Saturday, April 27, 2024
Homeഅമേരിക്കഎങ്കിലുമെന്റെ പുണ്യാളന്മാരെ... (നർമ്മ കഥ) ✍സുജ പാറുകണ്ണിൽ

എങ്കിലുമെന്റെ പുണ്യാളന്മാരെ… (നർമ്മ കഥ) ✍സുജ പാറുകണ്ണിൽ

സുജ പാറുകണ്ണിൽ✍

ഗീവർഗീസ് പുണ്യാളൻ കുതിരപ്പുറത്തു നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് ചെന്നു. കുന്തവും പിടിച്ച് ഒരു നിമിഷം അദ്ദേഹം അന്തം വിട്ടു നിന്നു.
“എന്തൊരു തിരക്കാണിത്? ഇവരെല്ലാം എങ്ങോട്ട് പോകുന്നതാണ്. വെറുതെയല്ല തന്റെ മുന്നിൽ ആവലാതികൾ ഒഴിയാത്തത്.”

പോകാനുള്ള വണ്ടി വന്നതും ഒരു വിധം അതിൽ കയറിപ്പറ്റി.
“നന്നായി പൊതിഞ്ഞു കൊണ്ടുവന്നത് കാര്യമായി. അല്ലെങ്കിൽ കുന്തം ആരുടെയെങ്കിലും പണ്ടം കുത്തിയെടുത്തേനേ.”

പുണ്യാളൻ കുന്തം ഒരിടത്തു ഭദ്രമായി വച്ചു. കുന്തമായതു കൊണ്ടു ഇവന്മാരാരും അടിച്ചു മാറ്റില്ലായെന്നു സമാധാനിക്കാം.

“കുറച്ചങ്ങോട്ട് നീങ്ങി നിക്ക് മൂപ്പീന്നേ…” പുറകിൽ നിന്നോരുത്തൻ പുണ്യാളനോട് പറഞ്ഞു. അദ്ദേഹം അവനെ സൂക്ഷിച്ചു നോക്കി. കഴിഞ്ഞ ആഴ്ച്ച തന്റെ രൂപക്കൂടിന് മുന്നിൽ ‘കല്യാണം നടത്തി കൊടുക്കണേ’ എന്ന് പറഞ്ഞ് ഒരു മണിക്കൂർ കമിഴ്ന്നു കിടന്നു പ്രാർത്ഥിച്ചവനല്ലേ ഇവൻ. ആളെ മനസിലാവാത്തത് കൊണ്ടായിരിക്കും എന്നാശ്വസിച്ച് കുറച്ചു മുന്നോട്ടു നീങ്ങി നിന്നു. അപ്പോൾ ഏതോ ഒരു ജീവി തല ചെരിച്ചു പുണ്യാളനെ നോക്കി.
“ദൈവം സൃഷ്ടിച്ചവയുടെ കൂട്ടത്തിൽ ഇങ്ങനെയൊരു ജീവിയെ കണ്ടിട്ടില്ലല്ലോ…” മുടി വളർത്തി ബാൻഡ് ഇട്ടിട്ടുണ്ട്. താടി നീട്ടി വളർത്തിയിരിക്കുന്നു. ചെവിയിൽ എന്തോ തിരുകി വച്ചിട്ടുണ്ട്.
“ഓ… ന്യൂ ജൻ ആണ്…”
അദ്ദേഹം കുറേ കൂടി മുന്നോട്ടു നിന്നു.

കുറച്ചു മുൻപിലായി ഇരിക്കുന്നവരുടെ കൂട്ടത്തിൽ പരിചയമുള്ള ഒരു കഷണ്ടിത്തല.
“ഏഹ്… അന്തോനീസ് അല്ലേ അത്.”
ഗീവർഗീസ് വീണ്ടും എത്തി നോക്കി. അന്തോനീസ് മാത്രമല്ല സ്‌തെബസ്‌ത്യാനോസും…. സെയ്ന്റ് ജൂഡും…. എന്തിനു ചാവറയച്ചൻ വരെയുണ്ട്. ഇവരെല്ലാവരും കൂടെ എവിടെപ്പോകുന്നു തന്നെ അറിയിക്കാതെ. എന്താണിവരുടെ പ്ലാൻ? പുണ്യാളൻ കാതോർത്തു.

