Wednesday, September 9, 2026
Homeഅമേരിക്കഓണാശംസകളോടെ രാജന്‍ പടുതോള്‍ സമര്‍പ്പിക്കുന്നു.. 'കണ്ണാന്തളിമുറ്റത്ത് തുമ്പ വിരിയും കാലം' (എന്നൊരു കുഞ്ഞിക്കഥ)

ഓണാശംസകളോടെ രാജന്‍ പടുതോള്‍ സമര്‍പ്പിക്കുന്നു.. ‘കണ്ണാന്തളിമുറ്റത്ത് തുമ്പ വിരിയും കാലം’ (എന്നൊരു കുഞ്ഞിക്കഥ)

മൊബെയിലില്‍ ഫോട്ടോ പകര്‍ത്തിക്കൊണ്ട് പൂക്കളത്തിന് ചുറ്റും വട്ടംവെച്ചു കളിക്കുന്ന പേരക്കുട്ടികളെ കൗതുകത്തോടെ നോക്കിയിരുന്നു മുത്തശ്ശന്‍. കുട്ടികള്‍ എന്നും അങ്ങനെയാണ്. പൂക്കള്‍ കണ്ടാല്‍ അവര്‍ക്ക് ആഹ്ലാദം ഒതുക്കാനാവില്ല. തന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു. പൂക്കളോട് കിന്നരിക്കും . അതുകേട്ട് പൂക്കളും തലയാട്ടി ചിരിക്കും. പൂത്തുമ്പത്തെ മഴവെള്ളത്തുള്ളികളില്‍ സപ്തവര്‍ണ്ണാഭമായ പ്രപഞ്ചം എന്ന വിസ്മയം തനിക്ക് കാട്ടിത്തന്നത് അവരല്ലേ! ഏഴു വര്‍ണ്ണങ്ങളുള്ള പൂക്കളം പോലെയൊരുങ്ങുന്നു പ്രപഞ്ചം.ചരിത്രം ആവര്‍ത്തിക്കുകയാണ്. പേരക്കുട്ടികളും പൂക്കളോട് കിന്നരിക്കുന്നൂ. അവരുടെ മനസ്സിലും ഇപ്പോള്‍ പൂക്കളമൊരുങ്ങുന്നുണ്ടാവും.

”എന്ത് കണ്ടാലും മൊബെയിലില് ഫോട്ടോ പിടിക്കലാണ് ഈ പിള്ളേരടെ പണി.കേറിവന്നെന്തെങ്കിലും കഴിക്കിന്‍. വാ, വാ”. മരുമോളുടെ ശാസനശബ്ദം മുത്തശ്ശനെ പോയ കാലത്തിന്റെ മൗഢ്യത്തില്‍നിന്ന് പൂമുഖപ്പടി എന്ന യാഥാര്‍ത്ഥ്യത്തിക്ക് പിടിച്ചിറക്കി.”അവര് കളിക്കട്ടേ,മോളേ.. പൂക്കള് കണ്ടാ ചാടിത്തുള്ളാത്ത കുട്യോളുണ്ടോ?” വൃദ്ധന്‍ കുട്ടികളുടെ പക്ഷം ചേര്‍ന്നു.

” അവര്‍ക്ക് പൂവും കായേം നായേം ഒക്കെ ഒരുപോലെയാണച്ഛാ.”മരുമോള്‍ തിരുത്തി.”എന്തുകണ്ടാലും ഫോട്ടോ പിടിക്കും.പൂവിനോടൊന്നമല്ല,മൊബെയിലിന്റെ സൂത്രങ്ങളോടാണ് അവരുടെ ഇഷ്ടം. ഇന്നലെ ദാ റോട്ടുവക്കത്ത് ചത്തുകെടക്കണ ഒരു നായേടെ ഫോട്ടോ പിടിക്കലാര്‍ന്നു ഇവരടെ പണി.”

