Wednesday, April 24, 2024
Homeഅമേരിക്ക🏃‍♂️ഗപ്പി കള്ളൻ 🐬🐟 (നർമ്മ കഥ) മേരി ജോസി മലയിൽ✍️ തിരുവനന്തപുരം.

🏃‍♂️ഗപ്പി കള്ളൻ 🐬🐟 (നർമ്മ കഥ) മേരി ജോസി മലയിൽ✍️ തിരുവനന്തപുരം.

മേരി ജോസി മലയിൽ തിരുവനന്തപുരം.

നിരുത്തരവാദ നിലപാടുകൾ സ്വീകരിച്ച് അധികാരികൾ മാറി നിൽക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എത്രയാണെന്ന് നമ്മൾ ഇപ്പോൾ നിരന്തരം പത്രവാർത്തകളിലും ചാനലുകളിലും കണ്ടു കൊണ്ടിരിക്കുകയാണല്ലോ? ഇത്രയും ഇല്ലെങ്കിലും ഏകദേശം ഇതിനോട് ചേർത്തു വായിക്കാവുന്ന ചെറിയൊരു സംഭവം ഞാൻ ഇവിടെ കുറിക്കാം.

നഗരമധ്യത്തിൽ രണ്ടേക്കർ സ്ഥലത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഫ്ലാറ്റാണ് ‘യമുനഫ്ലാറ്റ്സ് ‘. 5 ബ്ലോക്കുകളിലായി 10-250 വീടുകൾ ഉണ്ട് ഇതിനകത്ത്.ഇവിടത്തെ വൃത്തിയും വെടിപ്പും ഭംഗിയുള്ള പൂന്തോട്ടവും കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും വണ്ടികൾ യഥേഷ്ടം പാർക്ക് ചെയ്യാനുള്ള സൗകര്യവും കണക്കിലെടുത്ത് സ്വന്തമായോ വാടകയ്ക്ക് എങ്കിലുമോ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് നഗരവാസികളിലധികവും. ക്ലീനിംഗ് സ്റ്റാഫ്, 24 മണിക്കൂർ സെക്യൂരിറ്റി നൽകുന്ന സുരക്ഷിതത്വം, അങ്ങനെയങ്ങനെ….. അസോസിയേഷൻ ആവശ്യപ്പെടുന്ന തുക എല്ലാ മാസവും മെയിൻറനൻസ് കോസ്റ്റ് ആയി അടച്ചാൽ മാത്രം മതി.മറ്റു യാതൊരു തലവേദനകളും ഇല്ല.പക്ഷേ ആ ഫ്ലാറ്റിൽ ഈ അടുത്ത് നടന്ന ഒരു സംഭവത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

എല്ലാമാസവും രണ്ടാം ശനിയാഴ്ചകളിൽ കമ്മ്യൂണിറ്റി ഹാളിൽ അസോസിയേഷൻ മീറ്റിംഗ് ഉണ്ട്. ഓരോ ബ്ലോക്കിനെയും പ്രതിനിധീകരിച്ച് ഓരോരുത്തർ എത്തും. ഓണം, ക്രിസ്മസ്, ദീപാവലി, വിഷു പോലുള്ള ആഘോഷങ്ങൾ എങ്ങനെയാണ് നടത്തേണ്ടത്, മറ്റെന്തെങ്കിലും നിർദ്ദേശങ്ങൾ അതൊക്കെ ചർച്ച ചെയ്താണ് അവിടെ തീരുമാനിക്കപ്പെടുക. ഐക്യകണ്ഠേന 5 ഫ്ലാറ്റിലെ പ്രതിനിധികൾ തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് കടുകിടെ വ്യത്യാസം വരുത്താതെ ഉത്തരവാദിത്തപ്പെട്ടവർ അതൊക്കെ ഭംഗിയായി നടത്തും.അതാണ് പതിവ്.ഇതിനു പുറമേ കമ്മ്യൂണിറ്റിഹാളിൽ ഒരു പരാതിപ്പെട്ടി വെച്ചിട്ടുണ്ട്.അത് അഞ്ചുപേരും കൂടി ഒരുമിച്ച് തുറന്ന് വേണ്ട പരിഹാരം 48 മണിക്കൂറിനകം നിർദ്ദേശിച്ചു നടപ്പാക്കും.

