Sunday, June 14, 2026
Homeഅമേരിക്കയമുനാതീരേ.. (നോവൽ - അധ്യായം 10) ✍ ഡോളി തോമസ് ചെമ്പേരി

യമുനാതീരേ.. (നോവൽ – അധ്യായം 10) ✍ ഡോളി തോമസ് ചെമ്പേരി

​“താൻ വിഷമിക്കാതിരിക്കൂ… ഫോണിലൂടെ ദിവസവും അവന്റെ ശബ്ദം കേൾക്കുകയും കാണുകയും ചെയ്യാമല്ലോ, അതൊരു ആശ്വാസമല്ലേ?” സരസ്വതിയെ സമാധാനിപ്പിച്ചു.

​തുടക്കത്തിൽ ദിവസവും രണ്ടുനേരം ഒഴുകിയെത്തിയിരുന്ന ആ വിളി പിന്നീട് ദിനചര്യയുടെ ഭാഗമായി ഒന്നിലേക്കു ചുരുങ്ങി. മകൻ അന്യനാട്ടിൽ സന്തോഷവാനാണെന്ന അറിവ് അവരുടെ ആകുലതകളുടെ തീവ്രത കുറച്ചു. കാലക്രമേണ വിരഹത്തിന്റെ നോവ് ഒരു ശീലമായി മാറി. പിന്നീട് അവധിക്ക് നാട്ടിലെത്തി മടങ്ങുമ്പോഴുള്ള ആ വിങ്ങൽ ഒരു പതിവുതാളമായി. അവിടുത്തെ സുഖസൗകര്യങ്ങളും ജീവിതശൈലിയും അവനെ മറുനാടിന്റെ മണ്ണിൽ തളച്ചിട്ടു. ​​കാർത്തിക്കിനു പിന്നാലെ അശ്വതിയും വിവാഹത്തോടെ ഭർത്താവിനൊപ്പം അയർലണ്ടിന്റെ കുളിരിലേക്ക് കൂടുമാറി.

​മകനും മരുമകളും അച്ഛനെ തങ്ങളോടൊപ്പം നിർത്തി സന്തോഷിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിരുന്നു. എങ്കിലും, ജന്മനാട്ടിലെ ആ സ്വതന്ത്രവായുവും സുരക്ഷിതത്വബോധവും മറ്റൊരു സ്വർഗ്ഗത്തിലും ലഭിക്കില്ലെന്ന് ശേഖർ തിരിച്ചറിഞ്ഞു. ഈ മണ്ണിൽ തനിക്കൊരു വ്യക്തിത്വമുണ്ട്; തന്റേതായ ഇടമുണ്ട്. എന്നാൽ മകന്റെ കൂടെയുള്ള ജീവിതത്തിൽ ആ നഗരത്തിരക്കുകളിൽ, വഴിയറിയാതെ പകച്ചുനിൽക്കുന്ന ഒരു കൊച്ചുബാലന്റെ മനസ്സാകുന്നു തനിക്കെന്ന് വേദനയോടെ തിരിച്ചറിഞ്ഞു.

“അച്ഛാ എപ്പോഴും ഇങ്ങനെ മുറിയിൽ ചടഞ്ഞുകൂടാതെ വെളിയിലേക്കൊക്കെ ഒന്നിറങ്ങൂ. വൈകുന്നേരം പാർക്കിൽ പോയാൽ അച്ഛന്റെ സമപ്രായക്കാരൊക്കെ അവിടെയുണ്ടാകും. അവരോട് സംസാരിച്ചിരുന്നാൽ മുഷിച്ചിൽ മാറും.”
​അങ്ങനെ അവന്റെ നിർദ്ദേശപ്രകാരമാണ് വൈകുന്നേരങ്ങളിൽ പാർക്കിലും മറ്റും പോകാൻ തുടങ്ങിയത്. പരിചയക്കാരാരെങ്കിലും വഴിയിൽ വെച്ച് കാണുമ്പോൾ ചോദിക്കും: “അല്ല ആരിത്? കാർത്തിക്കിന്റെ അച്ഛനോ?”
