പത്തുവർഷം മുമ്പാണ് ജയിൽ സൂപ്രണ്ടായ വിജയൻ ഒരു കൊലക്കേസിലെ പ്രതിയായ ശ്യാമിനെ കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ച് പരിജയപ്പെട്ടത്. വെറും 27 വയസ്സ് മാത്രം പ്രായമായ ശ്യാം ഒന്നാം പ്രതിയായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇരുപതു വയസ്സിൻ്റെ ചോരത്തിളപ്പിൽ അയാൾ ഒരാളെ കൊന്നു. അത് വ്യക്തിപരമായ പകയോ വൈരാഗ്യമോ ഒന്നുമായിരുന്നില്ല കാരണം.രാഷ്ട്രീയ മേലാളന്മാർ നിർദ്ദേശിച്ചപ്രകാരം എതിർകക്ഷിയിലെ പ്രവർത്തകനെ കൊന്നു. അത് തികച്ചും രാഷ്ട്രീയ കൊലപാതമായിരുന്നു.
അയാൾ വിജയനോട് പറഞ്ഞു: “എൻ്റെ ഈ ജന്മം പാഴായി… ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ ഒരിക്കലും ഒരു കൊലപാതകിയാവുകയില്ല.” ഒരു കൊലപാതകിയാൽ നിന്നും ഒട്ടും പ്രതീക്ഷിക്കാൻ പറ്റാത്ത വിധത്തിലുള്ള വിവശതയൊടെയാണ് അവൻ സംസാരിച്ചത്.ജയിലിൻ്റെ ഇരുട്ടിൽ ഉറക്കം വരാതെ കിടക്കുമ്പോൾ അവൻ ഓർക്കുമായിരുന്നു….. ജീവിതം ആദ്യം മുതൽ തുടങ്ങാൻ ഒരവസരം കിട്ടിയിരുന്നെങ്കിൽ എന്ന്.
പരാജയത്തിൻ്റെയും അപമാനത്തിൻ്റെയും നിരാശയുടെയുമൊക്കെ ജീവിതമുഹൂർത്തങ്ങളിൽ ഇങ്ങനെ ആഗ്രഹിക്കാത്ത ആരുമുണ്ടാവുകയില്ല. അസാധ്യമാണെന്നുറപ്പുണ്ടെങ്കിലും മനസ്സ് വെറുതെ മോഹിക്കും. ജീവിതം ഒന്നുകൂടി തുടങ്ങാൻ പറ്റിയെങ്കിൽ…… തെറ്റിപ്പോയ വഴികൾ ഉപേക്ഷിച്ച് സ്റ്റാർട്ടിങ്ങ് പോയൻ്റിൽ നിന്നുതന്നെ വീണ്ടും നടക്കാൻ പറ്റിയെങ്കിൽ……
ഒന്ന് മനസ്സിലാക്കുക! ജീവിതത്തിൽ റീടേക്കുകളില്ല. പക്ഷെ മനസ്സുവെച്ചാൽ ജീവിതത്തിൽ പുതിയതുടക്കങ്ങൾക്ക് ഒട്ടേറെ സാധ്യതകളും സാഹചര്യങ്ങളുമുണ്ട്. അതിനെക്കുറിച്ച് ചിന്തിക്കാതെയാണ് പലരും ഈ ജന്മം വിഫലമായി എന്നു വിലപിക്കുന്നത്.
പ്രകൃതി നമുക്ക് ചില പാഠങ്ങൾ നൽകുന്നുണ്ട്. ചിലപ്പോൾ ചില മരങ്ങൾ ഇലകൊഴിഞ്ഞ് ഉണങ്ങി മരണത്തിലേയ്ക്ക് ചില്ലകൾ നീട്ടി നിൽക്കുന്നതു കാണാം. പിന്നീടൊരിക്കൽ നാം കാണുക ആ മരം നിറയെ പൂത്തു തളിർത്ത് നിൽക്കുന്നതും ഋതുഭേദങ്ങളുടെ മാതൃകയിൽ പുതു ജീവിതം പൂത്തുലയുന്നതുമാണ്.
സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കിൽ ഇത്തരം ഋതുഭേദങ്ങൾ മനുഷ്യജീവിതത്തിലും സംഭവിക്കാറുണ്ട്. ഇലകൊഴിഞ്ഞ മരം വെട്ടിക്കളഞ്ഞാൽ പൂക്കാലം പിന്നീട് സ്വപ്നത്തിൽ പോലും കാണാനാവില്ല. പ്രതികൂലസാഹചര്യങ്ങളിൽ ജീവിതം കൈവിട്ടു എന്ന് കരുതി മരണത്തെ പുല്കുന്ന ചിലരുടെ അവസ്ഥ ഇതു തന്നെയാണ്. കാലാവസ്ഥ മാറുമ്പോൾ ജീവിതം തളിരിടും സ്വപ്നങ്ങൾ ഫലമണിയും.