അന്നത്തെ ദിവസം മീറ്റിംഗ് കഴിഞ്ഞ് പെട്ടി തുറന്നപ്പോൾ ആറേഴു പരാതികൾ ഉണ്ടായിരുന്നു.ഒന്ന് ഒരു ഡോക്ടറിന്റെ പരാതി ആയിരുന്നു.അദ്ദേഹത്തിന്റെ ഫോർട്യൂണ കാറിൽ ഹോളി ദിവസം ചായത്തിൽ മുക്കിയ കൈ കാറിൻറെ വിവിധ ഭാഗത്ത് കുട്ടികൾ തേച്ചു വെച്ചിരിക്കുന്നു എന്നതായിരുന്നു. അപ്പോൾ തന്നെ പാർക്കിങ് ഏരിയയിലെ സിസിടിവി ഓൺ ചെയ്തു ഏതു കുട്ടികൾ ആണ് അത് ചെയ്തതെന്ന് കണ്ടെത്തി അവരുടെ മാതാപിതാക്കളെ തെളിവ് അടക്കം കാണിച്ചുകൊടുത്തു വാണിംഗ് കൊടുത്തു വിട്ടു. അതുപോലെതന്നെ ഫ്ളാറ്റിലെ മുകളിലത്തെ നിലകളിൽ നിന്ന് സിഗരറ്റ് കുറ്റി, മിഠായി കടലാസ്,ബ്ലേഡ്പോലുള്ള സാധനങ്ങൾ എറിയുന്ന ആൾ ക്കാരെയും കണ്ടെത്തി വാണിംഗ് കൊടുത്തു. അങ്ങനെ അവസാനത്തെ പരാതി വായിച്ചു കേട്ടപ്പോൾ അഞ്ചുപേരും ചിരിച്ചു പോയി. അത് രണ്ട് ആറാം ക്ലാസ്സുകാരായ രാഹുലിന്റെയും റിഷാന്റെയും പരാതികൾ ആയിരുന്നു.

അവർ ഷെഡിന് പുറകിൽ ഒഴിഞ്ഞുകിടന്ന ഒരു സ്ഥലത്ത് ചെറിയൊരു സ്റ്റാർട്ട്അപ്പ്‌ ബിസിനസ് തുടങ്ങിയിരുന്നു. ഒരു രണ്ടടി നീളവും വീതിയും ഉള്ള ടാങ്കിൽ ഗപ്പി മത്സ്യങ്ങളെ വളർത്തുക,ആർക്കും ശല്യം ഉണ്ടാകാത്ത വിധത്തിൽ നെറ്റ് ഇട്ട് മൂടി വെച്ചിട്ടുണ്ട്. അവരുടെ പോക്കറ്റ് മണി ഇക്വൽ ഷെയർ ആയി ഇട്ട് തുടങ്ങിയ ചെറിയൊരു ബിസിനസ്.വളരെ പെട്ടെന്ന് പെറ്റുപെരുകുന്ന ഗപ്പി മത്സ്യം ആയതുകൊണ്ട് തന്നെ ബിസിനസ് തഴച്ചുവളർന്നു. ഇവരുടെ സ്കൂളിലെ കൂട്ടുകാരും ഫ്ലാറ്റിൽ തന്നെ താമസക്കാരായ കുട്ടികളും അവരുടെ വീട്ടിലെ ഫിഷ് ടാങ്കിലേക്ക് ഗപ്പി മത്സ്യം വാങ്ങിച്ചു കൊണ്ടുപോകുന്നത് പതിവായി.അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരമാണ് ഗപ്പിയെ അതിഥി മുറിയിൽ കേമൻ ആക്കിയത്. ഒരേ നിറത്തിലുള്ള ഗപ്പികൾ ഫിഷ് ടാങ്കിൽ ഒന്നിച്ചു നീന്തുന്നത് കാണുന്നതുതന്നെ മനോഹരമായ ഒരു കാഴ്ചയാണ്.