​ആ സ്നേഹാന്വേഷണം കേൾക്കുമ്പോൾ ഉള്ളൊന്നു ശൂന്യമാകും. അവിടെ താൻ വെറും ‘കാർത്തിക്കിന്റെ അച്ഛൻ’ എന്ന ലേബൽ മാത്രമാണ്. തന്റെ ഈഗോയാണെന്ന് അറിയാം, എങ്കിലും അത് അംഗീകരിച്ചു കൊടുക്കാൻ മനസ്സ് പാടുപെട്ടു. തൻ്റെ ചിന്തകളുമായി സമരസപ്പെട്ടുപോകുന്ന ആരും അവിടെയില്ല. ഉള്ളവരുമായി ഒരു മാനസിക അടുപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നുമില്ല. എന്നും കണ്ടു സംസാരിക്കുന്നവരാണെങ്കിലും, ഇടയിലൊരു അപരിചിതത്വം കനപ്പെട്ടുകിടക്കുന്നു.

“അച്ഛനിപ്പോൾ ഇവിടെ എന്തിന്റെ കുറവാണ്? കാർത്തിക് അച്ഛനെ നന്നായി നോക്കുന്നില്ലേ? വീട്ടിൽ ഇങ്ങനെ വിശ്രമിച്ചിരിക്കുന്നത് അത്ര വലിയ ബുദ്ധിമുട്ടാണോ?” താൻ നാട്ടിലേക്ക് തിരിച്ചുപോകാനുള്ള തീരുമാനമറിയിച്ചപ്പോൾ മകൾ അശ്വതിക്ക് അത്ഭുതമായിരുന്നു.
​“ആ വിശ്രമം തന്നെയാണ് മോളേ എന്റെ പ്രധാന ബുദ്ധിമുട്ട്.” ശേഖർ ശാന്തനായി പറഞ്ഞു.
​“മക്കൾ നോക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് അധികവും. ഇവിടെ അച്ഛനെ പൊന്നുപോലെ നോക്കാൻ ഞാനും കാർത്തിക്കും തയ്യാറാണ്. അച്ഛൻ അവിടെ ഒറ്റയ്ക്കായാൽ ഞങ്ങൾക്ക് സമാധാനമുണ്ടാകുമോ?”
​“നിങ്ങൾക്ക് ഒരു സമാധാനക്കേടും വേണ്ട. എനിക്ക് പരാതികളൊന്നുമില്ല, നിങ്ങൾ എന്നെയോർത്ത് വിഷമിക്കുകയും വേണ്ട.” അദ്ദേഹം തന്റെ തീരുമാനം ഉറപ്പിച്ചു പറഞ്ഞു.
​“ഇനി ഞാനൊന്നും പറയുന്നില്ല. അച്ഛന്റെ ഇഷ്ടം പോലെ നടക്കട്ടെ. അല്ലെങ്കിലും അച്ഛൻ പണ്ടേ ഇങ്ങനെയാണല്ലോ, സ്വന്തം തീരുമാനങ്ങളിൽ നിന്ന് മാറില്ല.” അശ്വതിയുടെ സ്വരത്തിൽ നേർത്ത പരിഭവമുണ്ടായിരുന്നു.
​“അതേ മോളേ, നിന്റെ അച്ഛൻ ഇങ്ങനെയാണ്. ഈ വയസ്സാംകാലത്ത് ഇനി മാറ്റമൊന്നും പ്രതീക്ഷിക്കണ്ട.”
​അശ്വതിയുടെ ഇത്തരം കുറ്റപ്പെടുത്തലുകൾ പതിവായതുകൊണ്ട് അത് ഗൗനിച്ചില്ല. എങ്കിലും, നരച്ച ആകാശത്തിനുകീഴെ ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ അകപ്പെട്ടുപോയ ഒരു കൃഷ്ണമൃഗത്തിന്റെ വെപ്രാളവും ഭയവും ഉള്ളിൽ അപ്പോൾ പടരുന്നുണ്ടായിരുന്നു. വിദേശത്തെ ആ വലിയ വീട്ടിൽ തനിക്ക് ഇനി ഒട്ടും കഴിയില്ല എന്ന് ഉറപ്പായപ്പോൾ, നിർബന്ധങ്ങൾക്ക് വഴങ്ങി ഒടുവിൽ കാർത്തിക് ടിക്കറ്റ് എടുത്തുനൽകി.
