ജീവിതത്തെ എങ്ങിനെ നോക്കിക്കാണുന്നു എന്നു ഒരാൾ ഒരു ഇൻ്റർവ്യു യിൽ
ചോദിക്കണത് കേട്ടു.
ജീവിതത്തെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് പറഞ്ഞാൽ എന്താണ്..?
സത്യം പറഞ്ഞാൽ, എനിക്കത് മനസ്സിലായില്ല, നമ്മുടെ ജീവിതത്തെ
നമ്മൾ എങ്ങിനെയാണ് ജീവിച്ചു തീർക്കുന്നത്? ഇങ്ങനെയങ്ങ് കഴിഞ്ഞാൽ മതി എന്നു പറഞ്ഞു ജീവിക്കുന്നവർ നിരവധി.
ആളുകൾ എന്ത് പറയും എന്നു കരുതി എല്ലാ സന്തോഷങ്ങളും മാറ്റിവെക്കും. പല ആഗ്രഹങ്ങളും മനസ്സിനുള്ളിൽ കുഴിച്ചു മൂടുന്ന മറ്റ് ഒരു കൂട്ടർ.
വിധവകൾക്ക് തലയിൽ മുല്ലപ്പൂചൂടരുത്, നെറ്റിയിൽ സിന്ദൂരം ഇടാൻ പാടില്ല. ഇന്നും ആളുകൾ സമ്മതിക്കാത്ത ഒരു കാര്യമാണ്. വിധവയാകുന്നത് ആരുടെയും കുറ്റമല്ല.
അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് പോലും വിലക്ക് കൽപ്പിക്കുന്നത്
ഒരു കല്യാണ ചടങ്ങിന് പങ്കെടുത്ത കാര്യം ഓർമ്മ വരുന്നു. അടുത്ത കുടുംബം എപ്പഴും കൂടെ ഉണ്ടാവുന്നവർ എൻ്റെതാണ് അവർ എന്നു ഉറച്ച് വിശ്വസിച്ചു പോയിരുന്നു.
കല്യാണത്തിന് മുന്നേ ഞാൻ ആ വീട്ടിലുണ്ടായിരുന്നു. കല്യാണ ദിവസം ചെറുക്കനെ സ്വീകരിക്കാൻ ഞാനും കൂടി. താലങ്ങൾ എല്ലാം കൈയ്യിലേന്തിയിരിക്കുന്നു കുറേ പേർ.
ഞാൻ അവർക്ക് പുറകിലായി നടന്നു ചെറുക്കനെ സ്വീകരിച്ചു കൊണ്ടുവന്നു
ഇനി പെണ്ണിൻ്റെ കൂടെ മണ്ഡപത്തിൽ കയറണം. എൻ്റെ മകളായിട്ടാണ് ഞാൻ ആ കുട്ടിയെ കരുതിയത്.
എൻ്റെ അടുത്ത രണ്ട് ബന്ധുക്കൾ കൂടി നിന്നു സംഭാഷണം. ഞാൻ അവിടെക്ക് പോകാൻ തുനിഞ്ഞു. ചെറുക്കനെ സ്വീകരിക്കാൻ അവളെ എന്തിനാ പറഞ്ഞയച്ചത് ?
നല്ല ഒരു ചടങ്ങല്ലേ ഇത്. ഇനി മണ്ഡപത്തിൽ വിളിക്കണ്ടട്ടോ.
അത് ഞാൻ എങ്ങിനെ പറയും ‘എൻ്റെ പ്രിയപ്പെട്ടവൾ പറയുന്നു.
“നിങ്ങൾ തന്നെ വേണ്ടപോലെ ചെയ്യ്”
ഇവരുടെ അടുത്തേക്ക് നീങ്ങിയ ഞാൻ ഈ സംസാരം കേട്ട് ഒന്നമ്പരന്നു.
ആ അമ്പരപ്പിൽ നിന്നു ഉണർന്നപ്പോൾ സങ്കടം കൊണ്ടൻ്റെ നെഞ്ചകം വിങ്ങി. കണ്ണുകളിൽ ഒരു ഇടവപ്പാതി പെയ്തിറങ്ങി. ഉടൽ ഒന്നു വിറച്ചു വേരുറച്ച പോയ എൻ്റെ കാലുകൾ വലിച്ചെടുത്തു നടന്നു. അമ്മയും മറ്റുള്ളവരും ഇരിക്കുന്ന സീറ്റിൽ പോയിരുന്നു.
എന്താ നീ വന്നേ ?
നീ മണ്ഡപത്തിൽ കയറുന്നില്ലേ ?
