“എന്താ മാഷേ അറിയ്വോ? ഞാൻ വടക്കേലെ , മാഷിനെക്കുറിച്ച് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. ഒരിക്കൽ സംസ്ഥാന യുവജനോത്സവ വേളയിൽ നേരിൽ കണ്ടിട്ടുമുണ്ട്.”
അമ്മയുടെ കണ്ണൊന്നു കാണിക്കുവാൻ ആശുപത്രിയിൽ എത്തിയതായിരുന്നു ഞാൻ. അപ്പോഴാണ് തൊട്ടടുത്തുള്ള വരിയിൽ തൻ്റെ ഊഴവും കാത്ത് അക്ഷമയോടെ നിന്നിരുന്ന ഒരു സ്ത്രീ, പെട്ടെന്ന് വരിവിട്ട് ചിരിച്ചു കൊണ്ട് എൻ്റെയടുത്തേക്ക് വന്നത്. ഞാൻ ശരിക്കും അന്തംവിട്ടുപോയി, കാരണം അവരെ അറിയില്ലെന്നുതന്നെയല്ല, അവർ പറഞ്ഞ ഒരു വീടിനെക്കുറിച്ച് ഞാൻ കേട്ടിട്ടുമില്ല. അപരിചിതത്വത്തോടെയുള്ള എൻ്റെ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു, അവർ വീണ്ടും.
“ഗോപകുമാർ മാഷല്ലേ, മായാവിലാസം സ്കൂളിലെ കണക്ക് പഠിപ്പിക്കുന്ന ?” ഞാൻ പെട്ടെന്ന് തലയാട്ടിയത് അവരിൽ വീണ്ടും സംസാരം തുടരാൻ പ്രേരിപ്പിച്ചു എന്ന് തോന്നുന്നു.അതിനാലാവണം
“ അല്ലെങ്കിൽത്തന്നെ ഞാനെങ്ങനെ മറക്കാനാ ? ഒരാളെ ഒരിക്കൽ കണ്ടാൽ മതി ഞാൻ മറക്കില്ല, അതും ഇങ്ങനെയുള്ള ഒരാളെ തീർച്ചയായും ഞാൻ മറക്കാൻ പാടില്ലല്ലോ?”
“മാഷിന് ഇപ്പോഴും എന്നെ മനസ്സിലായില്ല ? ഞാൻ പറഞ്ഞു തരാം.ഇത് അമ്മയാകും അല്ലേ? അമ്മയും കേൾക്കട്ടെ മകനെക്കുറിച്ച്, ശരിക്കും അമ്മ അറിയേണ്ടതു തന്നെയാണ് ഇക്കാര്യങ്ങൾ.’”
“ആരാ മോനേ ഈ കുട്ടി ? ഇവരെന്താണിങ്ങനെ പറയുന്നത്. നിൻ്റെ ജോലി സംബന്ധിച്ച അടുപ്പമാണോ ഇവളോട് ?” അമ്മയുടെ തുടരെത്തുടരെയുള്ള ചോദ്യം എന്നെ കുഴക്കി.
“അമ്മേ ഞാനിവരെ അറിയുക പോലുമില്ല, ഇവർ പറയുന്ന കാര്യങ്ങളും.” എൻ്റെ ഈ മറുപടി അവരെ ചൊടിപ്പിച്ചു എന്നു തോന്നുന്നു. അവർ വീണ്ടും അമ്മയോടായി പറയാൻ തുടങ്ങി.