രാഹുലും റിഷാനും അവരുടെ പോക്കറ്റ് മണി കൂട്ടിവച്ച് കഷ്ടപ്പെട്ട് തുടങ്ങിയ ആദ്യ സംരംഭം. അതാണ് എട്ടുനിലയിൽ പൊട്ടിക്കാൻ ചില കുബുദ്ധികൾ ശ്രമം നടത്തുന്നത് എന്നായിരുന്നു പരാതി. സ്കൂൾ വിട്ടു വന്നാൽ ഉടനെ രണ്ടുപേരും ഈ ടാങ്കിന് അടുത്ത് ഓടിയെത്തും. അവർക്ക് തീറ്റ കൊടുക്കാനും അവർ നീന്തിക്കളിക്കുന്നത് കാണാനും. ചിലപ്പോൾ അവരോടൊപ്പം കസ്റ്റമേഴ്സും ഉണ്ടാകും.അപ്പോഴാണ് ചില ഹൃദയഭേദകമായ കാഴ്ചകൾ അവർ കാണുന്നതത്രേ! മീൻ ടാങ്കിൽ നിന്ന് പുറത്ത് ചാടി മണ്ണിൽ ചുറ്റും ഉറുമ്പരിച്ചു ചത്തു കിടപ്പുണ്ടാകും.ഇത് പതിവായപ്പോഴാണ് കള്ളനെ പിടിക്കാൻ കംപ്ലയിന്റ് ബോക്സിൽ പരാതി എഴുതി ഇട്ടത്.

ബാക്കി നാലുപേരും ഇത് വായിച്ചു പുച്ഛിച്ചുതള്ളി.”ഓ പിന്നെ ഈ 15 രൂപയുടെ മീനെ കൊല്ലാൻ ഇവിടെ പുറത്തുനിന്ന് ആളു വരികയല്ലേ? സ്പോർട്സ് സംബന്ധമായ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന മുറി എപ്പോഴും തുറന്നാണ് ഇട്ടിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും കുട്ടികൾക്ക് കയറി എടുക്കാം.ഉപയോഗം കഴിഞ്ഞ് അവിടെ തിരിച്ചു വയ്ക്കാം. അതുപോലെ എത്രയോ കൊച്ചു കുട്ടികളുടെ സൈക്കിൾ ഇവിടെ ഇരിക്കുന്നു അതൊന്നും കള്ളൻ കൊണ്ടുപോയില്ലല്ലോ?മൂന്നു ലക്ഷം മുതൽ 30 ലക്ഷം വരെ വിലയുള്ള കാറുകൾ ഇവിടെ കിടക്കുന്നു. അതിനും കള്ളൻ ഇല്ല.അപ്പോഴാണ് ഒരു മീൻ കള്ളൻ.മേനോൻ സാറിന് വേറെ പണിയില്ലേ.Pets ഫ്ലാറ്റിൽ അലൗഡ് അല്ല.അതുകൊണ്ട് ടാങ്ക് കമഴ്ത്തി കളഞ്ഞ് ബാക്കി മീനുകളെ ഇവിടെ നിന്ന് കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞു കാര്യം അവസാനിപ്പിക്ക് സാറെ.ഞങ്ങൾക്ക് ക്ലബ്ബിൽ ചീട്ട് കളിക്കാൻ പോകാൻ സമയം വൈകുന്നു” എന്ന് പറഞ്ഞ് ബാക്കി നാലുപേരും ചാടിയെഴുന്നേറ്റു.പക്ഷേ റിട്ടയേഡ് അഡീഷണൽ സെക്രട്ടറിയായ ഗോപാലമേനോന് അതിനു സമ്മതം ഇല്ലായിരുന്നു.