​നാട്ടിൽ വിമാനമിറങ്ങിയപ്പോൾ തോന്നിയ ആശ്വാസവും സമാധാനവും വാക്കുകൾക്ക് അതീതമായിരുന്നു. തിരികെ സ്വന്തം വീട്ടിലേക്ക് കയറിയപ്പോൾ, തന്നെ ഉപേക്ഷിച്ചു പോയതിലുള്ള പരിഭവം മാറ്റിവെച്ച് വീട് തന്നെ ആഹ്ലാദത്തോടെ സ്വീകരിക്കുന്നതായി ശേഖറിന് തോന്നി.
​താൻ ഇല്ലാത്തപ്പോൾ വീട് വൃത്തിയാക്കാൻ ഏൽപ്പിച്ചിരുന്ന കൃഷ്ണൻ എല്ലാം ഭംഗിയായി ചെയ്തിരുന്നു. വീടും പരിസരവും വെടിപ്പായി കണ്ടപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു. കൃഷ്ണൻ സ്വീകരിക്കാൻ ഉമ്മറത്തുതന്നെയുണ്ടായിരുന്നു.
പടിക്കൽ എത്തിയപ്പോൾത്തന്നെ ഒരു മാറ്റം അനുഭവപ്പെട്ടു. നല്ല തെളിച്ചം. .മുൻപ് കാടും പടപ്പും പിടിച്ചു കിടന്നിരുന്ന മുറ്റം ഇപ്പോൾ മണൽ വിരിച്ചതുപോലെ വൃത്തിയായി കിടക്കുന്നു. ഉണക്കിലകൾ ഒന്നുപോലും കാണാനില്ല. ഇറയത്തേക്ക് കയറുമ്പോൾ കൃഷ്ണൻ പെട്ടികൾ അകത്തേക്ക് കൊണ്ടുവയ്ക്കുകയായിരുന്നു. മുറികളിലും അടുക്കളയിലും ഒന്നു കയറിനോക്കി. എത്രകാലമായി ഉടമസ്ഥനില്ലാതെ കിടന്ന വീട്. ജനലുകൾ തുറന്നിട്ടതുകൊണ്ടാകണം, വീടിനുള്ളിൽ നല്ല കാറ്റും വെളിച്ചവും നിറഞ്ഞുനിൽക്കുന്നു. അടഞ്ഞുുകിടന്ന വീടിൻ്റെ ആ ഒരു ശ്വാസംമുട്ടൽ മാറിയിരിക്കുന്നു. പാത്രങ്ങളെല്ലാം കഴുകി അടുക്കിവെച്ചിരിക്കുന്നു. ശേഖർ പെട്ടിയിൽ നിന്നും കൈലി എടുത്തു വസ്ത്രം മാറിവന്നു തൻ്റെ ചാരുകസേരയിൽ അമർന്നു ചുറ്റും നോക്കി. തൂണുകളിലെ മാറാലകൾ നീക്കി, തറ തുടച്ച് മിനുക്കിയിരിക്കുന്നു. ചെടിച്ചട്ടികളെല്ലാം ക്രമമായി അടുക്കി വെച്ചിട്ടുണ്ട്.
​കൃഷ്ണൻ തൂണിൽ ചാരി നിൽപ്പുണ്ടായിരുന്നു. വിയർപ്പൊപ്പി ടവ്വൽ തോളത്തിട്ട്, താൻ ചെയ്ത ജോലിയിൽ സംതൃപ്തി കണ്ടെത്തിയ ഭാവം ആ മുഖത്തുണ്ട്.
“വളരെ ഭംഗിയായിട്ടുണ്ട് കൃഷ്ണാ.” എന്ന് പറയുമ്പോൾ മറുപടിയായി അയാൾ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു വലിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയതിൻ്റെ ആശ്വാസമുണ്ടായിരുന്നു. വെറുമൊരു ജോലിക്കാരൻ എന്നതിലുപരി, ആ വീടിനോട് അയാൾ കാണിച്ച സ്നേഹം ഓരോ മൂലയിലും തെളിഞ്ഞുനിന്നു.
“യാത്ര സുഖായിരുന്നോ സാറേ.” കാപട്യലേശമില്ലാത്ത ആ അന്വേഷണം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു.
“സുഖമായിരുന്നു. നിനക്ക് സുഖമല്ലേ കൃഷ്ണാ?’
“അതേ സാറേ.”. അയാൾ ചിരിച്ചു.