“ നോക്കൂ ഞാൻ രേഖ. ഈ ഗോപകുമാർ മാഷില്ലേ ഇദ്ദേഹം എന്നെക്കുറിച്ച് കുറച്ചുകാലമായി സ്ഥിരമായി അപവാദം പറയുന്നു, എന്തിന് എൻ്റെ വിവാഹം മുടക്കാൻ വരെ നോക്കി.ആദ്യമെനിക്കൊന്നും അറിയില്ലായിരുന്നു. പിന്നെ അന്വേഷിച്ചപ്പോഴാണ് ഇതിൻ്റെ പിന്നിൽ ഇദ്ദേഹമാണെന്ന് മനസ്സിലായത്. അമ്മ തന്നെ മോനോടൊന്ന് ചോദിച്ചു നോക്കൂ, സ്കൂളിൽ ഒരു വാസുദേവൻ മാഷില്ലേ എന്ന്, അടുത്തയിടെ വിവാഹത്തിൽ നിന്ന് പിന്മാറിയ ഒരാൾ ?”
“എന്താ മോനേ ഇവൾ പറയുന്നത് ശരിയാണോ? അങ്ങനെ ഒരാൾ സ്കൂളിലുണ്ടോ?” ഞാൻ അറിയാതെ തലയാട്ടി, കാരണം ആ യുവതി പറഞ്ഞതെല്ലാം ശരിയായി മാറിയിരിക്കുന്നു, പക്ഷേ ഇതെങ്ങനെ, ഞാനും കൂടി അറിയാതെ ?
എൻ്റെ മുഖത്തെ സംഭ്രമം കണ്ടപ്പോൾ അവർക്ക് ധൈര്യം കൂടി, വരിയിൽ നിന്ന രണ്ടു മൂന്നാളുകളോട് കൂടി ഇക്കാര്യം പറഞ്ഞു. അതോടെ വരി തെറ്റി എല്ലാവരും ഞങ്ങളുടെ ചുറ്റും കൂടി. ഇതിനിടയ്ക്കാണ് അപകടം പറ്റി ആ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ മൊഴിയെടുത്ത് മടങ്ങുന്ന പോലീസ് ഇൻസ്പെക്ടർ ഞങ്ങളുടെ ചുറ്റുമുള്ള ആൾക്കാരുടെ തിരക്ക് ശ്രദ്ധിച്ച് അടുത്തു വന്നത്. അദ്ദേഹത്തിൻ്റെ പെരുമാറ്റം മറ്റുള്ളവർക്ക് സ്വാഭാവികമായി മാത്രമേ തോന്നിയുള്ളൂ.
പോലീസിനെ കണ്ടതോടെ ആൾക്കൂട്ടം പിരിഞ്ഞു, ശരിയായി വരികളിൽ ഒതുങ്ങി പക്ഷേ ഞങ്ങളോട് സംസാരിച്ചു നിന്ന അവർ (രേഖ) മാത്രം പിന്മാറാതെ അവിടെത്തന്നെ നിന്നു,
“നോക്കൂ സാറേ, ഈ മാന്യൻ കുറച്ചുകാലമായി എന്നെ ഉപദ്രവിക്കുന്നു, തുടരെത്തുടരെ എനിക്കു വരുന്ന വിവാഹാലോചനകൾ മുടക്കുന്നു, ഇന്നാണ് ഇയാളെ കൈയ്യിൽ കിട്ടിയത്. ഇയാളോട് അതിൽ നിന്ന് പിന്മാറാൻ പറയണം സാറേ, ഞാൻ വേണമെങ്കിൽ പരാതി എഴുതിത്തരാം.”
“എന്താടോ താനിവരെ അറിയുമോ ? ഇവർ പറയുന്നതിൻ്റെ സത്യാവസ്ഥ എന്താണ് ?” പോലീസിൻ്റെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാനൊന്നു പരുങ്ങി, ജീവിതത്തിൽ ആദ്യമായാണ് ഒരു പോലീസുകാരൻ എന്നോട് തട്ടിക്കയറി സംസാരിക്കുന്നത്, അതും കുറ്റമൊന്നും ചെയ്യാതെ.
“സാറേ കണ്ടോ അയാൾ നിന്ന് പരുങ്ങുന്നത്, ഇയാളങ്ങനെയൊന്നും സത്യം പറയില്ല.സ്റ്റേഷനിൽ കൊണ്ടുപോയി വേണ്ട പോലെ ചോദിച്ചാൽ തത്ത പറയും പോലെ എല്ലാം അയാൾ പറയും.” അവർ വീണ്ടും പറഞ്ഞു.