അതുകേട്ട മുത്തശ്ശന്റെ മുഖം വാടിവീഴുന്ന പൂവു പോലെ ഒളിമങ്ങിയത് ആരും കണ്ടില്ല.മനസ്സില്‍ വിരിഞ്ഞ പൂക്കളെല്ലാം കൊഴിഞ്ഞുപോയത് അയാളുടെ മാത്രം സ്വകാര്യദുഃഖമായിരുന്നു. പൂക്കളെ ഇഷ്ടപ്പെടാത്ത കുട്ടികള്‍! പൂവ് അവര്‍ക്ക് മുന്നില്‍ ഒരു വസ്തുപോലും അല്ല.പൂക്കളത്തിന്റെ ഭംഗിയല്ല,മൊബെയിലിന്റെ കാമറക്കണ്ണ് അതിനെ മായാരുപമാക്കുന്ന ചെപ്പടിവിദ്യയാണ് അവര്‍ക്ക് പ്രിയം. പൂവും കായയും ചത്ത നായയും കാമറകണ്ണിന്റെ ഇരകള്‍ മാത്രം. ”പൂക്കളില്ലാതെ പുലരിയില്ലാതെ…”ഏതോ കവിതയിലെ വരികള്‍ ഒരു നോവായി അയാളുടെ വൃദ്ധമനസ്സിലുണര്‍ന്നു.
കുട്ടിത്തമില്ലാത്തവരുടെ ലോകത്തില്‍ പൂക്കള്‍ വിരിയില്ല.കമ്പ്യൂട്ടര്‍ ഭാഷയിലെ വ്യാകരണം വിരല്‍ത്തുമ്പില്‍ സൂക്ഷിക്കുന്ന കൂട്ടികള്‍ക്ക് പൂക്കളുടെ ഭാഷ എങ്ങനെ മനസ്സിലാവാന്‍!മരുഭൂമിയിലെ മുള്‍ച്ചെടികള്‍ പോലെ അവരുടെ ബാല്യം മുരടിച്ചുപോകും. ഓണവും പൂക്കളവും ഒരു ചൊല്ലുപോലുമാവാതെ വിസ്മൃതമാവും.

അങ്ങനെയാവരുത്. കുട്ടികളെ ഹൃദയത്തിന്റെ ഭാഷ പഠിപ്പിക്കണം. വിരലിലൊതുങ്ങുന്ന വിവരത്തിന് എത്തിപ്പെടാനാവാത്ത പ്രകൃതിയുടെ ഭാഷ അവര്‍ക്ക് പകര്‍ന്ന് കൊടുക്കണം.അതിവിദൂരമായ തന്റെ കുട്ടിക്കാലത്തുനിന്ന് അതാ പൂവിളി കേള്‍ക്കുന്നു. മുത്തശ്ശന്‍ തന്റെ ധ്യാനത്തില്‍നിന്ന് ഉണര്‍ന്നെഴുനേറ്റു.മുറ്റത്ത് പൂക്കളത്തിനുചുറ്റും വട്ടംകറങ്ങുന്ന കുട്ടികളുടെ അടുത്തേക്ക് അയാള്‍ ഇറങ്ങിച്ചെന്നു. അവരുടെ തോളില്‍ കയ്യിട്ട് അവരിലൊരൊളായി. ”മുത്തശ്ശന്റെ ഫോട്ടോ കൂടി പിടിക്കണേ! ” എന്ന് അയാള്‍ പറഞ്ഞുതീരുന്നതിന് മുന്‍പുതന്നെ അവരത് ചെയ്യുകയും തള്ളവിരല്‍ ഒന്നിച്ചുയര്‍ത്തി വിജയം ആഘോഷിക്കുകയും ചെയ്തു.
”ഈ പൂക്കളൊക്കെ വിരിഞ്ഞ് നില്‍ക്കണ സ്ഥലത്തിന്റെ ഫോട്ടോം പിടിക്കണം നിങ്ങള്. പൂത്തുലഞ്ഞ പൂക്കളുടെ നടുക്ക് മുത്തശ്ശന്‍ നില്‍ക്കണ ഫോട്ടോയും പിടിക്കണേ!
വരിന്‍ മക്കളേ,വരിന്‍! നമുക്ക് പോവാം. അതാ, അക്കാണുന്ന കുന്നിന്‍ ചെരുവില്‍ കണ്ണാന്തളിപ്പൂക്കളുണ്ട്.തുമ്പപ്പൂക്കളുണ്ട്. തുമ്പയുടെ തുമ്പത്ത് ഒരാലുണ്ട്. ആലിന്റെ പൊത്തിലൊരുണ്ണിയുണ്ട്. ഉണ്ണിക്ക് കൊട്ടാനും പാടാനും തുടിയുണ്ട്, തുടിക്കോലുണ്ട്; പറയുണ്ട്, പറക്കോലുണ്ട്.” മുത്തശ്ശന്റെ ചൊല്ലിന്റെ താളത്തിലേക്ക് അറിയാതെ ചേര്‍ന്നുപോയ പേരക്കുട്ടികളെ നോക്കി വിസ്മയം തൂകി മരുമോളും മുത്തശ്ശിയും.