​മനസ്സിലുണ്ടായിരുന്ന യാത്രാക്ഷീണം ആ വൃത്തി കണ്ടപ്പോൾ എവിടെയോ പോയിമറഞ്ഞു. കൃഷ്ണനെപ്പോലെ വിശ്വസ്തനായ ഒരാളെ ഏൽപ്പിച്ചു പോയത് നന്നായെന്ന് മനസ്സ് വീണ്ടും വീണ്ടും പറഞ്ഞു.
“അടുക്കളയിൽ ഫ്ലാസ്കിൽ ചായ വെച്ചിട്ടുണ്ട്, യാത്ര കഴിഞ്ഞു വന്നതല്ലേ, കുടിച്ചോളൂ.”
​ഒരു ജോലിക്കാരൻ എന്നതിലുപരി, കുടുംബത്തിലെ ഒരംഗത്തെപ്പോലെ കൃഷ്ണൻ കാണിച്ച ആ കരുതൽ ശരിക്കും അത്ഭുതപ്പെടുത്തി. ആ മനുഷ്യനോടുള്ള ബഹുമാനം മനസ്സിൽ ഇരട്ടിയായി.
അന്ന് രാത്രിയിലേക്കുള്ള ഭക്ഷണമായി കഞ്ഞിയും പയറും പീച്ചിങ്ങാ തോരനും പപ്പടവും രാഘവൻ മാഷിന്റെ വീട്ടിൽ നിന്നും എത്തിച്ചു. ഇത്രയും രുചിയോടെയും സംതൃപ്തിയോടെയും അടുത്തകാലത്തൊന്നും ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു.
​കാനഡയിലെ ‘തട്ടിക്കൂട്ട്’ ഭക്ഷണങ്ങൾ കഴിച്ച് മടുത്തപ്പോൾ ഒരിക്കൽ മരുമകൾ ദിവ്യയോട് പറഞ്ഞ് കഞ്ഞിയുണ്ടാക്കിച്ചു. പക്ഷേ, കുട്ടികൾ അത്ഭുതത്തോടെയാണ് ആ പാത്രത്തിന് മുന്നിൽ ഇരുന്നത്. അവരുടെ ഭാവം കണ്ടാൽ തോന്നും ഈ ലോകത്ത് ആരും ഇതേവരെ കഞ്ഞി കുടിച്ചിട്ടില്ല കണ്ടിട്ടുമില്ല എന്ന്.
​“ഇതെന്താണ് മമ്മാ? ഇറ്റ് ഇസ് നോട്ട് റിയൽ ഫുഡ്. ഗ്രാൻഡ്പാ ഇതെങ്ങനെയാണ് കഴിക്കുന്നത്?” ആവേശത്തോടെ കഞ്ഞി കുടിക്കുന്ന തന്നെ നോക്കിയുള്ള മക്കളുടെ ആ ചോദ്യം കേട്ടെങ്കിലും, കഞ്ഞിയുടെ സ്വാദിൽ മുഴുകിയിരുന്ന ശേഖർ അത് കേട്ടതായി ഭാവിക്കാതെ ആസ്വദിച്ചു കഴിച്ചു.
താൻ വേരൂന്നിയ മണ്ണിൽ നിന്നും പെട്ടെന്ന് പറിച്ചെടുക്കപ്പെട്ട്, അപരിചിതമായൊരു കാലാവസ്ഥയിൽ നട്ടുപിടിപ്പിക്കപ്പെട്ട ഒരു വൃക്ഷത്തിന്റെ അവസ്ഥയിലാണ്. ഒന്നര വർഷം എന്നത് ഒരു വലിയ കാലയളവാണെന്ന് തോന്നാമെങ്കിലും, പതിറ്റാണ്ടുകളോളം ശീലിച്ച ഒരു ജീവിതക്രമത്തെ മായ്ച്ചുകളയാൻ അത് ഒട്ടും പര്യാപ്തമല്ലെന്ന് തിരിച്ചറിയുന്നു.