ഈ പരാതി അവഗണിക്കാൻ പറ്റില്ല.പരാതി ആര് എഴുതി തന്നു എന്നതിനു പ്രസക്തിയില്ല.എഴുതിയിട്ട സ്ഥിതിക്ക് നമ്മൾ നമ്മുടെ ഡ്യൂട്ടി ചെയ്തേപറ്റൂ. കുട്ടികളുടെ വിശ്വാസം നമ്മളായി നഷ്ടപ്പെടുത്തരുത്. പാർക്കിങ് ഏരിയയിൽ ഇരുന്ന സിസിടിവി ഈ ടാങ്ക് കാണത്തക്ക രീതിയിൽ അഡ്ജസ്റ്റ് ചെയ്ത് വെക്കാൻ ആവശ്യപ്പെട്ടു സെക്യൂരിറ്റിയോട് മേനോൻ സർ.രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ കള്ളനെ പിടികിട്ടി. ഫ്ലാറ്റിലെ കുസൃതിക്കുടുക്ക നാലുവയസുകാരൻ ജെയിക്കിന്റെ പണിയായിരുന്നു അത്. സ്കൂൾവിട്ട് ഉച്ചയ്ക്ക് തന്നെ എത്തുന്ന ജെയ്ക്ക് ബാഗ് വീട്ടിൽ കൊണ്ട് എറിഞ്ഞു ഈ ടാങ്കിനു അടുത്തു വന്നിരിക്കും. നെറ്റ് പൊക്കി സമീപത്തു വച്ചിരിക്കുന്ന തവി കോരികയിൽ മീനിനെ കയറ്റും.കുറച്ചു നേരം അതിനെ കണ്ടു രസിക്കും.അമ്മയുടെ വീട്ടിൽ നിന്നുള്ള വിളി കേൾക്കുമ്പോൾ ചിലപ്പോൾ മീനിനെ ടാങ്കിലേക്ക് തന്നെ ഇടും അല്ലെങ്കിൽ ആ കോരിക മണ്ണിൽ തന്നെ ഇട്ട് ഓടും.ഉച്ച സമയം ആയതുകൊണ്ട് സെക്യൂരിറ്റികളും ക്ലീനിങ് സ്റ്റാഫും ഉണ്ണാൻ പോകുന്നതുകൊണ്ട് ഇത് ആരുടെ ശ്രദ്ധയിലും പെട്ടിരുന്നില്ല. അപ്പോൾ തന്നെ ജെയിക്കിന്റെ വീട്ടിൽ മേനോൻ സാർ വിവരമറിയിച്ച് കുഞ്ഞിനെ പറഞ്ഞു വിലക്കണമെന്നും പോരാത്തതിന് ഇതുവരെ നഷ്ടപ്പെട്ട മീനിന്റെ പൈസ അവരുടെ കൈയിൽ നിന്നും വാങ്ങിച്ചു പരാതിക്കാർക്ക് അത് കൈമാറുകയും ചെയ്ത് ആ പ്രശ്നം അവിടെ അവസാനിപ്പിച്ചു.

ഒറ്റനോട്ടത്തിൽ കാര്യം വളരെ നിസ്സാരമെന്ന് തോന്നാമെങ്കിലും ഒരു ദിവസം ജെയ്ക്ക് ചെയ്യുന്നത് ആറാം ക്ലാസുകാരായ രാഹുലും റിഷാനും നേരിട്ട് കണ്ട് വന്നെങ്കിൽ ഉള്ള അവസ്ഥ എന്തായിരിക്കും?ഇത് ഇപ്പോൾ ആരാണ് ചെയ്തിരുന്നതെന്ന കാര്യം പോലും ആരും അറിഞ്ഞില്ല. പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു.

ഇതുപോലുള്ള ചെറിയ തീപ്പൊരികൾ ആണ് ഇവിടെ വലിയ സംഭവവും വഴക്കുകളും ആകുന്നത്. ഇവിടെ ഒരു ഡോക്ടറുടെ പരാതിയും കുട്ടിയുടെ പരാതിയും ഒരുപോലെ പരിഗണിക്കപ്പെടുന്നു. ഇതല്ലേ ആ ഫ്ലാറ്റിൻറെ മഹത്വം. ഗോപാല മേനോന്റെ വിവേകപൂർവ്വമായ ഇടപെടലുകൾ ചിലപ്പോൾ ഒഴിവാക്കിയത് ഒരു കൊച്ചു കുഞ്ഞിന്റെ മരണം തന്നെ ആകില്ല എന്ന് എന്താണ് ഉറപ്പ്?

മേരി ജോസി മലയിൽ✍️ തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments