അത്തം തുടങ്ങിയതുമുതൽ ദേവനന്ദയുടെ മനസ്സിൽ ഒരേയൊരു ആഗ്രഹമായിരുന്നു—തിരുവോണനാളിൽ അച്ഛനും അമ്മയും ചേർന്ന് മുറ്റത്ത് പൂക്കളമിട്ട് ഓണസദ്യ കഴിക്കണം.
പക്ഷേ, ഇത്തവണ ഓണം വന്നത് വലിയ സന്തോഷത്തോടെയായിരുന്നില്ല. പെട്ടെന്ന് വന്ന് പനിയെ തുടർന്ന് അച്ഛന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വീട്ടിലെ വരുമാനം കുറഞ്ഞിരുന്നു. ഓണത്തിന് പുതിയ വസ്ത്രം വാങ്ങുന്നതുപോലും ബുദ്ധിമുട്ടായി.
“മോളേ, ഇത്തവണ ഓണം ലളിതമായി ആഘോഷിക്കാം,” അമ്മ സ്നേഹത്തോടെ പറഞ്ഞു.
ദേവൂട്ടി പുഞ്ചിരിച്ചു.
“അമ്മേ,നമ്മുടെ വീട്ടിൽ സ്നേഹമുണ്ടല്ലോ,പിന്നെന്തിനാ വിഷമം?”
തിരുവോണപ്പുലരിയിൽ അവൾ മുറ്റത്തേക്കിറങ്ങി. അയൽവീടുകളിൽ മനോഹരമായ പൂക്കളങ്ങൾ വിരിഞ്ഞിരുന്നു. അവരുടെ മുറ്റത്ത് പക്ഷേ കുറച്ച് തുമ്പപ്പൂവും തെച്ചിപ്പൂവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്പോഴാണ് അയൽവീട്ടിലെ കൂട്ടുകാരും കുഞ്ഞു കുട്ടികളും ഓടിയെത്തിയത്.
“ ദേവൂട്ടി, ഞങ്ങളുടെ പൂക്കളത്തിൽ കുറച്ച് പൂക്കൾ അധികമുണ്ട്. നമുക്ക് എല്ലാവർക്കും ചേർന്ന് നിന്റെ മുറ്റത്തും പൂക്കളം ഭംഗിയായി ഇടാം!”
അൽപ്പസമയത്തിനകം ചെറിയ മുറ്റം നിറയെ നിറമുള്ള പൂക്കൾക്കൊണ്ട് അവരെല്ലാം ചേർന്ന് നല്ലൊരു പൂക്കളം ഉണ്ടാക്കി! ചിരികളും കളികളും കൊണ്ട് ദേവനന്ദയുടെ വീട് പെട്ടെന്നങ്ങ് ഉണർന്നു.
വൈകുന്നേരം എല്ലാവരും പിരിഞ്ഞപ്പോൾ ദേവൂട്ടി മുറ്റത്തിരുന്നു. ആകാശത്ത് വലിയൊരു ഓണനിലാവ് ഉദിച്ചിരുന്നു.
അവൾ അമ്മയോട് പറഞ്ഞു:
“അമ്മേ, ഇന്ന് നമ്മുടെ ഓണം ഏറ്റവും മനോഹരമായിരുന്നല്ലേ”?
അമ്മ അത്ഭുതത്തോടെ ചോദിച്ചു:“സദ്യ കുറവായിട്ടും പുതിയ വസ്ത്രമില്ലാതെയും?”
അത് കേട്ട അവൾ നിലാവിനെ നോക്കി ചിരിച്ചു.
“അമ്മേ, ഓണം വീട്ടിൽ വരുന്നത് പണം മാത്രം ഉണ്ടാവുന്നത് കൊണ്ടല്ലല്ലോ? സ്നേഹവും കൊണ്ടാണ്.ഇന്ന് നമ്മുടെ മുറ്റത്ത് പൂക്കളത്തേക്കാൾ വലിയൊരു സ്നേഹക്കൂട്ടായ്മയും സന്തോഷവുമാണ് എല്ലാവരും കൂടി വിരിയിച്ചത്!
അമ്മ അവളെ ചേർത്തുപിടിച്ചു.
അപ്പോൾ മേഘങ്ങൾക്കിടയിൽനിന്ന് നിലാവ് കൂടുതൽ ശോഭയോടെ തെളിഞ്ഞു.
ആ ചെറിയ വീടിന്റെ മുറ്റത്ത് അന്ന് ഓണനിലാവിനേക്കാൾ തിളങ്ങിയത് മനുഷ്യരുടെ സ്നേഹം ഒഴുകുന്ന ഒത്തുചേരലായിരുന്നു!




സന്തോഷം… നന്ദി ശ്രീ.രാജു ശങ്കരത്തിൽ സാർ🙏❤️🙏😊 ‘മലയാളിമനസ്സ്’ കുടുംബാംഗങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️🌹🥰🙏
നന്നായിട്ടുണ്ട്