ഭക്തരെ.. 🙏
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ കണയന്നൂർ താലൂക്കിൽ ത്രിവേദ പുരി എന്ന പ്രസിദ്ധമായ നാമത്തിൽ ശ്രീപൂർണ്ണത്രയീശ ഭഗവാൻ്റെ ദേശത്താണ് ശ്രീ ബാലവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃപ്പൂണിത്തുറ മിനി ബൈപാസിൽ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിന് വലത് വശത്തായി ഒരു കിലോമീറ്റർ അകലെ കണ്ണൻകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ കുളത്തിന് വടക്ക് വശത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ബാല വിനായക ക്ഷേത്രം പടിഞ്ഞാറോട്ട് ദർശനമായാണ് കാണപ്പെടുന്നത്.
ഗണപതി ഭഗവാന്റെ ശാന്തവും ദയനിറഞ്ഞതുമായ ബാലരൂപത്തിലുള്ള പ്രതിഷ്ഠയായതിനാൽ കുട്ടികളുടെ അഭിവൃദ്ധിക്കും വിദ്യാരംഭത്തിനും ഇവിടെ പ്രാർത്ഥിക്കുന്നത് ഏറെ ഉത്തമമായി കരുതപ്പെടുന്നു.ജീവിതത്തിലെ തടസ്സങ്ങൾ മാറുന്നതിനും, ബിസിനസ്സ് വിജയത്തിനും, പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപായും ഭക്തർ ഇവിടെയെത്തി പ്രധാന വഴിപാടുകൾ കഴിച്ച് പ്രാർത്ഥിക്കുന്നു.
എല്ലാ മാസവുമുള്ള സങ്കടഹര ചതുർത്ഥി, വിനായക ചതുർത്ഥി ദിവസങ്ങൾ ഇവിടെ വളരെ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ജീവിതത്തിലെയും തൊഴിലിലെയും എല്ലാവിധ തടസ്സങ്ങളും വിഘ്നങ്ങളും മാറുന്നതിനായി നടത്തുന്ന ഏറ്റവും പ്രധാന വഴിപാട് ഗണപതി ഹോമം ആണ്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ആപത്തുകളിൽ നിന്ന് രക്ഷനേടാനും ഭക്തർ ഇവിടെ നാളികേരം ഉടച്ച് പ്രാർത്ഥിക്കുന്നു.

മോദകം / ലഡ്ഡു നിവേദ്യം: ഗണപതി ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണിത്. കുട്ടികളുടെ ആരോഗ്യത്തിനും സന്തോഷത്തിനുമായി ഭക്തർ ഇത് നേരുന്നു.
വിഘ്നനാശത്തിനായി ഗണപതിസൂക്താർച്ചന, വിദ്യാലാഭത്തിനായി വിദ്യാസൂക്താർച്ചന, കൂടാതെ അഷ്ടോത്തരാർച്ചന എന്നിവയും ഇവിടെ നടത്തപ്പെടുന്നു.ഭഗവാന് കറുകമാല സമർപ്പിച്ച് പ്രാർത്ഥിക്കുന്നത് ബുദ്ധിവികാസത്തിനും നെഗറ്റീവ് ഊർജ്ജം മാറുന്നതിനും ഉത്തമമായി കരുതപ്പെടുന്നു.
എല്ലാ മാസവുമുള്ള സങ്കടഹര ചതുർത്ഥി തിഥിയിൽ നടത്തുന്ന പ്രത്യേക പൂജകളിൽ പങ്കെടുത്തു വഴിപാടുകൾ കഴിക്കുന്നത് ദോഷങ്ങൾ അകറ്റാൻ സഹായിക്കുമെന്ന് വിശ്വാസം.വർഷത്തിലൊരിക്കൽ വരുന്ന വിനായക ചതുർത്ഥി നാളിൽ ഭക്തർ വലിയ രീതിയിൽ പ്രത്യേക പൂജകളും അപ്പ നിവേദ്യങ്ങളും ഇവിടെ നടത്താറുണ്ട്.
തീവണ്ടിയിൽ വരുന്നവർക്ക് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറ പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസ് പിടിച്ച് അവിടെ നിന്ന് ഓട്ടോറിക്ഷാ പിടിച്ചാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ബസ് സ്റ്റാൻഡിന്റെ തെക്ക് വശത്ത് നിന്ന് നടക്കാൻ വരുന്നവർക്ക് 15 മിനിറ്റ് നടന്നാൽ എത്തിച്ചേരാം.
എറണാകുളം ടൗണിൽ നിന്ന് ബസിൽ വരുന്നവർക്ക് കോട്ടയം/വൈക്കം/പൂത്തോട്ട ഭാഗത്തേക്ക് പോകുന്ന ബസുകളിൽ കയറി എറണാകുളം ടൗണിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള കണ്ണൻകുളങ്ങര ജംഗ്ഷനിൽ ഇറങ്ങി മിനി ബൈപാസ് വഴി നടന്ന് 100 മീറ്റർ കഴിഞ്ഞാൽ കുളം, ശ്രീ മഹാദേവ ക്ഷേത്രം, ഊട്ടുപുര ഹാൾ, മുകളിലുള്ള ബാല വിനായക ക്ഷേത്രം എന്നിവ കാണാൻ കഴിയും.
കണ്ണൻകുളങ്ങര നിവാസികളുടെ നിരന്തരവും നിസ്വാർത്ഥവുമായ പരിശ്രമം കൊണ്ടാണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്, അതിനാൽ ഇത് ഒരു ഗ്രാമീണ ക്ഷേത്രമായി കാണണം.ക്ഷേത്രത്തിന്റെ നിർമ്മാണം പൂർണ്ണ ശ്രീകോവിൽ, മേൽക്കൂര വരെ കല്ലും സിമന്റും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.




പുതിയ അറിവ്.വളരെ നന്ദി