“ഗീവർഗീസിനെക്കൂടെ വിളിക്കാമായിരുന്നു. അന്തോനീസിനു മറുപടി പറഞ്ഞത് സ്‌തെബസ്‌ത്യാനോസാണ്. “ഞാൻ എടത്വയിലും ഇടപ്പള്ളിയിലുമൊക്കെ പോയി നോക്കി. അങ്ങേരെ അവിടെയൊന്നും കാണാനില്ല. കുതിരപ്പുറത്തു കയറി എവിടെയെങ്കിലും പോയിട്ടുണ്ടാവും.”

“പിന്നേ… കുതിരപ്പുറത്തു കയറിപ്പോകുന്നു… എന്നിട്ട് വേണം പോകുന്ന വഴിക്കെല്ലാം ഇവിടുള്ളവന്മാർ പള്ളി പണിതു വക്കാൻ. എന്നിട്ട് ആവലാതികളുമായി പുറകെ വരാൻ.” ഗീവർഗീസ് പുണ്യാളൻ മറ്റു പുണ്യാളൻമാരുടെ അടുത്തേക്ക് ചെന്നു.

“അല്ല… ഗീവർഗീസോ…. ഞങ്ങൾ ഇതിനകത്ത് ഉണ്ടെന്നു എങ്ങനെ അറിഞ്ഞു?”
“ഞാനും ഒരു പുണ്യാളനല്ലേ… അറിയാതിരിക്കുമോ.”
“എന്നാൽ ഇങ്ങോട്ടിരി…” അവർ ഒതുങ്ങിയിരുന്നു സ്ഥലം കൊടുത്തു.

“അല്ല എന്താണ് പ്ലാൻ?” “തൽക്കാലം നേപ്പാളിലേക്ക്. പിന്നീട് അവിടെനിന്നു ഭൂട്ടാനിലേക്കോ എവിടേക്കെങ്കിലും. കുറച്ചു നാൾ എങ്ങോട്ടെങ്കിലും മാറിനിക്കണം..”
“കുറച്ചു നാളോ? ഞാനിനി ഇങ്ങോട്ടേക്കില്ല. ഇങ്ങനെയുണ്ടോ സ്വൈര്യം തരാത്ത മനുഷ്യർ. രണ്ടു മാസമായിട്ട് ഒരുത്തൻ മെഴുകുതിരിയും കത്തിച്ചു എന്റെ പുറകെ കൂടിയിരിക്കുകയാണ്. ഒന്നാം തീയതിയും കൂടി ബീവറേജസ് തുറപ്പിച്ചു കൊടുക്കണമത്രേ. ജനിച്ചിട്ട് ഇതുവരെ ലോട്ടറി എടുക്കാത്തവന് ഞാൻ ബമ്പർ അടിപ്പിച്ചു കൊടുക്കണം. പുസ്തകം കൈ കൊണ്ടു തൊടാത്ത മകന് ഫുൾ A+ വാങ്ങിക്കൊടുക്കണമെന്നാണ് അവന്റെ അപ്പനും അമ്മയും മുട്ടിൽ നിന്നു താഴാതെ പ്രാർത്ഥിക്കുന്നത്. വേറെ ഒരുത്തനാണെങ്കിൽ തേച്ചിട്ടു പോയ കാമുകിയുടെ കല്യാണം മുടങ്ങണമെന്നും അവളെ കെട്ടാൻ വരുന്നവന്റെ തല പൊട്ടി തെറിക്കണമെന്നുമാണ് പ്രാർത്ഥിക്കുന്നത്. ഇടപ്പള്ളിയിൽ പെരുന്നാൾ തുടങ്ങിയാൽ പിന്നെ പറയുകേം വേണ്ട. കോഴി നേർച്ച എന്ന് പറഞ്ഞ് കുറേ അവന്മാർ വരും. പിന്നെ വെപ്പും കുടിയും… പുണ്യാളനെ മുത്താൻ എന്നും പറഞ്ഞ് കുറേ പേര് വരും. പോകുന്ന പോക്കിൽ പാമ്പിനും കൊടുക്കും ഒതുക്കത്തിൽ ഒരു ഉമ്മ. എല്ലാ അവന്മാർക്കും കൈ നനയാതെ മീൻ പിടിക്കണം. ഒരുത്തനും കഷ്ടപ്പെടാനും പരിശ്രമിക്കാനും വയ്യ. പ്രശ്നങ്ങളെല്ലാം ഞാൻ തീർത്തു കൊടുക്കണം. കോടീശ്വരന്മാർ ആക്കണം. പിന്നേ… അതല്ലേ എന്റെ പണി. ഈ പ്രാർത്ഥന ഒക്കെ കേൾക്കുമ്പം ഇവന്റെയൊക്കെ ചന്തിക്കിട്ട് കുന്തം കൊണ്ട് കുത്താൻ ആണ് തോന്നുന്നത്.”