നടക്കാനിറങ്ങിയാൽ ആത്മാർത്ഥമായി ഒന്നു ചിരിക്കാനോ ‘വിശേഷങ്ങൾ’ തിരക്കാനോ ഒരാൾ പോലുമില്ലാത്ത അവസ്ഥ വല്ലാതെ തളർത്തി. ​കാലത്ത് എഴുന്നേറ്റ് തൊടിയിലൂടെയുള്ള നടത്തം, രാഘവൻ മാഷുമായുള്ള ചർച്ചകൾ, വൈകുന്നേരത്തെ ഒത്തുചേരലുകൾ—എല്ലാമെല്ലാം അപ്പോൾ മനസ്സിലൂടെ കടന്നുപോകും. ​മക്കൾ സ്നേഹത്തോടെ നൽകുന്ന വൈവിധ്യമാർന്ന വിദേശ വിഭവങ്ങളേക്കാൾ, തന്റെ വീട്ടിലെ കൃഷ്ണൻ്റെ ഭാര്യ സുലോചന ഉണ്ടാക്കിത്തരുന്ന കഞ്ഞിയും പയറും ചമ്മന്തിയുമാണ് നാവിലും മനസ്സിലും നിറഞ്ഞുനിന്നിരുന്നത്.
​മക്കളുടെ സ്നേഹത്തെ മാനിക്കുന്നുണ്ടെങ്കിലും, അവരുടെ തിരക്കുപിടിച്ച ജീവിതശൈലിയിൽ താനൊരു അധികപ്പറ്റാണോ എന്ന തോന്നൽ നിരന്തരം വേട്ടയാടാൻ തുടങ്ങിയിരുന്നു. ​അവരുടെ സംസാരം, സംസ്കാരം, കുട്ടികളുടെ വളർച്ച എന്നിവയിലെല്ലാം പ്രകടമാകുന്ന പാശ്ചാത്യ സ്വാധീനം ഉൾക്കൊള്ളാൻ പ്രയാസമായി. സ്വന്തം വീട്ടിൽ വെറുമൊരു ‘അതിഥി’യായി മാറുന്നതിന്റെ വേദന എന്തെന്ന് അനുഭവിച്ചാലേ മനസ്സിലാകൂ. തന്നെയുമല്ല പുറത്തെ മഞ്ഞുവീഴ്ചയിലേക്ക് നോക്കുമ്പോൾ കാണുന്നത് നാട്ടിലെ ഇടവഴികളും, മഴയും, കത്തുന്ന വെയിലുമാണ്. “ഈ സായാഹ്നത്തിൽ പുതിയൊരു സംസ്കാരത്തെ ഉൾക്കൊള്ളുക എന്നത് അസാധ്യമാണ്” എന്ന തിരിച്ചറിവ്, തന്റെ വേരുകൾ എവിടെയാണെന്നുള്ള ഉറച്ച ബോധ്യത്തിൽ നിന്ന് ഉണ്ടായി.
​”മക്കളുടെ തണലിൽ ഒതുങ്ങിക്കൂടേണ്ടി വരുന്നതിനേക്കാൾ വലിയ സങ്കടം മറ്റൊന്നില്ല. അതിലും ഭേദം നാട്ടിൽ ഒറ്റയ്ക്ക് ജീവിച്ചുതീർക്കുന്നതാണ്.”. അങ്ങനെ ആ തീരുമാനത്തിൽ ഉറച്ചുനിന്നു.
മുറ്റത്തൊരു നിഴലനക്കം കണ്ടപ്പോൾ ഓർമ്മകളുടെ വേലിയേറ്റങ്ങളെ അവിടെത്തന്നെ തടഞ്ഞുനിർത്തി ശേഖർ കൈയ്യിലിരുന്ന പത്രം ടീപ്പോയിലേക്ക് വെച്ചു. പടികടന്നു വരുന്നത് രാഘവൻ സാറാണ്.
​“താൻ ഇവിടെ വല്ലാത്തൊരു പിരിമുറുക്കത്തിലായിരിക്കുമെന്ന് തോന്നി, അതാണ് ഒന്ന് വന്നത്.” ചെരുപ്പഴിച്ചു വെക്കുന്നതിനിടയിൽ മാഷ് പറഞ്ഞു. ആ വാക്കുകളിലെവിടെയോ ഒരു കുസൃതിച്ചിരി ഒളിഞ്ഞുനിൽക്കുന്നുണ്ടോ എന്ന് ശേഖർ സംശയിച്ചു.
​“വാടോ… ഇന്നെന്താ പതിവു തെറ്റിച്ചു കാറെടുക്കാതെ വന്നത്?” എന്നും കാറിൽ വരാറുള്ള സാറിൻ്റെ മാറ്റം ശ്രദ്ധിച്ചുകൊണ്ട് ശേഖർ ചോദിച്ചു.