അയാള്‍ ചൊല്ലിയാടിയതൊന്നും അവര്‍ക്ക് മനസ്സിലായിട്ടല്ല. പക്ഷേ,ആ വാക്കുകളുടെ മാന്ത്രികമായ താളം അന്നോളം അറിയാത്ത ഒരു പ്രപഞ്ചത്തിലേക്ക് മന്ദമാരുതന്റെ അലകളിലെന്നപോലെ അവരെ താലോലിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിന്‍പുറത്തുനിന്ന് തപ്പിയെടുത്ത തുടിയും തുടിക്കോലും പറയും പറക്കോലുമായി മുത്തശ്ശന്‍ അവരെ കുന്നിന്‍ചെരുവിലേക്ക് നയിച്ചു. കാട്ടുചെടികളുടെ ഇലകള്‍കൊണ്ട് പൂത്തൊട്ടികളുണ്ടാക്കി കുട്ടികളുടെ കഴുത്തില്‍ തൂക്കിയിട്ട് മലഞ്ചെരുവിലേക്ക് നീങ്ങവേ പറവകള്‍ പറക്കുന്നതും തോട്ടുവെള്ളത്തില്‍ മത്സ്യങ്ങള്‍ ചുണ്ടോട് ചുണ്ട് ഉരുമ്പുന്നതും അയാള്‍ അവര്‍ക്ക് കാട്ടിക്കൊടുത്തു. പൂവ് പറിയ്ക്കുമ്പോള്‍ മുള്ളുകൊള്ളുമെന്നും,കൂടെ നടക്കുന്ന കുട്ടി കാലിലെ മുള്ള് മെല്ലെ മെല്ലെ നോവാതെ വലിച്ചെടുത്ത ആദിയിലാണ് സ്നേഹവും സ്നേഹിതനും പിറന്നതെന്നും അയാള്‍ അവര്‍ക്ക് കഥയായി ചൊല്ലികേള്‍പ്പിച്ചു. ഓണവെയ്ലിന്റെ ചിറ്റാട പുതച്ച് അവര്‍ മുത്തശ്ശനോടൊപ്പം തരികട തരികട തിത്തിത്തെെ മറയുന്നത് കണ്ട് ചെടികള്‍ പുതുനാമ്പുകള്‍ നീട്ടി .കള്ളവും ചതിയും പൊളിവചനവും പിറക്കുന്നതിന് മുന്‍പ് അല്ലലില്ലാതെ ജീവിച്ച ആദിമമനുഷ്യരുടെ രാജാവാണ് മണ്ണിനടിയില്‍നിന്ന് തുമ്പക്കുട ചൂടി ഉയര്‍ന്നുവരുന്നത്.
അദ്ദേഹത്തിന്റെ കാലടിമുദ്രയാണ് തുമ്പപ്പൂവ്. നോക്കിന്‍, കുഞ്ഞിക്കാലടിപോലെ അഴകില്ലേ ഈ കൊച്ചുപൂവിന്!