അതു കേട്ടതും എല്ലാവരുടെയും ചുണ്ടിൽ ചിരി വിടർന്നു. “ഞങ്ങളുടെയും ഒക്കെ പ്രശ്നം ഇതു തന്നെയാണ്. അതുകൊണ്ടാണ് സ്ഥലം വിടാം എന്ന് തീരുമാനിച്ചത്. ഇതൊക്കെ കണ്ടും കേട്ടും മടുത്തു. അല്ല… ചാവറയച്ചൻ എന്താ ആലോചിച്ച് ഇരിക്കുന്നത്?”

“ഓ.. ഞാനാ അൽഫോൻസാമ്മയുടെ കാര്യം ആലോചിക്കുവാരുന്നു.”

“അയ്യോ അൽഫോൻസാമ്മക്കെന്തു പറ്റി?”
“അല്ല നമ്മളെല്ലാം മുങ്ങിയല്ലേ… ഇനിയെല്ലാവരും ആ പാവത്തിന്റെ പുറകെ ആയിരിക്കും. അതിന്റെ അവസ്ഥ ഓർത്തു ഇരുന്നു പോയതാ.”
വണ്ടി ചലിച്ചു തുടങ്ങിയതും എല്ലാവരും ആശ്വാസത്തോടെ സീറ്റിൽ ചാരിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ ഫോണിൽ സംസാരിച്ചു കൊണ്ടു അവർക്കരികിലൂടെ നടന്നു പോയി.
“എടാ… ഞാൻ നാഗമ്പടത്തിറങ്ങും. അന്തോനീസ് പുണ്യാളന്റെ പള്ളിയിൽ പോകണം. ഒൻപതാഴ്ച്ച നൊവേന കൂടണം. എനിക്കുറപ്പാടാ എന്റെ ജോലി ശരിയാകുമെന്ന്. ജോലി കിട്ടി ആദ്യ ശമ്പളം എന്റെ അപ്പന്റെ കയ്യിൽ കൊണ്ടു വച്ചു കൊടുക്കണം. എനിക്കുറപ്പാ… പുണ്യാളൻ സഹായിക്കും.”
അതു കേട്ടതും പുണ്യാളന്മാർ എല്ലാരും കൂടെ അന്തോനീസിനെ നോക്കി. അദ്ദേഹത്തിന്റെ മുഖം വിവർണ്ണമായി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ഒരു കുഞ്ഞിനെ തോളിലിട്ട് നടന്നു വന്നു.