​“എന്നും ഈ യാന്ത്രികത മടുപ്പിക്കില്ലേ? വെറും ഒരു കിലോമീറ്ററല്ലേയുള്ളൂ, പതുക്കെ നടക്കാമെന്നു കരുതി. ആരോഗ്യത്തിന് അത് ഗുണകരവുമാണല്ലോ.” സർ ചിരിച്ചുകൊണ്ട് വരാന്തയിലേക്ക് കയറി ശേഖറിന് അഭിമുഖമായി ഇരുന്നു. പിന്നെ സ്വരം താഴ്ത്തി ചോദിച്ചു: “അപ്പോൾ കാര്യങ്ങളൊക്കെ എവിടെ വരെയായി?”
​“ഒക്കെയും ഭംഗിയായി തന്നെ നടക്കും,” ശേഖർ അസന്ദിഗ്ധമായി മറുപടി നൽകി. ഉള്ളിലെ ആത്മവിശ്വാസം ആ വാക്കുകളിൽ പ്രകടമായിരുന്നു.
​“പക്ഷേ ശേഖറേ… യമുനയുടെ ആദ്യഭർത്താവ് ശ്യാം ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഈ നീക്കം നിയമത്തിന്റെ കണ്ണിൽ ഒരു കുറ്റകൃത്യമായി മാറില്ലേ?”
​“ആയിരിക്കാം,” ഒരു ദീർഘനിശ്വാസത്തോടെ ശേഖർ തുടർന്നു. “യമുന ഇവിടെയെത്തിയിട്ട് വേണം അയാളെക്കുറിച്ചന്വേഷിക്കാനും ബാക്കി നടപടികളിലേക്ക് കടക്കാനും. ഞാൻ ഒറ്റയ്ക്ക് അയാളെ തിരഞ്ഞുപോകുന്നത് ഉചിതമല്ലല്ലോ?”
​“എടോ തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. എങ്കിലും… ഇനി അഥവാ അയാള് ജീവിച്ചിരിപ്പുണ്ടെങ്കിൽ…” രാഘവൻ സർ ആ വാചകം അർത്ഥഗർഭമായി നിർത്തി.
​“എങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി ലളിതമായല്ലോ. വിവാഹമോചനത്തിന് നിയമപരമായി തന്നെ അവൾക്ക് കേസ് കൊടുക്കാം. ഇതിനെക്കുറിച്ച് ഞാൻ യമുനയോട് സംസാരിച്ചിരുന്നു. തനിക്കും അറിയാമല്ലോ അവളുടെ ജീവിതം. ഇനി ഒരു മടക്കയാത്ര അസാധ്യമാണ്. വിടാതെ പിന്തുടരുന്ന ദുരന്തങ്ങൾക്കിടയിൽ നീറിത്തീർന്ന ആ മനസ്സിന്, വൈകിയാണെങ്കിലും ഒരു സാന്ത്വനം നൽകി കൂടെനിർത്തുന്നത് തെറ്റാണോ? ഒരു ജീവിതകാലം മുഴുവൻ എന്നെയും ഉള്ളിൽ പേറി ജീവിച്ചവളാണവൾ. നിയമവും വ്യവസ്ഥയുമൊക്കെ ആ മനസ്സിന്റെ ഭാരം കുറഞ്ഞുകഴിഞ്ഞു പോരേ?”
​“ഞാൻ പ്രായോഗികമായ ചില വശങ്ങൾ ഓർമ്മിപ്പിച്ചു എന്നേയുള്ളൂ. എന്തായാലും എല്ലാം ശുഭകരമായി തന്നെ ഭവിക്കട്ടെ.”
​“നമ്മളറിയാതെ തന്നെ നമ്മെ ജീവനുതുല്യം സ്നേഹിക്കാൻ ലോകത്തെവിടെയോ ഒരാളുണ്ടെന്ന തിരിച്ചറിവ് നൽകുന്ന സുരക്ഷിതബോധം മറ്റൊന്നിനുമില്ലടോ. കാലം ഇപ്പോൾ ഞങ്ങൾക്ക് അനുകൂലമാണ്. ഇനിയൊരു കാരണവശാലും അവളെ കൈവിടാൻ എനിക്ക് കഴിയില്ല,” വികാരാധീനനായി ശേഖർ പറഞ്ഞു നിർത്തി.

തുടരും..

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com