വെയില്‍ മൂത്തു.ഓണസ്സദ്യ ഒരുങ്ങി.കുന്നിന്‍ചെരുവില്‍ പൂവറുക്കാന്‍ പോയ കിടാങ്ങളും അപ്പൂപ്പനും തിരിച്ചത്തിയിട്ടില്ല. എവിടെപ്പോയെന്ന് അറിയാതെ കുഴങ്ങി മരുമോളും മുത്തശ്ശിയും.
അപ്പോളതാ ഉണ്ണികളുടെ വരവ് അറിയിച്ചുകൊണ്ട് ദൂരെ കേള്‍ക്കുന്നു പറയും പറക്കോലും തുടിയും തുടിക്കോലും പറകൊട്ടി തുടികൊട്ടും ശബ്ദം.

”കറ്റക്കറ്റ കയറിട്ടൂ
കയറാലഞ്ചുമടക്കിട്ടു
നെറ്റിപ്പട്ടം പൊട്ടിട്ടു
കൂടെ ഞാനും പൂവിട്ടു.
പൂവേപൊലി പൂവേപൊലി
പൂവേ പൊലി പൂവേ!” കുന്നിന്‍മുകളില്‍ കുട്ടികളുടെ പൂപ്പൊലിപ്പാട്ട് അലയടിക്കുന്നു. മുത്തശ്ശനല്ല പാടുന്നത്. കുട്ടികളാണ്. എത്രപെട്ടന്നാണ് അവര്‍ പൂപ്പൊലിയുടെ താളത്തിലേക്ക് ചുവടുമാറിയത് ! എത്ര പെട്ടന്നാണ് അവര്‍ പ്രകൃതിയുടെ താളം സ്വായത്തമാക്കിയത്!

മരുമോള്‍ ചിരിച്ചു;
മുത്തശ്ശി ചിരിച്ചു;
തിരുവോണപ്പുലരി പുലരുകയായി! തുമ്പപ്പൂക്കുടയണിഞ്ഞ മാവേലിത്തമ്പുരാന്‍ തിരുമുറ്റത്തെഴുന്നള്ളുകയായി!
ഹൃദയങ്ങളണിഞ്ഞൊരുങ്ങുകയായി!

എന്നും പിസക്ക് വേണ്ടി വാശിപിടിക്കുന്ന കിടാങ്ങള്‍ നാലുകൂട്ടം കറികളും നല്ലരിച്ചോറും വാരിവാരിയുണ്ണുന്നത് കണ്ട മരുമോളുടെ വിസ്മയത്തിലും പൂവിരിയുന്നത് മുത്തശ്ശന്‍ കൗതുകത്തോടെ നോക്കിനിന്നു.”കൂടെ ഞാനും പൂവിട്ടു….”എന്നോതി അദ്ദേഹവും ഉണ്ണാനിരുന്നു.

രാജന്‍ പടുതോള്‍✍

RELATED ARTICLES

2 COMMENTS

  1. സുന്ദരമായ കഥ നല്ല ആസ്വാദനം നല്കിയതിനൊപ്പം പുതിയ തലമുറയിലെ കുട്ടികൾക്ക് നല്ലൊരു സന്ദേശവും നൽകി😊🥰👌 ഓണാശംസകൾ🏵️🌹❤️

  2. കുട്ടികൾക്കു വായിച്ചു മനസ്സിലാക്കികൊടുക്കണം ഈ കഥ.
    നല്ല സന്ദേശം.. ഞാനും കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