അപ്രതീക്ഷിതമായ ആരോപണങ്ങൾ കേട്ട് ഞാൻ തരിച്ചിരുന്നു പോയി.
“സാറേ ഞാൻ ശരിക്കും ഇവരെ ഒരിക്കലും കണ്ടിട്ടില്ല. ഇവരുടെ പേരും വീടും ഒന്നുമെനിക്ക് അറിയില്ല.ഇവർ പറഞ്ഞ കാര്യങ്ങൾ ഒന്നും സത്യവുമല്ല.” – ഞാൻ വിക്കി വിക്കിപ്പറഞ്ഞു.
എൻ്റെ സംസാരത്തിൽ വിശ്വാസം വരാത്ത പോലീസ് ഇൻസ്പെക്ടർ അമ്മയേയും എന്നെയും മാറി മാറി നോക്കി.
“ ശരി അനിയാ, താങ്കൾക്ക് ഇവരെ അറിയില്ല ഞാൻ വിശ്വസിക്കുന്നു, പക്ഷേ മാഡം പറഞ്ഞ കാര്യങ്ങൾ, അതെങ്ങനെ ശരിയായി? എന്തൊക്കെയോ വശപ്പിശകുണ്ടല്ലോ, ഒരു കാര്യം ചെയ്യ് ജീപ്പിലോട്ട് കയറ്, മാഡം പറഞ്ഞത് ശരിയാ, നീ അത്ര പെട്ടെന്നൊന്നും സത്യം പറയും എന്ന് തോന്നുന്നില്ല.”
എന്റെ മനസ്സ് ഇരുണ്ടുപോയി. എങ്ങനെ ഇത്രയും വിശദാംശങ്ങൾ ഇവർക്കറിയാം?
അമ്മയും ശാന്തമായി നിന്നില്ല.
“ എടാ പറ, ഇതിലൊക്കെ എത്രമാത്രം സത്യമുണ്ടെന്ന്.എന്നുമുതൽക്കാണ് നീ എന്നോട് ഓരോന്ന് ഒളിക്കാൻ തുടങ്ങിയത്. രേഖ എന്ന ഈ സ്ത്രീ പറയുന്നത് സത്യമാണെങ്കിൽ, തെറ്റായ കാര്യം എന്താണ് ? അതല്ല വേറെ എന്തെങ്കിലുമാണ് സത്യമെങ്കിൽ, നീ തെറ്റുകാരനല്ല എന്ന് പൂർണ്ണബോദ്ധ്യമുണ്ടെങ്കിൽ സ്റ്റേഷനിൽ പോയി മൊഴി കൊടുത്തു പോരൂ?”
അമ്മയുടെ കണ്ണുകളിൽ പിന്നെയും സംശയത്തിന്റെ നിഴൽ കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല, ഇനിയിപ്പോൾ സത്യം തെളിയിക്കേണ്ടത് എൻ്റെ കൂടി ആവശ്യമാണല്ലോ. ഞാൻ സ്റ്റേഷനിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു. ഇൻസ്പെക്ടർ ചെറിയൊരു ചിരിയോടെ എന്റെ കൈയിൽ പിടിച്ച് പറഞ്ഞു:
“ശരി, നന്നായി സ്റ്റേഷനിൽ ചെന്നിട്ട് എല്ലാം വ്യക്തമാക്കിയാൽ മതി. ഇപ്പോൾ എൻ്റെ കൂടെ പോര്.”
വരിയിൽ നിന്ന മറ്റുള്ളവർ അന്യോന്യം ചർച്ച തുടങ്ങി. ചിലർ സഹതാപത്തോടെ, മറ്റു ചിലർ കുറ്റാരോപണത്തിന്റെ ഭാവത്തിൽ.
