലക്കത്തിനായി നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക. 🙏

സി.ഐ. ജോയ് തൃശ്ശൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments