മലയാളിമനസ്സ് ലെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 55ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
‘തനതു നാടകവേദി’ എന്ന ആശയത്തിൻ്റെ പ്രയോക്താക്കളിലും പ്രചാരകന്മാരിലും പ്രമുഖനായ ശ്രീ. കാവാലം നാരായണപ്പണിക്കർ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
കാവാലം നാരായണപ്പണിക്കർ (01/05/1928-26/06/2016)

‘തനത് ‘ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സ്വതസിദ്ധമായ പ്രാദേശിക പൈതൃക സംസ്കാരം എന്നാണ്. വിശ്വനാടകവേദിയെ കുറിച്ച് ശരിയായി പഠിച്ചിട്ടുള്ള നാരായണപ്പണിക്കർ, പ്രാചീന ഭാരതീയ നാടകങ്ങളുടെ സവിശേഷതകൾ പുനരാവിഷ്ക്കരിക്കുവാനുള്ള പരിശ്രമങ്ങളാണ് ‘തനതു’ നാടക വേദിയിലൂടെ ചെയ്തത്!
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ കാവാലത്ത് ചാലയിൽ കുടുംബത്തിൽ ഗോദവർമ്മയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകനായി 1928 മെയ് ഒന്നിനാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പം മുതൽ തന്നെ നാടൻ കലകളിലും നാടകങ്ങളിലും ഉണ്ടായിരുന്ന താല്പര്യം മലയാളത്തിലൊരു പുതിയ സംരംഭത്തിന് കാരണമായിത്തീർന്നു.
പഠനത്തിനു ശേഷം അഭിഭാഷകവൃത്തി സ്വീകരിച്ചു എങ്കിലും തൻ്റെ കർമ്മ രംഗമായി അദ്ദേഹം നാടകം തന്നെ തിരഞ്ഞെടുത്തു. തെയ്യം, തിറ, കഥകളി, കൂടിയാട്ടം തുടങ്ങിയ അനുഷ്ഠാനകലകളും തുമ്പിതുള്ളൽ, കാക്കാരിശി നാടകം തുടങ്ങിയ നാടോടി കലാരൂപങ്ങളും തനതു നാടക വേദിയുടെ രൂപീകരണത്തിനു സഹായകരമായി തീർന്നു. അതുപോലെ തന്നെ കർണ്ണാടകത്തിലെ ‘ യക്ഷഗാനം’ ബംഗാളിലെ ‘ജാത്ര’ യും തനതു നാടകവേദിയ്ക്ക് പ്രേരണ നല്കിയ നാടകപ്രസ്ഥാനങ്ങളാണ്.തനതു നാടകവേദിയുടെ വക്താവായ അദ്ദേഹം അത്തരം നാടകങ്ങൾ അവതരിപ്പിക്കുന്നതിനു വേണ്ടി ‘തിരുവരങ്ങ്’ എന്നൊരു നാടകസംഘടന രൂപികരിച്ചു. നാടകശിക്ഷണം, നാടക അവതരണം, കലാഗവേഷണം എന്നിവയ്ക്കു വേണ്ടി ‘സോപാനം’ എന്ന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു.
നാടോടി നാടക ശൈലിയിലാണ് അദ്ദേഹം സ്വന്തം നാടകങ്ങൾ അവതരിപ്പിച്ചത്. സംസ്‌കൃത നാടകങ്ങൾ ക്ലാസിക്ക് ശൈലിയിൽ തന്നെ അവതരിപ്പിച്ചു. പല വിദേശ രാജ്യങ്ങളിലും നടന്ന പരിപാടികളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പാരമ്പര്യ നാടക സങ്കല്പങ്ങളിൽ നിന്നും പഴയ നാടക വേദികളിൽ നിന്നും വ്യത്യസ്‌തമാണ് തനതു നാടകാവതരണരീതി. തുറസ്സായ സ്ഥലത്തു പോലും അവതരിപ്പിക്കാവുന്ന നാടകങ്ങളാണ് അവ. നിറപ്പൊലിമയോടുകൂടിയ രംഗചലനങ്ങൾ, താളാത്മകമായ ചുവടുവയ്പുകൾ തുടങ്ങിയവ ഇതിൻ്റെ പ്രത്യേകതകളാണ്.