പക്ഷേ ആ സ്ത്രീ – രേഖ – തൃപ്തിയോടെ എല്ലാം ആസ്വദിക്കുകയായിരുന്നു. അവരുടെ കണ്ണുകളിൽ വിജയഭാവം തെളിഞ്ഞു കാണാമായിരുന്നു. ഞാൻ അമ്മയെ ഡോക്ടറെ കാണിച്ച ശേഷം ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു, എന്നിട്ട് ഇൻസ്പെക്ടറുടെ കൂടെ ജീപ്പിൽ കയറി പിന്നാലെ രേഖയും.
സ്റ്റേഷനിൽ എത്തിയപ്പോൾ ഇൻസ്പെക്ടർ ഞങ്ങൾ ഇരുവരെയും മേശയ്‌ക്ക് മുൻപിൽ ഇരുത്തി.
“ ഇനി പറ എന്താണ് സത്യത്തിൽ നടന്നത്, രേഖ മാഡം പറഞ്ഞതിൽ എവിടെയാണ് നിങ്ങൾക്ക് എതിർപ്പുള്ളത്? അങ്ങനെയെങ്കിൽ സത്യം എന്ത്?” ഞാൻ ആശുപത്രിയിൽ പറഞ്ഞ കാര്യം വീണ്ടും ആവർത്തിച്ചു.
ഇൻസ്പെക്ടർ രേഖയെ നോക്കി ,
“സാറേ, എല്ലാം കളവാ, ഞാൻ വേണമെങ്കിൽ തെളിവ് കാണിക്കാം. എന്നോട് എൻ്റെ സുഹൃത്താണ് പറഞ്ഞത് ഗോപകുമാർ എന്ന ഇയാളാണ് വിവാഹാലോചന മുടക്കിയത് എന്നത്. അവളെന്തിനെന്നോട് കളവു പറയണം? അവളെ വിളിച്ചു ചോദിച്ചോളൂ, ഞാൻ വിളിച്ചു തരാം.”
ഇതും പറഞ്ഞ് രേഖ തൻ്റെ ഫോണെടുത്ത് ആരെയോ വിളിച്ച് ഇൻസ്പെക്ടർക്ക് ഫോൺ നൽകി.
“ഹലോ… അതെ… ആര് വാസുദേവൻ മാഷോ … ശരി, ശരി ആവശ്യമെങ്കിൽ നിങ്ങളും സ്റ്റേഷനിൽ ഒന്ന് വരേണ്ടി വന്നേക്കും ഓകെ.”
എനിക്കെതിരെയുള്ള തെളിവുകളുടെ കൂമ്പാരം കണ്ടിട്ട് ഞാൻ തരിച്ചിരുന്നു പോയി.
“സാറേ, ഇതൊക്കെ ഒരിക്കലും സത്യമല്ല. ആരോ എന്നെ കുടുക്കുകയാണ്.”
പോലീസ് വീണ്ടും ചോദ്യം ചെയ്തു:
“പക്ഷെ ഇവൾ നിന്നെ തിരിച്ചറിഞ്ഞല്ലോ? ഒട്ടേറെ വിവരങ്ങളും പൊരുത്തപ്പെടുന്നു. അതെന്തുകൊണ്ട് ?”
എനിക്കെതിരെ എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട് എന്നെനിക്കു മനസ്സിലായി. പക്ഷേ ആരാണ് ഇതിന് പിന്നിൽ? എന്തിനാണ് എന്റെ പേരിൽ ഒരാൾ ഇങ്ങനെയൊരു കളി കളിക്കുന്നത്?
ഞാൻ പേടിച്ചു വിറച്ചുകൊണ്ട് ഇരിക്കുമ്പോൾ, സ്റ്റേഷന്റെ വാതിൽ തുറന്നു വാസുദേവൻ മാഷ് അകത്തേക്ക് കയറി വന്നു.
