ചിങ്ങമേഘത്തിന്റെ
ചിറകിൽ നിന്നുതിർന്ന
പൊൻവെയിൽപ്പക്ഷി,
നെൽപ്പാടങ്ങളുടെ
നാഡികളിലൂടെ
വിളവിന്റെ സംഗീതം
ഒഴുക്കിവിടുന്നു.
മണ്ണിന്റെ നെഞ്ചിൽ
പൂക്കൾ
നിറങ്ങളുടെ വേദമന്ത്രമായി
വിരിയുന്നു.
ഉമ്മറത്തെ
നിലവിളക്കിന്റെ ജ്വാലയിൽ
തലമുറകളുടെ
മുഖങ്ങൾ
ഒന്നൊന്നായി
തെളിഞ്ഞുവരുന്നു.
കാറ്റ്
കസവിന്റെ അരികിൽ
മുല്ലപ്പൂവിന്റെ മണം
തുന്നിച്ചേർക്കുന്നു.
ഇലയുടെ പച്ചയിൽ
ഭൂമിയുടെ
നന്ദി വിളമ്പപ്പെടുന്നു.
കാലത്തിന്റെ
അരികിലിരുന്ന്
മനുഷ്യൻ
സ്വന്തം വേരുകളെ
നിശ്ശബ്ദമായി
ആലിംഗനം ചെയ്യുന്നു.




ഓണക്കാഴ്ചകളിൽ വിടർന്ന കുഞ്ഞു കവിത ഹൃദ്യം✍️ സുന്ദരം🥰❤️🌹
ഓണക്കാഴ്ചകൾ ഗംഭീരം