തിരുവഴിത്താൻ, സാക്ഷി, ദൈവത്താർ, ഒറ്റയാൻ, അവനവൻ കടമ്പ,കരിംകൂട്ടി, നാടകചക്രം, കൈക്കൂറ്റപ്പാട് എന്നിവയാണ് ഇദ്ദേഹത്തിൻ്റെ പ്രധാന നാടകങ്ങൾ. കൂടാതെ, ഭാസഭാരതം, ഭഗവദ്ജ്ജുകം, മത്തവിലാസം, ട്രോജൻ സ്ത്രീകൾ, ഒരു മദ്ധ്യവേനൽ രാക്കനവ്, കൊടുങ്കാറ്റ്, കർണ്ണഭാരം എന്നീ നാടക വിവർത്തനങ്ങളും ‘കവിത’ എന്ന പേരിൽ ഒരു കവിതാ സമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മനുഷ്യനെകുറിച്ചും, ജീവിതത്തെക്കുറിച്ചും കാവാലത്തിനുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിൻ്റെ ‘തിരുവഴിത്താൻ’ എന്ന നാടകം. ഇതൊരു നൂതന നാടകം എന്നതിനോടൊപ്പം ഒരു പരീക്ഷണ നാടകം കൂടിയാണ്. ഈ നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ യൂറോപ്പിൽ ഒരു പ്രസ്ഥാനമായി വളർന്ന കാവ്യനാടകത്തിൻ്റെ രൂപത്തിലുള്ളതാണ്. ഈ കൃതി മലയാളത്തിൽ ഒരു പുതിയ അവതരണരീതിയാണ്!
കവി എന്ന നിലയിലും കാവാലം ശ്രദ്ധേയനാണ്. അദ്ദേഹത്തിൻ്റെ പ്രധാന കവിതാ സമാഹാരമാണ് ‘കാവാലം കവിതകൾ’ എന്ന കൃതി. മൂല പർവ്വം, ആവാഹന പർവ്വം, പ്രവാസ പർവ്വം, വികാസ പർവ്വം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ഇതിൽ 76 കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിത്തിടീലിൻ്റെ ആഘോഷങ്ങളും കൊയ്ത്തു മെതിയുടെ താളമേളങ്ങളും ഒക്കെ ഉൾക്കൊള്ളുന്ന കുട്ടനാടിൻ്റെ സ്പന്ദനങ്ങൾ ഈ കവിതകളിൽ അനുഭവപ്പെടും. തട്ടും തടവുമില്ലാതെ ഒഴുകുന്ന ഭാഷാ രീതിയാണ് ഈ കവിതകളുടെ പ്രധാന ആകർഷണീയത! കവിതകളുടെ ഔപചാരികമായ ചട്ടക്കൂടുകൾ ഈ കവിതകളിൽ കണ്ടെത്താൻ കഴിയില്ല.
കൂട വട്ടത്തിൽ കൂതി വെച്ചപ്പോൾ സുഖമർത്ഥിച്ചു രതിയിച്ഛിച്ചു
തടി ഹോമിച്ചു തെളിതീയ്യിലെഴും–
ഹുതമായ് ഉണരുണരൂ…
എന്നും
തലയുഴിഞ്ഞു നാമം ദോഷം തീരുക,
തടിയുടെയഗ്രത്തൊരു കൊടുമുടി
ഭാരം കൊണ്ടു നടക്കും കൊടുമുടി
കാറ്റത്തിളകാതെ കനക്കും ഗമയിൽ
കുത്തനെ നില്ക്കും കൊടുമുടി….
തുടങ്ങിയ വരികളിൽ നിറഞ്ഞു നില്ക്കുന്ന താളബോധവും മറ്റും കാവാലം കവിതകളുടെ പ്രത്യേകതകൾക്ക് ഉദാഹരണങ്ങളാണ്. സാധാരണ ഗ്രാമീണരുടെ അനുഭവങ്ങളും പ്രവർത്തനങ്ങളും അവരുടെ കാഴ്ചപ്പാടിൽ കൂടിത്തന്നെ ചിത്രീകരിക്കുന്നു എന്നതും കാവാലം കവിതകളുടെ പ്രത്യേകതയാണ്. അപ്പോഴാണ് പഴയ പാട്ടുകളുടെ ഈണവും താളവും ശൈലിയുമൊക്കെ കവിതയിൽ കടന്നു വരുന്നത്. സ്വന്തമായ ഒരു കാഴ്ചപ്പാടും അനുഭവചിത്രീകരണങ്ങളും കാവാലത്തിൻ്റെ എല്ലാ കവിതകളിലും കാണാൻ കഴിയും.
വൃത്തം തെറ്റിയ കവിത, കലിസന്തരണം, കൊമ്പും കുളമ്പും,
പ്രേമരശ്‌മി തുടങ്ങിയവും അദ്ദേഹത്തിൻ്റെ മറ്റു പ്രധാനപ്പെട്ട കൃതികൾ ആണ്.
അദ്ദേഹത്തിന് പത്മഭൂഷൺ ബഹുമതിയും, 2009 ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ വൈസ് പ്രസിഡൻ്റ് ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്ര ഗാനരചയിതാവ് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. പ്രശസ്‌ത സംഗീതജ്ഞനായ കാവാലം ശ്രീകുമാർ അദ്ദേഹത്തിൻ്റെ മകനാണ്.
കാവാലം നാരായണപ്പണിക്കർ എന്ന മഹാപ്രതിഭ രണ്ടായിരത്തി പതിനാറ് ജൂൺ ഇരുപത്തിയാറാം തീയതി അന്തരിച്ചു🙏
അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕🌹




Thank You Sri Raju Sankarathil Sir 🙏❤️🥰