അദ്ദേഹത്തെ കണ്ടതോടെ രേഖയുടെ മുഖത്ത് ഭാവവ്യത്യാസമുണ്ടായി. ഇത്രയും നേരം അവിടെ കണ്ട ധൈര്യം ചോർന്നുപോയ പോലെ. വാസുദേവൻ മാഷ് അകത്തു കടന്നപ്പോൾ ആ മുറിയിൽ കൂടിയിരുന്ന എല്ലാവരുടെ കണ്ണുകളും അയാളുടെ മുഖത്തായി.
“ നിങ്ങളാണോ വാസുദേവൻ മാസ്റ്റർ ?”
“അതെ സാർ” – അല്പം വിറച്ച് അയാൾ മറുപടി പറഞ്ഞു.
അപ്പോൾ രേഖ എഴുന്നേറ്റ് ചൂണ്ടിക്കാട്ടി:
“സാറേ, ഇതാ! ഇദ്ദേഹമാണ് എന്നെ പെണ്ണുകാണാൻ വന്നതും, പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയതും. പിന്നെ പറഞ്ഞത്, ഗോപകുമാർ മാഷാണ് അദ്ദേഹത്തിനോട് എന്നെപ്പറ്റി അപവാദം പറഞ്ഞത് എന്ന്.”
തലയ്ക്കകത്ത് ഒരഗ്നിപർവ്വതം പൊട്ടിയൊലിക്കുന്നതുപോലെ തോന്നിയ ഞാൻ എഴുന്നേറ്റു,
“വാസുദേവൻ മാഷേ, നിങ്ങൾ… നിങ്ങൾ തന്നെയാണോ എന്റെ പേര് പറഞ്ഞത് ? ഞാൻ എപ്പോഴാണ് മാഷേ ഇവരെപ്പറ്റി താങ്കളോട് പറഞ്ഞത് ? ചെയ്യാത്ത കുറ്റത്തിന് മാഷെന്തിന് എന്നെ കുടുക്കി?”
വാസുദേവൻ മാഷ് ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. ഇൻസ്പെക്ടറുടെ ശബ്ദം ഉയർന്നു:
“സത്യം പറയണം മാഷേ! ഇവൾ പറയുന്നതും, ഇയാൾ പറയുന്നതും തമ്മിൽ പൊരുത്തം വരുന്നില്ല. ആരാണ് കള്ളം പറയുന്നത്.. ഇതിൽ എന്താണ് നിങ്ങളുടെ പങ്ക്.. ?”
വാസുദേവൻ മാസ്റ്റർ പരുങ്ങിയ ശബ്ദത്തിൽ പറയാൻ തുടങ്ങി:
“സാറേ… ഞാൻ രേഖയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ പിന്നീട്ഞാൻ പിൻമാറി. അതിനു ശേഷം മറ്റൊരിടത്തു നിന്നു എനിക്ക് നല്ലൊരു ബന്ധവും വന്നു. എന്നാൽ കാരണങ്ങൾ വ്യക്തമാക്കാൻ എനിക്ക് ധൈര്യം കിട്ടിയില്ല.
അതിനിടയിൽ രേഖയെക്കുറിച്ച് അരുതാത്ത ചില വാർത്തകൾ കേട്ടതായി എൻ്റെ വീട്ടുകാർ എന്നോട് പറഞ്ഞു. അപ്പോഴും ഗോപകുമാർ മാഷ് തന്നെയാ രേഖയെക്കുറിച്ച് മോശം പറയുന്നത് എന്ന് ഞാൻ അവരിൽ നിന്നും കേട്ടു. ഞാനും സാറേ വിശ്വസിച്ചു പോയി, മറ്റൊന്നും എനിക്കറിയില്ല മാഷേ.”
രേഖയുടെ മുഖത്തപ്പോൾ സംശയം തെളിയാൻ തുടങ്ങി. “ എങ്കിൽ പിന്നെ ആരാ മാഷേ ഇദ്ദേഹത്തിൻ്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചത്?”