അമ്മയുടെ ചോദ്യം
ഓ വേണ്ടാ നമ്മൾ ഒരുമിച്ച് ഇരിക്കണ്ട ആൾക്കാരാ. അമ്മ, രണ്ട് മാമിമാർ’ ഒക്കെ ഭർത്താവ് മരിച്ചവരാ. അവിടെയല്ലേ ഇരിക്കാൻ യോഗ്യത എനിക്കും.
അപ്പോഴൊക്കെ സങ്കടം ഉണ്ടായിരുന്നു പിന്നെയത് മാറി.
പക്ഷേ മനസ്സിലെ കനൽ മാത്രം കെട്ടടങ്ങിയിരുന്നില്ല. കാരണം, എൻ്റെ സ്വന്തം ആൾക്കാരാണ് എന്നെ റോൾമോഡൽ ആക്കിയ പെണ്ണാണ് അന്നത്തെ കല്യാണപ്പെണ്ണ് എൻ്റെ മകളെ പോലെ എന്ന് പറയാം. സമൂഹം ഇങ്ങനെയാണ്
വീണ്ടും ഇതേ പോലെ മറ്റ് ഒരു കല്യാണത്തിന് പോയപ്പോഴും ഒരനുഭവം ഉണ്ടായി.
പെണ്ണിനെ പന്തലിൽ ആനയിക്കാൻ വേണ്ടി എന്നെ വിളിക്കുന്നു ഒരു കൂട്ടർ.
ആദ്യത്തെ അനുഭവം ഓർമ്മ വന്നതിനാൽ, ഞാൻ ഒന്നു മടിച്ചു. അപ്പോഴെക്കും ഒരു ചേച്ചി ഓടി വന്നു. നി ഇങ്ങ് വന്നേ, നമുക്ക് കല്യാണ പന്തലിൽ പോയി വരാം. ഒരു സാധനം എടുക്കാനാ എന്നു പറഞ്ഞു. പക്ഷേ ഒന്നും എടുക്കാൻ ഉണ്ടായിരുന്നില്ല.
അവർ വെറുതെ തിരിഞ്ഞും മറിഞ്ഞും നോക്കി നീ ഇവിടെ നിൽക്കു. ഇപ്പോ വരാം എന്നു പറഞ്ഞു. എന്നെ അവിടെ നിറുത്തി അവർ സ്ഥലം വിട്ടു
അപ്പോഴെക്കും പെണ്ണിനെ ഓലക്കുടയിൽ ആനയിച്ചു ആൾക്കാർ വരുന്നത് കണ്ടു.
ഞാൻ അടുത്തു കണ്ട കസേരയിൽ ഇരുന്നു. എനിക്ക് ചിരിയാണോ സങ്കടാണോ ഏത് വികാരമാണോ അന്ന് എനിക്ക് തോന്നിയത് ..?
ഇന്നും എനിക്കറിയില്ല
എൻ്റെ ജീവിതം ഇതാണ്. ഞാൻ പിന്നെ മനസ്സിൽ ഒരു ശപഥം ചെയ്തു.
ഞാൻ പ്പൂ ചൂടും, കുപ്പിവളകൾ ഇടും സിന്ദൂരം ചാർത്തും എന്ന്.
എനിക്കും എല്ലാരെ പോലെയും ജീവിക്കണം. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ഒരാളാ ഞാൻ.
ആളുകൾ കുറച്ചു നാൾ പറയും പിന്നെ അവർക്ക് മടുക്കും. അവർ മറ്റ് ഒരു ഇര തേടും.
ഒരു മനുഷ്യ ജന്മമേ നമുക്ക് ഉള്ളു എന്ന വിശ്വാസമാണ് എനിക്ക്.
ഈ തന്ന ജീവിതം നമ്മൾ എന്തിന് സങ്കടപ്പെട്ടും, മറ്റുള്ളവരെ പഴിചാരിയും
വിധിയെ ശപിച്ചും സമുഹത്തെ ഭയന്നും കഴിയണം ? ആർക്കും ദ്രോഹമൊന്നും ചെയ്യാതെ, എല്ലാരെയും എന്നെ കൊണ്ട് ആവുന്ന പോലെ സഹായിച്ചും,
സന്തോഷകരമായി കഴിയണം.
വിധവ എന്ന ഒരു കുലമില്ല ഇവിടെ.
നമ്മുടെ ജീവിതം ഇന്ന് തീരുമാനിക്കുന്നത് മറ്റാരൊക്കെയോ ചേർന്നാണ്..
നല്ല അനുഭവക്കുറിപ്പ്
നല്ല തീരുമാനം……