ഒടുക്കമില്ലാതെയുള്ള തുടക്കം, അതാണ് ജീവിതം വെച്ചുനീട്ടുന്നത്. അതിനായുള്ള അപാരമായ സർഗശേഷി മനുഷ്യനിൽ അന്തർലീനമാണ്. പലപ്പോഴും നാം ഇത് തിരിച്ചറിയാതെ പോകുന്നു എന്നതാണ് സങ്കടകരം.
ശ്യാമിനോട് വിജയൻ ജീവിതം തിരുത്തിയെഴുതിയ ചിലരെക്കുറിച്ച് സംസാരിച്ചു. ക്ഷേത്രത്തിലെ വിഗ്രഹമോഷണക്കേസിലെ പ്രതി സ്റ്റീഫൻ ഇപ്പോൾ കണ്ണൂരിൽ കൃഷി ചെയ്ത് നല്ല രീതിയിൽ ജീവിക്കുന്ന കാര്യം ശ്യാം വളരെ ആകാംക്ഷയോടെയാണ് കേട്ടത്. തെറ്റുകൾ തിരുത്തി മാതൃകാപരമായ ജീവിതം നയിക്കുന്നവർക്ക് സമൂഹം കൂടുതൽ ആദരവും സ്നേഹവും നൽകുന്നുണ്ടെന്ന് വിജയൻ ശ്യാമിനെ ധരിപ്പിച്ചു.വിജയൻ തുടർന്നു: “പുതിയ വഴിയിൽ പുതുജീവിതം തുടങ്ങാൻ ആദ്യം വേണ്ടത് പഴയ വഴിയും ജീവിതവും തെറ്റാണെന്ന തിരിച്ചറിവാണ്. ഈ ബോധ്യം വന്നാൽ കാര്യങ്ങൾ വളരെ എളുപ്പമാകും. ദിർഘയാത്രയിൽ ചിലപ്പോൾ നമുക്ക് വഴി തെറ്റാം. അധികം വൈകും മുൻപ് തിരിച്ചറിഞ്ഞാൽ വഴിതെറ്റിയ ഭാഗത്തേക്കു മടങ്ങി യഥാർത്ഥ വഴികളിലൂടെ നീങ്ങാം. തിരിച്ചറിയാത്തവരാണ് അപ്രതീക്ഷിത സ്ഥലങ്ങളിൽ എത്തിപ്പെടുന്നത്.
മറ്റൊരാളെ കൊല്ലാൻ കരുത്തുള്ള നിനക്ക് നിന്നെ രക്ഷിക്കാൻ കരുത്തില്ലെന്നു പറയുന്നത് കഷ്ടമാണെന്ന വിജയൻ്റെ വാക്കുകൾ ശ്യാമിനെ ഇരുത്തിച്ചിന്തിപ്പിച്ചു.
കൊല്ലങ്ങൾ കടന്നു പോയി. വിജയൻ സർവ്വീസിൽ നിന്നും വിരമിച്ചു. അങ്ങനെ ഒരു ദിവസം വിജയന് ശ്യാമിൻ്റ ഒരു കത്ത് ലഭിച്ചു. അതിൽ ശ്യാം എഴുതിയിരിക്കുന്നത്: ‘’ ഞാനിപ്പോൾ മംഗലാപുരത്ത് ഒരു ബേക്കറിയിൽ ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞു. ഭാര്യയും മക്കളുമുണ്ട്. സാറെ! ഞാനിപ്പോൾ കഴിഞ്ഞ കാലങ്ങളിൽ നിന്നല്ലൊം മാറി ഒരു പുതിയ മനുഷ്യനായി ജീവിക്കുകയാണ്.
ഒരുകാര്യം മനസ്സിലാക്കുക! യൂണിവേഴ്സിറ്റി പരിക്ഷയിൽ ബെറ്റർമെൻ്റിന് ഒന്നോ രണ്ടോ അവസരമേ ലഭിക്കൂ. എന്നാൻ ജീവിതത്തിൻ്റെ പരീക്ഷയിൽ എപ്പോഴും ബെറ്റർമെൻ്റിന് അവസരമുണ്ട്. പക്ഷെ അതു മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും കഴിയണമെന്നു മാത്രം.




👌👌👍
ഒരു നല്ല പാഠം തന്നെ ഗുരുജി. പ്രത്യേകിച്ചും ഇന്ന് രാഷ്ട്രീയക്കാർ തങ്ങളുടെ നേട്ടത്തിനായി വിച്ചാർത്ഥികളെയും മറ്റു നിഷ്ക്കളങ്ക രേ യും ബലിയാടാക്കുന്ന ഈ കാലഘട്ടത്തിൽ. ജീവിതത്തിൽ തിരിച്ചുവരാൻ ധാരാളം അവസരങ്ങളുണ്ടെന്ന കാര്യം ഇങ്ങനെ നിരാശപ്പെടുന്നവർക്കെല്ലാം പ്രചോദനമേകുന്നു നന്ദി ഗുരുജി . നമസ്ക്കാരം ‘