ഇൻസ്പെക്ടർ ഇരുവരോടും നോക്കി പറഞ്ഞു:
“ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്. ആരോ ഒരാൾ മി.ഗോപകുമാറിന്റെ പേരിൽ കഥകൾ പരത്തിയിരിക്കുന്നു. പിന്നെ ഇവർക്കിടയിൽ തെറ്റിദ്ധാരണ വളർത്തിയതും അവനാണ്. അത് വിവാഹം മുടക്കുന്നതു വരെ എത്തിച്ചേർന്നു.”
പക്ഷേ, എന്റെ മനസ്സിൽ അപ്പോഴും വലിയൊരു സംശയം വളർന്നു.ആരോ ഒരാൾ, മറുവശത്ത് ഇരുന്ന്, എന്റെ ജീവിതം മുഴുവൻ തകർക്കാൻ ശ്രമിക്കുകയാണ്. അത് വെറും തെറ്റിദ്ധാരണ മാത്രമല്ല, ഒരു പദ്ധതി, ഒരു ഗൂഢാലോചന തന്നെ.
വാസുദേവൻ മാഷിന്റെ സമ്മതം കേട്ട് കാര്യങ്ങൾ ഒന്നു വ്യക്തമാകുന്നതുപോലെ തോന്നിയപ്പോൾ, ഇൻസ്പെക്ടർ ചോദ്യം തുടർന്നു:
“പക്ഷെ, ഗോപകുമാർ മാഷിനെതിരെയുള്ള ഇത്രയും തെറ്റായ പ്രചരണം ആരാണ് തുടങ്ങിയത്? കാരണമില്ലാതെ ഇതൊന്നും ഉണ്ടാകില്ല.”
ഞാൻ ദ്വേഷ്യവും, ഭയവും മൂലം വിറച്ച് നിന്നു.
“സാറേ, എനിക്കും അറിയണം അതാരാണെന്ന്.”
പെട്ടെന്ന് എന്തോ ഓർമ്മയിൽ വന്നപോലെ ഇൻസ്പെക്ടർ തന്റെ കുറിപ്പുപുസ്തകം തുറന്ന് നോക്കിയിട്ട് പറയാൻ തുടങ്ങി:
“മി.ഗോപകുമാർ, താങ്കളെക്കുറിച്ച് ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഒരന്വേഷണം വന്നിരുന്നു. അടുത്ത മാസം ഹെഡ്മാസ്റ്റർ സ്ഥാനത്തേക്ക് താങ്കളെ ഉയർത്താനുള്ള ശുപാർശ പോയിട്ടുണ്ടല്ലോ, അല്ലേ ? അതിൽ നിങ്ങളുടെ പേരാണ് മുന്നിൽ എന്നും, പോലീസ് കേസുകളോ മറ്റോ ഉണ്ടോയെന്നും അന്വേഷിച്ചു കൊണ്ട്.”
ശരീരത്തിലൂടെ മിന്നൽപ്പിണർ പാഞ്ഞതുപോലെ എനിക്ക് തോന്നി. അതെ ,കഴിഞ്ഞ മാസം എഡ്യുക്കേഷൻ ഓഫീസർ തന്നെ പറഞ്ഞിരുന്നു. “എന്റെ പേരാണ് യോഗ്യതാ പട്ടികയിൽ ഒന്നാമത്” എന്ന്.
ഇൻസ്പെക്ടർ തുടർന്നു
“അതായത് കാര്യങ്ങൾ ഇപ്പോൾ പൊരുത്തപ്പെടുന്നു. ഒരാൾ നിങ്ങളുടെ സ്ഥാനക്കയറ്റം തടയാൻ, സ്കൂളിലും സമൂഹത്തിലും അപകീർത്തിപ്പെടുത്താനുള്ള പദ്ധതി ഒരുക്കിയിരിക്കുന്നു.
ശരി, മി.വാസുദേവൻ, താങ്കളെ ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിച്ചത് ആരാണ്?”