“ലിസ്സിയെ… എങ്ങോട്ടാ…?” ആരോ വിളിച്ചു ചോദിച്ചു. “അന്തോനീസ് പുണ്യാളന്റെ പള്ളിയിൽ പോകുവാ ചേച്ചി… പുണ്യാളന്റെ അടുത്ത് ചെന്നാൽ എന്റെ കുഞ്ഞിന്റെ രോഗം മാറും. എനിക്കുറപ്പാ…” പുണ്യാളൻ തല ഉയർത്തി ആർദ്രമായി ആ കുഞ്ഞിനെ നോക്കി. അമ്മയുടെ തോളത്തു തളർന്നു കിടന്നിരുന്ന കുഞ്ഞ് തല ഉയർത്തി പുണ്യാളനെ നോക്കി പുഞ്ചിരിച്ചു. പുണ്യാളനും ഒരു ചിരിയവൾക്ക് സമ്മാനിച്ചു. അമ്മ കുഞ്ഞിന്റെ തലയിൽ തലോടി. പിന്നെ ഇറങ്ങാനുള്ള എളുപ്പത്തിന് മുന്നോട്ടു നടന്നു. കണ്ണിൽ നിന്ന് മറയുന്നത് വരെ കുഞ്ഞ് പുണ്യാളനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
അദ്ദേഹം അസ്വസ്ഥതയോടെ ഒരു നിമിഷം ഇരുന്നു. പിന്നെ മറ്റുള്ളവരോടായി പറഞ്ഞു.

“നിങ്ങൾ പൊക്കോളൂ.. ഞാൻ ഇവിടെ ഇറങ്ങുകയാണ്. ഞാൻ ഇവിടെ ഇല്ലാതെ ശരിയാവില്ല.”

അതു കേട്ടതും സ്‌തെബസ്‌ത്യാനോസ് പറഞ്ഞു.
“നാട് വിടാനുള്ള നമ്മുടെ തീരുമാനം തെറ്റിപ്പോയോ എന്നൊരു സംശയം.”

എല്ലാവരും ഗീവർഗീസിനെ നോക്കി.

“കള്ളന്മാരും കപടനാട്യക്കാരും വ്യാജപ്രവാചകരും ഒക്കെയുണ്ടെന്നുള്ളത് ശരി തന്നെ. എന്നാലും ഇവരെ പോലെയുള്ള നിരാശ്രയരും നിരാലംബരുമായ പാവങ്ങൾക്ക് നമ്മൾ അല്ലാതെ ആരാണാശ്രയം. അവരുടെ സങ്കടങ്ങളും വേദനകളും കർത്താവിന്റെ തിരുസന്നിധിയിൽ എത്തിക്കാൻ നമ്മൾ അല്ലാതെ ആരുണ്ട്. നമുക്ക് തിരിച്ചു പോകാം.”

വണ്ടി കോട്ടയത്തെത്തിയതും എല്ലാവരും പുറത്തിറങ്ങി. എല്ലാവർക്കും സ്തുതി ചൊല്ലി അന്തോനീസ് പുണ്യാളൻ തിരക്കിട്ടു നാഗമ്പടത്തേക്ക് നടന്നു. മറ്റുള്ളവർ കുറച്ചു നേരം ആ പോക്ക് നോക്കി നിന്നു. പിന്നീട് പരസ്പരം സ്തുതി ചൊല്ലി താന്താങ്ങളുടെ പള്ളികളിലേക്കു പോയി..

സുജ പാറുകണ്ണിൽ✍

RELATED ARTICLES

2 COMMENTS

  1. അധ്വാനം ഇല്ലാതെ എല്ലാവരും കാര്യം സാധിക്കാൻ വേണ്ടി വിശുദ്ധരെ ശരണം പ്രാപിക്കുന്നു. ഇങ്ങെനെ ഉള്ളവരെ ഈ കുറിപ്പ് തുറന്നു കാട്ടുന്നു. ഒപ്പം,, യഥാർത്ഥത്തിൽ, സഹായം അർഹിക്കുന്ന നിരാലംബമായവരെ ഇതിൽ അനുഭാവത്തോടെയും അനുകമ്പയോടെയും ആണു കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments