വന്നണഞ്ഞോണനാളുകളെങ്കിലും
നിന്നു പോയ് ഞാൻചിന്താഭരിതയായ്
അന്നു മിന്നും തമ്മിലെത്രയന്തരം
എത്രവ്യത്യസ്തമിന്നോണനാളുകൾ
ഇന്നുകാണ്മതില്ലോണവുമതി –
ന്നുല്ലാസവുമാരിലുമൊന്നിലും
ഇന്നു കാണ്മതാനിരാശമാത്രം
വന്നു മൂടിയ വദനങ്ങളിലഴലുകൾ
..
പണ്ടൊരോണനാളിലെൻ മുറ്റത്ത –
ത്തപ്പൂക്കളം കണ്ടു കൺമിഴിഞ്ഞൂ
ഇന്നോണനാളിൽ നിശൂന്യമാം
മുറ്റവും കണ്ടെൻമിഴിനിറഞ്ഞൂ.
കണ്ടു ഞാനന്നുല്ലാസമോടാ –
പ്പൂക്കൾ പറിക്കുംബാലകരെ
ഇന്നാ ഓണനാളിലുല്ലാസമായ്
ടിവിയിലവർ കൺനട്ടിരിപ്പൂ
പണ്ടു നമ്മളത്തപ്പൂക്കളമതു-
നറുംപൂക്കളാൽ നിറച്ചതും
ഇന്ന,ത്തപ്പൂക്കളമതിൽ കൃത്രിമ
പ്പൂക്കൾ നിറഞ്ഞങ്ങു ശോഭകെട്ടും
പണ്ടൊരോണനാളിൽ കാഴ്ച
ക്കുലകൾ നിറഞ്ഞങ്ങു മുറ്റത്തായ്
ഇന്നൊരോണനാളിൽ പട്ടിണി
ക്കോലങ്ങളതുകാഴ്ചയായ്
പണ്ടോണപ്പാട്ടുകൾ പാടിയണയും
പാണനെ വരവേറ്റു ഞാൻ
ഇന്നെൻവീട്ടിനകത്തായ് ടിവി
യിലോണപ്പാട്ടുകൾ മേളിക്കുന്നു
പണ്ടോണനാളിലൊത്തൊരു –
മിച്ചവർ ബന്ധുക്കളെല്ലാരുമേ
ഇന്നോണനാളിൽ ശൂന്യമാം
വീടകങ്ങൾ തേങ്ങുന്നു മൂകം
പണ്ടോണനാളിൽ വീട്ടിൽ പാചകം
ചെയ്തു നമ്മൾതൃപ്തരായ്
ഇന്നോണനാളിലാ ഹോട്ടലിൽ
സദ്യയുണ്ടു നമ്മളതൃപ്തരായ്
പണ്ടെൻ മുറ്റത്തലങ്കാരമായ്
കൈകൊട്ടിക്കളി കോൽക്കളിയും
ഇന്നാ സ്റ്റേജിലവതരണമായ്
കൃത്രിമത്വംപൂണ്ടവതൻ കെട്ട
കോലവും
അന്നുനാട്ടിലോണമുത്സവലഹരിയായ്
ഇന്നുനാട്ടിലതുകഞ്ചാവിൻലഹരിയും
അന്നുനാട്ടിലോണക്കളികളാനന്ദമായ്
ഇന്നുനാട്ടിലതുദുർമത്സരക്കളികളായ്
അന്നു മനംനിറയുമൂഞ്ഞാൽപ്പാട്ടുകൾ
ഇന്നോമനംമറിയുംപാശ്ചാത്യ
സംഗീതവും
എങ്ങുമേ നിറയുന്നതിൻ ചുവടുകൾ
മങ്ങുന്നൊരോണത്തിൻ പ്രഭാവവും
അന്നോണ നാളിൽ വള്ളംകളികൾ
ഇന്നോണനാളിലാമഴതൻകളിയും
അന്നത്തെയോണത്തിൻ മാധുര്യമില്ലാ –
തിന്നീമഴയിൽകുതിരുന്നെന്നോർമ്മക
ൾ




👌