വാസുദേവൻ മാഷ് വിറച്ച് പറഞ്ഞു
“സാർ… അത്… സ്കൂളിലെ സീനിയറായ രാജൻ മാസ്റ്ററാണ് എന്നോട് പറഞ്ഞത്. ‘ഗോപകുമാർ രേഖയെക്കുറിച്ച് മോശം പറയുന്നുണ്ട്’ എന്ന്. ഞാനും വിശ്വസിച്ചു പോയി. സാർ, ക്ഷമിക്കണം.”
“മാഡം ഇപ്പോൾ എല്ലാം വ്യക്തമായില്ലേ ഇനി പരാതിയൊന്നുമില്ല എങ്കിൽ പൊയ്ക്കോളൂ പോകുന്നതിനു മുമ്പ് ഗോപകുമാർ മാഷിനോട് ഇവിടെ വെച്ച് പരസ്യമായി മാപ്പു പറയണം. വെറുതെ ഒരാളെ കരിവാരിത്തേച്ചതിന് ഒരു ശിക്ഷയെന്നോണം.”
“ ഐ ആം റിയലി സോറി സാർ, ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണ് ഈ സംഭവം. എനിക്ക് മാപ്പു തരണം സാർ .കൂടുതലായൊന്നും പറ്റാതെ പെട്ടെന്ന് തന്നെ സത്യം തെളിഞ്ഞതിൽ ഭഗവാനോട് ഞാൻ നന്ദി പറയുന്നു. സാറ് ക്ഷമിച്ചു എന്നു പറഞ്ഞാൽ എനിക്ക് പോകാമായിരുന്നു.” രേഖ എൻ്റെയടുത്തു വന്നു കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
“സന്തോഷം, എല്ലാ തെറ്റിദ്ധാരണകളും മാറിക്കിട്ടിയില്ലേ?” എന്ന് പറഞ്ഞു കൊണ്ട് ഞാനും തൊഴുതു.
അല്ലെങ്കിലും എൻ്റെ യഥാർത്ഥ ശത്രു രാജൻ മാഷാണല്ലോ! എങ്കിലും എന്തിനായിരുന്നു അത്?
“മി. ഗോപകുമാർ ഏതായാലും ഇത്രയായി എല്ലാം പകൽവെളിച്ചം പോലെ തെളിഞ്ഞു. ഇനി രാജൻ മാഷിന് എതിരെ പരാതിയുണ്ടെങ്കിൽ ഇവിടെ എഴുതിത്തന്നോളൂ, അല്ലെങ്കിൽ വകുപ്പു തലത്തിലൂടെ ഉള്ള ഒരന്വേഷണമായിരിക്കും കൂടുതൽ താങ്കളുടെ ജോലിക്ക് സുരക്ഷ നൽകുക.”
“മി. വാസുദേവൻ മറ്റുള്ളവരുടെ വാക്കുകൾ തെളിവുകളുടെ അഭാവത്തിൽ കണ്ണടച്ചു വിശ്വസിക്കരുത്. ഇക്കാര്യത്തിൽ താങ്കളുടെ രക്ഷാകർത്താക്കൾക്കും ശരിയായ പങ്കുണ്ട്. ഏതായാലും കൂടുതൽ പരിക്കില്ലാതെ എല്ലാം കഴിഞ്ഞല്ലോ. താങ്കളും പോയ്ക്കോളൂ.”
ഇൻസ്പെക്ടറുടെ ഈ വാക്കുകൾ കേട്ട് ഞാനും വാസുദേവൻ മാസ്റ്ററും സ്റ്റേഷനിൽ നിന്നും പുറത്തു കടന്നു.
രാജൻ മാഷാണ് പട്ടികയിൽ രണ്ടാമൻ എന്ന കാര്യം അപ്പോഴും എൻ്റെ ചിന്തയിൽ നീറിപ്പുകയുന്നുണ്ടായിരുന്നു.




നന്ദി, സ്നേഹം..